ഒരു മാസമായി ഭക്ഷണം കഴിക്കുന്നില്ല; പുറത്തെടുത്തത് 16 മുട്ടകൾ; ഇനി മുട്ടയിടാനാവില്ല, ഇഗ്വാനയ്ക്കിത് പുനർജന്മം
Mail This Article
ഒരു മാസമായി ഭക്ഷണം കഴിക്കുന്നില്ലെന്ന പ്രശ്നവുമായാണ് ഉടമ ഒരു ഗ്രീൻ ഇഗ്വാനയുമായി സാറാസ് ബേർഡ്സ് ആൻഡ് എക്സോട്ടിക് ആനിമൽ ഹോസ്പിറ്റലിലെത്തിയത്. എക്സ്റേ പരിശോധനയിൽ വയറ്റിൽ മുട്ടകളുള്ളത് കാണാൻ സാധിച്ചു. അതുപോലെതന്നെ കൈകാലുകൾക്ക് ബലക്കുറവും തോന്നി.
പ്രാരംഭപരിശോധനയിൽത്തന്നെ ശരീരത്തിൽ കാത്സ്യത്തിന്റെ കുറവുമൂലം ഉണ്ടാകുന്ന മെറ്റബോളിക് ബോൺ ഡിസീസിന്റെ ആരംഭാവസ്ഥയിലാണ് ഒന്നര വയസുള്ള ഈ ഇഗ്വാനയെന്നു മനസിലായി. ഭക്ഷണത്തിൽ കാത്സ്യം ഉൾപ്പെടുത്താത്തതും അതുപോലെ ആവശ്യമായ അളവിൽ സൂര്യപ്രകാശം ലഭിക്കാത്തതുമാണ് ഈ ഇഗ്വാനയെ ഇത്തരത്തിലൊരു അവസ്ഥയിൽ എത്തിച്ചത്.
സാധാരണ ഇഗ്വാനകൾ 3–4 വയസിലാണ് പ്രായപൂർത്തിയാവുക. അപൂർവമായി നേരത്തെയും പ്രായപൂർത്തിയാകാറുണ്ട്. കാത്സ്യത്തിന്റെ കുറവുണ്ടാകുന്ന ആൺ ഇഗ്വാനകളിൽ എല്ലുകൾക്ക് പ്രശ്നം വരും. അതുകൊണ്ടുതന്നെ നടക്കാനും ബുദ്ധിമുട്ടാകും. പെണ്ണാണെങ്കിൽ എല്ലുകൾക്ക് പ്രശ്നം വരുന്നതുപോലെതന്നെ മുട്ടകൾക്ക് തോട് രൂപപ്പെടാത്ത സ്ഥിതിവരും. അങ്ങനെ തോട് രൂപപ്പെടാത്ത മുട്ടകൾ ശരീരത്തിനു പുറത്തേക്കു വരില്ല.
ഒരു മാസമായി ഭക്ഷണം കഴിക്കാത്തതിന്റെ ബുദ്ധിമുട്ട് ഇഗ്വാനയ്ക്കുണ്ടായിരുന്നു. ശരീരഭാരവും ആരോഗ്യവും കുറഞ്ഞിരുന്നു. ശസ്ത്രക്രിയ കൂടാതെ രക്ഷപ്പെടുത്തുക അസാധ്യം. ചെറിയ ജീവി ആയതിനാൽ ഇത്തരത്തിലൊരു ശസ്ത്രക്രിയ ആവശ്യമായ സജ്ജീകരണങ്ങൾ ഇല്ലാതെ നടത്തിയാൽ മരണപ്പെടാനുള്ള സാധ്യതയേറെയാണ്. ഇൻഹേലന്റ് അനസ്തേഷ്യ ഉപയോഗിച്ച് മയക്കിയശേഷമായിരുന്നു ശസ്ത്രക്രിയ ആരംഭിച്ചത്.
പൂച്ച, നായ പോലുള്ളവയിൽ സാധാരണ വയറിന്റെ കൃത്യം നടുവിലാണ് മുറിവുണ്ടാക്കുക. എന്നാൽ, ഇഗ്വാനയ്ക്ക് ആ ഭാഗത്ത് ഒരു ഞരമ്പ് ഉള്ളതിനാൽ അവിടെ മുറിവുണ്ടാക്കാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ വയറിന്റെ ഇടതുഭാഗത്തായിരുന്നു മുറിവുണ്ടാക്കിയത്. അങ്ങനെ ശരീരത്തിൽ മുറിവുണ്ടാക്കിയപ്പോൾത്തന്നെ മുട്ടകൾ കാണാൻ കഴിഞ്ഞു. രണ്ട് അണ്ഡാശയങ്ങളിൽനിന്നായി 16 മുട്ടകളാണ് നീക്കം ചെയ്തത്. തുടർന്ന് തുന്നലിട്ടു. ഈ തുന്നലിന് ഒരു പ്രത്യേകതയുണ്ട്. അടുത്ത മോൾട്ടിങ് കഴിയുമ്പോൾ ഇത്തരത്തിലൊരു ശസ്ത്രക്രിയ നടത്തിയ പാട് ശരീരത്തിൽ ഉണ്ടാവില്ല.
ശസ്ത്രക്രിയ കഴിഞ്ഞ് 20 മിനിറ്റിനുള്ളിൽ ഇഗ്വാന എഴുന്നേറ്റു. തുടർന്ന് രാത്രി മുഴുവൻ ഇങ്കുബേറ്ററിൽ സൂക്ഷിച്ചു. പിറ്റേന്ന് കൂട്ടിലേക്കു മാറ്റി.
വിദേശത്ത് പ്രചാരമുണ്ടെങ്കിലും ഇന്ത്യയിൽ അത്ര വ്യാപകമായി ചെയ്യുന്ന ഒരു ശസ്ത്രക്രിയ അല്ലിത്. അതുകൊണ്ടുതന്നെ ഇഗ്വാനപോലുള്ളവയെ വാങ്ങുന്നവർ കൃത്യമായ പരിചരണവും ശ്രദ്ധയും നൽകേണ്ടതുണ്ട്. ഭക്ഷണം കഴിക്കാൻ മടിയുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ വെറ്ററിനറി ഡോക്ടറുടെ സേവനം തേടണം. അതുപോലെ വല്ലപ്പോഴും ആരോഗ്യപരിശോധനയും വേണമെങ്കിൽ ആവശ്യമായ സപ്ലിമെന്റുകളും യുവി ലൈറ്റും നൽകാൻ ശ്രദ്ധിക്കണം. സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ പതിക്കുന്ന വിധത്തിൽ കൂട് സ്ഥാപിക്കുന്നതും നല്ലതാണ്.
ഉരഗങ്ങൾക്കും ഇഗ്വാനകൾക്കുമായുള്ള കാത്സ്യം സപ്ലിമെന്റുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. അതും ചെറുപ്പത്തിൽത്തന്നെ നൽകിത്തുടങ്ങാം. അതുപോലെ ഭക്ഷണത്തിൽ മുരിങ്ങയില, മൾബറിയില, പപ്പായയില, കാരറ്റ്, മത്തങ്ങ, കാബേജ്, ചെമ്പരത്തി പോലുള്ള പൂക്കൾ എന്നിവയൊക്കെ ഉൾപ്പെടുത്താം.
ഈ ഇഗ്വാനയുടെ ജീവൻ രക്ഷിക്കുന്നതിനുവേണ്ടിയുള്ള ജീവൻ രക്ഷാ ശസ്ത്രക്രിയയാണ് നടത്തിയത്. അതുകൊണ്ടുതന്നെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതിന് ഇനി മുട്ടയിടാൻ കഴിയില്ല. അതുകൊണ്ടുതന്നെ ഇത്തരം അവസ്ഥയിലേക്ക് എത്താതെ പരിപാലിക്കാനാണ് ഓരോ അരുമപരിപാലകരും ചെയ്യേണ്ടത്. മെറ്റബോളിക് ബോൺ ഡിസീസിന്റെ ആരംഭമായതിനാൽ എല്ലുകളെ സാരമായി ബാധിച്ചിട്ടില്ല. എങ്കിലും കാത്സ്യം സപ്ലിമെന്റുകൾ കുത്തിവയ്പ്പായിട്ട് നൽകി ആരോഗ്യത്തിലേക്ക് കക്ഷി തിരികെ എത്തുന്നുണ്ട്.
ഡോ. റാണി മരിയ തോമസ്
സാറാസ് ബേർഡ്സ് ആൻഡ് എക്സോട്ടിക് ആനിമൽ ഹോസ്പിറ്റൽ, തുമ്പോളി, ആലപ്പുഴ.
മൃഗസംരക്ഷണ മേഖലയിൽ നിങ്ങൾക്കുമുണ്ടോ മറക്കാനാവാത്ത അനുഭവങ്ങൾ! രസകരമായതും ഹൃദയസ്പർശിയതുമായ അനുഭവങ്ങൾ മനോരമ ഓൺലൈൻ കർഷകശ്രീയുമായി പങ്കുവയ്ക്കൂ (കർഷകർ, വെറ്ററിനറി ഡോക്ടർമാർ/വിദ്യാർഥികൾ, സ്കൂൾ/കോളജ് വിദ്യാർഥികൾ, പെറ്റ്ഷോപ് ഉടമകൾ, അരുമ പരിപാലകർ എന്നിങ്ങനെ ആർക്കും അയയ്ക്കാം). നിങ്ങളുടെ അനുഭവക്കുറിപ്പുകൾ 87146 17871 എന്ന നമ്പറിലേക്ക് വാട്സാപ് ചെയ്യൂ.
English summary: Rare surgery brings pet iguana back to life in Kerala