തിരക്കേറിയ സര്ജന്, വയസ് 76, 10 ഏക്കറില്‍ സമ്മിശ്രക്കൃഷി; ഇത് വെറും ഡോക്ടറല്ല സംഘത്തിൽ പാലളക്കുന്ന ഡോക്ടർ
Mail This Article
രാവിലെ ഒൻപതിനു കൃത്യമായി ആശുപത്രിയിൽ ഹാജരാകുന്ന സർജൻ. പ്രായം 76. ദിവസവും വൈകിട്ട് 5 വരെ ആശുപത്രിയിലുണ്ടാവും. ആവശ്യം വന്നാൽ ഏതു പാതിരാത്രിയിലും ആശുപത്രിയില്‍ എത്തുകയും ചെയ്യും. ഈ പ്രായത്തിലും ഇത്രയധികം ജോലി ഏറ്റെടുക്കുന്ന ഡോക്ടർ ഏക്കര്‍കണക്കിനു ഭൂമിയില്‍ കൃഷി നടത്തുന്ന കർഷകൻ കൂടിയാണെങ്കിലോ? അതും കൃഷിയിലെ വ്യത്യസ്ത ശൈലികളും മാതൃകകളും പരീക്ഷിക്കാന്‍ ഉത്സാഹവും വിജയിപ്പിക്കാന്‍ ശേഷിയുമുള്ള ഒന്നാംതരം കൃഷിക്കാരൻ.
കാലത്തിനും പ്രായത്തിനും തടുക്കാനാവാത്തതാണ് കൽപറ്റ ഫാത്തിമ മിഷൻ ആശുപത്രിയിലെ സീനിയ ർ സർജൻ ഡോ. സെബാസ്റ്റ്യന്റെ കൃഷിപ്രേമം. 1.25 ഏക്കർ പുരയിടമുൾപ്പെടെ വിവിധ ഇടങ്ങളിലായി പത്തേക്കറിലധികം സ്ഥലത്താണ് അദ്ദേഹം കൃഷി ചെയ്യുന്നത്. കൃഷിയാണ് ശാരീരിക– മാനസിക ആരോഗ്യത്തിന്റെ രഹസ്യമെന്നു ഡോക്ടർ സെബാസ്റ്റ്യൻ. ഭാര്യ ഡോ. ട്രീസയ്ക്കും ഇതേ അഭിപ്രായംതന്നെ. സംശയമുള്ളവർ കൽപറ്റ മുണ്ടേരിയിലെ വീടിന്റെ പിന്നാമ്പുറത്തേക്ക് ഇറങ്ങുകയേ വേണ്ടൂ– വാഴ, തെങ്ങ്, കിഴങ്ങുവിളകൾ, പച്ചക്കറികൾ, ഫലവൃക്ഷങ്ങൾ എന്നിവയൊക്കെ ഈ തൊടിയില്‍ സമൃദ്ധം. സമ്മിശ്ര പുരയിടത്തിൽ തൊഴുത്ത്, കോഴിക്കൂട്, മത്സ്യക്കുളം എന്നിവയുമുണ്ട്. കൽപറ്റ അഡലെയ്ഡിലെ തോട്ടത്തിൽ കാപ്പി, വാഴ, മത്സ്യക്കൃഷി എന്നിവയ്ക്കു പുറമേ 20 സെന്റ് പോളിഹൗസിൽ പച്ചക്കറിക്കൃഷിയും. വീടിനു മുന്നിലെ ഉദ്യാനസസ്യങ്ങളുടെ പരിപാലനം ഡോ. ട്രീസയ്ക്കാണ്. ഡോക്ടർ അതിരാവിലെ 5ന് എഴുന്നേറ്റു പള്ളിയിൽ പോകുമ്പോള്‍ തൊഴുത്തു സജീവമാകും. ഇപ്പോൾ കറവയുള്ള 3 പശുക്കളിൽനിന്ന് 15 ലീറ്റർ പാൽ ലഭിക്കുന്നുണ്ട്. അതു ക്ഷീരസംഘത്തിൽ നല്‍കുന്നു.
പശു മാത്രമല്ല കോഴി, താറാവ്, മത്സ്യം, നായ എന്നിങ്ങനെ പരമ്പരാഗത കർഷകഭവനങ്ങളിൽ പ്രതീക്ഷിക്കാവുന്ന എല്ലാവിധ വളർത്തുമൃഗങ്ങളെയും ഇവിടെ കാണാം. ദിവസവും ആശുപത്രിയിൽ പോകുന്നതിനു മുൻപ് ഇവയോരോന്നിന്റെയും അടുക്കലെത്തി ക്ഷേമം ഉറപ്പാക്കാൻ ഡോക്ടർ മടിക്കാറില്ല. വീട്ടിൽനിന്നു തെല്ലകലെ കോക്കുഴി പാടത്ത് 2 ഏക്കർ നെൽകൃഷിയും ഡോക്ടർക്കുണ്ട്. ചുറ്റുമുള്ള പാടങ്ങളെല്ലാം ഏറക്കുറെ തരിശുകിടക്കുമ്പോഴും ഡോക്ടറുടെ പാടത്ത് ഇതുവരെ കൃഷി മുടങ്ങിയിട്ടില്ല. ജൈവരീതിയി ലുള്ള നെൽകൃഷിയിൽ ഏതാനും വർഷമായി സന്നദ്ധപ്രസ്ഥാനമായ ഒയിസ്കയുടെ പങ്കാളിത്തവുമുണ്ട്. വിതയ്ക്കാനും ഞാറു നടാനും കൊയ്യാനുമൊക്കെ ഒയിസ്ക പ്രവർത്തകരും ഡോക്ടറോടൊപ്പം കൂടും.
സന്തോഷത്തിനുവേണ്ടിയാണ് കൃഷി ചെയ്യുന്നതെങ്കിലും അതുവഴി തനിക്കു വരുമാനം നേടാനും കഴിയു ന്നുണ്ടെന്ന് ഡോ. സെബാസ്റ്റ്യൻ ചൂണ്ടിക്കാട്ടി. പാലും വാഴയും മരച്ചീനിയും കുരുമുളകുമൊക്കെ ഇവിടു ത്തെ വരുമാനവഴികളാണ്. ഓരോ കൃഷിയിലും യഥാസമയം തീരുമാനമെടുത്തു നടപ്പാക്കാൻ കഴിയണമെന്നു മാത്രം. മണ്ണിൽ അധ്വാനിച്ചു ജീവിതം കരുപ്പിടിപ്പിച്ച കാരണവന്മാരിൽനിന്നു കണ്ടു പഠിച്ചതാണ് കൃഷി. അത് ഉപേക്ഷിക്കാനാവില്ല. നാട്ടിൻപുറങ്ങളിൽപോലും അന്യമാകുന്ന കാർഷികസംസ്കാരത്തിന്റെ അവ സാന കണ്ണികളിലൊരാളായി ജീവിക്കുന്നതിൽ സന്തോഷം മാത്രം, ഡോക്ടർ പറഞ്ഞു.
കൃഷി തന്റെ രക്തത്തിൽ അലിഞ്ഞുചേർന്നതാണെന്നു ഡോക്ടർ പറയുന്നത് വെറുംവാക്കല്ല. കോട്ടയം കുറവിലങ്ങാട്ടെ കർഷക കുടുംബത്തിൽ ജനിച്ചു വളർന്ന ഡോ. സെബാസ്റ്റ്യൻ ഭാര്യ ട്രീസയോടൊപ്പം വയനാട്ടിലെത്തിയത് 1972ൽ ആണ്. വയനാട്ടിലെ പാവപ്പെട്ട രോഗികൾക്ക് മികച്ച ചികിത്സാസൗകര്യം ഉറപ്പാക്കാനായി അവർ ഒരു ആശുപത്രി സ്ഥാപിച്ചു. അടുത്ത വർഷം ഉപരിപഠനത്തിന് ഇംഗ്ലണ്ടിൽ പോകേണ്ടിവന്നപ്പോൾ ആശുപത്രി സിഎംഐ വൈദികരെ എൽപിച്ചു. 5 വർഷത്തെ വിദേശപഠനത്തിനുശേഷം ഏതെങ്കിലും മഹാനഗരത്തിലേക്കല്ല ഇരുവരും ചേക്കേറിയത്. കൽപറ്റയിലെ സാധാരണക്കാരായ രോഗികളെയും ഹരിതാഭമായ കൃഷിയിടങ്ങളെയും തേടി അവർ ഫാത്തിമ ആശുപത്രിയില്‍ത്തന്നെ മടങ്ങിയെത്തി. ജോലിയോടൊപ്പം ഭൂമി വാങ്ങി കൃഷി ചെയ്യുന്നതായി പിന്നീട് ഡോക്ടറുടെ പ്രധാന സന്തോഷം. അവയിൽ ചിലതൊക്കെ മക്കൾക്കു നൽകി. ബാക്കിസ്ഥലത്തു സ്വന്തമായി കൃഷി ചെയ്യുന്നു.
ശരീരത്തിൽ മാത്രമല്ല, മനസ്സിന്റെ വ്രണങ്ങളിലും ഈ സർജൻ കത്തിവയ്ക്കും. തിയറ്റർ ആവശ്യമില്ലാത്ത കൗൺസലിങ് സർജറി. മദ്യാസക്തിയിൽനിന്നു മുക്തരാവാൻ ആഗ്രഹിക്കുന്നവരാണ് ഇദ്ദേഹത്തിന്റെ കൗൺസലിങ് തേടിയെത്തുന്നവരിലേറെ. ആത്മഹത്യാപ്രവണതയുണ്ടായിരുന്ന പലരും ഡോക്ടറുടെ കൗൺസലിങ്ങിലൂടെ ജീവിതം തിരിച്ചുപിടിച്ചിട്ടുണ്ട്.
ഫോൺ: 9447219576