ADVERTISEMENT

വൈവിധ്യമാർന്ന ജന്തുലോകത്തെ ചികിത്സിക്കാൻ കിട്ടുന്ന അവസരം തീർത്തും പുണ്യമാണ്, അവയെ രക്ഷിക്കാൻ കഴിഞ്ഞാൽ അതിലേറെ സന്തോഷവും. കർഷകന് കൈത്താങ്ങാകാൻ കഴിഞ്ഞാൽ, അവരുടെ നിത്യവരുമാനമാർഗം അടഞ്ഞുപോകാതിരിക്കാൻ സഹായിക്കാൻ കഴിഞ്ഞാൽ, മിണ്ടാപ്രാണികളുടെ അസുഖത്തിന് സാന്ത്വന സ്പർശമാകാൻ, സമൂഹത്തിൽ അരിക്കൊമ്പൻ മുതൽ തെരുവുനായ പ്രശ്നം വരെ പരിഹരിക്കപ്പെടാൻ വെറ്ററിനേറിയൻ അത്യന്താപേക്ഷിതമാണ്... ഒപ്പം സ്വന്തം ജീവന് അപകടസാധ്യതയേറെയും...

ലോകം മുഴുവൻ ഇന്നത്തെ ദിവസം അതായത് എപ്രിൽ മാസത്തെ അവസാനത്തെ ശനിയാഴ്ച വെറ്ററിനറി ഡോക്ടർമാർക്കായി മാറ്റി വച്ചിരിക്കുന്നു, ഏവർക്കും Happy World Veterinary Day.

ലോക വെറ്ററിനറി ദിനത്തോടനുബന്ധിച്ച് എനിക്കുണ്ടായ ഒരു സന്തോഷം പ്രിയ സുഹൃത്തുക്കളോട് പങ്കു വയ്ക്കുന്നു. ഒരു വെറ്ററിനേറിയൻ ആയതുകൊണ്ട് മാത്രം ആ കുടുംബത്തിന് സഹായമാകാൻ കഴിഞ്ഞ ഒരു കാര്യം പങ്കു വയ്ക്കുന്നു. എന്റെ പഞ്ചായത്തിലെ പ്രിയപ്പെട്ട ക്ഷീരകർഷകനായ അനി പുന്നാവൂർ അതിരാവിലെ ഫോണിൽ വിളിച്ച് തന്റെ പശു പ്രസവിക്കും എന്നുകരുതി കുറെ സമയം കാത്തിരുന്നിട്ടും പ്രസവിക്കുന്നില്ലെന്നും അണച്ചും ശ്രമിച്ചും കിടപ്പായിപ്പോയി എന്നും അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ മനുഷ്യസാധ്യമായ വേഗത്തിൽ എന്റെ ആംബുലൻസി(ടു വീലർ)ൽ അവിടെ പാഞ്ഞെത്തി.

പരിശോധനയിൽ ഗർഭപാത്രത്തിൽ ജീവനറ്റ കുഞ്ഞ് തലതിരിഞ്ഞ് കിടക്കുകയാണെന്നു മനസ്സിലാക്കി. കൂടാതെ ഗർഭപാത്രത്തിന്റെയും കന്നുകുട്ടിയുടെയും വലുപ്പവ്യത്യാസവും. സാധ്യമെങ്കിൽ സിസേറിയൻ ഇല്ലാതെ കുഞ്ഞിനെ പുറത്തെടുക്കണമെന്നായിരുന്നു അവരുടെ ആഗ്രഹം. നന്നായി പരിശ്രമിക്കേണ്ടിവരുമെന്നുള്ളതിനാൽ അദ്ദേഹത്തിന്റെ അമ്മാവൻ ഉണ്ണിയെയും രണ്ടു സഹായികളെയും വിളിച്ച് അമ്മപ്പശുവിനെ രക്ഷിക്കാനുള്ള ദൗത്യം പതിവ് ചായ സൽകാരത്തോടെ ആരംഭിച്ചു.

എണീപ്പിക്കാൻ ശ്രമിച്ചിട്ട് നടക്കാത്തതിനാൽ തറയിൽ ചാക്കു വിരിച്ച് കിടന്നായിരുന്നു രക്ഷാപ്രവർത്തനം. തലേ ദിവസം പുറം തിരിഞ്ഞു വന്ന കന്നുകുട്ടിയെ പുറത്തെടുത്തു കഴിഞ്ഞ് രവീന്ദ്രൻ കളത്തുവിള എന്ന ക്ഷീരകർഷകന്റെ വീട്ടിൽ ഉപകരണങ്ങൾ  (Dystocia Set) മറന്നു വച്ചിരുന്നു. അത്യാവശ്യം അറിയിച്ചപ്പോൾ മിനിട്ടുകൾക്കുള്ളിൽ അദ്ദേഹം ഞാൻ നിൽക്കുന്നിടത്ത് ഉപകരണങ്ങൾ എത്തിച്ചു തന്നു. സമയം അത്രയും ലാഭിക്കാൻ സാധിച്ചതിനും സമയോചിതമായി കാര്യഗൗരവം മനസ്സിലാക്കി ഇടപെട്ടതിന് അദ്ദേഹത്തിനും നന്ദി. 

calving-problems-1

കയറും ഹുക്കുകളും ഉപയോഗിച്ച് ജീവനറ്റ കിടാവിനെ പുറത്തെടുക്കാനുള്ള തത്രപാടിലും, വലിക്കും ഇടയിൽ ഞാൻ കാൽ വഴുതി കിടങ്ങിൽ വീണു. ഏന്തോ ഭാഗ്യത്തിന് നിസാര പരിക്കുകൾ മാത്രമേ പറ്റിയുള്ളൂ. എത്ര ശ്രദ്ധിച്ചാലും റിസ്ക് ഫാക്ടർ തൊട്ടടുത്തു തന്നെയുണ്ട്. ദൈവത്തിന് നന്ദി പറഞ്ഞ് ദൗത്യം തുടർന്നു. വിയർത്ത് കുളിച്ച്‌ ക്ഷീണിച്ച് അവശനായി ഇടുങ്ങിയ ഗർഭപാത്രത്തിലൂടെ കുഞ്ഞിനിടയിലൂടെ കൈകൾ അകത്ത് കടത്തി രക്ഷാദൗത്യം മുന്നേറുമ്പോൾ എല്ലുപൊട്ടുന്ന വേദന... അവസാനം വളരെ ശ്രമകരമായി കിടാവിനെ പുറത്തെടുത്തു. എന്റെ മനസ്സിൽ കുളിർമഴ. ആ അമ്മപ്പശുവിന്റെ വേദനയ്ക്കൊരു സാന്ത്വനം നൽകാൻ കഴിഞ്ഞല്ലോ, കിടാവ് പോയെങ്കിലും കൂടെ നിന്ന എല്ലാവരിലും ഒരു ആശ്വാസം എനിക്ക് ഫീൽ ചെയ്യുന്നുണ്ടായിരുന്നു.

calving-problems-2
പശുക്കുട്ടിയെ പുറത്തെടുക്കുന്നു (ഇടത്ത്), ‍ഡോ. അരുൺ വീണ കിടങ്ങ് (വലത്ത്)

തുടർന്ന് ആ അമ്മപ്പശു എഴുന്നേൽക്കാതെ കിടപ്പായിരുന്നു. അവശ്യ ചികിത്സ നൽകി എണീപ്പിച്ചപ്പോൾ അകിടുവീക്കം, അത് ചികിത്സ കഴിഞ്ഞ് ഭേദപ്പെട്ടപ്പോൾ തൈലേറിയോസിസ് എല്ലാം കഴിഞ്ഞ് ഇന്നലെയാണ് ഭക്ഷണം കഴിച്ചു തുടങ്ങിയതും പാലുൽപാദനം തുടങ്ങിയതും.

calving-problems-3
പശുവിനെ എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നു

ഈ സന്തോഷം മിണ്ടാപ്രാണികളുടെ ഒരു ആതുരസേവകൻ എന്ന നിലയിൽ എല്ലാവരോടും പങ്കു വയ്ക്കുന്നു. ഈ വലിയ ലോകത്തിൽ ‘അണ്ണാൻ കുഞ്ഞും തന്നാലായത്’ അത്രേ ഉള്ളൂ.

I am Proud to be a Veterinarian...

Dr. G.S.Arun Kumar

English summary: Veterinarian Removes Dead Calf From the Cow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com