ലാത്തി പിടിച്ച കൈകളിൽ കൈക്കോട്ടും തൂമ്പയും: കൃഷിയിൽ ക്രമസമാധാനം
Mail This Article
എറണാകുളം കിഴക്കമ്പലം വിലങ്ങ് വാലയിൽ വീട്ടിൽ വി.കെ.ഐസക് ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജോലിയിൽനിന്നു വിരമിച്ചിട്ട് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. എങ്കിലും ഇപ്പോഴും അദ്ദേഹം ജോലിത്തിരക്കിലാണ്. കേസ് അന്വേഷണത്തിനും ക്രമസമാധാനപാലനത്തിനും പകരം കൃഷിയാണ് ഇപ്പോഴത്തെ തിരക്ക് എന്നുമാത്രം.
താമസം ഇടപ്പള്ളിയിലാണെങ്കിലും എല്ലാ ശനി, ഞായർ ദിവസങ്ങളിലും 20 കിലോമീറ്റർ അകലെ കിഴക്കമ്പലത്ത് വിലങ്ങിലുള്ള കുടുംബവീട്ടിലെത്തി പാടത്തും പറമ്പിലും അധ്വാനിച്ച് കൃഷിയുടെ ആനന്ദം ആസ്വദിക്കുന്നു ഐസക്കും അധ്യാപികയായിരുന്ന ഭാര്യ മേരിയും. തെങ്ങ്, കമുക്, കുരുമുളക്, ജാതി, റബർ, ചേന, ചേമ്പ്, നെല്ല്, വാഴ, റംബുട്ടാൻ, ലോങ്ങന്‍, നാരകം, സപ്പോട്ട, പപ്പായ തുടങ്ങിയവയെല്ലാം ഈ കൃഷിയിടത്തിൽ സമൃദ്ധമായി വിളയുന്നു. കിള, തടമെടുപ്പ്, നന, വിളവെടുപ്പ്, വിൽപന എന്നിങ്ങനെ പണികളെല്ലാം ചെയ്യുന്നത് ഇരുവരും ചേര്‍ന്നാണ്. കഴിഞ്ഞ സീസണിൽ 35,000 രൂപ അടയ്ക്കയിൽനിന്നു ലഭിച്ചു. ഉൽപന്നങ്ങൾ ആലുവയിലെ മാർക്കറ്റിൽ കൊണ്ടുപോയി വിൽക്കുന്നതും ഐസക്ക് തന്നെ. തേങ്ങ ഉണക്കി കൊപ്ര ആട്ടി വെളിച്ചെണ്ണയും ഉണ്ടാക്കുന്നുണ്ട്.
എല്ലാ വിളകൾക്കും മുഖ്യമായും നൽകുന്നത് ജൈവവളം തന്നെ. ചവറും ചാണകവും ചേർത്ത് ജൈവവളം തയാറാക്കുന്നുണ്ട്. നെൽകൃഷി പൂർണമായും യന്ത്രസഹായത്താലാണ്. പ്രായവും സമ്പത്തും പദവിയുമൊക്കെ മറന്ന് ഒഴിവുസമയങ്ങളിലും വിശ്രമജീവിതത്തിലും എല്ലാവരും കൃഷിക്കിറങ്ങണമെന്ന് ഐസക്കും മേരിയും ഓർമിപ്പിക്കുന്നു. നല്ല ഭക്ഷണവും മികച്ച് ആരോഗ്യവും അതിന്റെ സദ്ഫലങ്ങളാണ്.
ഫോണ്‍: 9447206242