ADVERTISEMENT

ആൺ-പെൺ വ്യത്യാസം ജാതിയുടെ സവിശേഷതയാണ്. ശാസ്ത്രീയമായി വളർത്തിയാൽ 100 വർഷത്തിലേറെ ആദായം നൽകുന്ന ജാതിയുടെ നടീൽവസ്തു ശ്രദ്ധയോടെ തിരഞ്ഞെടുക്കണം. പൂർണ വിളവിലെത്താൻ 10 വർഷത്തിലേറെ വേണ്ടതിനാൽ നടീൽവസ്തു തിരഞ്ഞെടുക്കുന്നതിലെ വീഴ്ച വലിയ നഷ്ടമുണ്ടാക്കും. മുൻ കാലങ്ങളിൽ വിത്തു തൈകൾ നടുമായിരുന്നുവെങ്കിലും തൈപ്പരുവത്തിൽ ലിംഗനിർണയം സാധ്യമല്ലാത്തതും കായ്ക്കാൻ ദീർഘകാലം (6-7 വർഷം)  ആവശ്യമായതും കാരണം ഇന്ന് പ്രധാനമായും ഒട്ടിക്കൽ അല്ലെങ്കിൽ മുകുളനം (ബഡിങ്) വഴി ഉൽപാദിപ്പിച്ച തൈകളാണു നടുന്നത്. കുറഞ്ഞ സമയം കൊണ്ട് പൂര്‍ണ ഉല്‍പാദനക്ഷമതയിലെത്തുന്നതും കുരുവിന്റെയും പത്രിയുടെയും ഐകരൂപ്യവും ഒട്ടുതൈകളുടെ ഗുണങ്ങളാണ്.

nutmeg

ഇനങ്ങൾ

കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തിൽനിന്നുള്ള IISR വിശ്വശ്രീ, കർഷക പങ്കാളിത്തത്തോടെ ഇവിടെ ഉരുത്തിരിച്ച കേരളശ്രീ, കേരള കാർഷിക സർവകലാശാല കർഷകരുടെ സഹകരണത്തോടെ വികസിപ്പിച്ച കെഎയു പൂത്തറ, പുല്ലൻ, പുന്നത്താനം, മുണ്ടത്താനം, കൊച്ചുകുടി തുടങ്ങിയവ കേരളത്തിൽ കൃഷി ചെയ്യാവുന്ന അത്യുല്‍പാദനശേഷിയുള്ള ഇനങ്ങള്‍. ഇവയുടെ സവിശേഷതകൾ അതതു സ്ഥാപനങ്ങളുടെ പ്രസിദ്ധീകരണങ്ങളിലും വെബ്സൈറ്റിലും ലഭ്യമാണ്. ഈ വിവരങ്ങ ളുടെ അടിസ്ഥാനത്തിൽ ഓരോ പ്രദേശത്തെയും കാലാവസ്ഥയ്ക്കു യോജിച്ച മികച്ച ഇനം തിരഞ്ഞെടുക്കാം. കർഷകരുടെ പുരയിടങ്ങളിൽ കണ്ടെത്തിയ അത്യുല്‍പാദന ശേഷിയുള്ള മറ്റ് ഒട്ടേറെ ഇനങ്ങളും പ്രചാരത്തിലുണ്ട്. കായ്ക്കുന്ന തോട്ടങ്ങൾ സന്ദർശിച്ചു സ്വന്തം പ്രദേശത്തിനു യോജ്യമാണെന്ന് ബോധ്യപ്പെട്ടാല്‍ ഈയിനങ്ങളും നടാം. 

ലംബവും തിരശ്ചീനവുമായി ശാഖകളുള്ള ജാതിയില്‍ ഒട്ടുകമ്പിന് അനുസരിച്ചു നടീൽവസ്തുക്കളുടെ വളർച്ചരീതിയിലും മാറ്റം കാണാം. പാർശ്വ ശാഖകളില്‍നിന്നുള്ള ഒട്ടുതൈ കുറ്റിച്ചെടിപോലെ പടർന്നു പന്തലിച്ചു വളരും. എന്നാൽ നേർകമ്പുകളില്‍നിന്നുള്ള തൈകൾ പിരമിഡ് ആകൃതിയിൽ തട്ടുതട്ടായി വളരുന്നു. നേർശാഖകൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഗ്രാഫ്റ്റ് അല്ലെങ്കിൽ ബഡ് തൈകൾ വേഗത്തില്‍ വളരും. വിളവും കൂടുതൽ. എന്നാൽ, പാർശ്വ ശിഖരങ്ങളില്‍നിന്നുള്ള ഒട്ടുതൈകൾക്ക് ഉയരം കുറവായതിനാൽ മഴക്കാലത്തു കായ്കൾ നിലത്തു വീഴാതെ വിളവെടുക്കാം. ഇതുവഴി ജാതിപത്രിക്കു ഗുണമേന്മ കൂടും. കൂടുതൽ വിലയും കിട്ടും. ഇലച്ചാർത്തു കുറവായതിനാല്‍ കാറ്റില്‍ കടപുഴകില്ലെന്നതും മെച്ചം. വേനൽക്കാലത്ത് തണൽവലകൾ ഉപയോഗിച്ച് നേരിട്ടുള്ള വെയിലിൽനിന്നു സംരക്ഷണം നല്‍കാന്‍ ഇത്തരം ഉയരം കുറഞ്ഞ ഗ്രാഫ്റ്റ് തൈകള്‍ സൗകര്യപ്രദവുമാണ്. 

നേർ ഗ്രാഫ്റ്റുകളെ  അപേക്ഷിച്ചു (8 -9 മീറ്റർ അകലം) പാർശ്വ ഗ്രാഫ്റ്റുകൾ കുറഞ്ഞ അകലത്തിൽ (5 -6 മീറ്റർ) കൂടുതൽ എണ്ണം നടാം. അതുകൊണ്ടുതന്നെ വിളവിലെ അന്തരം വർഷങ്ങൾ കഴിയുന്നതോടെ കുറഞ്ഞു വരും. എന്നാലും ആദ്യ വർഷങ്ങളിലെ ത്വരിതവളർച്ചകൊണ്ട് കർഷകർക്കു പൊതുവേ പ്രിയം നേർ കമ്പുകൊണ്ടുള്ള ഗ്രാഫ്റ്റുകളോടാണ്. പാർശ്വ ഗ്രാഫ്റ്റുകൾ നടാനാണു തീരുമാനമെങ്കിൽ കേരളശ്രീപോലെ താരതമ്യേന നിവർന്നുനിൽക്കുന്ന ശാഖകളുള്ളതും കൂടിയ വളർച്ചനിരക്കുള്ളതുമായ ഇനങ്ങൾ തിരഞ്ഞെടുക്കാം.

നഴ്സറികള്‍ ബഡ് തൈകളിൽ പൊതുവേ നേർകമ്പുകളാണ് ഉപയോഗിക്കുന്നതെങ്കിൽ ഗ്രാഫ്റ്റ് തൈകളില്‍ കൂടുതലും പാർശ്വ ശിഖരങ്ങളാണ് ഉപയോഗിക്കുന്നതെന്നു കാണാം. രണ്ടുതരം തൈകളും ഒറ്റ നോട്ടത്തിൽത്തന്നെ വേർതിരിച്ചറിയാനാകും. നേർകമ്പുകളുടെ ശിഖരങ്ങൾ പ്രധാന ശാഖയിൽ നിശ്ചിത ഇടയകലത്തിൽ തട്ടുതട്ടായി, വൃത്താകൃതിയിൽ വിന്യസിക്കുമ്പോൾ പാർശ്വ ഗ്രാഫ്റ്റുകളിൽ ശിഖരങ്ങൾ ക്രമരഹിതമായിട്ടായിരിക്കും. 

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം തൈകളുടെ വലുപ്പമാണ്. കാലവർഷാരംഭത്തോടെ നട്ടുപിടിപ്പിക്കാനാണെങ്കിൽ 2 തട്ടെങ്കിലും വളർച്ചയെത്തിയ ബഡ് തൈയാണ് ഉചിതം. പാർശ്വ ഗ്രാഫ്റ്റ് ആണെങ്കിൽ രണ്ടടിയെങ്കിലും ഉയരമുള്ളതാവണം. ഗ്രാഫ്റ്റ് തൈകളിൽ ഒട്ടുനാട മുറുകി തണ്ടിനു ക്ഷതമേറ്റിട്ടില്ലെന്ന് ഉറപ്പാക്കണം. നഴ്സറിയിലെ ചെറിയ കൂടയിൽ ദീർഘകാലം ഇരുന്നു മുരടിച്ച് ഇലകൾക്കു മഞ്ഞകലർന്ന നിറം വന്ന ചെടികൾ ഒഴിവാക്കുക. വലുപ്പത്തിന് ആനുപാതികമായാണ് വിലയെന്നതിനാല്‍ ചെറിയ തൈ വാങ്ങുന്നപക്ഷം വേരുകൾക്ക് ഇളക്കം തട്ടാത്ത രീതിയിൽ വലുപ്പമുള്ള  പോളിത്തീന്‍ കൂടയിലേക്കു മാറ്റി നട്ടു പരിചരിച്ചശേഷം അടുത്ത സീസണിൽ കൃഷിയിടത്തിൽ നടുകയാണ് ഉചിതം. ചെറുതൈകൾക്ക് നല്ല പരിചരണം പോളിത്തീൻകൂടയിൽ നൽകാമെന്നതിനാൽ കൂടുതൽ വളർച്ച ലഭിക്കുന്നു.  തിരഞ്ഞെടുക്കുന്ന തൈകളിൽ ശല്‍ക്കകീടസാന്നിധ്യവും ഇലകളിൽ കുമിൾ രോഗങ്ങളുമില്ലെന്ന് ഉറപ്പാക്കണം. 

നാടൻ ജാതി കൂടാതെ പശ്ചിമഘട്ട മലനിരകളിൽ കാണപ്പെടുന്ന പശുവ (Myristica malabarica), ചോര പൈൻ (Myristica beddomei) എന്നീ കാട്ടുജാതിയിനങ്ങളും നഴ്സറികളിൽ തായ്‌ച്ചെടിയായി ഉപയോഗിക്കാറുണ്ട്. എന്നാൽ പരമാവധി വളർച്ച കാണുന്നത് നാടൻ ജാതി തായ്‌ച്ചെടിയായി ഉപയോഗിക്കുമ്പോഴാണ്. താരതമ്യേന ആഴത്തിൽ വളരുന്ന തായ്‌വേരുള്ളതുകൊണ്ട് കൂടുതൽ വരൾച്ച അതിജീവനശേഷിയുണ്ടെന്നതും കാറ്റിനെ പ്രതിരോധിക്കുമെന്നതും കാട്ടുജാതിയിൽനിന്നുള്ള തൈകളുടെ സവിശേഷതകളായി പറയാറുണ്ടെങ്കിലും കർഷകർക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്. ചിലയിടങ്ങളിൽ നട്ട് 35 വർഷങ്ങൾക്കു ശേഷവും ഒരു കുഴപ്പവുമില്ലെങ്കിലും മറ്റു ചിലയിടങ്ങളിൽ ഏതാനും വർഷങ്ങൾക്കു ശേഷം വളർച്ച മുരടിക്കുന്നതായും കായ്‌ഫലം കുറയുന്നതായും, മരങ്ങൾ ഉണങ്ങുന്നതായും കണ്ടിട്ടുണ്ട്. കേരളത്തിൽ അഞ്ചോളം കാട്ടുജാതിയിനങ്ങൾ കാണപ്പെടുന്നതുകൊണ്ടുതന്നെ തായ്‌ച്ചെടി എന്ന നിലയിൽ അവയുടെ യോജ്യത തീർച്ചയാക്കണമെങ്കിൽ ദീർഘകാല പഠനം ആവശ്യം. അതുവരെ കഴിയുന്നതും നാടൻ ജാതിയിൽ ഒട്ടിച്ചെടുത്ത തൈകൾ ഉപയോഗിക്കുന്നതാണ് ഉചിതം. 

ബഡ് തൈകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ആൺചെടികളുടെ സാന്നിധ്യമാണ്. പുതിയ തോട്ടങ്ങളിൽ പരാഗണം ഉറപ്പുവരുത്തുന്നതിന് 20 പെൺചെടിക്ക് ഒരു ആൺചെടി എന്ന തോതിൽ നട്ടു പിടിപ്പിക്കണം. അല്ലാത്തപക്ഷം നട്ടു പിടിപ്പിക്കുന്ന ഇനങ്ങൾ അത്യുല്‍പാദനശേഷിയുള്ളവയാണെങ്കിലും പരാഗണം വേണ്ടത്ര നടക്കാത്തതുമൂലം കായ് പിടിക്കാതിരിക്കുകയോ കായ്കളുടെ എണ്ണം കുറയുകയോ ചെയ്യും. 

ജാതിയുടെ നടീൽവസ്തു ഉൽപാദനം പരിശീലനവും പ്രാവീണ്യവും വേണ്ട മേഖലയായതുകൊണ്ടു ഗുണമേന്മയുള്ള നടീൽവസ്തുക്കൾ വേണ്ടത്ര ലഭ്യമല്ല. അതിനാല്‍, വിശ്വസനീയ സ്രോതസ്സുകളിൽനിന്നു ശ്രദ്ധയോടെ വാങ്ങിയില്ലെങ്കിൽ അബദ്ധം പറ്റാം. 

വി.എ.മുഹമ്മദ് നിസാർ, ഷാരോൺ അരവിന്ദ്, ടി.ഇ.ഷീജ 

ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം, കോഴിക്കോട്

ഫോൺ: 9447837377

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com