ADVERTISEMENT

ഇറച്ചിക്കോഴികളേപ്പോലെ അതിവേഗം വളരുന്ന താറാവിനമാണ് വിഗോവ. എന്നാൽ, ഇറച്ചിക്കോഴികളുടെയത്ര പ്രചാരവും ജനപ്രീതിയും ലഭിച്ചിട്ടില്ലെന്ന് പറയേണ്ടിവരും. എന്നാൽ, അധികം പരിചരണമില്ലാതെ അനായാസം വളർത്തിയെടുക്കാൻ കഴിയുന്ന വിഗോവ താറാവുകൾ 45 ദിവസംകൊണ്ട് വരുമാനമാകും. 

വെള്ള തൂവലുകളാണ് വിഗോവ താറാവുകളുടെ പ്രത്യേകത. അതിവേഗ വളർച്ചയും മികച്ച തീറ്റപരിവർത്തനശേഷിയുമുള്ള ഇവർ 1996ലാണ് കേരളത്തിലെത്തിയത്. വ്യാവസായികാടിസ്ഥാനത്തിൽ പ്രോട്ടീൻ കൂടുതലുള്ള സ്റ്റാർട്ടർ തീറ്റകൾ നൽകി വളർത്തിയാൽ 45 ദിവസംകൊണ്ട് 2.5 കിലോഗ്രാം തൂക്കം വയ്ക്കുമെന്നാണ് പറയുന്നതെങ്കിലും 2–2.2 കിലോ തൂക്കം ഉറപ്പ്. എന്നാൽ, ലൂസ് ഫാമിങ് രീതിയിൽ വീട്ടിലെ മിച്ചഭക്ഷണം നൽകി വളർത്തിയാൽ ഈ അതിവേഗ വളർച്ച ലഭിക്കില്ല. എങ്കിലും മറ്റ് മുട്ടത്താറാവുകളെ അപേക്ഷിച്ച് ശരീരത്തിൽ മാംസത്തിന്റെ അളവ് ഇക്കൂട്ടരിൽ കൂടുതലായിരിക്കും. 

vigova-duck-day-old
ഒരു ദിവസം പ്രായമുള്ള കുഞ്ഞുങ്ങൾക്ക് ബ്രൂഡിങ്

ഒരു ദിവസമോ ഒരാഴ്ചയോ പ്രായമായ കുഞ്ഞുങ്ങളെയാണ് വളർത്താൻ ലഭിക്കുക. ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങൾക്ക് 70 രൂപയോളം വില വരും. ഒരാഴ്ച ബ്രൂഡിങ് നൽകാം. ആദ്യത്തെ 14 ദിവസം പ്രീ സ്റ്റാർട്ടറും തുടർന്ന് 28 ദിവസം വരെ സ്റ്റാർട്ടറും അതിനുശേഷം ഫിനിഷർ തീറ്റയുമാണ് നൽകേണ്ടതെന്ന് കർഷകനായ ജോസ് പി. ജോർജ്. കുഞ്ഞുങ്ങളെ എത്തിച്ച് ആദ്യത്തെ രണ്ടോ മൂന്നോ ദിവസം തീറ്റ വെള്ളത്തിൽ നനച്ചു നൽകുന്നത് അനായാസം തീറ്റയെടുക്കാൻ സഹായിക്കും. മറിച്ചുകളയാത്ത വിധത്തിലുള്ള ഡ്രിങ്കിങ് സംവിധാനം വയ്ക്കാം. 

vigova-duck-14-day
14 ദിവസം പ്രായം

മൂന്നാമത്തെ ആഴ്ച മുതൽ ആവശ്യമെങ്കിൽ വിഗോവ കുഞ്ഞുങ്ങളെ അഴിച്ചുവിട്ടു വളർത്താം. വാണിജ്യാടിസ്ഥാനത്തിൽ വളർത്തുമ്പോൾ കൂട്ടിലിട്ട് വളർത്തിയതിനാണ് ഡിമാൻഡ് ഏറെയുള്ളത്. മികച്ച വളർച്ച ലഭിക്കണമെങ്കിൽ ഇത്തരത്തിൽ കൂട്ടിലടച്ചു വളർത്തണം.

Read also: കാട, കോഴി, ടർക്കി... പ്രതിമാസം ലാഭം 80,000 പറന്നുവരും; യുകെ, ഓസ്ട്രേലിയ പിന്നെ എന്തിന്?

ശരാശരി 5 കിലോ തീറ്റയിൽ 45 ദിവസംകൊണ്ട് 2 കിലോ തൂക്കത്തിലേക്ക് വിഗോവക്കുഞ്ഞുങ്ങളെത്തുമെന്ന് ജോസ് പറയുന്നു. ഇപ്പോഴത്തെ കാലാവസ്ഥ വളർച്ചയെ ബാധിക്കുന്നുണ്ട്. എങ്കിലും മഴക്കാലം എത്തിയാൽ തീറ്റപരിവർത്തനശേഷിയിൽ മാറ്റമുണ്ടാകുമെന്നും ജോസ്. 

vigova-duck-45-days
45 ദിവസം പ്രായമായ താറാവുകൾ

ഒരു താറാവിന് 2 ച.അടിയെങ്കിലും സ്ഥലം നൽകുന്നത് വളർച്ചയ്ക്ക് നല്ലത്. അതനുസരിച്ചാവണം കൂടൊരുക്കേണ്ടത്. അറക്കപ്പൊടി വിരിച്ച തറയിൽ താറാവുകളെ വളർത്താം. വെള്ളത്തിൽ കളിക്കാൻ ഇഷ്ടപ്പെടുന്ന പക്ഷിയിനമായതുകൊണ്ടുതന്നെ കൂട്ടിൽ വെള്ളം പടരാതിരിക്കാൻ ശ്രദ്ധിക്കണം. ഇതിനായി കുടിവെള്ള സംവിധാനം ഒരുക്കുന്ന സ്ഥലത്ത് മൺതറയാകുന്നത് നല്ലത്. ഇതിനു മുകളിൽ കമ്പിവല ഉപയോഗിച്ച് ഒരു തട്ട് നിർമിച്ചാൽ ചേറുണ്ടാക്കുന്ന പ്രവണത തടയാൻ കഴിയും (വിഡിയോ കാണാം). കോഴികളെ അപേക്ഷിച്ച് തറ പെട്ടെന്ന് മലിനമാക്കുന്നവരാണ് താറാവുകൾ. അതുകൊണ്ടുതന്നെ 100 താറാവുകളടങ്ങിയ ഒരു ബാച്ചിന് 10 ചാക്ക് അറക്കപ്പൊടിയെങ്കിലും 45 ദിവസം വരെ ആവശ്യം വരും. വിരിപ്പ് നീക്കം ചെയ്യാതെ മുകളിലേക്ക് പുതിയ അറക്കപ്പൊടി ഇട്ടുനൽകിയാൽ മതി. അറക്കപ്പൊടിക്ക് ചാക്കൊന്നിന് 50 രൂപ വിലയുണ്ടെങ്കിലും വളമായി വിൽക്കുമ്പോൾ ഇതേ വിലതന്നെ ലഭിക്കുമെന്നതിനാൽ ചെലവിനത്തിൽ കരുതേണ്ടതില്ല.

ഇറച്ചിത്താറാവുകൾക്ക് വിപണിയിൽ മികച്ച വിലയാണുള്ളത്. 170–190 രൂപ മൊത്തവില ലഭിക്കും. ഇത്തരത്തിൽ രണ്ടു കിലോയുള്ള താറാവിൽനിന്ന് 340 രൂപയാണ് വരുമാനം ലഭിക്കുക. 5 കിലോ തീറ്റയ്ക്ക് 200 രൂപയും കുഞ്ഞൊന്നിന് 70 രൂപയും കണക്കാക്കിയാൽ 70 രൂപയോളം ഒരു താറാവിൽനിന്ന് ലാഭമുറപ്പ്. അതേസമയം, സ്വന്തമായി സംസ്കരിച്ച് വിപണിയിൽ എത്തിക്കാൻ കഴിഞ്ഞാൽ കിലോയ്ക്ക് 300 രൂപയ്ക്കു മുകളിൽ ലഭിക്കും. 2 കിലോയുള്ള താറാവിൽനിന്ന് 500 ഗ്രാം മാത്രമേ വെയ്സ്റ്റ് ആയി പോകൂ. അതുകൊണ്ടുതന്നെ ഒന്നര കിലോ ഇറച്ചി ലഭിക്കും. ലാഭവും കൂടും. 

quail-jose
ജോസ് കാടക്കുഞ്ഞുങ്ങളുമായി

വിപണിയിൽ സ്ഥിരസാന്നിധ്യമുണ്ടാവുകയെന്നതാണ് ഈ മേഖലയിൽ പിടിച്ചുനിൽക്കാൻ പ്രധാനമെന്ന് ജോസ് പറയുന്നു. ആഴ്ചതോറും നിശ്ചിതയെണ്ണം താറാവുകളെ വിപണിയിൽ എത്തിക്കുന്ന വിധത്തിലാണ് ജോസ് ഫാമിന്റെ പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ സ്ഥിരവരുമാനം എന്ന രീതിയിൽ പൗൾട്രി മേഖല മുൻപോട്ടു കൊണ്ടുപോകാൻ കഴിയുന്നു. താറാവ് മാത്രമല്ല കാട, കോഴി എന്നിവയും ഓരോ ആഴ്ചയും വിൽക്കാൻ കഴിയുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ജോസിന്റെ ഫാമിങ് രീതികൾ വിശദമായി അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വിവരങ്ങൾക്ക് കടപ്പാട്

ജോസ് പി. ജോർജ്, പാറേമ്മാക്കൽ അഗ്രി ഫാം, ഏഴാച്ചേരി, രാമപുരം, കോട്ടയം. ഫോൺ: 9605099384

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com