അവാർഡ് തിളക്കത്തിൽ മാത്തുക്കുട്ടി, കണ്ടുപഠിക്കേണ്ട കാർഷിക ബിസിനസ് സംരംഭകൻ
Mail This Article
കാർഷിക മേഖലയിലെ യുവ സംരംഭകർക്ക് പ്രതീക്ഷ നൽകിയാണ് സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ യുവകർഷകനുള്ള പുരസ്കാരം മാത്തുക്കുട്ടിയെ തേടിയെത്തിയിരിക്കുന്നത്. ബിരുദാനന്തര ബിരുദത്തിനുശേഷം വാഹനനിർമാതാക്കളായ ജാഗ്വാറിലും പിന്നീട് ബിഎംഡബ്ല്യുവിലും ജോലി ചെയ്തശേഷമായിരുന്നു മാത്തുക്കുട്ടി കൃഷിയിലേക്കിറങ്ങിയത്. മരങ്ങാട്ടുപിള്ളിക്കു സമീപം പാലക്കാട്ടുമല തെങ്ങുംതോട്ടത്തിൽ മാത്തുക്കുട്ടി ടോം കുടുംബത്തിന്റെ കാർഷിക പാരമ്പര്യം വേരറ്റുപോകാൻ ആഗ്രഹിച്ചിരുന്നില്ല. 2015ൽ കൃഷിയിലേക്കിറങ്ങിയ മാത്തുക്കുട്ടി തന്റെ 18 ഏക്കർ കൃഷിയിടം സമ്മിശ്രത്തോട്ടമായി വളർത്തിയെടുക്കുകയായിരുന്നു. ഇന്ന്, വിവിധയിനം പച്ചക്കറികൾ, റമ്പുട്ടാൻ, മാംഗോസ്റ്റിൻ തുടങ്ങി ഒട്ടേറെ പഴവർഗങ്ങളും, തെങ്ങ്, വാഴ, കമുക്, കപ്പ, ചേന, ചേമ്പ് തുടങ്ങിയ കിഴങ്ങിനങ്ങളും കൃഷിയിടത്തിൽ വളരുന്നു. മൂന്നേക്കർ സ്ഥലത്ത് രണ്ടര വർഷം പ്രായമായ 300 വിയറ്റ്നാം സൂപ്പർ ഏർളി പ്ലാവുകളുമുണ്ട്. അഞ്ചു കുളങ്ങളിലായി രോഹു, കട്‌ല, മൃഗാൽ, തിലാപ്പിയ തുടങ്ങിയ മത്സ്യങ്ങളെ വളർത്തുന്നു. ഇവയ്ക്കൊക്കെ പുറമേ അലങ്കാരമത്സ്യങ്ങളും മറ്റ് അരുമപ്പക്ഷികളുമുണ്ട്.
ഇവയ്ക്കൊക്കെ പുറമേ പ്രധാന വരുമാനമാർഗമായി ചിട്ടപ്പെടുത്തിയിരിക്കുന്നത് മാംസോൽപാദനവും സംസ്കരണവും വിപണനവുമാണ്. ടൺകണക്കിനു കോഴിയിറച്ചിയും പന്നിയിറച്ചിയും പോത്തിറച്ചിയുമാണ് ഓരോ വർഷവും മാത്തുക്കുട്ടി വീടുകളിലും ഹോട്ടലുകളിലും ഹോസ്റ്റലുകളിലുമായി വിൽക്കുന്നത്. താറാവും ആടും മുയലുമൊക്കെ വേറെയുമുണ്ട്. കൃഷിയെ ഒരു സംരംഭകന്റെ കണ്ണിലൂടെ കാണാൻ ശ്രമിച്ചതാണ് ഈ യുവാവിന്റെ വിജയം.
പതിനെട്ടേക്കർ കൃഷിയിടത്തിൽ മാത്തുക്കുട്ടി വളർത്തുന്ന ഓരോ വിളയും ഓരോ മൃഗവും പ്രത്യേക സ്ട്രാറ്റജിക് ബിസിനസ് യൂണിറ്റാണ്. അതുകൊണ്ടുതന്നെ ഓരോന്നിനും പ്രത്യേക ബിസിനസ് പ്ലാനുമുണ്ട്. എന്നാൽ പൊതുസൗകര്യങ്ങൾ പ്രയോജനപ്പെടുത്തി ചെലവ് കുറയ്ക്കുകയും ചെയ്യുന്നു. കൃഷി സംരംഭമാക്കാനുള്ള ഉദ്യമത്തിൽ മാത്തുക്കുട്ടി ആദ്യം തുടങ്ങിയത് കോഴിവളർത്തലാണ്. കോഴിയിറച്ചിയുടെ വിൽപനയിലാണ് മാത്തുക്കുട്ടിയിലെ എംബിഎക്കാരന്റെ തനിനിറം പുറത്തുവന്നത്. മറ്റു കൃഷിക്കാർ 7–8 രൂപ നിരക്കിൽ പ്രതിഫലം വാങ്ങി ഇന്റഗ്രേഷൻകാർക്ക് വിൽക്കുമ്പോൾ മാത്തുക്കുട്ടി മൂല്യവർധനയിലൂടെ വരുമാനം ഇരട്ടിയാക്കി. ഇതിനായി ഫാമിൽ തന്നെ മാംസസംസ്കരണശാലയുണ്ട്. മാനദണ്ഡങ്ങൾ പാലിച്ചു കോഴിയെ കൊല്ലുന്നതിനും വൃത്തിയുള്ള അന്തരീക്ഷത്തിൽ കഷണങ്ങളാക്കി സൂക്ഷിക്കുന്നതിനും ഇവിടെ സംവിധാനമുണ്ട്. ചിക്കൻ ഡ്രം സ്റ്റിക്, ചിക്കൻ ലോലി പോപ്പ് , കറികട്ട്, ചിക്കൻ ബ്രസ്റ്റ് എന്നിങ്ങനെ വേർതിരിച്ചു വിൽക്കുമ്പോൾ ഓരോ കോഴിയും ഒന്നരക്കോഴിയുടെ വരുമാനമേകുന്നു. ഫാമിലെ പന്നികളുടെ വിൽപനയും ഇങ്ങനെ തന്നെ. ബോൺലെസായും കറിക്കട്ടായും പന്നിയിറച്ചി ഇവിടെ തയാറാക്കപ്പെടുന്നു. പന്നിയുടെയും കോഴിയുടെയും മാംസമാണ് കൂടുതലായി ഉൽപാദിപ്പിക്കുന്നതെങ്കിലും താറാവ്, പോത്ത്, ആട് എന്നിവയെയും ഇറച്ചിക്കായി വളർത്തുന്നുണ്ട്.
ഇത്രയേറെ മാംസം ഉൽപാദിപ്പിക്കുന്ന ഫാമിൽ വിപണനം തലവേദനയാണെന്നു കരുതേണ്ട. മാത്തുക്കുട്ടി ടച്ചുള്ള വിപണനരീതിയിലൂടെ സ്വന്തം ഫാമിലെ മാത്രമല്ല അയൽക്കാരായ കൃഷിക്കാരുടെ ഉൽപാദനം കൂടി വിറ്റഴിക്കാൻ ഈ യുവസംരംഭകനു സാധിക്കുന്നുണ്ട്. പാലായിലും പരിസരത്തുമായി 15 കിലോമീറ്റർ ചുറ്റളവിലുള്ള കുടുംബങ്ങളാണ് മാത്തുക്കുട്ടിയുടെ ടാർജറ്റ് ഓഡിയൻസ്. ദിവസവും ഓരോ പ്രദേശത്തേക്ക് ഫാം ഉൽപന്നങ്ങൾ കയറ്റിവിടുന്നു. ഓർഡറനുസരിച്ചാവും ഉൽപന്നങ്ങളുടെ ഡോർഡെലിവറി.
പാലാ പട്ടണത്തിൽ ടിജെടി ഫാമിന്റെ ചില്ലറവിൽപനശാലയുമുണ്ട്. കാറ്ററിങ് സംരംഭങ്ങൾ, ഹോട്ടലുകൾ, ഹോസ്റ്റലുകൾ– മാത്തുക്കുട്ടിയുടെ സ്ഥിരം വിപണികളാണ് ഇവയെല്ലാം. കോഴിയും പന്നിയും പോത്തുമൊക്കെ പതിവായും വലിയ അളവിലും വാങ്ങുന്ന ഇത്തരം സ്ഥാപനങ്ങൾ എന്നും ഇറച്ചിക്കർഷകരുടെ അഭയകേന്ദ്രങ്ങളാണെന്ന് മാത്തുക്കുട്ടി ചൂണ്ടിക്കാട്ടി. രണ്ടു രൂപ വില കുറച്ചാലും നഷ്ടപ്പെടുത്താൻ പാടില്ലാത്ത ബന്ധങ്ങളാണ് അവരുമായി വേണ്ടത്.
നിത്യതലവേദനയായി പലരും കരുതുന്ന മാലിന്യങ്ങൾ ബയോഗ്യാസാക്കി മാറ്റുന്നു. വീട്ടിലെയും ഫാമിലെയും പാചകാവശ്യങ്ങൾക്ക് ഇതു ധാരാളം. മൃഗങ്ങളുടെ കാഷ്ഠമാണ് മറ്റൊരു വരുമാനം. ഒരു കിലോ കോഴിക്കാഷ്ഠം 2.5 രൂപയ്ക്കും പന്നിക്കാഷ്ഠം 7 രൂപയ്ക്കും ആട്ടിൻകാഷ്ഠം 8 രൂപയ്ക്കും ചാണകം 4 രൂപയ്ക്കുമാണ് വിൽപന. വിവിധ മൃഗങ്ങളുടെ കാഷ്ഠം കൂട്ടിച്ചേർത്ത് 10 രൂപ നിരക്കിലും വിൽക്കാറുണ്ട്.
തീറ്റച്ചെലവാണ് ഏതു മൃഗസംരക്ഷണ സംരംഭത്തിലും നിർണായക ഘടകം. എന്നാൽ പരമാവധി തീറ്റച്ചെലവ് കുറയ്ക്കുന്നതിനുള്ള വഴികൾ മാത്തുക്കുട്ടിക്കറിയാം. തീറ്റപ്പുല്ലുകൃഷി തന്നെ പ്രധാനം. അര ഏക്കറിൽ തീറ്റപ്പുല്ല് വളർത്തിയ ശേഷമാണ് അദ്ദേഹം തന്റെ വളർത്തൂകൂട്ടം വിപുലമാക്കിയത്. പന്നിയ്ക്കു തീറ്റയാക്കാൻ ഹോട്ടലുകളിലെയും പച്ചക്കറിമാർക്കറ്റിലെയും സ്വന്തം കോഴിസംസ്കരണ യൂണിറ്റിലെയും അവശിഷ്ടങ്ങളുണ്ടാകും. ഇവ മാത്രമായി നൽകിയാൽ പന്നിയുടെ ആരോഗ്യവും മാംസത്തിന്റെ നിലവാരവും മോശമാകുമെന്നതിനാൽ നിശ്ചിത അനുപാതത്തിൽ കൂട്ടിക്കലർത്തി എല്ലാ പോഷകങ്ങളും സമീകൃതമായി ലഭിക്കത്തക്കവിധത്തിൽ വേവിച്ചാണ് നൽകുക. ഹോട്ടൽവേസ്റ്റിൽനിന്നു അന്നജവും കോഴിവേസ്റ്റിൽ നിന്നു മാംസ്യവും പച്ചക്കറിഅവശിഷ്ടങ്ങളിൽനിന്നു നാരും ജീവകവും കിട്ടത്തക്ക വിധത്തിലാണ് തീറ്റ മിശ്രിതം തയാറാക്കുക. ഈ സീറോബജറ്റ് തീറ്റയാണ് പന്നിവളർത്തലിലെ പ്രധാന വിജയരഹസ്യമെന്നു മാത്തുക്കുട്ടി ചൂണ്ടിക്കാട്ടി. ബ്രോയിലർ കോഴിക്കായി തയാറാക്കിയ സംസ്കരണ– വിതരണ സൗകര്യങ്ങൾ മറ്റു വളർത്തുകൂട്ടങ്ങൾക്കും പ്രയോജനപ്പെടുത്താനായതും ചെലവ് കുറയ്ക്കാൻ സഹായകമായി.
ഫോൺ: 8606155544