ADVERTISEMENT

അതിവർഷമായാൽ വെള്ളം കെട്ടിനിന്നു വേരഴുകും. വളർച്ച മുരടിക്കും. കുമിൾ രോഗങ്ങൾ കൂടും. വേനൽ കടുത്താൽ നീരൂറ്റി കുടിക്കുന്ന കീടങ്ങളുടെ ആക്രമണം വർധിക്കും. നന സാധ്യമല്ലാതെ കൃഷി നഷ്ടമാകും. മഞ്ഞുകാലത്തു പൂ പൊഴിഞ്ഞു പോകും. 365 ദിവസവും പച്ചക്കറിക്കൃഷി പരീക്ഷിക്കാൻ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന കർഷകനു മുന്നിലുള്ള തടസ്സങ്ങളിതൊക്കെയാണ്. അന്യസംസ്‌ഥാനങ്ങളിൽനിന്നു പച്ചക്കറി തോരാതെ എത്തുന്നതുകൊണ്ട് കൃഷിയിലെ ബ്രേക്ക് നമ്മൾ അറിയുന്നില്ലെന്നു മാത്രം.

ഇടുക്കി ജില്ലയിലെ കരിമണ്ണൂരിനടുത്ത് പന്നൂരിലെ പനച്ചിക്കുന്നേൽ വീട്ടിൽ പക്ഷേ, പച്ചക്കറിക്കൃഷിക്കു ബ്രേക്കില്ല. ഏപ്രിൽ ഒന്നിനു സാമ്പത്തിക വർഷം തുടങ്ങും പോലെ കാർഷികവർഷം തുടങ്ങും രാജേന്ദ്രൻ നായർ - പ്രസന്നകുമാരി ദമ്പതികൾ.

ഇതെങ്ങനെ സാധിക്കുന്നു!

  • മുടങ്ങാതെ ജലസേചനം സാധ്യമാകാൻ പാടത്താണു കൃഷി.
  • മഴയത്തു വെള്ളം കെട്ടിനിൽക്കാതെ വാർന്നു പോകുന്ന മണ്ണ്.
  • വിളവൈവിധ്യമുണ്ടെങ്കിലും പയറും പാവലും അടിസ്ഥാന വിളകൾ.
  • രോഗപ്രതിരോധത്തിനു പറ്റിയ ഹൈബ്രിഡ് ഇനങ്ങൾ.
  • പയർ, പടവലം എന്നിവ പടർത്താൻ സ്‌ഥിരം പന്തൽ.
  • പന്തൽ കാലിയാകാതെ കൃഷിത്തുടർച്ച.
  • കഴിവതും കൂലിക്ക് ആളെ നിർത്താതെ സ്വയം അധ്വാനം.
  • രാസവളം കുറച്ചു ജൈവവളം ഉപയോഗിച്ചുള്ള കൃഷി.
  • മണ്ണു പരിശോധിച്ചു സൂക്ഷ്‌മ മൂലകങ്ങൾ നൽകും.

കാലാവസ്ഥയനുസരിച്ചുള്ള പച്ചക്കറി കൃഷി ക്രമീകരിക്കാൻ നല്ലൊരു തീയതിയാണ് ഏപ്രിൽ ഒന്ന് എന്നാണു രാജേന്ദ്രൻ നായരുടെ പക്ഷം. പുതുമഴ ഇടയ്ക്കു ലഭിക്കുന്നതിനാൽ കണ്ടത്തിൽ നടുന്ന പയറിനും പടവലത്തിനും ചെറിയ നന കൊടുത്താൽ പന്തലിലേക്ക് എത്തിക്കാൻ സാധിക്കും.

Read also: പാറപ്പുറം പച്ചക്കറിത്തോട്ടം, പണം വാരി ഭാഗ്യരാജ്; കൈനിറയെ കാശുതന്ന് കൂണും കുരുമുളകും

ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ
ഈ സമയത്ത് പടവലവും പയറുമാണു പ്രധാനമായും കൃഷി ചെയ്യുന്നത്. വേനൽക്കാലത്ത് ആഴ്ചയിൽ രണ്ടു തവണ നനച്ചും വലിയ മഴക്കാലത്തു ചെടിയുടെ ചുവട്ടിലും കൃഷിയിടത്തിലും വെള്ളം കയറാതെയും ശ്രദ്ധിക്കും. വഴുതന, പടവലം, പീച്ചിൽ എന്നിവയും ഈ സമയത്തു കൃഷി ചെയ്യാം.

സെപ്റ്റംബർ മുതൽ മാർച്ച് വരെ
പാവൽ, തണ്ണിമത്തൻ, ചീര, വെള്ളരി, കോവയ്ക്ക എന്നിവ സമൃദ്ധമായി വിളയും.

വർഷം 5 ലക്ഷത്തിന്റെ പച്ചക്കറി
പാവൽ, പയർ, പടവലം, ചീര, തണ്ണിമത്തൻ, വെള്ളരി ഇവ വിളയിച്ച് വർഷം 5 ലക്ഷം രൂപയുടെ പച്ചക്കറി രാജേന്ദ്രൻ മാർക്കറ്റിൽ എത്തിക്കുന്നുണ്ട്. ഇതിനായുള്ള മുഴുവൻ ജോലിയും ചെയ്യുന്നതു ദമ്പതികൾ തനിച്ചാണ്.

ഫോൺ: 9961469025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com