ADVERTISEMENT

വീട്ടിൽ നായ്ക്കളെയും കോഴികളെയുമൊക്കെ വളർത്തിയിരുന്ന ഒരു ബാലനുണ്ടായിരുന്നു കോട്ടയം പുതുപ്പള്ളി പണ്ടാരക്കുന്നേൽ വീട്ടിൽ. പേര് നൈനാൻ ജോസഫ്. എലിപ്പെട്ടിയിൽ കുടുക്കിയ ഏതാനും അണ്ണാൻമാരെയും അവൻ ഓമനിച്ചു വളർത്തി. മുന്തിയ ഇനം നായ്ക്കുട്ടികളെ വളർത്താൻ കൊതിച്ചിരുന്നെങ്കിലും ആരും അവനു വാങ്ങിക്കൊടുത്തില്ല. പിൽക്കാലത്ത് അവൻ നഴ്സിങ് പഠിച്ച് അമേരിക്കയിലെത്തിയപ്പോഴും അരുമകളുമായുള്ള ചങ്ങാത്തം കൈവെടിഞ്ഞില്ല. ഒരു കൂട്ടം ലവ് ബേർഡ്സിനെയും അക്വേറിയം മത്സ്യങ്ങളെയുമൊക്കെ അമേരിക്കൻ ജീവിതത്തിൽ കൂടെക്കൂട്ടി.

രണ്ടു വർഷം മുൻപ് അവധിക്കാലത്ത് നാട്ടിലെത്തിയപ്പോൾ ഒരു പെറ്റ് ഷോപ് സന്ദർശിച്ച നൈനാൻ ഒരു കൂട്ടിൽ രണ്ട് ബഡ്ജീസുമായാണ്  വീട്ടിലെത്തിയത്. അവയെ നോക്കിയിരുന്നപ്പോൾ 2 ദശകം മുന്‍പുള്ള തന്റെ ബാല്യത്തി ലേക്ക് നൈനാൻ തിരികെയെത്തി. ക്രമേണ പക്ഷികളുടെ എണ്ണം വർധിച്ചു. കൂട് വലുതാക്കി. നാല് ജർമൻ ഷെപ്പേർഡും ഒരു ലാസാ ആപ്സോയുമടക്കമുള്ള  നായ്ക്കളും വന്നു. കൊറോണക്കാലമായിരുന്നതിനാൽ വീട്ടിൽ അടച്ചുപൂട്ടിയിരുന്ന് പെറ്റ്സിനെക്കുറിച്ചുള്ള യുട്യൂബ് വിഡിയോകൾ ധാരാളമായി കണ്ടു. അതോടെ ആവേശമേറി. 5  പട്ടിക്കൂടുകൾ പണിതു. തുടര്‍ന്ന് അരുമപ്പക്ഷികൾക്കായി വമ്പൻ ഫ്ലയിങ് ഏവിയറിയും. 1500 ചതുരശ്രയടി വസ്തൃതിയിൽ പണിതീർത്ത ഫ്ലയിങ് ഏവിയറിയാണ് പുതുപ്പള്ളിയിലെ ഈ ഗൃഹാങ്കണത്തിന്റെ ഹൈലൈറ്റ്. ഏവിയറിയുടെ നിർമാണം പൂർത്തിയാകുന്നതിനു മുൻപേ നൈനാന് അമേരിക്കയിലേക്ക് മടങ്ങേണ്ടിവന്നു.  ഒരു വർഷം മുന്‍പ്  നിർമാണം പൂർത്തിയായ ഏവിയറിയില്‍ പക്ഷികളെ അഴിച്ചുവിട്ടശേഷം നാട്ടിൽ വരാനായിട്ടില്ല. എന്നാല്‍ എഴാം കടലിന ക്കരെയിരുന്ന് നൈനാന്‍ തന്റെ അരുമകളെ കാണുന്നുണ്ട്. അവയെ കണ്ടുകൊണ്ടിരിക്കാനായി 16 കാമറകളാണ് എവിയറിയുടെ പല ഭാഗങ്ങളിലായി സ്ഥാപിച്ചിരിക്കുന്നത്. 

aviary-puthuppally-4
ഏവിയറി, നൈനാൻ ജോസഫ്

പക്ഷികളുടെ പരിചരണം മാതാപിതാക്കളായ ജോസഫ് നൈനാന്റെയും ലില്ലിക്കുട്ടിയുടെയും മേൽനോട്ടത്തിലാണ്. പരിപാലിക്കാന്‍ ഒരു തൊഴിലാളിയുമുണ്ട്. വീടിന്റെ മുൻഭാഗമാകെ മൂടി 15 അടി ഉയരത്തിൽ നിർമിച്ച ഈ വമ്പന്‍ കൂട്ടിലെ പക്ഷികളുടെ രാജാവ് മക്കാവ് തന്നെ.  ജോടിക്ക് 3.5 –4 ലക്ഷം രൂപ വിലയുള്ള ബ്ലൂ ആൻഡ് ഗോൾഡ് മക്കാവ് ജോടിയാണ് ഇവിടെയുള്ളത്.  ജോടിക്ക് ഒന്നര ലക്ഷം രൂപ വിലയുള്ള ഗ്രേ പാരറ്റ്, പൈനാപ്പിൾ കൊന്യൂർ സ്, ഗ്രീ‍ൻ ചീക്ക് കൊന്യൂർസ് , മോക് പാരറ്റ്,  വിവിധ തരം ജാവാകൾ, ഫിഞ്ചസ്, ആഫ്രിക്കൻ ലവ് ബേഡ്സ്, വിവിധ തരം പ്രാവുകൾ എന്നിവയൊക്കെയുണ്ട്.  കൂടാതെ വീടിനു പിൻഭാഗത്ത് ബ്രീഡിങ് കൂടുകളുമുണ്ട്. 50 ജോടി സൺ കൊന്യൂറുകളെ ഏവിയറിക്കു പുറത്ത് പ്രത്യേകം കൂടുകളിൽ പാർപ്പിച്ചിരിക്കുന്നു. ജോടിക്ക് അര ലക്ഷം രൂപയോളം വിലയുണ്ട് ഇവയ്ക്ക്.  20 ജോടി ആഫ്രിക്കൻ ലവ് ബേർഡ്സുമുണ്ട്.  ജണ്ടേ കൊന്യൂർ, ക്രിംസൺ കൊന്യൂർ, ബ്ലൂ ത്രോട്ടഡ് കൊന്യൂർ, റം പാരക്കേറ്റ്, റെഡ് കോളർ ലോറി, റെയിൻബോ ലോറി, ബ്ലാക്ക് ക്യാപ് ലോറി എന്നിങ്ങനെ നൈനാന്റെ ശേഖരത്തിലെ പക്ഷികളുടെ പട്ടിക നീളുകയാണ്. 

ജോടിക്ക് ഒന്നേകാൽ ലക്ഷം രൂപയോളം വിലയുള്ളവയാണ് ബ്ലാക് ക്യാപ് ലോറികൾ. കരിങ്കോഴി, നാടൻകോഴി, ബി വി 380, ടർക്കി, മണിത്താറാവ് എന്നിവയെയും  െനെനാന്‍  ഉപേക്ഷിച്ചിട്ടില്ല. എല്ലാ പക്ഷികളെയും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ ഓൺലൈൻ ഓർഡർ നൽകി വാങ്ങുകയായിരുന്നു. പെറ്റ് കുറിയർ സംവിധാനമുള്ളതിനാൽ വിദൂരസ്ഥലങ്ങളിൽനിന്ന് ഇവയെ എത്തിക്കുക പ്രയാസമല്ലെന്ന് നൈനാന്റെ പിതാവ് ജോസഫ് ചൂണ്ടിക്കാട്ടി. പലപ്പോഴും കുറിയറുകാർ വിളിക്കുമ്പോഴാകും കിളിക്കൂട്ടിലേക്ക് പുതിയ അതിഥി എത്തുന്ന വിവരം തങ്ങൾ അറിയുകയെന്ന് അദ്ദേഹം പറഞ്ഞു. അതിരാവിലെ തന്നെ പക്ഷികൾക്ക് തീറ്റ കൊടുത്തു തുടങ്ങും. പച്ചക്കറികളും പഴവർഗങ്ങളും വിത്തുകളുമൊക്കെ ചേർന്ന സമീകൃത ആഹാരക്രമമാണിവിടെ.  കാരറ്റ് , ബീറ്റ്, ബ്രോക് ലി , കുക്കുംബർ, മുളപ്പിച്ച ചെറുപയർ എന്നിവയൊക്കെയാണ് പ്രഭാതഭക്ഷണത്തില്‍.  തീറ്റ നൽകിയാൽ തീരുന്നതല്ല ഏവിയറിയിലെ ഉത്തരവാദിത്തം. പ്രജനനക്കൂടുകളിലെ മുട്ടകൾക്കും കുഞ്ഞുങ്ങൾക്കുമൊക്കെ പ്രത്യേക കരുതലും പരിചരണവും വേണ്ടിവരും. മകന്റെ ഹോബി തങ്ങളുടെ വിശ്രമ ജീവിതത്തിലെ വിരസത അകറ്റുന്നതിന്റെ ആഹ്ലാദത്തിലാണ്  ജോസഫ് നൈനാനും ലില്ലിക്കുട്ടിയും. 

ന്യൂയോർക്കിലിരിക്കുമ്പോഴും നൈനാന്റെ മനസ്സ് ഏവിയറിയിലുണ്ട്. കാമറകളിൽനിന്നുള്ള ദൃശ്യങ്ങൾ കാണുന്നത്ര മനസ്സിനു സന്തോഷം  നൽകുന്ന മറ്റൊരു കാര്യമില്ലെന്നു നൈനാന്‍.  അതുകൊണ്ടുതന്നെ  ഓഫിസിലെത്തി കംപ്യൂട്ടർ ഓൺ ചെയ്താലുടൻ ഏവിയറിയിൽനിന്നുള്ള വിഡിയോ കാണുകയാണ് തന്റെ പതിവെന്ന് അദ്ദേഹം പറഞ്ഞു. സഹപ്രവർത്തകർക്കു ബുദ്ധിമുട്ടാകാതെ  ഓഡിയോ മ്യൂട്ട് ചെയ്യും. വൈകുന്നേരം ഓഫിസ് വിടുന്നതു വരെ ഈ ദൃശ്യങ്ങൾ കൂടെയുണ്ടാവും. 

aviary-puthuppally-2

പാഷന്‍ എന്ന നിലയിൽ തുടങ്ങിയതെങ്കിലും  സാമ്പത്തിക സുസ്ഥിരതയോടെ  ഈ സംരംഭം നിലനിൽക്കണമെന്നതിനാല്‍ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രജനനവും വിപണനവുമൊക്കെ ആസൂത്രണം ചെയ്തുവരുന്നു.  പക്ഷിക്കുഞ്ഞുങ്ങൾ വിരിഞ്ഞു തുടങ്ങിയിട്ടുണ്ട്. കുഞ്ഞുങ്ങളുടെ വിൽപനയിലൂടെ ഏവിയറി നിലനിർത്താനാവശ്യമായ പണം കണ്ടെത്താമെന്നു കരുതുന്നു.  വൈകാതെ അമേരിക്കൻ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങാനും ഏവിയറി വിപുലമാക്കാനും ഈ പക്ഷിപ്രേമിക്ക് ഉദ്ദേശ്യമുണ്ട്.  

English summary: NRI built an aviary at his home that is 1500 square feet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com