ADVERTISEMENT

അപകടകാരികളായ നായ ഇനങ്ങളെ അരുമയായി പരിപാലിക്കുന്നതിനുള്ള ലൈസൻസ് നിരോധിക്കുന്ന കാര്യത്തിൽ മൂന്നു മാസത്തിനുള്ളിൽ തീരുമാനമെടുക്കുമെന്ന് ഡൽഹി ഹൈക്കോടതിയെ കേന്ദ്ര സർക്കാർ അറിയിച്ചു. പരാതിക്കാരുടെ ഹർജി വേഗത്തിൽ തീർപ്പാക്കുന്നതിനുവേണ്ടി ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായും സർക്കാർ കോടതിയെ അറിയിച്ചു. 

‌പിറ്റ്ബുൾ, റോട്ട്‌വെയ്‌ലർ, നിയോപ്പോളിറ്റൻ മാസ്റ്റിഫ്, വുൾഫ് ഡോഗ്, ടെറിയർ, അമേരിക്കൻ ബുൾഡോഗ്, പ്രസ കനേറിയോ, ഫില ബ്രസിലേയ്റോ, കാനെ കോർസോ, ഡോഗോ അർജന്റീനോ, ഇവയുടെ ക്രോസ് ബ്രീഡുകൾ എന്നിവയുൾപ്പെടെയുള്ള ഇനങ്ങളുടെ ലൈസൻസ് നിരോധിക്കുന്നത് സംബന്ധിച്ച് അടുത്ത മൂന്ന് മാസത്തിനുള്ളിൽ നിർണ്ണായക തീരുമാനമുണ്ടായേക്കും. 

മുൻപ് ഒക്ടോബർ അഞ്ചിന് അന്നത്തെ ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മയുടെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച്, ഈ വിഷയത്തിൽ ഹർജിക്കാരന്റെ പൊതുതാൽപര്യ ഹർജി പരിഗണിക്കാൻ വിസമ്മതിച്ചു. സർക്കാർ അധികൃതർക്ക് പരാതി കൈമാറാനായിരുന്നു നിർദേശം.

എന്നാൽ, 2022 സെപ്റ്റംബർ മൂന്നിന് തുടൽ പൊട്ടിച്ച പിറ്റ്ബുൾ നായ പത്തു വയസുള്ള കുട്ടിയുടെ ജീവൻ കവർന്നെന്നും അതേ മാസംതന്നെ മീററ്റിലുണ്ടായ നായ ആക്രമണത്തിൽ പരിക്കുകളോടെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും പരാതിക്കാർ കോടതിയെ അറിയിച്ചു. അപകടകാരികളായ നായ്ക്കളുടെ എണ്ണമോ വിവരങ്ങളോ അധികൃതരുടെ പക്കൽ ഇല്ലെന്നും അവർ വാദിച്ചു. മാത്രമല്ല, മനുഷ്യരെ ആക്രമിക്കാനുള്ള ഉപകരണമായി നായ്ക്കളെ ഉപയോഗിക്കുന്നുവെന്നും ഹർജിയിലുണ്ട്. അപകടസാധ്യത കണക്കിലെടുത്ത് പട്ടികയിലുള്ള ഇനങ്ങളിൽ ചിലതിന്റെ ഉടമസ്ഥാവകാശം പല രാജ്യങ്ങളും ഇതിനകം നിരോധിച്ചിട്ടുണ്ടെന്നും ഹർജിക്കാർ വാദിച്ചു. എന്നിട്ടും ഡൽഹി മുനിസിപ്പൽ കോർപറേഷൻ ഇപ്പോഴും ഈ ഇനം നായ്ക്കളെ അരുമയായി കണ്ട് റജിസ്ട്രേഷൻ നൽകുകയാണ്. രാജ്യത്തുടനീളം നായ്ക്കളുടെ കടിയേറ്റ സംഭവങ്ങൾ വർധിച്ചുവരുന്നതായി ഹർജിക്കാർ ഊന്നിപ്പറഞ്ഞു. നായ്ക്കൾ ഉടമകളെയും അതുപോലെ പൊതുജനങ്ങളെയും ആക്രമിക്കുന്നുവെന്നും ഹർജിയിൽ പറയുന്നു. 

പുതിയ ഉത്തരവ് നായ പരിപാലനവുമായി ബന്ധപ്പെട്ട മേഖലയിൽ വലിയൊരു വിവാദത്തിനാണ് വഴിയൊരുക്കിയിരിക്കുന്നത്. ഈ ഇനങ്ങൾ സ്വാഭാവികമായും ആക്രമണത്തിന് കൂടുതൽ സാധ്യതയുള്ളവയാണെന്നും പൊതു സുരക്ഷയെ ബാധിക്കുമെന്നും  ഇന്ത്യൻ നായ്ക്കൾക്ക് പ്രാധാന്യം നൽകണമെന്നും ഒരു പക്ഷം വാദിക്കുമ്പോൾ, മറുപക്ഷം വളരുന്ന സാഹചര്യമാണ് ഓരോ ഇനത്തിന്റെയും സ്വഭാവത്തെ സ്വാധീനിക്കുകയെന്നന്നും വാദിക്കുന്നു. ഉത്തരവാദിത്തമുള്ള ഉടമയ്ക്കും ശരിയായ പരിശീലനത്തിനും ഇത്തരം നായ്ക്കളുടെ സ്വഭാവത്തെ നിയന്ത്രിക്കാൻ കഴിയുമെന്നാണ് നായപ്രേമികൾ പറയുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com