വിത്തിന്റെ വിലയറിഞ്ഞ് കൃഷി ചെയ്താൽ 'വിലയിൽ വേവില്ല'; അടുക്കളക്കൃഷിക്കു വേണ്ട ചില പൊടിക്കൈകൾ

Mail This Article
വിത്തിന്റെ വിലയറിഞ്ഞ് കൃഷി ചെയ്താൽ വിലയിൽ വേവില്ല... അതെ നമ്മൾ ഏറ്റവും വില കുറച്ചു കാണുന്ന ഒന്നാണ് പച്ചക്കറി വിത്തുകൾ. വിളവിനു ലഭിക്കുന്ന വിലയനുസരിച്ചാണ് നമ്മൾ ഒരു വിത്തിന്റെ വില കണക്കാക്കേണ്ടത്. ഉദാഹരണം ഒരു തക്കാളി വിത്തിന്റെ വില ഇന്നത്തെ തക്കാളിയുടെ വില അനുസരിച്ച് ഏതാണ്ട് 300 രൂപ മുതൽ 1000 രൂപ വരെയായിട്ടു വേണം കാണാൻ. ഒരു തക്കാളി വിത്ത് തൈ ആയി ചെടിയായി അതിൽനിന്ന് ഏതാണ്ട് 3 കിലോ മുതൽ 12 കിലോവരെ തക്കാളി ലഭ്യമാക്കുന്നു. ഇന്ന് തക്കാളിയുടെ മാർക്കറ്റ് വില 100 രൂപ. അങ്ങനെ നോക്കിയാൽ ഒരു വിത്തിന്റെ വില ഏറ്റവും കുറഞ്ഞത് 300 രൂപയായി. അതുപോലെ മറ്റു പച്ചക്കറികളെയും ചിന്തിച്ചു നോക്കു (മുളക് - 150, വെണ്ട - 80, പാവൽ - 100) ഇതിന്റെയൊക്കെ എത്രയോ വിത്തുകളും തൈകളും വിലയറിയാതെ നമ്മൾ പാഴാക്കിക്കളയുന്നു.
കൃഷി വകുപ്പിന്റെ പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ച പ്രവർത്തനമാണ് എല്ലാ കൃഷിഭവനുകളിലൂടെയുമുള്ള വിത്ത്, തൈ വിതരണം. ഈ വർഷം 30 ലക്ഷം വിത്ത് പാക്കറ്റുകളും 1 കോടി പച്ചക്കറിതൈകളുമാണ് വിതരണം ചെയ്യപ്പെടുന്നത്. കൂടാതെ എല്ലാ സന്നദ്ധസംഘടനകളുടെ കീഴിലും വിത്തും തൈയും വിതരണം ചെയ്യപ്പെടുന്നുണ്ട്. ഇതു വച്ചു നോക്കിയാൽ ഈ വർഷം അന്യ സംസ്ഥാനത്തു നിന്നുള്ള പച്ചക്കറികൾ മലയാളിക്ക് വേണ്ടി വരില്ല എന്നു വേണം കരുതാൻ. അങ്ങനെ സംഭവിച്ചില്ലെങ്കിൽ വിത്തിന്റെ വിലയറിയാത്തവരുടെ കൈകളിലേക്കാണ് ഇവ ചെന്നെത്തിയത് എന്ന് കണക്കാക്കാം.
Read also: പച്ചക്കറികൾക്ക് വില കൂടിയാലെന്താ നമുക്ക് വീട്ടിൽ കൃഷി ചെയ്യാന്നേ... തുടക്കം ചെണ്ടുമല്ലിയിൽനിന്നാകാം
ഒന്നു ശ്രമിച്ചാൽ ഇത്തവണ ഓണം പോക്കറ്റു കാലിയാവാതെ നോക്കാം. അതിനായി അടുക്കളക്കൃഷിക്ക് വേണ്ട ചില ചെറിയ പൊടിക്കൈകൾ അറിഞ്ഞിരുന്നാൽ മതി.
- വെള്ളം കെട്ടി നിൽക്കുന്നിടത്ത് നടരുത്, തണലുള്ളിടത്ത് നടരുത്. ആവശ്യത്തിനു മാത്രം വെള്ളം നൽകുക. കൃഷിചെയ്യാൻ കയ്യിൽ കരുതേണ്ട സാധനങ്ങൾ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് ഫിക്സിങ് ബാക്ടീരിയകളുടെ ഒരു മിക്സ്. നേർവളങ്ങൾ നൽകുന്നതിനേക്കാൾ നല്ലത് ഇതു നൽകുന്നതാണ്. ഇവ മണ്ണിൽ പ്രവർത്തിച്ച് ചെടിക്കാവശ്യമായ വളർച്ചയും കരുത്തും കായ്ഫലവും നൽകും (വളക്കടകളിൽ കിട്ടും കൂടിപ്പോയാൽ ഒരു കിലോ 50 രൂപ) ഇതിനൊപ്പം അടുക്കള വേസ്റ്റോ , പച്ചിലകളോ , കരിയിലകളോ ഇട്ടു കൊടുത്താൽ മതി.
- വീര്യം കൂടിയ വേപ്പെണ്ണ ആഴ്ചയിലൊരിക്കൽ സ്പ്രേ ചെയ്യുക ( 1 മില്ലി 1 ലീറ്റർ വെള്ളത്തിൽ മിക്സ് ചെയ്യുക). ഒരുമാതിരിപ്പെട്ട കീടങ്ങളെയും അവയുടെ മുട്ടകളെയും ഇത് നശിപ്പിക്കും.
- ഹൈഡ്രജൻ പെറോക്സൈഡ്. വിദേശ രാജ്യങ്ങളിൽ ഫാം മേറ്റ് എന്നാണ് ഹൈഡ്രജൻ പെറോക്സൈഡ് അറിയപ്പെടുന്നത്. ആഴ്ചയിലൊരിക്കൽ ഇതും സ്പ്രേ ചെയ്യുക ( 5 മില്ലി ഒരു ലീറ്റർ വെള്ളത്തിൽ മിക്സ് ചെയ്ത്). നീരൂറ്റി കുടിക്കുന്ന ജീവികൾ, പ്രാണികൾ, ഒരു വിധം ഫംഗസുകൾ, ബാക്ടീരിയകൾ എല്ലാം ഇതിൽ നിയന്ത്രിക്കപ്പെടും.
ഇവയൊക്കെ സ്പ്രേ ചെയ്യാനുള്ള ഒരു ചെറിയ സ്പ്രേയറും കയ്യിൽ കരുതണം. ഇത്രയും ഉണ്ടെങ്കിൽ നമുക്കാവശ്യമായ പച്ചക്കറികൾ വിഷരഹിതമായും പോക്കറ്റ് കീറാതെയും വീട്ടു മുറ്റത്തുതന്നെ വിളയിക്കാം.
ഫോൺ : 90744 63513
ഇത്തവണ ഓണമൊരുക്കാന്‍ സ്വന്തം പഴം– പച്ചക്കറിയാവട്ടെ. ഇപ്പോൾത്തന്നെ ഒരുക്കാം ഒന്നാന്തരം അടുക്കളത്തോട്ടം. വിഷപ്പച്ചക്കറി കഴിക്കേണ്ട, വിലക്കയറ്റം പേടിക്കേണ്ട. വീട്ടാവശ്യത്തിനു പച്ചക്കറി വീട്ടിൽത്തന്നെ വിളയിക്കാനുള്ള സമ്പൂർണ വിവരങ്ങൾ കർഷകശ്രീ ജൂലൈ ലക്കത്തിൽ. ഒപ്പംചീര, വെണ്ട, പയര്‍ വിത്തുകൾ സൗജന്യം.
കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.
English summary: Great Tips For Starting A Kitchen Garden