രണ്ടേക്കർ പറമ്പും സ്വന്തമായി മഴമറയുമുണ്ടായിട്ടും ജയശ്രീ ടീച്ചർ പോളിഹൗസിൽ പച്ചക്കറി നട്ടത് എന്തിന്?

home-garden-jayasree
ജയശ്രീ പോളിഹൗസിനുള്ളിൽ
SHARE

കറിക്ക് അരിയാൻ സമയമാകുമ്പോൾ ഫ്രിജിലും സ്റ്റോർ മുറിയിലുമൊക്കെ പരതുന്നതിനു പകരം  ജയശ്രീ ടീച്ചർ ഓടിച്ചെല്ലുന്നത് പോളിഹൗസിലേക്കാണ്. അടുക്കളവാതിൽ കടന്ന് ടൈൽ പാകിയ നടപ്പാതയിലൂടെ ഈ ഷെഡിലെത്താം. അടുത്ത മുറിയിൽനിന്നെന്നവണ്ണം വേണ്ടതുമാത്രം  മുറിച്ചെടുത്തു പാകം ചെയ്യാം. വിളവെടുക്കാന്‍ മണ്ണിൽ ചവിട്ടുകയേ വേണ്ട. വിളവെടുത്ത പച്ചക്കറി സൂക്ഷിക്കാനായി മറ്റൊരിടം വേണ്ടിവരുന്നുമില്ല.

രണ്ടേക്കർ പറമ്പും സ്വന്തമായി മഴമറയുമുണ്ടായിട്ടും ചെങ്ങന്നൂർ കാരക്കാട് നെടുമ്പ്രത്ത് എസ്.ജയശ്രീ ടീച്ചർ പോളിഹൗസിൽ പച്ചക്കറി നട്ടത് എന്തിന്? പതിവു പച്ചക്കറിക്കൃഷിയെ അൽപം സ്റ്റൈലിഷ് ആക്കുന്നതിനൊപ്പം കീട,രോഗസാധ്യതയും അതിനുള്ള വിഷപ്രയോഗവും ഒഴിവാക്കി നല്ല ഭക്ഷണം കഴിക്കുകയും തന്നെ ലക്ഷ്യമെന്ന് ടീച്ചർ. മഴയിൽനിന്നു സംരക്ഷണമേകാൻ മഴമറ മതി. എന്നാൽ കീടാക്രമണം തടയാനാവില്ല. കീടത്തെ ഓടിക്കാന്‍ ഭക്ഷണത്തിൽ വിഷം തളിക്കാൻ താൽപര്യവുമില്ല. അതിനാല്‍ അടുക്കളത്തോട്ടത്തിനു പോളിഹൗസിലേക്ക് പ്രമോഷൻ നല്‍കി.

Read also: അടിപൊളിയാക്കാം അടുക്കളത്തോട്ടം: അനായാസം ഒരുക്കാനും ചിട്ടയോടെ പരിപാലിക്കാനും 12 വഴികൾ

ഒന്നര സെന്റ് മാത്രമുള്ള (54 ച.മീ.) ഈ അകത്തളം പച്ചക്കറി വൈവിധ്യത്തിലും എണ്ണത്തിലും ഒന്നു വേറെതന്നെ. പയർ, സാലഡ് കുക്കുമ്പർ, തക്കാളി, മുളക്, പാവൽ, പടവലം, പീച്ചിൽ, പാലക്ക്, ചീര, വഴുതന തുടങ്ങി 10 ഇനം പച്ചക്കറികളാണ് അഞ്ചലിലെ പോളിഹൗസ് നിർമാതാവായ അനീഷ് ഇതിൽ നട്ടുകൊടുത്തത്. പോളിത്തീൻ ഷീറ്റ് മേൽക്കൂരയും ഇരുവശങ്ങളിലെ തണൽവലകളും ചേരുമ്പോൾ ഈച്ചപോലും കയറില്ലെന്നുറപ്പ്. അതിന്റെ മെച്ചം വിളകളുടെ ഇലയിലും വിളവെടുത്ത കായ്കളിലും കാണാം. 

ഇത്രയും സ്ഥലത്തുനിന്നു വീട്ടിലേക്കുള്ള പച്ചക്കറി മുഴുവന്‍ ലഭിക്കുന്നത് വലിയ കാര്യമല്ലേ. രണ്ടര ലക്ഷം രൂപയോളം മുതൽമുടക്കേണ്ടിവരുമെന്നതാണ് പോളിഹൗസിന്റെ പരിമിതി. എന്നാൽ കാർ ഷെഡിനും മുറ്റത്തെ തറയോടിനുമൊക്കെ ലക്ഷങ്ങൾ മുടക്കുന്ന നാം നല്ല പച്ചക്കറി ഉറപ്പാക്കുന്നതിൽ പിശുക്കേണ്ടതുണ്ടോ? ടീച്ചർ ചോദിക്കുന്നു. 

ഈർപ്പമുള്ളപ്പോള്‍ ഫംഗസ് രോഗങ്ങള്‍ക്കു സാധ്യതയേറും. അതിനാല്‍  പോളിഹൗസ്  വൃത്തിയായി പരിപാലിക്കണം. അണുബാധ ഒഴിവാക്കാന്‍ ശ്രദ്ധിച്ചില്ലെങ്കില്‍ തിരിച്ചടി ഉറപ്പ്. നമ്മുടെ നാട്ടില്‍ ആദ്യ തലമുറ പോളിഹൗസുകളുടെ തകർച്ചയ്ക്ക് മുഖ്യകാരണം ഇതായിരുന്നെന്ന വസ്തുത മറക്കാതിരിക്കാം.

ഫോൺ: 9497108397

English summary: What are the benefits of Polyhouse farming?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS