ADVERTISEMENT
  • ഏത്തയ്ക്ക – ഒരു കിലോ
  • പാൽ – ഒരു ലീറ്റർ
  • ചീര – ഒരു പിടി
  • ഏത്തപ്പഴം – ഒരു കിലോ
  • കുമ്പളങ്ങ – 2 എണ്ണം
  • ഇഞ്ചി – 100 എണ്ണം
  • പയർ – അര കിലോ

ഇതു പച്ചക്കറിക്കടയിൽ സാധനങ്ങൾ വാങ്ങാൻ വന്നയാൾ കൊടുത്ത പട്ടികയാണെന്നു തോന്നിയെങ്കിൽ  തെറ്റി. സൺഡേ മാർക്കറ്റ് എന്ന വാട്സാപ് ഗ്രൂപ്പിൽ ഒരാൾ ഇട്ട പോസ്റ്റാണ്. തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാടിനടുത്തു കരകുളത്തുള്ള സൺ‍ഡേ മാർക്കറ്റിന്റേതാണ് ഈ ഗ്രൂപ്പ്. ആവശ്യമുള്ള സാധനങ്ങളുടെ പട്ടിക പോസ്റ്റ് ചെയ്യുന്ന അംഗങ്ങൾക്കു ക്രമനമ്പർ അനുസരിച്ച് നിശ്ചിത സമയം നൽകി ഞായര്‍ ചന്തയിൽ വച്ച് ഉൽപന്നങ്ങൾ നൽകുന്നു.

sunday-market-karakulam-2

വഴിയോര ആഴ്ചച്ചന്ത
തിരുവനന്തപുരം നഗരത്തിനടുത്ത് പേരൂർക്കട നെടുമങ്ങാട് റോഡിൽ മുദിശാസ്താംകോട് ദേവീക്ഷേത്രത്തിനടുത്താണ് ഈ ഞായര്‍ ചന്ത. സമഭാവന റസിഡൻസ് അസോസിയേഷൻ 2018ൽ തുടങ്ങിയ ചന്ത ഇന്നു കൃഷിവകുപ്പിന്റെ വഴിയോര ആഴ്ചച്ചന്തകളുടെ ഗണത്തിൽ ഉൾപ്പെടുത്തി കരകുളം കൃഷിഭവനാണ് നടത്തുന്നത്.  

വാട്സാപ്പിലൂടെ  ഓർഡർ
കരകുളത്തും സമീപമുള്ള അരുവിക്കര, മുണ്ടേല, വട്ടിയൂർക്കാവ് പ്രദേശങ്ങളിലുംനിന്നുള്ള കാർഷികോൽപന്നങ്ങളാണ് ഇവിടെ വിൽക്കുന്നത്. ഉൽപന്നങ്ങൾ സംബന്ധിച്ച വിവരങ്ങൾ വാട്സാപ് ഗ്രൂപ്പിലിടുകയും ഓർഡർ ലഭിക്കുന്നതനുസരിച്ച് അവ വിപണിയിൽ ലഭ്യമാക്കുകയും ചെയ്യുന്നു. എല്ലാ ആഴ്ചയിലും 30–35 അംഗങ്ങളെങ്കിലും ഇവിടെ ഉൽപന്നങ്ങൾ എത്തിക്കുന്നുണ്ട്. മുരിങ്ങയില മുതൽ വീട്ടിലുണ്ടാക്കുന്ന അച്ചാറും ഉപ്പേരിയും പാലുൽപന്നങ്ങളും വരെ ഇവിടെ വില്‍ക്കാം, എത്ര ചെറിയ അളവിലും.

തുക അക്കൗണ്ടിലേക്ക്
നാടൻ ഉൽപന്നങ്ങൾക്കു വിപണിവിലയെക്കാൾ കൂടുതൽ ഇവിടെ ലഭിക്കുന്നു. ഓരോ ഞായറാഴ്ചയും ശരാശരി 25,000 രൂപയുടെ കച്ചവടം. ലാഭവിഹിതത്തിലെ നേരിയൊരംശം ചന്തനടത്തിപ്പിനായി ഈടാക്കും. ബാക്കി തുക 24 മണിക്കൂറിനകം കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കും.

sunday-market-karakulam-3

സ്ത്രീശക്തീകരണം
പ്രദേശത്തെ കർഷകരും വീട്ടമ്മമാരും ഉണ്ടാക്കുന്ന മൂല്യവർധിത ഉൽപന്നങ്ങൾ വില്‍ക്കാനും അവസരമുണ്ട്. ‘അമ്മയൂട്ട്’ എന്ന സംരംഭം നടത്തുന്ന സിന്ധു രഘുനാഥ്, പത്തിലക്കൂട്ട് കൊണ്ടുണ്ടാക്കുന്ന അവലോസു പൊടി, ‘കിയാര’ എന്ന കൃഷിക്കൂട്ടത്തിലെ അംഗമായ വിദ്യ എന്ന വീട്ടമ്മ കാർഷികോൽപന്നങ്ങൾ ഉപയോഗിച്ചുണ്ടാക്കുന്ന സൗന്ദര്യവർധകക്കൂട്ടുകൾ തുടങ്ങി അച്ചാറുകളും ചമ്മന്തിപ്പൊടിയും വരെ വീട്ടമ്മമാർ ഇവിടെ വിറ്റഴിക്കുന്നു. വീട്ടമ്മമാർക്കു വിത്തും വളവും ഇവിടെ സൗജന്യമായി ലഭിക്കും.

sunday-market-karakulam-4

ബ്രാൻഡിങ്ങിനു പ്രചോദനം
ഉൽപന്നങ്ങൾ ബ്രാൻഡിങ്ങോടെ വിറ്റഴിക്കാനും വിപണി പ്രചോദനം നൽകുന്നു. നെൽകർഷകനായ ശിവകുമാർ ‘അരിനെല്ലൂർ ഫുഡ്സ്’ എന്ന പേരിൽ ചമ്പ പച്ചരി, നാടൻ പച്ചരി, പുഴുക്കലരി, പുട്ടുപൊടി എന്നിവ വിറ്റഴിക്കാൻ തുടങ്ങിയത് ഈ വിപണിയിൽ അംഗമായതിനുശേഷമാണ്. വെൺമണം (കൂണ്‍), ഇന്റിമേറ്റ് (പാലുൽപന്നങ്ങൾ) തുടങ്ങിയവയും ഇവിടെ വിൽപനയ്ക്കു വരുന്ന കർഷകരുടെ സ്വന്തം ബ്രാൻഡുകളാണ്. 

പ്രസിഡന്റ്–ഐ.ജെ. സന്തോഷ്കുമാർ (ഫോണ്‍: 9846992210), സെക്രട്ടറി–രഞ്ജിത് പി.ആർ, പിആർഒ ശ്രീരങ്കൻ എന്നിവരാണ് നേതൃത്വം നൽകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com