ADVERTISEMENT

ഇറച്ചിക്കായി വളർത്താൻ യോജിച്ച താറാവിനങ്ങളിൽ പ്രധാനപ്പെട്ടതാണ് വിഗോവ‌. മുട്ടയ്ക്കു വേണ്ടിയും ഇവയെ വളർത്താം. വെള്ള നിറവും പെട്ടെന്നുള്ള വളര്‍ച്ചയും ഇവയുടെ പ്രത്യേകതകളാണ്. മികച്ച തീറ്റപരിവര്‍ത്തന ശേഷിയുമുണ്ട്. സാധാരണ താറാവുകളേക്കാള്‍ രോഗപ്രതിരോധ ശേഷി കൂടുതലായിരിക്കും. രണ്ടു മാസം കൊണ്ട് പൂവൻ 2.85  കിലോഗ്രാമും പിട 2.5 കിലോഗ്രാം ഭാരവും വയ്ക്കും. ഇവയെ അലങ്കാരപക്ഷിയായും ഉപയോഗിക്കാം. മനുഷ്യനുമായി പെട്ടെന്ന് ഇണങ്ങുന്നവയാണ്‌ വിഗോവ താറാവുകള്‍. മറ്റു താറാവുകളെ പോലെ നീന്തിത്തുടിക്കാന്‍ വലിയ തടാകങ്ങളോ ജലാശയങ്ങളോ ആവശ്യമില്ല. പകരം കണ്ണ് നനയ്ക്കാന്‍ വേണ്ട സൗകര്യം നൽകിയാൽ  മതി. അല്ലെങ്കിൽ കണ്ണിന് രോഗം പിടിപെടാൻ സാധ്യത കൂടുതലാണ്. കേരളത്തിലെ കാലാവസ്ഥയ്ക്ക് വളരെ ഇണങ്ങുന്നവയാണ് ഇവ.

പാർപ്പിടം

പരമാവധി 60 ദിവസത്തെ പരിപാലനമാണ് ഇറച്ചിത്താറാവുകളെ വളർത്താൻ വേണ്ടുന്ന കാലഘട്ടം. ഷെഡിന്റെ തറയിൽ അറക്കപ്പൊടിയോ ചിന്തേരോ വിരിച്ച് കോഴികളെ വളർത്തുന്ന ഡീപ് ലിറ്റർ രീതിയിൽ ഇവയെ വളർത്താം. തറ കോൺക്രീറ്റ് ചെയ്ത് വശങ്ങളിൽ കമ്പി വലകളിട്ട് മേൽക്കൂരയായി ഓലയൊ ഓടൊ ഷീറ്റൊ ഉപയോഗിച്ച് പാർപ്പിടം ഒരുക്കാം. കുഞ്ഞുങ്ങൾക്ക് ആദ്യത്തെ 2-3 ആഴ്ചക്കാലം ചൂട് നൽകണം. അറക്കപ്പൊടി തിന്നുന്നത് ഒഴിവാക്കാൻ ആദ്യത്തെ രണ്ട് മൂന്ന് ദിവസം പത്രക്കടലാസ് വിരിക്കാം.  ഒരു കുഞ്ഞിന് രണ്ടു വാട്ട് എന്ന വിധത്തിൽ ഇലക്ട്രിക് ബൾബുകളോ ഇൻഫ്രാറെഡ് ബൾബുകളോ ഉപയോഗിച്ച ചൂട് നൽകാം. അന്തരീക്ഷ ഊഷ്മാവും താറാവിൻ കുഞ്ഞുങ്ങളുടെ അവസ്ഥയും നിരീക്ഷിച്ച് ചൂട് ക്രമീകരിക്കണം. ആദ്യ ആഴ്ച ചൂട് 29-32 ഡിഗ്രി എന്ന വിധത്തിലായിരിക്കണം. പിന്നീട് ആഴ്ചയിൽ 3 ഡിഗ്രി വീതം കുറച്ചു കൊണ്ടുവരാം. മൂന്നാഴ്ച പ്രായം വരെ താറാവൊന്നിന് അര ചതുരശ്രയടി സ്ഥലം വേണം. ഇറച്ചിക്കോഴി വളർത്തലിൽ നിന്നും വ്യത്യാസമായി വെള്ളപ്പാത്രങ്ങൾ ഒരു വശത്ത് മാത്രം വയ്ക്കുക. വെള്ളം തെറുപ്പിച്ച് ലിറ്റർ അമിതമായി നനയാതിരിക്കാനാണിത്. ഇതിനായി ഷെഡിന്റെ വശങ്ങളിലായി അറക്കപ്പൊടി വിതറണം. അറക്കപ്പൊടി വിതറാത്ത ഭാഗത്ത് വെള്ളം പുറത്തേക്ക് ഒഴുക്കി കളയാവുന്നവിധത്തിൽ വെള്ളപ്പാത്രങ്ങൾ വെയ്ക്കണം. ഈ കാലയളവിൽ വെള്ളപ്പാത്രത്തിന് കേവലം 5 - 7.5 സെന്റി മീറ്റർ ആഴമേ പാടുള്ളൂ. അതായത് ശരീരം നനയാതെ കേവലം വെള്ളം കുടിക്കാൻ മാത്രമുള്ള സൗകര്യം. തല മുക്കാൻ ഈ പ്രായത്തിൽ അനുവദിക്കരുത്. ചൂട് നൽകി വളർത്തുന്ന സമയം (ബ്രൂഡിങ്ങ് സമയം) കഴിഞ്ഞാൽ കുഞ്ഞുങ്ങളെ ഗ്രോവർ ഷെഡിലേക്ക് മാറ്റുകയോ അല്ലെങ്കിൽ അതേ ഷെഡിൽ കൂടുതൽ സ്ഥല സൗകര്യം നൽകി വളർത്തുകയോ ചെയ്യാവുന്നതാണ്. ബ്രൂഡിങ്ങ് സമയത്താണ് അതിതീവ്ര പരിചരണം ആവശ്യമുള്ളത്. ലിറ്റർ നനവില്ലാതെ സൂക്ഷിക്കണം. നനവുള്ള ഭാഗത്ത് അറക്കപ്പൊടിയും, കുമ്മായവും ഇടണം. ലിറ്റർ ഇടയ്ക്കിടെ ഇളക്കിയെടുക്കണം.

Read also: 45 ദിവസത്തിൽ 70 രൂപ നേട്ടം; ലാഭം കൊണ്ടുവരും ഇറച്ചിത്താറാവുകൾ: കർഷകന്റെ അനുഭവം

മൂന്നാഴ്ച മുതലുള്ള സമയം വളർച്ചയുടെ കാലമാണ്. ഈ സമയത്ത് താറാവൊന്നിന് 3 ചതുരശ്രയടി എന്ന വിധത്തിൽ സ്ഥലം നൽകണം. ഈ സമയത്ത് വെള്ളപ്പാത്രങ്ങൾ അര അടി വരെ ആഴമുള്ളതായിരിക്കണം. താറാവുകൾക്ക് വെള്ളത്തിൽ തല മുക്കാനുള്ള സൗകര്യത്തിനാണിത്. ഷെഡിനു പുറത്തേക്ക് പോകാനുള്ള സൗകര്യം ആവശ്യമെങ്കിൽ നൽകാം. വലിയ താറാവുകൾക്ക് നീന്തിക്കളിക്കാൻ വെള്ളം വേണമെന്ന്  നിർബന്ധമില്ല. ഇടയ്ക്കിടെ കൊക്കു വൃത്തിയാക്കാനുള്ള സൗകര്യം ഒരുക്കണം. ജലാശയങ്ങളിൽ കൂടുതൽ സമയം  ചിലവഴിച്ചാൽ  ഇവയുടെ ഭാരം കുറയാൻ സാധ്യതയുണ്ട്. 

vigova-duck-45-days

തീറ്റ 

ആദ്യത്തെ 14 ദിവസം പ്രീ സ്റ്റാർട്ടറും തുടർന്ന് 28 ദിവസം വരെ സ്റ്റാർട്ടറും അതിനുശേഷം ഫിനിഷർ തീറ്റയുമാണ് നൽകേണ്ടത്.  തീറ്റ പല തവണകളായി പേപ്പര്‍ വിരിയിലോ, ഫീഡര്‍ പാത്രത്തിലോ നല്‍കണം. ഇറച്ചി താറാവുകൾക്ക് പൊടിത്തീറ്റയോ, പെല്ലറ്റ് തീറ്റയോ നൽകാം. നനച്ച പൊടി തീറ്റയാണ് നല്ലത്. നനവില്ലാത്ത പൊടിത്തീറ്റ വിഴുങ്ങാൻ താറാവുകൾക്ക് ബുദ്ധിമുട്ടാണ്. ആവശ്യംപോലെ തീറ്റ നൽകണം.  വിപണിയിൽ സുലഭമായി ലഭിക്കുന്ന ഇറച്ചിക്കോഴികളുടെ തീറ്റയാണ് സാധാരണയായി ഉപയോഗിക്കുന്നത്. തീറ്റ വെള്ളത്തില്‍ നനച്ചു നല്‍കുന്നത് ശ്വാസതടസ്സം ഒഴിവാക്കാന്‍ സഹായിക്കും. മൂന്നാഴ്ചവരെ വെള്ളം ആവശ്യത്തിന് മാത്രം നല്‍കുക.  മൂന്നാമത്തെ ആഴ്ച മുതല്‍  മുട്ടയ്ക്കുവേണ്ടി വളർത്തുന്ന വിഗോവ കുഞ്ഞുങ്ങളെ അഴിച്ചുവിട്ടു വളര്‍ത്താം. ഈ ഘട്ടത്തില്‍ ഗ്രോവര്‍തീറ്റ നല്‍കാം. ചോര്‍ച്ചയില്ലാത്തതും നല്ല വായു സഞ്ചാരവുമുള്ള കൂടുകളില്‍ ഇവയെ വളര്‍ത്താം. വെള്ളംകെട്ടി നില്‍ക്കാതെ അല്‍പം ഉയര്‍ന്ന സ്ഥലമായിരിക്കണം കൂടിന് തിരഞ്ഞെടുക്കേണ്ടത്. 

നാലാഴ്ച മുതല്‍ ദിവസം രണ്ടുനേരം വീത തീറ്റ കൊടുത്താല്‍ മതിയാകും. ഗ്രോവര്‍ തീറ്റയുടെ അളവ് കുറയ്ക്കാന്‍ താറാവുകള്‍ക്ക്‌ കൃത്രിമ തീറ്റ നല്‍കാതെ അഴിച്ചുവിട്ടു മേയ്‌ക്കുമ്പോള്‍ തീറ്റ കുറഞ്ഞ സമയങ്ങളില്‍ കൈത്തീറ്റ നല്‍കാറുണ്ട്‌. ഗോതമ്പ്‌, അരി, പതിര്‌, മണിച്ചോളം, ചെറുമീന്‍, അരിത്തവിട്‌ ചോറ്, കപ്പലണ്ടിപ്പിണ്ണാക്ക്‌,  പനച്ചോറ്‌,  ഓമക്കായ, അസോള  എന്നിവയാണവ. കൈത്തീറ്റ തിരഞ്ഞെടുക്കുന്നത്‌ അതിന്റെ ലഭ്യതയും വിലയും നോക്കിയാണ്‌. ഇതില്‍ രണ്ടോ മൂന്നോ എണ്ണം മിശ്രിതമാക്കിയും നല്‍കാറുണ്ട്‌.  അഴിച്ചുവിട്ടു വളര്‍ത്തുന്നതിനാല്‍ തീറ്റയ്ക്കുള്ള മാര്‍ഗം അവ തന്നെ കണ്ടുപിടിക്കും. രണ്ടുമാസം കഴിഞ്ഞാല്‍ ശബ്ദം കൊണ്ട് പൂവനെയും, പിടയെയും തിരിച്ചറിയാന്‍ സാധിക്കും. പിട എപ്പോഴും കരയുകയും ഘനമുള്ള ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യുന്നു.

പിടയെ അപേക്ഷിച്ച് പൂവന്റെ പതിഞ്ഞ ശബ്ദവും, വേഗത്തിലുള്ള വളര്‍ച്ചാനിരക്കും പിടയില്‍ നിന്നും പൂവനെ തിരിച്ചറിയാന്‍ സഹായിക്കുന്നു. വേര്‍തിരിച്ച ആണ്‍താറാവിനെ ഇറച്ചിയ്ക്കും പെണ്ണിനെ മുട്ടയ്ക്കായും സജ്ജമാക്കാം.  നാലാം മാസം മുതല്‍ പിട മുട്ടയിടാന്‍ തുടങ്ങും. മറ്റു താറാവുകളെ  പോലെ കൂടിനുള്ളില്‍ മുട്ടയിടാതെ മണ്ണുമാന്തി കുഴിയുണ്ടാക്കി അതിൽ മുട്ടയിടുന്നതാണ് ഇവയുടെ ശീലം. പ്രതിവര്‍ഷം 150-180 മുട്ടകള്‍ വരെ ഇടാറുണ്ട്. താരതമ്യേന വലുപ്പം കൂടുതലുള്ള മുട്ടകളാണ് വിഗോവയുടേത്. മുട്ടയുടെ തോടിനു കട്ടി കൂടുതലായതിനാല്‍ പൊട്ടിപ്പോകാനുള്ള സാധ്യത കുറവാണ്.

vigova-duck-14-day

ശ്രദ്ധിക്കേണ്ടത്

ഗുണമേന്മയുള്ള രോഗബാധയില്ലാത്ത കുഞ്ഞുങ്ങളെ വാങ്ങുക, വൃത്തിയുള്ള  ചുറ്റുപാടുകൾ, ആവശ്യത്തിന് തീറ്റ, വെള്ളം, സ്ഥലം എന്നിവ നൽകുക. തറയിൽ വിരിക്കുന്ന ലിറ്റർ നനയാതെ സൂക്ഷിക്കുക. തീറ്റയിൽ പൂപ്പൽ വിഷബാധ ഒഴിവാക്കുക,  താറാവുകളിൽ സമ്മർദ്ദാവസ്ഥകൾ ഒഴിവാക്കുകയും, ചത്ത താറാവുകളെ നീക്കം ചെയ്യുകയും ചെയ്യണം. നാടൻ താറാവുകളേയും മറ്റു സ്രോതസ്സുകളിൽ നിന്നുള്ള താറാവുകളേയും ഒരുമിച്ച് ഇടരുത്. രോഗപ്രതിരോധത്തിനും ആരോഗ്യപരിപാലനത്തിനും  കൂടുതൽ  ശ്രദ്ധ കൊടുക്കണം.

വിഗോവ കുഞ്ഞുങ്ങള്‍ക്ക്

കേന്ദ്ര സർക്കാരിന്റെ കീഴിൽ ബംഗളരൂവിൽഹസർഗട്ടയിലുള്ള സെൻട്രൽ പൗൾട്രി ഓഫ് ഡവലപ്മെന്റ് ഓർഗനൈസേഷൻ (CPDO) 1996ൽ വിയറ്റ്നാമിൽ നിന്നും വിഗോവ സൂപ്പർ എം എന്ന മികച്ചയിനം ഇറച്ചിത്താറാവുകളെ ഫാമിലെത്തിച്ചിരുന്നു. ഈ മാതൃശേഖരത്തിൽ നിന്നുള്ള കുഞ്ഞുങ്ങളാണ് കേരളത്തിലും ഇന്ത്യയിലെമ്പാടും പ്രചാരത്തിലായത്. കുഞ്ഞുങ്ങള്‍ ഈ സ്ഥാപനത്തിൽ ലഭ്യമാണ്.  ഫോണ്‍: 080- 28466226.  കേരള സർക്കാരിന്റെ കീഴിൽ തിരുവല്ല നിരണത്ത് പ്രവർത്തിക്കുന്ന താറാവ് ഫാമിലും കുഞ്ഞുങ്ങളെ ലഭിക്കും. ഫോൺ : 0469 2711 898

Eglish summary: Broiler Duck Farming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com