രാത്രി സംശയാസ്പദമായ സാഹചര്യത്തിൽ പശുക്കുട്ടി, ഉടമയെ നിമിഷനേരംകൊണ്ടു കണ്ടെത്തി പൊലീസ്
Mail This Article
രാത്രി രണ്ടിന് പട്രോളിങ്ങിനിടെ വഴിവക്കിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട പശുക്കുട്ടിയെ ഉടമയുടെ അടുത്തെത്തിച്ച് പൊലീസ്. തൊടുപുഴ സ്റ്റഷേനിലെ പൊലീസ് ഉദ്യോഗസ്ഥരാണ് കഴിഞ്ഞ ദിവസം രാത്രിയിൽ റോഡരികിൽ നിൽക്കുന്ന പശുക്കുട്ടിയെ കണ്ടെത്തിയത്. രാത്രി ആയതിനാലും വഴിയിലേക്കിറങ്ങി വാഹനങ്ങളുടെ അടിയിൽ പെടാനുള്ള സാധ്യതയുള്ളതിനാലും പട്രോളിങ് സംഘം അപ്പോൾത്തന്നെ ഉടമയെ കണ്ടെത്തി പശുക്കുട്ടിയെ തിരികെ ഏൽപ്പിക്കുകയായിരുന്നു. ഇതേക്കുറിച്ച് തൊടുപുഴ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ടി.എ.സനീഷ് പങ്കുവച്ച കുറിപ്പ് ചുവടെ...
സമയം രാത്രി 2 മണി.
തൊടുപുഴ പൊലീസ് സ്റ്റേഷനിലെ നൈറ്റ് പട്രോളിങ് ഡ്യൂട്ടിയിലാണ് ഞങ്ങൾ. എസ്ഐ ഷാജി സാറും, ഞാനും, സിപിഒ രാജീവും കൂടെയുണ്ട്. അത്രയും നേരം പൊലീസ് വാഹനം ടൗൺ ഭാഗങ്ങളിലും മറ്റും ഞാൻ ഓടിച്ച ശേഷം രാജീവിനെ ഡ്രൈവിങ് ഏൽപ്പിച്ചു.
അങ്ങനെ ഓരോ കാര്യങ്ങൾ സംസാരിച്ച് സാവധാനം ഞങ്ങൾ തൊടുപുഴയിൽനിന്നും ഏഴല്ലൂർ ഭാഗത്തേക്ക് പുറപ്പെട്ടു. 3 കിലോമീറ്റർ പിന്നിട്ടപ്പോൾ രാജീവ് വാഹനം നിറുത്തിയശേഷം പിന്നോട്ട് എടുത്തു.
എന്തു പറ്റി എന്നു ഞങ്ങൾ തിരക്കി. റോഡ് സൈഡിൽ പുല്ലു വളർന്നു നിൽക്കുന്ന ഭാഗത്തെ ഒരു അനക്കം ഇരുട്ടിലും രാജീവിന്റെ ശ്രദ്ധയിൽ പെട്ടു. അതുകൊണ്ടാണ് അദ്ദേഹം പെട്ടെന്നുതന്നെ പിന്നോട്ടെടുത്തത്.
വാഹനം നിറുത്തി ഞങ്ങൾ ഇറങ്ങി ആ ഭാഗത്തേക്കു നോക്കി. ഒരു ചെറിയ തല കാണുന്നു.. ആഹാ കൊള്ളാം... ആകാംക്ഷയിൽ നിന്ന ഞങ്ങൾ കണ്ടത്, വീട്ടിൽനിന്നും പിണങ്ങിയിറങ്ങി ഇരുട്ടിൽ ദിക്കറിയാതെ നിൽക്കുന്ന നമ്മുടെ നായകനെയാണ്.
ലൈറ്റ് വെട്ടത്തിൽ നോക്കുമ്പോൾ കാണാം പേടിച്ചു വിറച്ച മുഖവുമായി നിൽക്കുന്ന ഒരു സുന്ദര പശുക്കുട്ടി. നല്ല ശരീര പ്രകൃതി. കാണാൻ നല്ല ചന്തം.
ഇവനെ ആരെങ്കിലും കടത്തിക്കൊണ്ടു വന്ന വഴി പൊലീസ് വാഹനമോ മറ്റോ കണ്ട് ഇവിടെ നിറുത്തിയതാണോ എന്നായിരുന്നു ഞങ്ങളുടെ സംശയം. കാരണം, ഇത് ഒറ്റപ്പെട്ട പ്രദേശമായിരുന്നു നല്ല ഇരുട്ടും.
എന്തു ചെയ്യാം! അവനു ഞങ്ങളോട് പറയാൻ അറിയില്ലല്ലോ. ഞങ്ങൾക്ക് പുള്ളിയോട് ഒന്നും ചോദിക്കാനും ഇല്ല! സംഗതി പശു ആയതുകൊണ്ട് സ്റ്റേഷനിൽ മിസ്സിങ് കേസ് വന്നോ എന്ന് തിരക്കിയിട്ടും കാര്യമില്ലല്ലോ. സംഗതി അത്രേം ആയപ്പോൾ ഞങ്ങളോട് ഇഷ്ട്ടൻ അടുപ്പം കൂടിത്തുടങ്ങി. രാജീവിനെ മുട്ടിയുരുമി പുള്ളി അടുത്തുകൂടിക്കഴിഞ്ഞു.
ഇനി ‘ഞാൻ എങ്ങും ഇറങ്ങി പോകൂലാ’ എന്നെ ഇട്ടിട്ട് പോകരുത് എന്ന ആറ്റിറ്റ്യൂഡ് പുള്ളിക്കാരന്റെ മുഖത്തു നിന്നും ഞങ്ങൾക് ഫീൽ ചെയ്തു.
അടുത്തെങ്ങും വീടുകളില്ല. ഒരു വീട് കണ്ടു, അവിടെ ലൈറ്റ് അടിച്ചു നോക്കി, ആൾ താമസം ഇല്ലെന്ന് മനസിലായി. ഇതിപ്പോ പുലിവാലായല്ലോ ദൈവമേ എന്നു ചിന്തിച്ച് ഞങ്ങൾ മുഖത്തോടു മുഖം നോക്കി. ഇവനെ ഇങ്ങനെ ഇട്ടിട്ട് പോകാൻ ഞങ്ങൾ മൂന്നു പേർക്കും മനസ്സ് വന്നില്ല. കാരണം തീരെ പൊടിയാണവൻ. ഒരു മനുഷ്യക്കുട്ടിയുടെ നിസംഗതയോടെ അവനും ഞങ്ങളെ നോക്കി ചെവി പോലും അനക്കാതെ നിൽക്കുന്നു. ഞങ്ങളുടെ തീരുമാനവും കാത്ത്.
സൈഡിലെ ഇരുട്ടിൽനിന്ന് അവൻ റോഡിൽ കയറി നിന്നാൽ വാഹനം ഇടിച്ചിടും ഉറപ്പ്. ഒരു കഷ്ണം കയർ ഉണ്ടേൽ കെട്ടി ഇടാമായിരുന്നു. പാതിരാത്രി ആ ഭാഗത്ത് എവിടെ കിട്ടാൻ! അതും മാർഗമില്ല.
സത്യത്തിൽ അവനെ അവിടെ കെട്ടിയിടാനോ ഒറ്റയ്ക്കാക്കി പോരാനോ ഞങ്ങൾക്ക് മനസ്സ് അനുവദിക്കുന്നുമില്ല. ഏതായാലും കുറച്ചു മുന്നോട്ട് നടന്നു നോക്കാൻ ഞാൻ തീരുമാനിച്ചു. ഷാജി സാറും കൂടെ വന്നു.
‘പുള്ളിക്ക് കൂട്ട് രാജീവ്’
അങ്ങനെ കുറച്ചു ദൂരം ചെന്നപ്പോൾ ഒരു വീട് കണ്ടു. അവിടെ വെട്ടം ഒന്നുമില്ല. ഞങ്ങൾ അവിടേക്ക് ഗേറ്റ് തുറന്നു കയറിച്ചെന്നു.
അവിടേക്കു പ്രവേശിച്ചപ്പോൾത്തന്നെ മൂക്കിൽ സ്മെൽ കിട്ടി, നല്ല പച്ചച്ചാണകത്തിന്റെ. ഡോഗ് സ്‌ക്വാഡിന്റെ സേവനം ഇല്ലാതെ ഞങ്ങൾ അന്വേഷിച്ച് കണ്ടെത്തിയിരിക്കുന്നു, പുള്ളിയുടെ വീടും തൊഴുത്തിൽ മുരടനക്കം ഉണ്ടാക്കി എഴുന്നേൽക്കുന്ന കക്ഷിയുടെ അമ്മയെയും.
അതോടെ ആശ്വാസമായി...
അനുസരണ ഇല്ലാതെ വീട്ടിൽ നിന്നും ചാടിപ്പോയവന്റെ വീടും വീട്ടുകാരെയും കണ്ടെത്തിയിരിക്കുന്നു. ഞാൻ വീടിന്റെ സിറ്റ്ഔട്ടിൽ കയറി ലൈറ്റ് ഇട്ടു. കാളിങ് ബെൽ അടിച്ചു. 5 ട്രിപ്പ് ബെൽ അടിച്ചപ്പോൾ അതാ അകത്തു നിന്നും വെടി പൊട്ടുന്ന ഉച്ചത്തിൽ ‘ആരാടാ’ എന്ന് ഒരു കാരണവർ ശബ്ദം. ‘ഞങ്ങൾ പോലീസുകാരാണ്, വാതിൽ തുറക്കൂ...’
അൽപസമയത്തിന് ശേഷം പ്രായം ചെന്ന ഒരു അച്ചായൻ വാതിൽ തുറന്നു കൊമ്പൻ മീശ കാട്ടി പുറത്തു വന്നു. ‘എന്തു വേണം സാറേ’ എന്ന ചോദ്യവും.
ഒന്നും വേണ്ടാ ഒരാൾ ഇരുട്ടത്ത് കുറേ ദൂരെ വഴിയരികിൽ നിൽപ്പുണ്ട്. വന്നു കൂട്ടി കൊണ്ട് പോരാൻ പറഞ്ഞു.
ങേ...
'കിട്ടിയോ ദൈവമേ' വൈകിട്ട് തൊട്ട് തപ്പുവാ സാറേ....
തപ്പി മടുത്തിട്ട് രാത്രി തിരച്ചിൽ നിറുത്തി കേറി പോന്നതാ.. എവിടെയാ നിൽക്കുന്നേ?
സംഗതി ഞങ്ങൾക്ക് സമാധാനം ആയെങ്കിലും ഒറ്റക്കാര്യം ചേട്ടൻ പറഞ്ഞു. കാലിന് വയ്യ. ഇങ്ങോട്ട് കൊണ്ടു വരാമോ എന്ന്.
വീട്ടിൽ വയ്യാത്ത ഭാര്യ കൂടി ഒള്ളു. മക്കൾ ആരും വീട്ടിൽ ഇല്ല.
പിന്നെ ഞാൻ കൂടി പോയി കക്ഷിയെ പിടിച്ചു കൊണ്ടു വരാൻ നോക്കി.
അപ്പോഴല്ലേ പുള്ളിയുടെ വക അടുത്ത നാടകം. പുള്ളി വരൂല. കട്ട മസ്സിലുപിടുത്തം. കക്ഷിയുടെ ആൾക്കാരെ ഞങ്ങൾ കണ്ടെത്തിയെന്ന് അറിഞ്ഞു എന്ന് തോന്നുന്നു.
പിന്നെ ഒടുക്കത്തെ ജാഡ... അഹങ്കാരം.... അതുവരെ കണ്ട ആളെ അല്ല...
പുള്ളി ഇപ്പോൾ പുലിയായി...
പിന്നെ സാവധാനം കുറേ നല്ലവാക്കൊക്കെ പറഞ്ഞു സമാധാനിപ്പിച്ചു കക്ഷിയെ ചെവിക്കു പിടിച്ചു തള്ളി തള്ളി ഗേറ്റ് വരെ എത്തിച്ചു.
എവിടെ പുള്ളിയുണ്ടോ കേറുന്നു വീട്ടിലേക്ക്. തൊഴുത്തിൽ കിടന്നു കയറു പൊട്ടിക്കുന്നു ഓന്റെ ‘മാതാശ്രീ’. ഒരു കാര്യം ഉറപ്പായി, സംഗതി പുള്ളിക്കാരൻ ഉടക്കി ചാടിപ്പോയതാണെന്ന്.
ഒരു വിധം അവിടെ സെറ്റ് ആക്കിയിട്ട് ചാടി ഗേറ്റിനു പുറത്തിറങ്ങി ഞങ്ങൾ ഗേറ്റ് പൂട്ടി. അല്ലേൽ കക്ഷി ഇനി ഞങ്ങൾക്കൊപ്പം കൂടാൻ തീരുമാനിച്ചെങ്കിലോ!
പിന്നെ അവരോട് യാത്ര പറഞ്ഞ് ഇറങ്ങിയപ്പോ ഒരു ആശ്വാസം. സ്റ്റേഷനിൽ വരേണ്ട പിറ്റേന്നത്തെ പശുക്കിടാവ് മിസ്സിങ് കേസ് ഒഴിവായല്ലോ എന്ന്.
പൊലീസിന്റെ കാവലും, കരുതലും മനുഷ്യരെപോലെ എല്ലാ ജീവജാലങ്ങൾക്കും കൂടി ഉള്ളതാണല്ലോ. അല്ലേ.
ആ സന്തോഷത്തോടെ വീണ്ടും പട്രോളിങ് തുടർന്നു.
മൃഗസംരക്ഷണ മേഖലയിൽ നിങ്ങൾക്കുമുണ്ടോ മറക്കാനാവാത്ത അനുഭവങ്ങൾ! രസകരമായതും ഹൃദയസ്പർശിയതുമായ അനുഭവങ്ങൾ മനോരമ ഓൺലൈൻ കർഷകശ്രീയുമായി പങ്കുവയ്ക്കൂ (കർഷകർ, വെറ്ററിനറി ഡോക്ടർമാർ, വെറ്ററിനറി വിദ്യാർഥികൾ, പെറ്റ്ഷോപ് ഉടമകൾ, അരുമ പരിപാലകർ എന്നിങ്ങനെ ആർക്കും അയയ്ക്കാം). നിങ്ങളുടെ അനുഭവക്കുറിപ്പുകൾ 87146 17871 എന്ന നമ്പറിലേക്ക് വാട്സാപ് ചെയ്യൂ.
English summary: The police found the calf in suspicious circumstances