ADVERTISEMENT

കേരളത്തിൽ വളരെ വിരളമായി നാട്ടിൻപ്രദേശങ്ങളിൽ കണ്ടുവരുന്ന പഴമാണ് കാരയ്ക്ക. കാരയ്ക്ക മരത്തിന്റെ ജന്മദേശം ശ്രീലങ്കയാണ്. പഴങ്ങൾക്ക് ഒലിവിനോടു സാദൃശ്യമുണ്ട്. അതിനാൽ, സിലോൺ ഒലിവ് എന്നും പേരുണ്ട്. പണ്ട് സ്കൂൾ പരിസത്തുള്ള കടകളിലെ കണ്ണാടിഭരണികളിൽ കാരയ്ക്കയും കാരയ്ക്ക ഉപ്പിലിട്ടതും കാണുമായിരുന്നു. 

നല്ല അഴകുള്ള മരമായതിനാൽ പൂന്തോട്ടങ്ങളിൽ അലങ്കാരവൃക്ഷമായും നട്ടുവളർത്താം. ടെറസിൽ വലിയ ചട്ടികളിലും നട്ടുവളർത്താം. നന്നായി സൂര്യപ്രകാശം ലഭിക്കുന്നിടങ്ങളാണ് വളർച്ചയ്ക്കും വിളവിനും യോജ്യം. നല്ല നീർവാർച്ചയുള്ള എല്ലാത്തരം മണ്ണിലും വളരും. വലിയ പരിചരണമില്ലാതെയും പൂക്കുകയും കായ്ക്കുകയും ചെയ്യും. ജൈവരീതിയിൽ തന്നെ അനായാസം നട്ടുവളർത്താം. 

വിത്തു പാകിയോ കമ്പുകൾ പതി വച്ചു വേരുപിടിപ്പിച്ചോ നടീല്‍വസ്തു ഒരുക്കാം. 1X1x1  അടി വലുപ്പമുള്ള കുഴികളെടുത്ത് ട്രൈക്കോഡെർമ സമ്പുഷ്ട ചാണകവും എല്ലുപൊടിയും വേപ്പിൻപിണ്ണാക്കും മേൽമണ്ണു ചേർത്തു യോജിപ്പിക്കുക. ഒരാഴ്ചയ്ക്കുശേഷം 12–14 ഇലപ്രായമായ തൈകളോ പതിവച്ചു നന്നായി വേരുപിടിച്ചതോ നടുക. തൈകൾ നന്നായി പിടിക്കുന്നതുവരെ നനച്ചു കൊടുക്കുക.

വിത്തുകൾ നട്ടാൽ 6–7 വർഷം കൊണ്ടു കായ്ക്കും. പതി വച്ചതാണെങ്കിൽ നേരത്തേ കായ്ക്കും. 2.5 സെ.മീ. നീളമുള്ള കായ്കൾ ആണ്. കായ്കൾ പാകമാകുമ്പോൾ മരത്തിൽനിന്ന് അടർന്നുവീഴും. ശേഖരിച്ചില്ലെങ്കിൽ നശിച്ചു പോകും. മരത്തിനു താഴെ ഒരു ഷീറ്റ് വിരിച്ചാൽ മതി.

കാരയ്ക്കയില്‍ അന്നജം, ധാതുക്കൾ, വൈറ്റമിൻ സി, നിരോക്സികാരികൾ എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. സാലഡ്, അച്ചാർ, ചമ്മന്തി, സോസ് എന്നിവയിൽ ചേർത്ത് ഉപയോഗിക്കാം. കാരമരത്തിന്റെ ഇലകൾ നന്നായി അരച്ച്, കുളിക്കുന്നതിനു മുൻപു തത്സമയം മുടിയിൽ തേച്ച് കഴുകി കളഞ്ഞാൽ മുടിക്കു നല്ല തിളക്കവും മയവും ഉണ്ടാകും. തലയിലെ പേനും താരനും ഇല്ലാതാക്കാനുള്ള കഴിവുമുണ്ട്. വയറിളക്കത്തിനു മരുന്നായും കാരയ്ക്ക ഉപയോഗിക്കുന്നു.

karakka-2

കാരയ്ക്ക അച്ചാർ

  • കാരയ്ക്ക – അര കിലോ
  • നല്ലെണ്ണ – 3 ടേബിൾ സ്പൂൺ
  • മുളകുപൊടി – അര കപ്പ്
  • പൊടിച്ച കായം – അര ടീസ്പൂൺ
  • ഉലുവാപ്പൊടി – ഒരു ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
  • വെളുത്തുള്ളി – 15 അല്ലി
  • വറ്റൽമുളക് – 5
  • കറിവേപ്പില – 4 തണ്ട്
  • ഇഞ്ചി – ചെറിയ കഷണം

കാരയ്ക്ക നന്നായി കഴുകി കത്തികൊണ്ട് രണ്ടിടത്തു വരയുക. ഉപ്പുകല്ലും മഞ്ഞൾപ്പൊടിയും ഇട്ട് വെള്ളത്തിൽ തിളപ്പിക്കുക. വാർക്കുക. 

എണ്ണ ചൂടാക്കിയശേഷം കടുക് ഇട്ടുപൊട്ടിക്കുക. വറ്റൽമുളകും കറിവേപ്പിലയും വെളുത്തുള്ളിയും ഇഞ്ചി ചേർത്ത് വഴറ്റിയശേഷം തീ കുറച്ചശേഷം മറ്റു പൊടികൾ കരിയാതെ മൂപ്പിക്കുക. കാൽ കപ്പ് വിനാഗിരി (തിളപ്പിച്ചത്) ചേർക്കുക. തയാറാക്കി വച്ചിരിക്കുന്ന കാരയ്ക്ക ചേർത്ത് ഇളക്കുക. തണുത്തതിനുശേഷം കുപ്പികളിൽ ഇട്ട് രണ്ടു ദിവസം കഴിഞ്ഞ് ഉപയോഗിക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com