ADVERTISEMENT

‘എത്ര കണ്ടാലും മടുക്കാത്ത പൂച്ചെടി. എത്ര വിടർന്നാലും തീരാത്ത പൂക്കൾ’.എതിരാളികൾ പലർ വന്നു പോയിട്ടും ഇന്നും വീടുകളിലും വിപണിയിലും ബൊഗെൻവില്ല തലയെടുപ്പോടെ നിൽക്കുന്നതിനു കാരണം ഇതുതന്നെ. നമ്മുടെ നാട്ടിലെ കൊച്ചു നഴ്സറികളില്‍ മുതൽ ബെംഗളൂരുവിലെ വൻകിട നഴ്സറികളില്‍ വരെ ബൊഗെൻവില്ല ഇനങ്ങൾ വിൽപനയ്ക്കുണ്ട്. ചെറിയ വിലയ്ക്കൊന്നും വാങ്ങാനുമാവില്ല. പൂന്തോട്ടത്തിലും പുറമ്പോക്കിലും ഒരുപോലെ വളർന്നു പടർന്നു നിൽക്കുകയും ഒരു ചില്ലക്കമ്പൊടിച്ചു നട്ടാൽ കിളിർക്കുകയും ചെയ്യുന്ന പൂച്ചെടിയുമാണത്. എന്നിട്ടും എന്തുകൊണ്ടാവും അതിന്റെ വിപണിമൂല്യം ഉയർന്നു നിൽക്കുന്നത്. ‘ഇത്ര പ്രൗഢിയുള്ള ചെടി വേറെയില്ല എന്നതു തന്നെ കാരണ’മെന്നു പറയുന്നു എറണാകുളത്തിനടുത്ത് വരാപ്പുഴ ഒളനാടുള്ള ജിമ്മി കല്ലൂർ. ‘‘നിറയെ പൂക്കളുമായി, വിശേഷിച്ചും കടുത്ത വേനലിൽ, ചാഞ്ഞു പടർന്നു കിടക്കുന്ന ബൊഗെൻവില്ല, കാണുന്ന മാത്രയിൽത്തന്നെ മനസ്സിൽ  സന്തോഷം നിറയ്ക്കും. മുൻപ് ഒന്നോ രണ്ടോ നിറങ്ങൾ മാത്രമായിരുന്നു ലഭ്യമെങ്കിൽ ഇന്ന് ഒട്ടേറെ ഇനങ്ങളുണ്ട്. പൂക്കളായി നാം വിശേഷിപ്പിക്കുന്ന (പൂക്കളെ ചുറ്റിയുള്ള) ബ്രാക്കറ്റുകൾ, ഇലകൾ, തണ്ടുകൾ എന്നിവയിലെല്ലാം വ്യത്യസ്ത പ്രകൃതമുള്ളവ ഇന്നു വിപണിയിലുണ്ട്. അവയോരോന്നും തേടിപ്പിടിച്ചു സ്വന്തമാക്കുന്ന ഉദ്യാനപ്രേമികളുമുണ്ട്,’’ ഇരുന്നൂറോളം ബൊഗെന്‍വില്ല ഇനങ്ങൾ കൈവശമുള്ള ജിമ്മി പറയുന്നു.

bogainvilla-3

ഒരേ ഒരിനം

വർഷങ്ങൾ മുൻപ് നഴ്സറി രംഗത്തെത്തിയ ജിമ്മി ബൊഗെൻവില്ലയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിട്ട് 25 വർഷം പിന്നിട്ടു.  ഇക്കാലമെല്ലാം വിപണിയിൽ മിനിമം ഗ്യാരന്റിയുള്ള  പൂച്ചെടിയിനം ഇതാണെന്നു  ജിമ്മി. ഇടക്കാലത്ത് ഇൻഡോർച്ചെടികളുടെ കുത്തൊഴുക്കിൽ അൽപം പിന്നോട്ടു മാറിയെങ്കിലും വീണ്ടും മുൻനിരസ്ഥാനം തിരിച്ചു പിടിച്ചിരിക്കുന്നു. പൂക്കളുടെ ഭംഗി മാത്രമല്ല, രോഗ–കീടബാധകൾ തീരെയില്ലെന്നതും പരിപാലനം നന്നേ കുറച്ചു  മതിയെന്നതും എല്ലാറ്റിലുമുപരി ദീർഘായുസ്സും ഇതിന്റെ  ജനപ്രീതി വർധിപ്പിക്കുന്നു. മറ്റു ചെടികൾ വളരാൻ പ്രയാസമുള്ള  മട്ടുപ്പാവിലും നേരിട്ടു സൂര്യപ്രകാശവും ചൂടും കടന്നുവരുന്ന ഭാഗങ്ങളിലുമൊക്കെ പരാതികളില്ലാതെ പടർന്നു പൂവിടും. കൈവശമുള്ള 200 ഇനങ്ങളിൽ അൻപതോളം ഇനങ്ങളുടെ തൈ ഉൽപാദിപ്പിച്ചു വിൽക്കുന്നുണ്ട് ജിമ്മി. 350 രൂപ മുൽ 3,500 രൂപ വരെ വിലയെത്തുന്ന വ്യത്യസ്ത ഇനങ്ങൾ. അർധ വള്ളിച്ചെടിയാണെങ്കിലും വെട്ടിയൊതുക്കി ബോൺസായ് പരുവത്തിൽ വളർത്താനാണു പലർക്കും താൽപര്യം. എന്നാൽ, 4–5 അടി ഉയരത്തിൽ പൂവള്ളികൾ ഞാന്നു കിടക്കുന്ന ചെറുമരങ്ങൾപോലെ ക്രമീകരിക്കുമ്പോൾ  അഴകു പല മടങ്ങാകുമെന്നു ജിമ്മി. ഈ രീതിയിൽ ചെടി രൂപപ്പെടാൻ 4–5 വർഷങ്ങൾ വേണ്ടി വരും. വില അതിനനുസരിച്ച് പതിനായിരത്തിനു മുകളിൽ എത്തുകയും ചെയ്യും. 

സൺറൈസ് വൈറ്റ്, സിൽവർ റെഡ്, ആഷ് വൈറ്റ്, ടൈഗർ ഓറഞ്ച്, പർപ്പിൾ ക്വീൻ, ബ്ലുബെറി, ചൈന റെഡ്, യെല്ലോ ജൂലി എന്നിങ്ങനെ വിപണിയിലെ താരങ്ങളെല്ലാം ജിമ്മിയുടെ ശേഖരത്തിലുണ്ട്. പൊതുവെ വേനൽക്കാലത്താണ് ഇവ നിറഞ്ഞു പൂവിടുന്നത്. എന്നാൽ, വർഷം മുഴുവൻ പൂവിടുന്ന ഇനങ്ങളും ഈ തോട്ടത്തിലുണ്ട്. പതിവച്ചും തണ്ടു മുറിച്ചു നട്ടുമാണ് തൈകൾ തയാറാക്കുക. എല്ലുപൊടിയും വേപ്പിൻപിണ്ണാക്കും മണ്ണും ചേരുന്നതാണ് നടീൽമിശ്രിതം. കടലപ്പിണ്ണാക്ക് പുളിപ്പിച്ച് അഞ്ചിരട്ടി വെള്ളത്തിൽ നേർപ്പിച്ച് ഇടയ്ക്കു ചുവട്ടിലൊഴിക്കുന്നത് പൂവിടൽ വർധിപ്പിക്കും. 

ഫോൺ: 9656115586   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com