ടര്‍ക്കി വളര്‍ത്താം 3 രൂപ ചെലവില്‍; വിപണി ഉറപ്പാക്കിയാല്‍ മികച്ച ലാഭം
Mail This Article
കൊളസ്‌ട്രോളിനെ പേടിക്കുന്നവര്‍ക്ക് ധൈര്യപൂര്‍വം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന മാംസമാണ് ടര്‍ക്കിക്കോഴിയുടേത്. കുറഞ്ഞ നാളുകള്‍ക്കൊണ്ട് വലിയ ചെലവില്ലാതെ വളര്‍ത്താന്‍ കഴിയുന്നവയാണിവ. വീട്ടുമുറ്റത്ത് അഴിച്ചുവിട്ടോ അതല്ലെങ്കില്‍ ഷെഡ്ഡിലോ അനായാസം ഇവയെ വളര്‍ത്താന്‍കഴിയും. ഏറെ പോഷകഗുണങ്ങളുള്ള മാംസമാണെങ്കിലും കേരളത്തില്‍ ടര്‍ക്കി ഇറച്ചിക്ക് അധികം പ്രാധാന്യം ലഭിച്ചിട്ടില്ല. ലഭ്യതക്കുറവുതന്നെ ഇതിനു പ്രധാന കാരണം. അഴകും വലുപ്പവും മയില്‍ പോലെ വിരിഞ്ഞുനില്‍ക്കുന്നതുമെല്ലാം ടര്‍ക്കികളുടെ പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ വീട്ടില്‍ അലങ്കാരത്തിന് വളര്‍ത്തുന്നവര്‍ ഏറെയുണ്ടെങ്കിലും വാണിജ്യ കൃഷിയിലേക്ക് കടന്നുവന്നിട്ടുള്ളവര്‍ വളരെ ചുരുക്കം. മാംസത്തിന് ഡിമാന്‍ഡ് ഏറെയുണ്ടെങ്കിലും സ്ഥിരതയോടെയുള്ള ലഭ്യതക്കുറവ് ബുദ്ധിമുട്ടാണ്.
ചെറുകിട വളര്‍ത്തലുകാര്‍ ഏറെയുണ്ടെങ്കിലും കേരളത്തില്‍ പ്രധാനമായും ടര്‍ക്കിക്കുഞ്ഞുങ്ങളുടെ ഉല്‍പാദനം നടക്കുന്നത് കൊല്ലം കുരീപ്പുഴ സര്‍ക്കാര്‍ ടര്‍ക്കി ഫാമിലാണ്. ഏഷ്യയിലേതന്നെ ഏറ്റവും മികച്ച ടര്‍ക്കിഫാമായ ഇവിടെ ആഴ്ചയില്‍ 500 കുഞ്ഞുങ്ങള്‍ വീതം വിതരണത്തിനു തയാറാകുന്നു. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതനുസരിച്ചാണ് വിതരണം (വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക).
ഒരു ദിവസം പ്രായമുള്ള കുഞ്ഞുങ്ങളാണ് പ്രധാനമായും ഹാച്ചറിയില്‍നിന്ന് വിതരണം ചെയ്യുക. ഈ കുഞ്ഞുങ്ങള്‍ക്ക് ആദ്യ പത്തു ദിവസം ബ്രൂഡിങ് നല്‍കണം. ഒരു കുഞ്ഞിന് ഒരു വാട്ട് എന്ന രീതിയില്‍ വേണം ബള്‍ബ് ക്രമീകരിക്കേണ്ടത്. ആദ്യ പത്തു ദിവസം പ്രീ സ്റ്റാര്‍ട്ടറും തുടര്‍ന്ന് 30 ദിവസം വരെ സ്റ്റാര്‍ട്ടര്‍ തീറ്റയും അതിനുശേഷം 60 ദിവസം വരെ ഫിനിഷര്‍ തീറ്റയും നല്‍കാം. 5 ദിവസം മുതല്‍ 30-35 ദിവസം വരെ 5 കുഞ്ഞുങ്ങള്‍ക്ക് ഒരു മുട്ടയും (പുഴുങ്ങിയത്) ഒരു സവാളയും എന്ന രീതിയില്‍ ചെറുതായി അരിഞ്ഞു നല്‍കുന്നത് കുഞ്ഞുങ്ങളുടെ ആരോഗ്യവും രോഗപ്രതിരോധശേഷിയും വര്‍ധിപ്പിക്കും.
2 മാസം പ്രായം മുതല്‍ തീറ്റയില്‍ മാറ്റംവരുത്താം. പുല്ല് ഏറെ ഇഷ്ടപ്പെടുന്ന പക്ഷിയായതിനാല്‍ ഭക്ഷണത്തില്‍ ധാരാളം പുല്ല് ഉള്‍പ്പെടുത്താം. ഭക്ഷണത്തില്‍ 30 ശതമാനം അസോളയും 30 ശതമാനം ചോറും 20 ശതമാനം പുല്ലും 20 ശതമാനം സാന്ദ്രിത തീറ്റയും (ഫിനിഷര്‍) നല്‍കിയാല്‍ സമീകൃതാഹാരമായി. ശരീരവലുപ്പത്തിന് അനുസരിച്ച് തീറ്റ എടുക്കില്ല എന്നതിനാല്‍ തീറ്റച്ചെലവ് അധികം വരില്ല. അതുകൊണ്ടുതന്നെ ശരാശരി 3 രൂപയില്‍ തീറ്റച്ചെലവ് പിടിച്ചുനിര്‍ത്താന്‍ കഴിയും.
ശരാശരി എട്ടു മാസംകൊണ്ട് ടര്‍ക്കിക്കോഴികളെ വളര്‍ച്ചയിലേക്ക് എത്തിക്കാന്‍ കഴിയും. ആണ്‍ ടര്‍ക്കികള്‍ക്ക് മികച്ച വളര്‍ച്ച ലഭിക്കുമ്പോള്‍ പകുതി മാത്രമായിരിക്കും പെണ്‍പക്ഷികളുടെ വളര്‍ച്ച. അതുകൊണ്ടുതന്നെ വലിയൊരു കൂട്ടമെടുത്താല്‍ 8 കിലോയോളം ശരാശരി തൂക്കം ലഭിക്കും. ഇതില്‍നിന്ന് 5 കിലോ ഇറച്ചിയും ലഭിക്കും. വിപണിയില്‍ 350-400 രൂപ ചില്ലറവിലയുണ്ട് ടര്‍ക്കി മാംസത്തിന്. അതുകൊണ്ടുതന്നെ വിപണി കണ്ടെത്താനായാല്‍ നേട്ടമുറപ്പ്. ഒരു കുഞ്ഞിനെ 8 മാസം വളര്‍ത്തി വലുതാക്കുന്നതിന് ശരാശരി 900 രൂപ ചെലവ് വരും. അപ്പോള്‍ നേട്ടം കണക്കുകൂട്ടാവുന്നതല്ലേയുള്ളൂ... കാറ്ററിങ് സ്ഥാപനങ്ങള്‍, വലിയ റസ്റ്ററന്‌റുകള്‍ എന്നിവിടങ്ങളില്‍ വിപണനസാധ്യതയുമുണ്ട്.
വിവരങ്ങള്‍ക്ക് കടപ്പാട്
ടിജെടി ഫാംസ്, മരങ്ങാട്ടുപിള്ളി, കോട്ടയം. ഫോൺ: 8606155544
English summary: Turkey Farming Information