ADVERTISEMENT

ആർക്കാണ് ഇപ്പോൾ അടുക്കളത്തോട്ടമില്ലാത്തത്? ആരോഗ്യകരമായ ഭക്ഷണം കഴിക്കണമെന്നു ചിന്തിക്കുന്ന ആരും രണ്ടു വെണ്ടയും മൂന്നു പയറും നാല് കാന്താരിയുമൊക്കെ നട്ടുവളർത്തുന്ന കാലമാണിത്. അത് തൊടിയിലാവാം, ഗ്രോബാഗിലാവാം, പ്ലാന്റർ ബോക്സിലാവാം. അറിയേണ്ടത് ഒന്നു മാത്രം– എന്താണ് അതിന്റെ അവസ്ഥ? പഴുത്ത ഇലകളുമായി മണ്ണിലേക്കു ചാഞ്ഞു കിടക്കുകയാണോ? പന്തലില്ലാത്തതിനാൽ അടുത്തുള്ള  മരത്തിൽ പടർന്നിട്ടുണ്ടോ?  നന മുടങ്ങിയതിനാൽ വാടിത്തളർന്നോ? പലരുടെയും പോഷകത്തോട്ടത്തിന്റെ അവസ്ഥ ഇങ്ങനെയൊക്കെയാവും. അതൊന്നു മാറ്റേണ്ടേ? മട്ടുപ്പാവിൽ മറിഞ്ഞു കിടക്കുന്ന പന്തൽ നേരെയാക്കി വള്ളി പടർത്താനും ചാഞ്ഞുപോയ വഴുതനയ്ക്ക് കമ്പുകൊണ്ടൊരു കാലു കൊടുക്കാനും മുളച്ചുവരുന്ന പാവൽവിത്തുകൾ പറിച്ചുനടാനുമൊക്കെ ഉത്സാഹിക്കുന്നതിനൊപ്പം അടുക്കളത്തോട്ടത്തെ കൂടുതൽ സുന്ദരവും ഉൽപാദനക്ഷമവുമാക്കി അടുത്ത തലത്തിലേക്ക് ഉയര്‍ത്താൻ ഉതകുന്ന ചില വഴികളാണ് ഇവിടെ ചൂണ്ടിക്കാണിക്കുന്നത്. അടുക്കളത്തോട്ടത്തിലായാലും വീട്ടുവളപ്പിലായാലും കൃഷി സൗകര്യപ്രദവും സന്തോഷകരവുമായ അനുഭവമാകട്ടെ.  

നടീൽമിശ്രിതം തയാറാക്കുന്നു
നടീൽമിശ്രിതം തയാറാക്കുന്നു

1. മികച്ച നടീൽമിശ്രിതം

മണ്ണ് ചതിക്കില്ലെന്നു കർഷകർക്കറിയാം. പക്ഷേ, നല്ല മണ്ണ് എവിടെക്കിട്ടും. അഥവാ കിട്ടിയാൽ അവ കൈകാര്യം ചെയ്യാൻ എത്ര പേർക്കു സമയവും കഴിവുമുണ്ട്.  മട്ടുപ്പാവിലാണ് കൃഷിയെങ്കില്‍ കൊട്ടക്കണക്കിനു മണ്ണ് ചുമന്നുകയറ്റാൻ അധ്വാനം കുറച്ചൊന്നും പോരാ. അപ്പോള്‍ മണ്ണിനു പകരം ചകരിച്ചോറും മറ്റും മുഖ്യ ചേരുവയായ നടീൽമിശ്രിതമായാലോ? എന്തെളുപ്പം, അല്ലേ?

Read also: കനമില്ലെങ്കിലെന്താ, തഴച്ചു വളരില്ലേ... കൃഷിവകുപ്പിന്റെ അംഗീകാരമുള്ള നടീൽമിശ്രിതം

നടീല്‍മിശ്രിതം ഒരുക്കാന്‍ ഇങ്ങനെ പല രീതികളുണ്ട്. അവയില്‍  അനായാസവും ചെലവു കുറഞ്ഞതുമായി നിങ്ങള്‍ക്കു തോന്നുന്നതു തിരഞ്ഞെടുക്കുകയേ വേണ്ടൂ. ‌ ഉദാഹരണമായി, കരിയില. മുറ്റത്തെ കരിയിലകൾ ഒരു ചാക്കിൽ സംഭരിച്ചു സൂക്ഷിക്കുക. ഏതാനും മാസങ്ങൾകൊണ്ടു പൊടിയുന്ന കരിയില നേരിട്ടു ഗ്രോബാഗിൽ നിറയ്ക്കുകയോ മറ്റു മിശ്രിതങ്ങളുടെ ചേരുവയാക്കുകയോ ആവാം. നടീല്‍മിശ്രിതത്തില്‍ പലതരം പിണ്ണാക്കുകൾ ചേർക്കാമെങ്കിലും രോഗ, കീടബാധകളെ തടയുന്ന വേപ്പിൻപിണ്ണാക്ക് തന്നെയാണ് ഏറ്റവും നന്ന്. ചാണകപ്പൊടി, ആട്ടിൻകാഷ്ഠം, കോഴിവളം എന്നിവ നടീൽമിശ്രിതത്തിലെ നൈട്രജൻ സ്രോതസ്സായി ഉപകരിക്കും. എറണാകുളം കൃഷിവിജ്ഞാനകേന്ദ്രത്തിനു കീഴിലുള്ള സ്വാശ്രയസംഘങ്ങൾ പ്രസ്മഡ്(കരിമ്പിന്‍ജ്യൂസിന്റെ അവശിഷ്ടം) കംപോസ്റ്റ് ചേർത്തുള്ള നടീൽമിശ്രിതം തയാറാക്കി നല്‍കുന്നുണ്ട്. പോഷകങ്ങൾ സാവധാനം പുറത്തേക്കു വിടുന്നതിനാൽ ആദ്യ കൃഷി കഴിയുമ്പോൾ ഇതിലെ പോഷകലഭ്യത മെച്ചപ്പെടുമെന്നാണ് കെവികെയിലെ വിദഗ്ധർ പറയുന്നത്. ഇത്തരം ബദൽമാർഗങ്ങൾ  പച്ചക്കറിയുടെ വിളവു കൂടാനും സഹായകമാണ്.  

2. ഹൈഡ്രോപോണിക്സ്

നമ്മുടെ മണ്ണ് വിവിധ രീതികളിൽ മലിനമാണിന്ന്.  ജൈവമാലിന്യങ്ങൾക്കൊപ്പം രാസമാലിന്യങ്ങളും കലരാന്‍ സാധ്യതയേറെ. അതിനാൽ നഗരങ്ങളിൽ വിശേഷിച്ചും കൃഷിക്കു പറ്റിയ മണ്ണ് ദുർലഭം. അപ്പോള്‍ മണ്ണില്ലാക്കൃഷി ആയാലോ? ഹൈഡ്രോപോണിക്സ് എന്ന മണ്ണില്ലാക്കൃഷി കേരളത്തിലെ അടുക്കളത്തോട്ടങ്ങളിൽ  ട്രെൻഡ് ആകുകയാണ്. മുതൽമുടക്ക് അല്‍പമേറുമെങ്കിലും വീടുനിർമാണത്തിലെ മറ്റു  ധൂർത്തുകളെക്കാൾ എത്ര ഉപകാരപ്രദമാണ് ഒരു ഹൈഡ്രോപോണിക്സ് യൂണിറ്റ്. സമീകൃത പോഷകലായനിയിൽ വളരുന്ന വിളകളിൽ നിലവാരമുള്ള കായ്കറികൾ ഉറപ്പാക്കാമെന്നതും മണ്ണിലൂടെ പകരുന്ന പല രോഗങ്ങളെയും ഒഴിവാക്കാമെന്നതും ഈ രീതിയുടെ മെച്ചങ്ങള്‍. വീടിന്റെ മട്ടുപ്പാവ് വൃത്തിയായും ഭംഗിയായും സൂക്ഷിക്കുകയും ചെയ്യാം. 

Read also: മണ്ണില്ലാതെ മട്ടുപ്പാവിൽ പച്ചക്കറികളും മരങ്ങളും

aquaponics

3. അക്വാപോണിക്സ്

ഇതു മണ്ണില്ലാക്കൃഷിയുടെ മറ്റൊരു വകഭേദം. ആവേശത്തോടെ അക്വാപോണിക്സ് ആരംഭിച്ച പലരും അതുപേക്ഷിച്ചെന്നതു നേര്. എന്നാൽ നല്ല ഭക്ഷണത്തിനായി നാലു രൂപ അധികം ചെലവായാലും കുഴപ്പമില്ലാത്തവർക്ക് ഇത് പരീക്ഷിക്കാം.  അക്വാപോണിക്സിലൂടെ വീട്ടാവശ്യത്തിനുള്ള പച്ചക്കറികൾ മാത്രമല്ല, മീനും കിട്ടും.  മണ്ണില്ലാക്കൃഷിയിലേക്ക് മീൻ വളരുന്ന, പോഷകസമ്പന്നമായ വെള്ളം കടത്തിവിട്ടു പച്ചക്കറികള്‍ക്കു നല്‍കുന്ന രീതിയാണ് അക്വാപോണിക്സ്. ഹൈഡ്രോപോണിക്സിലെ കൃത്രിമ പോഷകലായനിക്കു പകരം മത്സ്യക്കുളത്തിലെ ജൈവ പോഷകസമ്പന്നമായ വെള്ളം ഗ്രോബെഡുകളില്‍ കയറിയിറങ്ങുമ്പോൾ രാസവളമില്ലാതെതന്നെ പച്ചക്കറികൾ നല്ല വിളവു നല്‍കുന്നു.

Read also: വീട്ടാവശ്യങ്ങൾക്കൊരു സിംപിൾ അക്വാപോണിക്സ്

seedlings

4. ഹൈബ്രിഡ് വിത്ത് / തൈകൾ 

നല്ലയിനം പച്ചക്കറിത്തൈകൾ അടുക്കളത്തോട്ടത്തിന്റെ ഐശ്വര്യവും വിളവും കൂട്ടുമെന്നതിൽ സംശയം വേണ്ട. വിഎഫ്പിസികെപോലെ വിശ്വാസ്യതയുള്ള ഏജൻസികളിൽനിന്നു മാത്രം അവ വാങ്ങുക. ദീർഘകാലത്തെ പ്രവർത്തനമികവുള്ള സ്വകാര്യ സംരംഭകരെയും വിശ്വസിക്കാം. 

പരിചരണത്തിന് ആനുപാതികമായ വിളവു കിട്ടുന്നില്ലെന്ന് പരാതിയുള്ളവർക്ക് ഹൈബ്രിഡ് വിത്തുകൾ പരീക്ഷിക്കാം. വലിയ വില കൊടുത്ത് നാം വിപണിയിൽനിന്നു വാങ്ങിയിരുന്ന  സങ്കരവിത്തുകൾ ഇപ്പോൾ  കൃഷിവകുപ്പ് എത്തിച്ചുതരുന്നു. നാടൻ ഇനങ്ങളുടെ ഇരട്ടി ഉൽപാദനം പ്രതീക്ഷിക്കാവുന്ന ഹൈബ്രിഡ് വിത്തുകൾ കൃഷി ചെയ്യുമ്പോള്‍ പക്ഷേ, വളപ്രയോഗവും പരിചരണവും വേണ്ടതുപോലെ നൽകാൻ മറക്കരുത്. പച്ചക്കറിയിനങ്ങളുടെ സവിശേഷതകൾ മനസ്സിലാക്കിയ ശേഷം യോജിച്ചതു തിരഞ്ഞെടുക്കുക. വിത്തുകൾ മുഴുവൻ മുളയ്ക്കാതെ വന്നാൽ സാമ്പത്തികനഷ്ടവും സമയനഷ്ടവും ഫലം. തൈകൾ വാങ്ങി നട്ടാല്‍ ഇതൊഴിവാക്കാം. 

jiffy

5. വിത്തു മുളയ്ക്കാന്‍ പ്രോട്രേ, ജിഫി 

മികച്ച നടീൽമിശ്രിതമൊരുക്കി വിത്തു മുളപ്പിക്കുന്നത് മിടുക്കുതന്നെ. വിത്തില്‍നിന്ന് ആരോഗ്യമുള്ള തൈകൾ കിട്ടാതെവരാന്‍ ഒരു കാരണം നടീൽമാധ്യമത്തിന്റെ പോരായ്മയാവും. ഇതിനു പരിഹാരമാണ് ജിഫി എന്ന പേരിൽ ലഭ്യമായ ചെറുകട്ടകൾ. ബട്ടൺ ആകൃതിയിലുള്ള ഈ കട്ടകൾ വെള്ളത്തിൽ കുതിർത്ത ശേഷം വിത്ത് പാകുകയേ വേണ്ടൂ. വിത്ത് കിളിർക്കാനാവശ്യമായ പോഷകങ്ങൾ ചേർത്ത ഈ മാധ്യമത്തിൽ അവ അതിവേഗം കിളിർക്കുന്നതും അതിവേഗം വളരുന്നതും കാണാം. പല വലുപ്പത്തിലുള്ള ജിഫി വിപണിയിൽ ലഭ്യമാണ്. കായികപ്രവർധനം നടത്തേണ്ടിവരുമ്പോൾ കമ്പുകൾ കുത്തുന്നതിനുള്ള  വലിയ ജിഫികളും കിട്ടാനുണ്ട്. സാധാരണ പ്രോട്രേകളിൽ പാകിയ വിത്തുകൾ കിളിർത്തശേഷം പോളിത്തീൻ കൂടകളിലേക്കു പറിച്ചു നടേണ്ടതുണ്ട്. എന്നാൽ ജിഫിയിൽ കിളിർത്ത തൈകൾ ഇപ്രകാരം മാറ്റേണ്ടതില്ല. നഴ്സറി കാലഘട്ടത്തിലും അവയ്ക്ക് വളരാനാവശ്യമായതൊക്കെ ജിഫിയിലുണ്ട്. 

airpot

6. ഗ്രോബാഗിനു പകരക്കാർ

കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ നിങ്ങൾ  ആകെ എത്ര ഗ്രോബാഗുകളിൽ പച്ചക്കറി കൃഷി ചെയ്തിട്ടുണ്ടാകും. അവയിൽ എത്രയെണ്ണം ഇപ്പോൾ ബാക്കിയുണ്ട്? കാണാതായ ഗ്രോബാഗുകൾക്ക് എന്തു സംഭവിച്ചെന്ന് ആലോചിച്ചിട്ടുണ്ടോ? നിങ്ങളുടെതന്നെ പരിസരത്തെ മണ്ണിൽ അവ ഒളിച്ചിരിപ്പുണ്ടാവും. ഇപ്രകാരം മണ്ണ് മലീമസമാക്കുന്ന പ്ലാസ്റ്റിക് ഗ്രോബാഗുകളിൽനിന്നു മോചനം നേടാൻ ഇപ്പോൾ പല വഴികളുണ്ട്. ഉദാഹരണമായി, ഒന്നു രണ്ട് വർഷത്തിനകം ഉപയോഗശൂന്യമാകുന്ന സാദാ ഗ്രോബാഗുകൾക്കു പകരം എച്ച്ഡിപിഇ കൊണ്ടു നിർമിച്ചതും ദീർഘകാലം ഈടു നിൽക്കുന്നതുമായ കൂടകള്‍. കുറഞ്ഞ ഇടയകലം മാത്രം വേണ്ടിവരുന്ന ചീരയും ഇഞ്ചിയും മഞ്ഞളുമൊക്കെ നടുന്നതിന് ദീർഘചതുരാകൃതിയിലുള്ള ട്രഫുകളും വിപണിയിലുണ്ട്. ജലം വാർന്നുപോകാൻ പ്രത്യേക സൗകര്യമുള്ളതാണിത്. കൃഷിഭവനുകൾ തോറും വിതരണം ചെയ്തു തുടങ്ങുന്ന പ്ലാസ്റ്റിക് ചട്ടികളും നിങ്ങള്‍ക്കു തിരഞ്ഞെടുക്കാം. ‌

അടുക്കളത്തോട്ടങ്ങളിലും വീട്ടുവളപ്പുകളിലും  ഉപയോഗത്തിലേക്ക് എത്തുന്നതേയുള്ളൂ എയർപോട്ടുകൾ. നിറയെ കുഴികളോടെ പ്രോട്രേപോലെ പുറത്തേക്കു തള്ളിനിൽക്കുന്ന ദ്വാരങ്ങളോടു കൂടിയതും കട്ടിയുള്ള തുമായ പ്ലാസ്റ്റിക് ഷീറ്റുകളാണിവ. പല വലുപ്പത്തിൽ കിട്ടുന്ന ഈ ഷീറ്റുകൾ സിലിണ്ടർ ആകൃതിയിൽ വളച്ച് ചെടി നടാനുള്ള കണ്ടെയ്നറുകളായി മാറ്റാം. വളച്ചുവച്ച ഷീറ്റിന്റെ അഗ്രങ്ങൾ കൂട്ടിക്കെട്ടാനായി പ്ലാസ്റ്റിക് ലോക്കുകളുമുണ്ട്. ഇപ്രകാരം സിലിണ്ടറാകൃതിയിൽ കൂട്ടിക്കെട്ടിയ ഷീറ്റിന്റെ ചുവടുഭാഗത്ത് വയ്ക്കാന്‍ വൃത്താകൃതിയിലുള്ള ഷീറ്റും കിട്ടും. നിറയെ ദ്വാരങ്ങളുള്ളതിനാൽ നടീൽമിശ്രിതത്തിലേക്ക് വായുസഞ്ചാരം വർധിക്കും. എയർപോട്ടിന്റെ  ദ്വാരങ്ങളിലൂടെ അന്തരീക്ഷവായുവുമായി സമ്പർക്കത്തിലാകുന്ന വേരുകൾ തുടർന്നു വളരില്ല. തന്മൂലം ഗ്രോബാഗിലേതുപോലെ അവ നടീൽമിശ്രിതത്തെ ചുറ്റി വളർന്ന് തിങ്ങില്ല. ഫലവൃക്ഷങ്ങളും മറ്റും  വളർത്താൻ എയർപോട്ടുകൾ തിരഞ്ഞെടുക്കാം. 

Read also: കൂടുതൽ കാലം ഉപയോഗിക്കാൻ ഗ്രോബാഗിനു പകരം കുടിവെള്ള കാനുകൾ

baiju-terrace-2

ഗ്രോബാഗുകൾക്ക് ഉചിതമായ ബദലുകൾ നമുക്ക് ചുറ്റുപാടുകളിൽതന്നെ കണ്ടെത്താനാകും. കുടിവെള്ളം, രാസവസ്തുക്കൾ  എന്നിവയൊക്കെ സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന ബാരലുകൾ ഉദാഹരണം. ഇതു വിപണിയില്‍നിന്നു വാങ്ങുകയുമാവാം. എന്തിനേറെ ഉപയോഗശൂന്യമാകുമ്പാള്‍ നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പിപോലും വീണ്ടെടുത്ത് അതില്‍ തൈ നടുന്നവരുണ്ട്. ഉപയോഗമില്ലാതെ പറമ്പില്‍ അടുക്കിവച്ചിരിക്കുന്ന മേച്ചിലോടുകൾ ചതുരാകൃതിയിൽ കുത്തിനിർത്തി മണ്ണു നിറച്ച് അതില്‍ കൃഷി ചെയ്യാം.   

mazhamara

7. മഴമറ / പോളിഹൗസ്

തുറസ്സായ സ്ഥലത്തെ പച്ചക്കറിക്കൃഷിയൊക്കെ  മൂന്നു ദിവസത്തെ തുടര്‍മഴയില്‍ ഒരു പരുവമാകും. മഴ  മാറിയാലും  വീണ്ടും ഉൽപാദനം പൂർണതോതിലെത്താൻ ഒരാഴ്ചയെങ്കിലും വേണ്ടിവരും. നിങ്ങളുടെ അടുക്കളത്തോട്ടം മഴമറയിലാക്കൂ. പിന്നെ പെരുമഴക്കാലങ്ങൾ നിങ്ങളുടെ പച്ചക്കറിക്കൂട കാലിയാക്കില്ല.  മഴയെ മാത്രമല്ല, വേനൽച്ചൂടിനെ പ്രതിരോധിക്കാനും മഴമറ ഉപകരിക്കും. കാലാവസ്ഥമാറ്റം കാരണമുള്ള തീവ്രമഴയും 35 ഡിഗ്രിയിലേറെ ചൂടുമൊക്കെ അതിജീവിക്കാൻ നമ്മുടെ പച്ചക്കറിവിളകൾക്ക്  ഇനി മഴമറ കൂടിയേ തീരൂ. ഹൈഡ്രോപോണിക്സ് പോലെയുള്ള നൂതന സാങ്കേതികങ്ങൾക്കും മഴമറ ഉപകരിക്കും. പുതുതായി വീടു വയ്ക്കുന്നവർ മട്ടുപ്പാവിലെങ്കിലും മഴമറയ്ക്കു സ്ഥലം കണ്ടെത്തണം. മുതൽ മുടക്കാൻ ശേഷിയുള്ളവർക്ക് മിനി പോളിഹൗസിനെക്കുറിച്ചും ചിന്തിക്കാം. അതുവഴി കീടശല്യം കൂടി ഒഴിവാ ക്കാനാകും. കീടനാശിനി പുരളാത്ത പച്ചക്കറികൾ നേടുകയും ചെയ്യാം. 

8. പന്തൽ, ട്രില്ലീസ്

പടർന്നുകയറുന്ന പയർ, പാവൽ, പടവലം, കുമ്പളം എന്നിവയ്ക്കു പന്തലൊരുക്കാൻ പഴയതുപോലെ പ്രയാസമില്ല ഇപ്പോൾ. പ്ലാസ്റ്റിക് വല പരിഷ്കരിച്ചുണ്ടാക്കിയ റെഡിമെയ്ഡ് പന്തലുകൾ ലഭ്യമാണ്. നാലു മൂലകളിലും ചരട് വലിച്ചുകെട്ടുകയേ വേണ്ടൂ. അലുമിനിയം/ ജിഐ പൈപ്പുകള്‍ ഉപയോഗിച്ചുള്ള സ്ഥിരം പന്തലിന് ഉറപ്പും ഭംഗിയുമേറും. ഇലക്ട്രീഷ്യന്മാർ ഉപയോഗിക്കുന്ന തരം കറുത്ത  പ്ലാസ്റ്റിക് പൈപ്പ് വിവിധ ആകൃതികളിൽ വളച്ച് നമുക്കുതന്നെ പച്ചക്കറികൾക്ക് പടർന്നുകയറാനുള്ള വിവിധ രൂപങ്ങൾ നിർമിക്കാം. ഇത്തരം പൈപ്പുകൾ വളച്ചെടുത്തുണ്ടാക്കുന്ന കമാനങ്ങൾ തോട്ടത്തെ കമനീയമാക്കുകയും ചെയ്യും. 

ഫ്ലാറ്റുകളിലെയും മറ്റും  ആധുനിക ജീവിതസാഹചര്യങ്ങൾക്ക് യോജിച്ച ലംബക്കൃഷിരീതി പച്ചക്കറിക്കായും പ്രയോജനപ്പെടുത്താം. കുറഞ്ഞ സ്ഥലത്തുനിന്ന് കൂടുതൽ വിളവു നൽകുന്ന വിവിധതരം വെർട്ടിക്കൽ ഗാർഡനുകൾ വിപണിയില്‍ കിട്ടും. ബെംഗളൂരുവിലെ  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾചർ റിസർച്ച് (ഐഐഎച്ച്ആർ) വികസിപ്പിച്ചെടുത്ത വെര്‍ട്ടിക്കല്‍ ഗാർഡൻ ഇപ്പോൾ ഹോർട്ടികൾചർ മിഷൻ വിതരണം ചെയ്യുന്നുണ്ട്. നനയ്ക്കും  മറ്റു പരിചരണ മുറകൾക്കും തീരെ പ്രയാസമില്ലെന്നതും ഇതിനെ സ്വീകാര്യമാക്കുന്നു.

thirinana
തിരിനന

9. തുള്ളിനന, തിരിനന

കൃത്യസമയത്തും വേണ്ട തോതിലും മാത്രം നനയ്ക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന രണ്ടു രീതികള്‍. തിരക്കുപിടിച്ച ജീവിതത്തിൽ എല്ലാ ദിവസവും തോട്ടം നനയ്ക്കാൻ സമയവും സൗകര്യവുമുണ്ടാവില്ല പലര്‍ക്കും. തിരിനനയോ തുള്ളിനനയോ ആക്കിയാൽ ഈ പ്രശ്നത്തിനു പരിഹാരമാകും. അടുക്കളത്തോട്ടങ്ങളിൽ ഉപയോഗിക്കാവുന്ന ചെലവു കുറഞ്ഞ മിനി ഡ്രിപ് സെറ്റ് എറണാകുളം കൃഷിവിജ്ഞാനകേന്ദ്രം വിതരണം ചെയ്യാറുണ്ട്. സ്വകാര്യ കമ്പനികളും ഇത്തരം കിറ്റുകൾ വിപണിയിൽ എത്തിച്ചുകഴിഞ്ഞു.

നഗരപ്രാന്തങ്ങളിലെ തരിശുഭൂമികള്‍ വാടകയ്ക്കെടുത്ത് അടുക്കളത്തോട്ടമുണ്ടാക്കുന്ന നഗരവാസികളുണ്ട്. അവർക്ക് നനയ്ക്കാനുള്ള  വെള്ളം സംഭരിക്കുന്നതിന്  അനായാസം നീക്കാവുന്ന  പോർട്ടബിൾ ടാങ്കുകൾ ഇന്നു ലഭ്യമാണ്. മത്സ്യക്കൃഷിക്കുകൂടി യോജിച്ച വൃത്താകൃതിയിലുള്ള പടുതടാങ്കുകൾ ഇപ്പോൾ സാർവത്രികമായിട്ടുണ്ട്. വെള്ളമില്ലാത്തപ്പോൾ ചുരുങ്ങുകയും  വെള്ളം നിറയുന്നതനുസരിച്ച് വീർക്കുകയും ചെയ്യുന്ന ടാങ്കുകളും ലഭ്യമാണ്. ആവശ്യം കഴിയുമ്പോൾ ഇതു ചുരുട്ടി വീട്ടിൽ കൊണ്ടുപോകാം.  

black-soldier-fly-1

10. കുറഞ്ഞ ചെലവില്‍ വളപ്രയോഗം

അടുക്കളത്തോട്ടത്തിലേക്കുള്ള വളം വില നൽകി വാങ്ങേണ്ടതില്ല. വീട്ടുവളപ്പിൽതന്നെ കുറഞ്ഞ ചെലവിൽ പല പോഷകങ്ങളും നിർമിക്കാം. അടുക്കളമാലിന്യത്തിന്റെ കംപോസ്റ്റ് തന്നെ ഇവയിൽ പ്രധാനം. ഇത് രണ്ടു രീതിയിൽ തയാറാക്കാം. പ്രത്യേകം രൂപകൽപന ചെയ്ത പാത്രങ്ങളിൽ അടുക്കളമാലിന്യങ്ങൾ സംഭരിച്ച് സൂക്ഷ്മജീവികളുടെ സഹായത്തോടെ വിഘടിപ്പിച്ചു കംപോസ്റ്റാക്കുന്ന രീതിയൊന്ന്. ഇതിനായി പ്ലാസ്റ്റിക് ബിൻ അടുക്കളയിൽതന്നെ വയ്ക്കാം. ഓരോ തവണ മാലിന്യം നിക്ഷേപിക്കുമ്പോഴും വിഘടിപ്പിക്കാനുള്ള സൂക്ഷ്മജീവികളുടെ  ഉറ(ഇനോക്കുലം)യും അതോടൊപ്പം ചേർക്കണമെന്നുമാത്രം. അടുക്കളമാലിന്യങ്ങൾ വിഘടിപ്പിക്കുന്നതിനുള്ള പല തരം ഇനോക്കുലങ്ങൾ  വിപണിയിൽ കിട്ടും. അടുക്കളമാലിന്യം ഒരു പാത്രത്തിൽ സംഭരിച്ച് അവയിൽ ബ്ലാക് സോൾജ്യർ പുഴു വളരാൻ അനുവദിക്കുന്ന രീതിയാണ് മറ്റൊന്ന്. ഇതുവഴി 2 നേട്ടമുണ്ട്– അടുക്കളത്തോട്ടത്തിലേക്കു വേണ്ട കംപോസ്റ്റിനൊപ്പം അടുക്കളക്കുളത്തിലെ മീനിനു തീറ്റയാക്കാനുള്ള പുഴുക്കളെയും  ലഭിക്കും.  ചാണകം, വിവിധ ഇനം പിണ്ണാക്കുകൾ എന്നിവ തനിച്ചും കൂട്ടായും പുളിപ്പിച്ചും നൽകുന്നതും മികച്ച വളമാണ്. വേരുപടലത്തിനു ചുറ്റം പോഷകലഭ്യത ഉറപ്പാക്കാനായി വിവിധ സൂക്ഷ്മാമിശ്രിതങ്ങൾ ചേർക്കുകയുമാകാം.

Read also: മാലിന്യം സംസ്കരിക്കാൻ മിടുക്കർ; കോഴിക്കും മീനിനും ഉത്തമ ഭക്ഷണം: ചില്ലറക്കാരല്ല ഈ പ്രാണിയും പുഴുക്കളും

പടന്നക്കാട് കാർഷിക കോളജ് വികസിപ്പിച്ച വളച്ചോക്ക് അടുക്കളത്തോട്ടത്തിൽ ഏറെ ഫലപ്രദമാണ്. എൻപികെയും സൂക്ഷ്മമൂലകങ്ങളുമുൾപ്പെടെ 11 പോഷകമൂലകങ്ങളടങ്ങിയ ഈ ചോക്കിന് 5 സെന്റിമീറ്റർ നീളമേയുള്ളൂ. ഓരോ വിളയ്ക്കും പ്രത്യേകം ചോക്ക് ലഭ്യമാണ്. ഇവ ഗ്രോബാഗിനുള്ളിൽ അരികിലായി കുഴിച്ചിടുകയേ വേണ്ടൂ. ഒരു മാസത്തേക്ക് അതതു വിളയ്ക്കു വേണ്ട മുഴുവൻ പോഷണവും ഉറപ്പാക്കാം.  അടുത്ത മാസം വീണ്ടും ഒരു ചോക്ക് കൂടി വയ്ക്കണം. 3 രൂപ മാത്രമാണ് ഒന്നിനു  വില.

11. കീടനിയന്ത്രണം

കീടങ്ങൾക്കെതിരെ വിഷപ്രയോഗം നടത്താത്ത തരം പച്ചക്കറികളാണ് അടുക്കളത്തോട്ടത്തിന്റെ പ്രധാന ലക്ഷ്യം. അതേസമയം പോളിഹൗസ്പോലുള്ള സംവിധാനങ്ങൾ ഇല്ലാതെ ജൈവ രീതിയിൽ കൃഷി ചെയ്യുമ്പോൾ കീടാക്രമണം പ്രതീക്ഷിക്കുകയും വേണം. കീടങ്ങൾ കൃഷിയിടത്തിലെത്താത്ത വിധം  അകലെ നിന്നേ വികർഷിക്കാനുള്ള ഉപായങ്ങൾ ഉണ്ടായാലോ? രാസകീടനാശിനി പ്രയോഗം ആവശ്യം വരില്ല. വേപ്പെണ്ണ, വേപ്പിൻപിണ്ണാക്ക്, മത്തിക്കഷായം നന്മ, മേന്മ, ശ്രേയസ്, ബിടി, വിവിധ കെണികൾ എന്നിവയൊക്കെ നമ്മുടെ സാഹചര്യങ്ങൾക്കനുസരിച്ച് ഉപയോഗപ്പെടുത്താം.

kitchen-park

12. തോട്ടം സുന്ദരമാക്കാം, സൗകര്യപ്രദവും

ആകെയുള്ള 10 സെന്റ് പുരയിടത്തിൽ വീടൊഴികെ ബാക്കിസ്ഥലത്താകും അടുക്കളത്തോട്ടം. വീട്ടിലെത്തുന്ന ആരും അതിനുള്ളിലേക്ക് കണ്ണോടിക്കുമെന്നു തീർച്ച. അതുകൊണ്ടുതന്നെ ഇന്നത്തെ കാലത്ത് അടുക്കളത്തോട്ടത്തിന്റെ സൗന്ദര്യത്തിനും സൗകര്യത്തിനും ഏറെ പ്രാധാന്യമുണ്ട്. അതിനാല്‍ അലങ്കാര സസ്യങ്ങളെപ്പോലെ പച്ചക്കറിവിളകളും സുന്ദരമായി ക്രമീകരിച്ചു നടുന്ന ഫുഡ് സ്കേപിങ് രീതി പരീക്ഷിക്കാം.  

Read also: പാര്‍ക്ക് പോലൊരു പച്ചക്കറിത്തോട്ടം: ഇത് കോട്ടയത്തെ കിച്ചണ്‍ പാര്‍ക്ക്

അടുക്കളത്തോട്ടത്തെ അലമ്പാക്കുന്ന കളകള്‍ വീട്ടമ്മമാര്‍ക്കു വലിയ തലവേദനയാണ്. ഇതിനു പരിഹാരമാണ് വീഡ് മാറ്റുകൾ. പുതയിടുന്നതിനുള്ള  മൾച്ചിങ് ഷീറ്റുകളിൽനിന്നു വിഭിന്നമായി ഇവ മഴവെള്ളം മണ്ണിലിറങ്ങാൻ അനുവദിക്കുന്നു. ഗ്രോബാഗ്/കാനുകൾ നിരത്തുന്നതിനു മുൻപ് അടുക്കളത്തോട്ടമാകെ വീഡ് മാറ്റുകൾ വിരിച്ചാൽ പിന്നെ കള കിളിർക്കുമെന്ന ആശങ്ക വേണ്ട. തോട്ടത്തിന്റെ ‘ലുക്ക്’ ആകെ മാറുകയും ചെയ്യും. വിളകൾ ക്രമം പാലിച്ചു നിരത്തുമ്പോൾ തന്നെ തോട്ടം സുന്ദരമാകും. ഗ്രോബാഗുകളുടെ നിറം, പടരുന്ന വിളകൾക്കായുള്ള കമാനങ്ങളുടെയും പന്തലുകളുടെയും സ്റ്റാൻഡുകളുടെയും ക്രമീകരണം എന്നിവയിലൂടെയും അടുക്കളത്തോട്ടം ഭംഗിയാക്കാം.

കാർഷികോപാധികളും ഉപകരണങ്ങളും സൂക്ഷിക്കാൻ ഷെൽഫും വെള്ളമെത്തിക്കുന്ന ടാപ്പും അടുക്കളത്തോട്ടത്തില്‍ വേണം. ആവശ്യമായ ഇരിപ്പിടസൗകര്യമൊരുക്കിയാല്‍ അടുക്കളത്തോട്ടം കുടുംബാംഗങ്ങളുടെ ലിവിങ് സ്പേസുമാക്കാം. 

How To Start A kitchen Garden At Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com