ADVERTISEMENT

ജൈവകൃഷിയിൽ ഒഴിച്ചുകൂടാനാവാത്ത വളങ്ങളാണ് ജീവാണു വളങ്ങൾ, അഥവാ സൂക്ഷ്മ ജീവി വളങ്ങൾ. മണ്ണിൽ നിന്നും അന്തരീക്ഷത്തിൽ നിന്നും ചെടികളുടെ വളർച്ചയ്ക്ക് ആവശ്യമായ നൈട്രജൻ, ഫോസ്ഫറസ്,  പൊട്ടാസ്യം, സിങ്ക്, സൾഫർ, ബോറോൺ എന്നിങ്ങനെയുള്ള മൂലകങ്ങൾ ആഗിരണം ചെയ്യുകയും അവ ചെടികൾക്ക് നൽകുകയും ചെയ്യുന്ന സൂക്ഷ്മജീവികളെയാണ് നാം ജീവാണു വളങ്ങളായി കണക്കാക്കുന്നത്. സസ്യങ്ങൾക്ക് ആവശ്യമായ മൂലകങ്ങളുടെ 30 മുതൽ 40 വരെ ശതമാനം ഇവയ്ക്ക് പ്രദാനം ചെയ്യാനാകും എന്നത് ഇവയുടെ പ്രാധാന്യം വിളിച്ചോതുന്നു.

റൈസോബിയം

പയറു വർഗ്ഗ ചെടികളുടെ വേരുകളിൽ മുഴയുണ്ടാക്കി അവയിൽ വസിക്കുന്ന സൂക്ഷ്മാണു ജീവികളാണ് റൈസോബിയം. ഇവയ്ക്ക് അന്തരീക്ഷത്തിലെ നൈട്രജനെ അമോണിയയാക്കി മാറ്റാനുള്ള കഴിവുണ്ട്. പയറു വർഗ്ഗത്തിൽപ്പെട്ട ചെടികളിൽ മാത്രമേ ഇവ കാണപ്പെടുന്നുള്ളൂ. പയറുവർഗ്ഗ ചെടികളും ഈ ബാക്ടീരിയയും തമ്മിൽ സവിശേഷമായ ഒരു ബന്ധമാണുള്ളത്. റൈസോബിയം ഉൽപാദിപ്പിക്കുന്ന അമോണിയയുടെ മുഖ്യപങ്കും ഉപയോഗിക്കപ്പെടുന്നത് പയറു വർഗ്ഗ ചെടിയാണ്. പകരമായി ചെടിയുടെ വേരുകൾ ബാക്ടീരിയയുടെ അഭയകേന്ദ്രമായും ഉർജസ്രോതസായം പ്രവർത്തിക്കുന്നു. ഓരോ തരം പയറു ചെടിയിലും വ്യത്യസ്തങ്ങളായ റൈസോബിയങ്ങളാണ് കാണപ്പെടുന്നത്. 

rhizobium
റൈസോബിയം. Image credit: Tomasz Klejdysz/iStockPhoto

റൈസോബിയം കൾച്ചർ സാധാരണയായി ഉപയോഗിക്കുന്നത് വിത്തിൽ പുരട്ടിയാണ്.50 ഗ്രാം പഞ്ചസാര അല്ലെങ്കിൽ ശർക്കര അര ലീറ്റർ വെള്ളത്തിൽ കലക്കി 15 മിനിറ്റ് ചൂടാക്കുക. ഇതിലേക്ക് 200 ഗ്രാം അറബി പശ ചേർക്കുക. ഈ മിശ്രിതം തണുത്ത ശേഷം ഇതിലേക്ക് ഒരു പാക്കറ്റ് റൈസോബിയം കൾച്ചർ ചേർത്ത് നന്നായി ഇളക്കുക. ശേഷം ഒരേക്കർ സ്ഥലത്തേക്ക് ആവശ്യമായ പയർ വിത്ത് ഇതിലിട്ട് കൈ കൊണ്ട് നന്നായി ഇളക്കുക. അല്ലെങ്കിൽ 200 മില്ലി ലീറ്റർ തണുത്ത കഞ്ഞിവെള്ളത്തിലേക്ക് ഒരു പാക്കറ്റ് കൾച്ചർ ചേർക്കുക. ശേഷം മേൽപ്പറഞ്ഞ പോലെ ഇതിലേക്ക് ഒരേക്കർ സ്ഥലത്തേക്ക് ആവശ്യമായ പയർ വിത്ത് ഇട്ട് നന്നായി കൈ കൊണ്ട് ഇളക്കി യോജിപ്പിക്കണം. ഇങ്ങനെ പരുവപ്പെടുത്തിയ വിത്ത് കടലാസിൽ നിരത്തി തണലത്തുണക്കി 24 മണിക്കൂറിനുള്ളിൽ പാകാനുപയോഗിക്കാം. റൈസോബിയം ഏകദേശം 15 മുതൽ 30 ശതമാനം വരെ വിളവർധന ഉണ്ടാക്കുന്നു. 

അസറ്റോബാക്ടർ

ഇവ സാധാരണയായി മണ്ണിൽ സ്വതന്ത്രമായി കാണപ്പെടുന്ന ബാക്ടീരിയകളാണ്. മണ്ണിലെ ജൈവ പദാർഥങ്ങളെ ആശ്രയിച്ചായിരിക്കും ഇവയുടെ വളർച്ച. ഇവ സാധാരണ പച്ചക്കറി വിളകൾ കൃഷി ചെയ്തു വരുന്ന മണ്ണിലാണ് കണ്ടുവരുന്നത്. അന്തരീക്ഷത്തിലെ നൈട്രജനെ അമോണിയയക്കി മാറ്റുന്നതിന് പുറമേ ഇവ ചെടികളുടെ വളർച്ച ത്വരിതപ്പെടുത്തുന്ന രാസപദാർഥങ്ങളെ പുറപ്പെടുവിക്കുന്നു. ഇവ ഉപയോഗിക്കുന്നതു മൂലം നൈട്രജൻ അടങ്ങിയ രാസവളങ്ങളുടെ ഉപയോഗം 20% വരെ കുറയ്ക്കാൻ സാധിക്കും.

acetobacter
അസറ്റോബാക്ടർ

അസോസ്പൈറില്ലം

ധാന്യവർഗ്ഗത്തിൽപ്പെടുന്ന ചെടികളുടെ വേരുകളിലാണ് ഇവ മുഖ്യമായി പ്രവർത്തിക്കുന്നത്. ഹെക്ടറിൽ ഏകദേശം 20 മുതൽ 25 കിലോഗ്രാം നൈട്രജൻ വരെ ആഗിരണം ചെയ്യാൻ സാധിക്കുന്നു. തന്മൂലം നൈട്രജൻ അടങ്ങിയ വളങ്ങളുടെ ഉപയോഗം 25 മുതൽ 30 ശതമാനം വരെ കുറയ്ക്കാം. അസോസ്പൈറില്ലം ലിപോഫെറം എന്നയിനം ബാക്ടീരിയയാണ് ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. അന്തരീക്ഷത്തിലെ നൈട്രജനെ ചെടികൾക്ക് ലഭ്യമാക്കുന്നതിനു പുറമേ ചെടികളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന രാസപദാർഥങ്ങളെ പുറപ്പെടുവിക്കാനുള്ള കഴിവ് ഇവയ്ക്കുമുണ്ട്. ഈ ജീവാണു വളം വിത്തിൽ പുരട്ടിയോ സസ്യ വേരുകൾ കൾച്ചർ ലായനിയിൽ മുക്കിയോ മണ്ണിൽ നേരിട്ട് ചേർത്തോ ഉപയോഗിക്കാം.

Read also: പാലുൽപാദനം ഉയരാൻ പശുക്കൾക്ക് നൽകാം അസോള; വളർത്തലും ഉപയോഗക്രമവും

അസോള

നെൽപ്പാടങ്ങളിലും വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിലും കണ്ടുവരുന്ന ഒരുതരം പന്നൽ ചെടിയാണ് അസോള. ഇതിന്റെ ഇലകളിൽ  സഹവസിക്കുന്ന അനാബീന അസോളെ എന്ന നീലഹരിത പായലാണ് ഇതിനെ ഒരു ജീവാണുവളമായി മാറ്റുന്നത്. ഇതിന് അന്തരീക്ഷത്തിലെ നൈട്രജനെ അമോണിയ ആക്കി മാറ്റാനുള്ള കഴിവുണ്ട്. ഒരു ഹെക്ടറിൽ ഏകദേശം 25 മുതൽ 30 കിലോഗ്രാം നൈട്രജനെ ആഗീരണം ചെയ്യാൻ ഇവയ്ക്ക് സാധിക്കും. അസോളയ്ക്ക് പ്രധാനമായും ആറു സ്പീഷിസുകളാണ് ഉള്ളത്. അതിൽ അസോള പിന്നെറ്റ എന്ന സ്പീഷിസാണ് ഇന്ത്യയിൽ ഏറ്റവുമധികമായി കാണപ്പെടുന്നത്. ഇവ ചെടികൾക്ക് നേരിട്ട് ഇട്ടു കൊടുക്കാം.

ഫോസ്ഫേറ്റ് ലായക സൂക്ഷ്മജീവികൾ

നൈട്രജനെ പോലെ തന്നെ ചെടികൾക്ക് അത്യന്താപേക്ഷിതമായ മറ്റൊരു മൂലകമാണ് ഫോസ്ഫറസ്. മണ്ണിൽ നിന്നും ജലത്തിൽ ലയിക്കുന്നത് വഴിയാണ് ഈ മൂലകം ചെടികൾക്ക് ലഭിക്കുന്നത്. ഫോസ്ഫേറ്റ് വളങ്ങൾ വളരെ സാവധാനത്തിൽ മാത്രമേ മണ്ണിൽ ലയിക്കുകയുള്ളൂ. തന്മൂലം ഇത് സസ്യങ്ങളുടെ വളർച്ചയെയും പ്രത്യേകിച്ചും ആദ്യഘട്ടങ്ങളിൽ സാരമായി ബാധിക്കും. കാരണം വേരുപടലങ്ങളുടെ  വികാസത്തിനും വളർച്ചയ്ക്കും ഫോസ്ഫറസ് കൂടിയേ തീരൂ. മണ്ണിൽ തന്നെ അധിവസിക്കുന്ന ചിലതരം ബാക്ടീരിയകൾക്കും ഫംഗസുകൾക്കും ഫോസ്ഫേറ്റിനെ പെട്ടെന്ന് ലയിപ്പിക്കുവാനും തന്മൂലം ഇതിന്റെ ലഭ്യത വർധിപ്പിക്കാനും സാധിക്കും. ഇവയെ  ഫോസ്ഫേറ്റ് ലായക സൂക്ഷ്മജീവികൾ എന്ന് പറയുന്നു. ഇതിൽ മുഖ്യമായ കാണപ്പെടുന്ന ബാക്ടീരിയയാണ് ബാസിലസ് പോളിമിക്സ, ബാസിലസ് മെഗാത്തീരിയം ഇനം ഫോസ്ഫാറ്റിക്കം, സ്യൂഡോമോണാസ്, ഇവയ്ക്ക് പുറമേ അസ്പർഗില്ലസ്,  പെൻസിലിയം ഡിജിറ്റേറ്റം, പെൻസിലിയം ലൈലാസിനം എന്നീ ഫംഗസുകളും ഉപയോഗിക്കാം. ഇത്തരം സൂക്ഷ്മജീവികളുടെ ഉപയോഗം മൂലം രാസവളങ്ങളുടെ ഉപയോഗം കുറയ്ക്കാൻ സാധിക്കും. ഇവയ്ക്ക് പുറമേ സസ്യഹോർമോണുകളെ   ഉൽപാദിപ്പിക്കാനും വേരുപടലങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്താനും മറ്റുള്ള മൂലകങ്ങളെ വലിച്ചെടുക്കാനും ഈ സൂക്ഷ്മജീവികൾ സസ്യങ്ങളെ സഹായിക്കും.

മൈക്കോറൈസ

സസ്യങ്ങളുടെ വേരുകളുമായി ബന്ധപ്പെട്ട് കാണുന്ന മറ്റൊരു ഇനം കുമിൾവർഗ്ഗമാണ് മൈക്കോറൈസ. ഇവ ചെടികളെ പലവിധത്തിൽ സഹായിക്കുന്നു. വളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങളെയും ഹോർമോണുകളെയും പ്രദാനം ചെയ്യുന്നതിന് പുറമേ വേരുകളെ രോഗാണുക്കളിൽ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു. പകരമായി സസ്യങ്ങളുടെ വേരുകൾ ഇവയ്ക്കാവശ്യമായ പോഷണം പ്രദാനം ചെയ്യുന്നു. 

മുകളിൽ പറഞ്ഞ സൂക്ഷ്മ ജീവി വളങ്ങൾ വെള്ളായണി കാർഷിക കോളജിലെ മൈക്രോബയോളജി വിഭാഗത്തിൽ 50-75 രൂപ നിരക്കിൽ ലഭ്യമാണ്. കുറഞ്ഞ ചെലവിൽ എന്നാൽ പരിസ്ഥിതി സൗഹൃദപരമായി സസ്യങ്ങൾക്ക് ആവശ്യമായ മൂലകങ്ങൾ ലഭ്യമാക്കുന്ന ജീവാണുവളങ്ങൾ ഭക്ഷ്യസുരക്ഷയ്ക്കും ജൈവകൃഷിയിലും മുതൽക്കൂട്ടാണെന്നതിൽ സംശയമില്ല.

  • എം.സാബിറ, ബിരുദാനന്തര ബിരുദ വിദ്യാർഥി, പച്ചക്കറി ശാസ്ത്രവിഭാഗം, കേരളാ കാർഷിക സർവകലാശാല കാർഷിക കോളജ്, വെള്ളായണി. Email: sabiram66@gmail.com
  • ഒ.എൻ.ശ്രുതി, അസിസ്റ്റന്റ് പ്രഫസർ, പച്ചക്കറി ശാസ്ത്രവിഭാഗം, കേരളാ കാർഷിക സർവകലാശാല കാർഷിക കോളജ്, വെള്ളായണി.

English summary: What is Biofertilizer? Benefits of Bio Fertilizers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com