വീണ്ടുമൊരു മരണംകൂടി: എത്ര ഇണക്കമുണ്ടെങ്കിലും പേടിക്കേണ്ടവർ; മൂരികളെയും പോത്തുകളെയും വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ടത്
Mail This Article
വളർത്തുപോത്തിന്റെ കുത്തേറ്റ് കർഷകന് ദാരുണാന്ത്യം. തൃശൂർ ചാലക്കുടി കുറ്റിച്ചിറ സ്വദേശിയായ ഷാജുവിനെയാണ് ഇന്നലെ പുലർച്ചെ വളർത്തുപോത്തിന്റെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. നെഞ്ചിൻകൂട് തകർന്ന നിലയിലായിരുന്നു മൃതദേഹം. പോത്തിന്റെ കുത്തേറ്റും ഇടിയേറ്റുമാണ് ശരീരത്തിൽ ഗുരുതര പരിക്കുണ്ടായതെന്നാണു കരുതുന്നതെന്നു പൊലീസ് അറിയിച്ചു. ഈ വർഷംതന്നെ വളർത്തുമൃഗത്തിന്റെ ആക്രമണത്തിൽ മരണപ്പെടുന്ന രണ്ടാമത്തെ കർഷകനാണ് ഷാജു. ഏപ്രിലിൽ കോട്ടയം സ്വദേശിയായ കർഷകനും സമാന രീതിയിൽ മരണപ്പെട്ടിരുന്നു. കുട്ടിക്കാലം മുതൽ ഓമനിച്ചു വളർത്തിയ മൂന്നു വയസുകാരൻ കാളയായിരുന്നു കോട്ടയത്ത് വില്ലനായി മാറിയത്.
അരുമകളായി വളർത്തുന്ന പല വളർത്തുമൃഗങ്ങളും അവയുടെ പ്രകൃത്യാലുള്ള വന്യത കാണിക്കാതിരിക്കാനുള്ള സാധ്യത വിരളമാണ്. പ്രത്യേകിച്ച് പ്രായപൂർത്തിയായ കാളകളുടെയും പോത്തുകളുടെയും സ്വഭാവം എപ്പോൾ മാറുമെന്ന് പറയാൻ കഴിയില്ല. കാളകളെ വളർത്തുമ്പോൾ പരമ്പരാഗത കർഷകർ സ്വീകരിച്ചിരുന്ന പരിപാലനരീതികൾ ഇന്നും പ്രസക്തമാണ്.
നിലം ഉഴുതുമറിക്കുന്നതിനും വണ്ടി വലിക്കുന്നതിനും ചക്കാട്ടുന്നതിനുമൊക്കെയായി പണ്ട് ഉപയോഗിച്ചിരുന്നത് വരിയുടച്ച അഥവാ വന്ധ്യകരണം നടത്തിയ കാളകളെയായിരുന്നു. ആൺമൃഗമായതിനാലും വന്യസ്വഭാവം ഉള്ളതിനാലും ഇണചേരൽ ത്വര ഭീഷണിയായതിനാലുമാണ് അന്ന് വരിയുടച്ചതിനുശേഷം മാത്രം അവയെ വളർത്തിയിരുന്നത്. അതുകൊണ്ടുതന്നെ കാളകളുടെ ശ്രദ്ധ തന്നിൽ നിയോഗിക്കപ്പെട്ട ജോലിയിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെട്ടിരുന്നു. എന്നാൽ, ഇന്ന് അരുമയായും ഇറച്ചിയാവശ്യത്തിനായും അതുപോലെ ഫാമുകളിൽ പശുക്കളുടെ മദി കൃത്യമായി തിരിച്ചറിയുന്നതിനുമൊക്കെയായി കാളകളെ വളർത്താറുണ്ട്. അതുകൊണ്ടുതന്നെ എത്ര ഇണക്കമുള്ള കാളയാണെങ്കിലും അടുത്തിടപഴകുന്നത് ശ്രദ്ധയോടെതന്നെയാവണം.
എത്ര ഇണക്കമുള്ള കാളയാണെങ്കിലും എപ്പോൾ വേണമെങ്കിലും സ്വഭാവം മാറാമെന്ന് നാഷനൽ ഡെയറി ഡെവലപ്മെന്റ് ബോർഡിന്റെ അലമാദി സെമൻ സ്റ്റേഷനിലെ ബുൾ മാനേജ്മെന്റ് ഓഫീസറായ ഡോ. പ്രശാന്ത് വിശ്വനാഥ്. 250ലധികം കാളകളെ പരിപാലിക്കുകയും ബീജശേഖരണം നടത്തുകയും ചെയ്യുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സെമൻ സ്റ്റേഷനാണ് തമിഴ്നാട്ടിലെ അലമാദിയിലേത്. കാളകളെയും പോത്തുകളെയും വീട്ടിൽ വളർത്തുമ്പോൾ പ്രധാനമായും ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ഡോ. പ്രശാന്ത് പറയുന്നു.
1. കൂട്ടത്തിൽ വളർത്തുക
കൂട്ടത്തോടെ വളരുന്ന കാളകൾക്ക് പൊതുവേ അക്രമണ സ്വഭാവം കുറവായിരിക്കും. ഒറ്റയ്ക്കു വളരുന്ന കാളയാണെങ്കിലും പോത്താണെങ്കിലും ഒറ്റയാൻ സ്വഭാവമായിരിക്കും ഉണ്ടാവുക. അതുപോലെ വലുപ്പമുള്ള പശുക്കളുടെയോ കാളകളുടെയോ ഒപ്പമാണെങ്കിൽ താൻ ചെറുതാണെന്ന തോന്നലുണ്ടാവുകയും ചെയ്യും. ഒറ്റയ്ക്കാകുമ്പോൾ തനിക്ക് എതിരാളിയില്ല എന്ന ബോധ്യം ഏതൊരു മൃഗത്തെയുംപോലെ ഇവർക്കുമുണ്ടാകും. അത് സ്വഭാവത്തിൽ മാറ്റം വരുത്തും.
2. കളി കാര്യമാകരുത്
ചെറുപ്രായത്തിൽ നെറ്റിയിൽ തലോടുക, ഇടിക്കാൻ വരുമ്പോൾ നെറ്റിയിൽ പിടിച്ച് പിന്നോട്ടുന്തുക തുടങ്ങിയ സ്നേഹചേഷ്ടകൾ ഉടമയും അരുമയും തമ്മിലുണ്ടാകാറുണ്ട്. തള്ളി വിടുമ്പോൾ ഇടിക്കാനുള്ള ത്വര അവരിലുണ്ടാകും. ചെറുപ്പത്തിൽ ഇതു കൗതുകവും രസവുമൊക്കെയാണെങ്കിലും വളരുമ്പോൾ അപകടം വരുത്തിവയ്ക്കും. അത്തരം രീതികൾ പരിശീലിപ്പിക്കാതിരിക്കുക. ആട്, മൂരി, പോത്ത് എന്നിവയെ പരിലാളിക്കുമ്പോൾ നെറ്റി ഒഴിവാക്കുക. പകരം, തോൾ, ആട, കഴുത്ത് തുടങ്ങിയ ഭാഗങ്ങളിൽ തലോടിക്കൊടുക്കുന്നതാണ് നല്ലത്.
3. വന്ധ്യംകരണം പ്രധാനം
പ്രജനനത്തിന്റെ ആവശ്യത്തിനല്ല ഉപയോഗിക്കുന്നതെങ്കിൽ അഥവാ മാംസത്തിനുവേണ്ടിയാണ് മൂരിക്കുട്ടന്മാരെയോ പോത്തുകളെയോ വളർത്തുന്നതെങ്കിൽ 5 മുതൽ 9 വരെ മാസം പ്രായത്തിൽ വെറ്ററിനറി ഡോക്ടറുടെ സഹായത്തോടെ വന്ധ്യംകരണം നടത്തുന്നതാണ് സുരക്ഷയ്ക്ക് അഭികാമ്യം. ഇത് പുരുഷഹോർമോൺ ഉൽപാദനം തടയുകയും ഇണചേരാനുള്ള ത്വര മൃഗത്തിന് നഷ്ടപ്പെടുത്തുകയും ചെയ്യും.
4. വശങ്ങളിലൂടെ മാത്രം അടുത്തേക്ക് പോവുക
കന്നുകാലികൾക്ക് മുൻകാഴ്ചയില്ലാത്തതിനാൽ അവയുടെ അടുത്തേക്ക് പോകുമ്പോൾ വശങ്ങളിലൂടെ മാത്രം പോകുക. മാത്രമല്ല തീറ്റാൻ കെട്ടിയിരിക്കുന്നിടത്തുനിന്ന് അഴിക്കാൻ ചെല്ലുമ്പോഴും മൃഗത്തിന് ആളെ തിരിച്ചറിയാവുന്ന വിധത്തിൽ മാത്രം പോകുക. കന്നുകാലികൾക്ക് എപ്പോഴും ഒരു ഇരയുടെ ഭീതിയുണ്ടാകും. അതുകൊണ്ടുതന്നെ അവയ്ക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിൽ പ്രതിരോധിക്കുന്നതിനുവേണ്ടി ആക്രമിക്കാം. അതുപോലെ കാളകൾ ഒരു വശത്തേക്ക് ചെരിഞ്ഞ് സൂക്ഷ്മമായി നിരീക്ഷിച്ചതിനുശേഷമായിരിക്കും ഇടിക്കാൻ ശ്രമിക്കുക. അതുകൊണ്ടുതന്നെ കുട്ടിക്കാലം മുതൽ അത്തരം പ്രവണത കണ്ടാൽ ശാസിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
സുരക്ഷയ്ക്ക് എപ്പോഴും പ്രാധാന്യം
ദിവസവും 80ൽപ്പരം കാളകളുടെ ബീജശേഖരണം നടത്തുന്ന അലമാദി സെമൻ സ്റ്റേഷനിൽ സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കാതെ ജീവനക്കാർ കാളകളുടെ അടുത്തേക്ക് പോകാറില്ല. കളക്ഷൻ യാർഡിൽ ഹെൽമറ്റ്, സേഫ്റ്റി ഏപ്രൺ, കാള ചവിട്ടിയാൽ പോലും കാലിന് ക്ഷതമേൽക്കാത്ത വിധത്തിലുള്ള പ്രത്യേക ബൂട്ടുകൾ എന്നിവയാണ് സുരക്ഷയ്ക്കായി ഉപയോഗിക്കുന്നത്. അതുപോലെ ഓരോ കാളയെയും പാർപ്പിച്ചിരിക്കുന്ന പെന്നിൽ (ഓരോ കാളയ്ക്കുമുള്ള കൂട്) ഒരു മനുഷ്യന് അനായാസം പുറത്തുകടക്കാവുന്ന വിധത്തിൽ പ്രത്യേക ഭാഗവും ഒരുക്കിയിട്ടുണ്ട്. എന്തെങ്കിലും സാഹചര്യത്തിൽ കാള ആക്രമിക്കാൻ ശ്രമിച്ചാൽ രക്ഷപ്പെടാൻ ഈ കൂട് നിർമാണരീതി സഹായിക്കും.
English summary: Handling bulls safely