ADVERTISEMENT

സൈഫുള്ള വെറും 80 ദിവസം പരിപാലിച്ച തണ്ണിമത്തന്‍ അദ്ദേഹത്തിനു നൽകിയ അറ്റാദായം 12 ലക്ഷം രൂപ! വേനലിന്റെ കാഠിന്യം മൂലം ശരാശരി വിളവു മാത്രമാണ് ലഭിച്ചതെന്നും അല്ലാത്തപക്ഷം ഇതിലും ലാഭം കിട്ടുമായിരുന്നെന്നും സൈഫ്. 

പെരിന്തൽമണ്ണയ്ക്കു സമീപം കരിഞ്ചാപ്പടിയിലെ പി.സൈഫുള്ളയെപ്പോലൊരു കർഷകൻ വേറെയുണ്ടാവില്ല. ഇലക്ട്രോണിക്സിൽ ബിരുദവും ബയോ സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദാനന്തര ബിരുദവുമുള്ള സൈഫുള്ള, 8 എക്കർ ഭൂമി പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്നു. യുവകർഷകനുള്ള സംസ്ഥാന അവാർഡ് ജേതാവാണ്. കൃഷിയോടുള്ള കമ്പം മൂലം ഇപ്പോൾ കാർഷിക സർവകലാശാലയിൽ കാര്‍ഷിക ബിരുദ വിദ്യാർഥിയും ! 

പച്ചക്കറിക്കൃഷിയുമുണ്ടെങ്കിലും സൈഫുള്ളയുടെ ഇഷ്ടവിള തണ്ണിമത്തൻ. 8 വർഷമായി ഈ കൃഷിയിൽ സജീവം. 2016ൽ 2 എക്കർ സ്ഥലം പാട്ടത്തിനെടുത്താണ്  തുടക്കം. ‘‘പുറമേ ഇളം പച്ച നിറമുള്ള പഴയ ഇനമാണ് അന്ന് കൃഷി ചെയ്തതെങ്കിലും മികച്ച വിളവും ആദായവും കിട്ടി. പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. കൊയ്ത്തു കഴിഞ്ഞ പാടങ്ങൾ പാട്ടത്തിനെടുത്താണ് കൃഷി. ഏക്കറിന് 20,000 രൂപയാണ് ഇപ്പോൾ പാട്ടം. ഉഴുതിളക്കിയ മണ്ണിൽ വാരങ്ങളെടുത്ത് തുള്ളിനന സംവിധാനമൊരുക്കി പ്ലാസ്റ്റിക് പുതയുമിട്ടാണ് തണ്ണിമത്തൻ നടുന്നത്. പ്രോട്രേകളിൽ വിത്തു പാകിയാണ് തൈകളുണ്ടാക്കുക. ഏക്കറിന് 4500 തൈകൾ വേണം. വിത്തു പാകി 12 ദിവസം പ്രായമാകുമ്പോള്‍ പറിച്ചുനടുന്നു. ഒരു മാസത്തിനകം പൂവിട്ടു തുടങ്ങും. 55–ാം ദിവസം വിളവെടുത്തു തുടങ്ങാം.’’ 

saifulla-2

ഉൾഭാഗത്തിനു ചുവപ്പ്,  മഞ്ഞ, ഓറഞ്ച് നിറമുള്ള ഇനങ്ങളും പുറംതോടിനു മഞ്ഞ നിറമുള്ള ഇനവും ഇവിടെയുണ്ട്. വിവിധ സ്വകാര്യ വിത്തുകമ്പനികളുടെ ഗവേഷണ വികസന പ്രവർത്തനങ്ങളിലൂടെ രൂപപ്പെട്ടവയാണെല്ലാം. ഇപ്പോഴും കൂടുതലായി ഉൽപാദിപ്പിക്കുന്നത് കരിംപച്ച പുറംതോടും ഉള്ളിൽ ചുവന്ന നിറവുമുള്ള ഇനം തന്നെ. അതേസമയം ഗോളാകൃതിയിൽ ഇളം പച്ചനിറത്തിലുള്ള ആദ്യകാല തണ്ണിമത്തൻ ഏറക്കുറെ വിപണിയിൽനിന്നു പുറത്താവുകയാണ്. ഈയിനത്തിന്റെ വിത്തുകളെക്കാൾ പത്തിരട്ടി വിലയാണ് ഓറഞ്ച്, മഞ്ഞ തണ്ണിമത്തനുകളുടെ വിത്തിന്. ഒരു ഏക്കറിലേക്കു വേണ്ട സാധാരണ തണ്ണിമത്തന്റെ വിത്തിന് 5000 രൂപയും കരിംപച്ച പുറംതോടുള്ള ഇനത്തിനു 10,000 രൂപയും ഓറഞ്ച്, മഞ്ഞ ഇനങ്ങൾക്ക് 50,000 രൂപയുമാണ് ഇത്തവണ നൽകിയത്. വിത്തിന് ഉയർന്ന വില നൽകിയാലും കൂടുതൽ ഉപഭോക്താ ക്കളെയും അധികവിലയും നേടാന്‍ പുതിയ ഇനങ്ങൾ സഹായകമാണെന്നു സൈഫുള്ള. ആകെ ഉൽപാദനത്തിന്റെ 60 ശതമാനത്തോളം ചില്ലറയായി വില്‍ക്കുന്നതുകൊണ്ടാണ് വലിയ വരുമാനം നേടാൻ കഴിയുന്നതെന്നും അദ്ദേഹം പറയുന്നു. പരമ്പരാഗത ഇനം കിലോയ്ക്ക് 25 രൂപ നിരക്കിൽ വിറ്റപ്പോൾ മഞ്ഞയും ഓറഞ്ചും 40 രൂപയ്ക്കാണു വിറ്റത്.

ഫോൺ: 9895601597

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com