പശുക്കളിൽ ഇരട്ടക്കുഞ്ഞുങ്ങൾ അത്യപൂർവമല്ല.
ഒരു വീട്ടിൽ തന്നെ രണ്ടു തവണ ഇരട്ടക്കുഞ്ഞുങ്ങൾ ജനിച്ചതിന്റെ അനുഭവങ്ങൾ മുൻപ് പങ്കുവച്ചിട്ടുണ്ട്. അതുപോലുള്ള ഒരുപാട് അനുഭവങ്ങളും....
ഇപ്പോൾ എന്റെ പഞ്ചായത്തിലെ സുലോചനയമ്മയുടെ പശുവിനാണ് ഈ അവസ്ഥ ഉണ്ടായത്. പശു പ്രസവിക്കാൻ ബുദ്ധിമുട്ട് കാണിക്കുന്നു എന്ന് എന്നെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ആശുപത്രിയിലെ തിരക്കിനിടയിലും ഉടൻ അവിടെ എത്തി. പരിശോധനയിൽ ഗർഭപാത്ര കവാടത്തിൽ നാലു കൈകൾ ആണ് വന്നിരിക്കുന്നതെന്ന് മനസ്സിലായി. ആദ്യം വിരൂപിയായ കന്നുകുട്ടിയായിരിക്കും എന്നു കരുതിയെങ്കിലും തുടർന്നുള്ള പരിശോധയിലാണ് രണ്ടു കുഞ്ഞുങ്ങളുടെ നാലു കൈകളാണെന്ന് മനസ്സിലായത്. രണ്ടു പേരും ഒരുമിച്ച് പുറത്തേക്കു വരാനുള്ള തത്രപ്പാടിൽ ഒരാളുടെ ജീവൻ നഷ്ടമായിരിക്കുന്നുവെന്നും മനസ്സിലായി. രണ്ടാമത്തെ കുഞ്ഞിന് ചെറിയ അനക്കം മാത്രം.
ഇങ്ങനെയുള്ള സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നത് വളരെ ആയാസകരമാണ്. സിസേറിയൻ വേണ്ടി വരും എന്നു വരെ ചിന്തിച്ചു. എങ്കിലും ഒന്നു ശ്രമിച്ചു നോക്കാമെന്ന് മനസ്സ് പറഞ്ഞു. സമാന സാഹചര്യത്തിലൂടെ കടന്നുപോയിട്ടുള്ളവർക്ക് ഒരുപാട് അനുഭവങ്ങൾ പങ്കു വയ്ക്കുവാനുണ്ടാകും ഉറപ്പ്. വളരെ പ്രയാസപ്പെട്ട് ഒരു കുഞ്ഞിനെ ഗർഭപാത്രത്തിനുള്ളിലാക്കി. പുറത്തേക്ക് ആദ്യം വന്ന ജീവനറ്റ കുഞ്ഞിനെ പുറത്തെടുത്തു. തുടർന്ന് രണ്ടാമത്തെ കുഞ്ഞിനെയും കഷ്ടപ്പെട്ട് പുറത്തെടുത്തു. രണ്ടാമന് ജീവൻ ഉണ്ടായിരുന്നു എന്നേയുള്ളൂ.

ഒരുപാട് ദിവസത്തെ പരിചരിണത്തിനും ചികിത്സയ്ക്കും ഒടുവിൽ അവൾ ജീവിതത്തിലേക്കു തിരിച്ചു വന്നു. രണ്ടു കുഞ്ഞുങ്ങളും പെൺകുഞ്ഞുങ്ങളായിരുന്നു. അമ്മപ്പശുവിനെയും ഒരു കുഞ്ഞിന്റെയെങ്കിലും ജീവൻ രക്ഷിക്കാനായല്ലോ എന്ന സന്തോഷത്തിൽ ഞാനും ആ അമ്മയോടും, മോനോടും ഒപ്പം.
ഡോ.ജി.എസ്.അരുൺ കുമാർ