വീട്ടാവശ്യങ്ങൾക്കൊരു സിംപിൾ അക്വാപോണിക്സ്: സ്വയം നിർമിക്കാവുന്ന സംവിധാനം
Mail This Article
അക്വാപോണിക്സ്
ഇതു മണ്ണില്ലാക്കൃഷിയുടെ മറ്റൊരു വകഭേദം. ആവേശത്തോടെ അക്വാപോണിക്സ് ആരംഭിച്ച പലരും അതുപേക്ഷിച്ചെന്നതു നേര്. എന്നാൽ നല്ല ഭക്ഷണത്തിനായി നാലു രൂപ അധികം ചെലവായാലും കുഴപ്പമില്ലാത്തവർക്ക് ഇത് പരീക്ഷിക്കാം. അക്വാപോണിക്സിലൂടെ വീട്ടാവശ്യത്തിനുള്ള പച്ചക്കറികൾ മാത്രമല്ല, മീനും കിട്ടും. മണ്ണില്ലാക്കൃഷിയിലേക്ക് മീൻ വളരുന്ന, പോഷകസമ്പന്നമായ വെള്ളം കടത്തിവിട്ടു പച്ചക്കറികള്‍ക്കു നല്‍കുന്ന രീതിയാണ് അക്വാപോണിക്സ്. ഹൈഡ്രോപോണിക്സിലെ കൃത്രിമ പോഷകലായനിക്കു പകരം മത്സ്യക്കുളത്തിലെ ജൈവ പോഷകസമ്പന്നമായ വെള്ളം ഗ്രോബെഡുകളില്‍ കയറിയിറങ്ങുമ്പോൾ രാസവളമില്ലാതെതന്നെ പച്ചക്കറികൾ നല്ല വിളവു നല്‍കുന്നു.
സ്വയം നിർമിക്കാവുന്ന അക്വാപോണിക്സ് സംവിധാനം
ആറടി നീളവും ആറടി വീതിയും രണ്ടടി താഴ്ചയുമുള്ള കുഴിയെടുത്ത് അതിൽ 500 മൈക്രോൺ പോണ്ട് ലൈനർ വിരിക്കുക. ചുറ്റിലും കൂത്രിപ്പുല്ല് നട്ടു ഭംഗിയാക്കാം. നല്ല വെയിലുള്ള സ്ഥലത്ത് 30 ലീറ്ററിന്റെ ചട്ടികളിൽ എം സാൻഡ് നിറയ്ക്കണം. അതിലേക്ക് 11 വാട്സിന്റെ സബ്‌മേഴ്‌സിബിൾ പമ്പ് ഉപയോഗിച്ച് ഫിഷ് ടാങ്കിലെ വെള്ളം പമ്പ് ചെയ്യണം. നിശ്ചിത ഇടവേളയിൽ ഗ്രോബെഡ് നിറഞ്ഞശേഷം താനേ വാർന്നുപോകുന്ന വിധത്തിൽ ടൈമറും ഘടിപ്പിക്കണം. ഇതുവഴി എന്നും പകൽ സമയത്ത് നിശ്ചിത ഇടവേളയിൽ ഫിഷ് ടാങ്കിലെ വെള്ളം ഗ്രോബെഡ്ഡുകളിൽ നിറയുകയും ടൈമർ സംവിധാനത്തിലൂടെ പമ്പ് ഓഫ് ആകുമ്പോൾ തിരികെ ഫിഷ് ടാങ്കിലേക്ക് വരുകയും ചെയ്യുന്ന രീതിയിൽ സെറ്റ് ചെയ്യാം. ഈ സംവിധാനത്തിലൂടെ മത്സ്യങ്ങൾക്ക് തീറ്റ നൽകുക മാത്രം ചെയ്ത് വീട്ടാവശ്യത്തിനുള്ള ഫ്രഷ് മീനും പച്ചക്കറിയും ലഭ്യമാക്കാം.
അടുക്കളയിൽ ബാക്കി വരുന്ന ഭക്ഷ്യാവശിഷ്ടങ്ങളിൽനിന്ന് ബ്ലാക്ക് സോൾജ്യർ ഫ്ലൈ ലാർവകളെ ഉൽപാദിപ്പിച്ചാൽ പ്രത്യേകം ചെലവില്ലാതെ മത്സ്യത്തീറ്റ ഉറപ്പാക്കാം. പച്ചക്കറി അവശിഷ്ടങ്ങൾ വീണ്ടും ബ്ലാക്ക് സോൾജ്യർ ഫ്ലൈ ലാർവകൾക്ക് തീറ്റയാക്കുകയും ചെയ്യാം.
ഫ്ലഡ് ആൻഡ് ഡ്രയിൻ രീതിയിലുള്ള സാധാരണ അക്വാപോണിക്സിൽനിന്നു വ്യത്യസ്തമാണ് ഈ സംവിധാനം. ഗ്രോബെഡുകൾ നിറഞ്ഞ ശേഷം സൈഫണിലൂടെ വെള്ളം വാർന്നുപോകുന്ന രീതിയല്ല ഇതില്‍. സൂര്യപ്രകാശം പതിക്കുമ്പോൾ പായൽ വളർന്ന് ജലനിർഗമനം തടസ്സപ്പെടുകയും അതുവഴി ചെടികളുടെ വളർച്ച മുരടിക്കുകയും ചെയ്യുന്നതാണ് പരമ്പരാഗത സംവിധാനങ്ങളുടെ ഒരു പരിമിതി. എന്നും ഗ്രോബെഡ് വൃത്തിയാക്കാൻ സമയമില്ലാത്തവർക്ക് ഇത് തലവേദനയാകും.
ഗ്രോബെഡിന്റെ ചുവടുഭാഗത്തുകൂടി വെള്ളം കയറുകയും ഇറങ്ങുകയും ചെയ്യുന്നുവെന്നതാണ് പുതിയ രീതിയുടെ സവിശേഷത. പരമ്പരാഗത സംവിധാനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ശക്തിയുള്ള പമ്പ് മതിയെന്നതും മേന്മ. പ്രത്യേകം സൈഫൺ ഇല്ലാതെ ടൈമറുകളുടെ സഹായത്തോടെ വെള്ളത്തിന്റെ കയറ്റിറക്കങ്ങൾ ക്രമീകരിക്കുകയും ചെയ്യാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തണലുള്ള ഭാഗത്ത് ഫിഷ് ടാങ്ക് നിർമിക്കാൻ ശ്രദ്ധിക്കുക. എന്നാൽ ഗ്രോബെഡ് സ്ഥാപിക്കുന്നത് സൂര്യ പ്രകാശമുള്ള സ്ഥലത്തായിരിക്കണം. വെള്ളക്കെട്ടുണ്ടാവരുത്. ഫിഷ് ടാങ്കിൽനിന്നു തെല്ലകലെയായാലും വെയില്‍ ഉറപ്പാക്കണം. മുറ്റത്തെങ്ങും വെയിലില്ലെങ്കിൽ ടെറസ്സിലേക്കു മാറ്റണം. പക്ഷേ, ഉയരമനുസരിച്ച് പമ്പിന്റെ ശേഷി വർധിപ്പിക്കേണ്ടിവരും.
ഫോൺ: 9778125471
English summary: How To build easy and cheap Aquaponic System at home