ADVERTISEMENT

നല്ല കരിക്കിന്റെ കാമ്പ് അൽപം മധുരം ചേർത്തു കഴിച്ചാലോ? ഏറക്കുറെ അതേ  രുചിയാണ് അബിയു പഴത്തിനും. കരിക്കിൽനിന്നു കിട്ടുന്നതിനൊപ്പമോ അതിലേറെയോ കാമ്പുണ്ടെന്ന മെച്ചവുമുണ്ട്. കാമ്പിന് മാർദവവും കൂടുതലാണ്. കേരളത്തിൽ  അടുത്ത കാലത്ത്  വ്യാപകമായ ഈ പഴം സ്വന്തം കൃഷിയിടത്തിൽ വിളവെടുത്ത സന്തോഷത്തിലാണ് തൊടുപുഴ കുടയത്തൂർ സ്വദേശി വി.എൻ.ഹരിദാസ്.

വീടിനു സമീപത്തെ രണ്ടേക്കർ കൃഷിയിടമാകെ തെങ്ങും ഫലവൃക്ഷങ്ങളുംകൊണ്ടു നിറച്ചിരിക്കുകയാണ് അദ്ദേഹം. വേണ്ടത്ര ഇടയകലം നൽകി ഒന്നാംതരം തോട്ടമൊരുക്കിയിരിക്കുന്നു. 5 വർഷം മുന്‍പു നട്ട 43 ഇനം ഫലവൃക്ഷങ്ങളിൽ ആദ്യം ആദായം നൽകിത്തുടങ്ങിയത് റംബുട്ടാനാണ്. വാണിജ്യാടിസ്ഥാനത്തിൽ കൂടുതൽ കൃഷി ചെയ്തിരിക്കുന്നതും അതു തന്നെ. ആകെ 45 റംബുട്ടാൻ മരങ്ങളാണ് ഇവിടെയുള്ളത്.

റംബുട്ടാൻ കഴിഞ്ഞാൽ ഏറ്റവുമധികം നട്ടിരിക്കുന്നത് മാംഗോസ്റ്റിനോ പുലാസനോ അല്ല, നവാഗതനായ അബിയുവാണ്. 16 അബിയു മരങ്ങള്‍. അവയിൽ പത്തും പൂവിട്ടു ഫലം നൽകിക്കഴിഞ്ഞു. കുരു പാകി കിളിർപ്പിച്ച തൈകളായിട്ടും 2 വർഷം കഴിഞ്ഞപ്പോൾ പൂവിട്ടത് അബിയുവിന്റെ സവിശേഷതയായി ഹരിദാസ് ചൂണ്ടിക്കാട്ടി. അനായാസം തൈകളുണ്ടാക്കാമെന്നതും അതിവേഗം ഉൽപാദനത്തിലെത്തുമെന്നതും മറ്റു ഫലവൃക്ഷങ്ങളെക്കാൾ അബിയുവിന് സ്വീകാര്യത നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

തുടക്കത്തിൽ ഒരു ചെടി മാത്രമാണ് നട്ടത്. 3 വർഷം മുന്‍പ് അതിന്റെ ഫലം കഴിച്ചതോടെ കൂടുതൽ തൈകൾ നട്ടുവളർത്താൻ തീരുമാനിച്ചു. ശരാശരി 300 ഗ്രാം തൂക്കമുള്ള അബിയുപഴത്തിനു മറ്റു പല വിദേശപ്പഴങ്ങളെക്കാൾ മാംസളഭാഗം കൂടുതലുണ്ട്. ഒരു പഴം കഴിക്കുമ്പോൾതന്നെ തൃപ്തിയാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.  വിപണിയുടെ പ്രിയം പിടിച്ചുപറ്റാൻ അബിയുവിനു കഴിയുമെന്നാണ് ഹരിദാസിന്റെ പ്രതീക്ഷ. ഈ വർഷം 10 മരങ്ങളിൽനിന്ന് 200 കായ്കളെങ്കിലും വിളവെടുക്കാനാവും. കിലോയ്ക്ക് 150 രൂപ നിരക്കിൽ വാങ്ങാൻ ചില നഴ്സറിയുടമകൾ താൽപര്യമറിയിച്ചിട്ടുണ്ട്. അതോടൊപ്പം വീടിനടുത്തുള്ള പഴക്കടകളിൽ കൂടി വിപണനം നടത്താമെന്ന പ്രതീക്ഷയിലാണ്. പൂർണമായി പഴുത്തശേഷം മാത്രം വിളവെടുക്കുന്നതാണ് നല്ലതെന്ന് ഹരിദാസ് പറയുന്നു. വിളവെടുത്തശേഷം പഴുക്കുന്ന പഴങ്ങൾക്ക് കറയുടെ രുചി അനുഭവപ്പെടാനിടയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി

കുരു പാകി കിളിർപ്പിക്കാമെന്നത്  അബിയുവിനെ ജനകീയമാക്കുന്നു. ഫലം നൽകിത്തുടങ്ങിയ അബിയു കേരളത്തിൽ ദുർലഭമായതിനാൽ വിത്തിനായി പലരും പഴങ്ങൾ ആവശ്യപ്പെടുന്നുണ്ട്. തൈകൾക്കു നല്ല വിലയുമുണ്ട്. എന്നാൽ കൃഷി വ്യാപകമാകുന്നതോടെ വിപണനം പ്രശ്നമാകുമോയെന്ന ആശങ്ക  ഇല്ലാതില്ല. പൂർണമായി പഴുത്ത അബിയുവിന് സൂക്ഷിപ്പുകാലം കുറവായിരിക്കുമെന്നാണ് അറിയുന്നത്. മഞ്ഞ നിറം വന്നു തുടങ്ങുമ്പോൾ വിളവെടുത്താൽ 4–5 ദിവസം സൂക്ഷിക്കാനായേക്കും. എന്നാൽ അങ്ങനെ ചെയ്താൽ കറരുചി വരുന്നതായി അനുഭവമുണ്ട്. നന്നായിപ്പഴുത്ത അബിയു തണുപ്പിച്ചു സൂക്ഷിക്കുന്നതാണ് മറ്റൊരു പരിഹാരം. തണുപ്പിച്ച അബിയുപ്പഴത്തിനു രുചിയേറുമെന്നും അദ്ദേഹം പറഞ്ഞു. ഇത് ഐസ്ക്രീം പോലെ കഴിക്കാം. വിപുലമായ വിപണനം സാധ്യമായാലും ഇല്ലെങ്കിലും ഫലവൃക്ഷപ്രേമികൾക്ക് പ്രയാസമില്ലാതെ നട്ടുവളർത്താവുന്നതും അതിവേഗം ഫലം നൽകുന്നതുമായ വൃക്ഷമാണ് അബിയു എന്ന കാര്യ ത്തിൽ ഹരിദാസിനു സംശയമില്ല. 

ഫോൺ: 9447613695

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com