ചില പച്ചക്കറിയിനങ്ങൾ പറിച്ചുനടുന്നതാണ് നല്ലതെന്നു പറയുന്നതിലെ യുക്തി: പച്ചക്കറികളെ രണ്ടായി തിരിക്കാം
Mail This Article
നേരിട്ടു വിത്തുപാകുന്നവ(direct seeding), പറിച്ചുനടുന്നവ (transplanted) എന്നിങ്ങനെ പച്ചക്കറികളെ രണ്ടായി തിരിക്കാം. പ്രോട്രേകളിൽ തൈകളുണ്ടാക്കുന്ന കാലത്തിനു മുൻപ് മുളക്, തക്കാളി, വഴുതന, കാബേജ്, കോളിഫ്ലവർ, ബ്രക്കോളി എന്നിവ ഒഴികെയുള്ള പച്ചക്കറികൾ എല്ലാം തന്നെ തടങ്ങളിൽ വിത്ത് നേരിട്ടു പാകി കിളിർപ്പിക്കുകയായിരുന്നു. അന്ന് മണ്ണു കിളച്ച് പൊടിയാക്കി അൽപം ഉയരത്തിൽ വാരമെടുത്തശേഷം വിത്തുപാകി തൈകളുണ്ടാക്കി പിഴുതെടുത്താണ് മുളകും തക്കാളിയും വഴുതനയുമൊക്കെ നട്ടിരുന്നത്. ഇന്നാകട്ടെ, എല്ലായിനം പച്ചക്കറികളും പ്രോട്രേയില്‍ വളർത്തി പറിച്ചുനടുന്നു. എന്നാൽ ക്യാരറ്റ്, ബീറ്റ്റൂട്ട്, റാഡിഷ് എന്നിവ പറിച്ചുനടുന്നത് കിഴങ്ങുകൾ ചെറുതാകാൻ കാരണമാകും.
പറിച്ചുനടുന്നതിനുള്ള കാരണങ്ങൾ നോക്കാം
നേരിട്ടു വിതയ്ക്കുമ്പോൾ കൂടുതൽ വിത്ത് വേണ്ടിവരും. സങ്കരയിനങ്ങളുടെ വില നോക്കുമ്പോൾ കൃഷിച്ചെലവ് കുത്തനെ ഉയരും. ആദ്യഘട്ടത്തിലെ വളർച്ച മെച്ചപ്പെടുത്താൻ നഴ്സറി പരിചരണത്തിനു കഴിയും. പ്രധാന കൃഷിയിടം ഒരുക്കാൻ സാവകാശം ലഭിക്കുകയും ചെയ്യും. പറിച്ചുനടുന്ന രീതിയിൽ അവയു ടെ വേരുപടലം കൂടുതൽ ദൃഢവും വിപുലവുമാകുന്നതായി കാണുന്നു. തടത്തിൽ വളർന്ന തൈ പറിച്ചു നടുമ്പോൾ കളകളെ നേരിടാനുള്ള പ്രാപ്തി കൂടുന്നു. നഴ്സറികളിൽ തൈകൾ തയാറാക്കുന്നത് തുടക്കത്തിലുള്ള രോഗ, കീടങ്ങളെ ഫലപ്രദമായി നേരിടാൻ കര്‍ഷകരെ സഹായിക്കുന്നു. വളർന്നതിനു ശേഷം പറിച്ചുനട്ടാൽ ചെടികള്‍ക്കു രോഗ, കീടങ്ങളെ പ്രതിരോധിക്കാനുള്ള ശക്തി കൂടുന്നു.