ഡ്രാഗൺഫ്രൂട്ട് നടേണ്ടതിപ്പോൾ; നന ആവശ്യമുണ്ടോ? ചെടികൾ തമ്മിലുള്ള അകലമെത്ര?
Mail This Article
ഡ്രാഗൺഫ്രൂട്ട് നടുന്നതിനു യോജിച്ച കാലം ഏതാണ്. മഴക്കാലത്തു നടാമോ? – സി.കെ.ദാസ്, പീടികച്ചിറ, കോട്ടയം.
ഡ്രാഗൺചെടി നടാന്‍ ഏറ്റവും നല്ല കാലം ഒക്ടോബർ– നവംബർ മാസങ്ങള്‍. പൂവിടലും വിളവെടുപ്പും പൂർത്തിയാകുന്ന ഇക്കാലത്ത് പ്രൂണിങ് നടത്തുമ്പോൾ മുറിച്ചു മാറ്റുന്ന തണ്ടുകൾ നേരിട്ടു നട്ടാൽ മതി. വേനലിൽ നനച്ചു നന്നായി പരിപാലിച്ചാൽ അടുത്ത സീസണിൽതന്നെ കായ്ക്കാം. മണ്ണിൽ വേണ്ടത്ര ഈർപ്പമുണ്ടെങ്കിൽ മറ്റു മാസങ്ങളിലും നടാം. എന്നാൽ ശക്തമായ മഴക്കാലം ഒഴിവാക്കുന്നത് നന്ന്.
ഡ്രാഗൺഫ്രൂട്ടിനു നന ആവശ്യമുണ്ടോ?
കള്ളിമുൾച്ചെടിയുടെ വർഗത്തിൽ പെടുന്നതിനാൽ മറ്റു വിളകളെ അപേക്ഷിച്ച് ഡ്രാഗൺ ഫ്രൂട്ടിന് വളരെ കുറച്ച് വെള്ളം മാത്രമേ ആവശ്യമുള്ളൂ. നന നൽകിയില്ലെങ്കിലും ഡ്രാഗൺ ഫ്രൂട്ട് നിലനിൽക്കും. എന്നാൽ വേണ്ടത്ര നനയുണ്ടെങ്കിലേ ഡ്രാഗൺ ശരിയായി വളരുകയുള്ളൂ. വിശേഷിച്ച് തുടക്കകാലത്ത് വേനലിലെങ്കിലും നന വേണ്ടിവരും. വലിയ തോതിലല്ലെങ്കിലും തുള്ളിനനയിലൂടെ വെള്ളം നൽകുന്നത് വളർച്ച മെച്ചപ്പെടുത്താൻ ഉചിതമാണ്. വലുതായ ശേഷവും വേനൽക്കാലത്തെ നന തുടരുന്നതാണ് ഉത്തമം. എങ്കിലേ ശരിയായ വളർച്ച ഉറപ്പാക്കാനാകൂ.
ചെടിച്ചുവട്ടിൽ വെള്ളം കെട്ടിയാൽ ഉടൻ നശിക്കുമോ? എത്ര ദിവസം വരെ വെള്ളം കെട്ടിനിൽക്കാം?
നല്ല നീർവാർച്ചയുള്ള സ്ഥലത്താവണം തൈ നടേണ്ടത്. ചെടിയുടെ ചുവട്ടിൽ വെള്ളക്കെട്ട് ഉണ്ടാകാതെ നോക്കണം. വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുണ്ടെങ്കിൽ ചുവട് ഉയർത്തിയശേഷമാവണം നടേണ്ടത്.
ചുവടുകൾ തമ്മിൽ എത്ര അകലം വേണം? കയറ്റിവിടാനുള്ള തുണിന് എത്ര അടി ഉയരം വേണം?
ഉഷ്ണമേഖലാപ്രദേശമായ നമ്മുടെ സംസ്ഥാനത്ത് ഡ്രാഗൺ ഫ്രൂട്ട് നന്നായി വളരും. അതിനാൽ തൂണുകൾ തമ്മിൽ കുറഞ്ഞത് 3 മീറ്റർ അകലം നൽകാം. ഇടയകലം 11 അടി x 8 അടിയായി ക്രമീകരിച്ചാൽ ഏക്കറിൽ ഏകദേശം 490 ചെടി നടാം. തൂണിന് 7 അടി ഉയരം നൽകണം ഇതിൽ 1.5–2 അടിയോളം മണ്ണിനടിയിലും ബാക്കി മുകളിലുമായിരിക്കും.