ADVERTISEMENT

വെള്ളിയാമറ്റത്തെ പശുക്കളുടെ മരണവാർത്ത പുറംലോകം അറിഞ്ഞതിനു പിന്നാലെ അവശേഷിച്ചവയുടെ അതിജീവനത്തിന്റെ ഒരു ഭാഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലിരിക്കവേയാണ് തൊടുപുഴയ്ക്കു സമീപം ഓലിക്കമറ്റത്തുനിന്ന് രവിച്ചേട്ടന്റെ വിളി എത്തിയത്. അതായത് ഇക്കഴിഞ്ഞ അഞ്ചാം തീയതി. ആടിന്റെ പ്രസവമാണ് വിഷയം. ആട് തലേ ദിവസം (ജനുവരി 4) രാത്രി തൊട്ട് പ്രസവ ലക്ഷണം കാണിക്കുന്നുണ്ടെങ്കിലും തണ്ണീർ കുടം (water bag) പോലും പൊട്ടിയിട്ടില്ലായിരുന്നു. ഗർഭപാത്രം പിരിഞ്ഞ അവസ്ഥയായ ടോർഷൻ ആയിരിക്കുമെന്നായിരുന്നു ആദ്യം കരുതിയത്. അതുകൊണ്ടുതന്നെ ആ അവസ്ഥയാണെങ്കിൽ ശസ്ത്രക്രിയ വേണ്ടിവരുമെന്ന് രവിച്ചേട്ടനെ അറിയിച്ചശേഷം മുജീബ് ഇക്കയുടെ ഓട്ടോ ആംബുലൻസ് വിളിച്ച് അങ്ങോട്ടേക്കു പുറപ്പെട്ടു.

അവിടെ എത്തിയപ്പോൾ ആട് കിടപ്പാണ്. കന്നി പ്രസവമാണ്. ഉള്ളിലുള്ള കുഞ്ഞുങ്ങളിൽ അസാധാരണത്വം (Fetal abnormality) ആദ്യ പരിശോധനയിൽ തന്നെ തോന്നി. ടോർഷൻ അല്ല. ഗർഭാശയകവാടം അൽപം വികസിപ്പിച്ചശേഷം ആദ്യത്തെ കുട്ടിയെ പുറത്തെടുത്തു. ആ കുട്ടിക്ക് ജീവനുണ്ടായിരുന്നു. സാധാരണ വലുപ്പവുമായിരുന്നു.  അപ്പൊൾ രണ്ടാമത്തെ കുട്ടിയാണ് പ്രശ്നക്കാരനെന്ന് തോന്നി. കുട്ടി തലതിരിഞ്ഞ അവസ്ഥയിലായിരുന്നു. പുറത്തേക്ക് വരുന്ന വിധത്തിൽ കുട്ടിയുടെ സ്ഥാനം ക്രമീകരിച്ചതിനു ശേഷം പുറത്തേക്കെടുക്കാൻ നോക്കുമ്പോൾ ഇടുപ്പെല്ലിന് ഇടയിലൂടെ കുട്ടി പുറത്തേക്കു വരുന്നില്ല. ഇടുപ്പെല്ലിനുള്ളിൽ തടയുന്ന അവസ്ഥ. ഗർഭാശയകവാടം വീണ്ടും വികസിപ്പിച്ചു. കുട്ടിയുടെ തലയ്ക്ക് അസാധാരണ വലുപ്പം തോന്നി. ഒരുവിധത്തിൽ ആളെ പുറത്തെടുത്തതു. കുട്ടിയെ കണ്ട് രവിച്ചേട്ടനും ഭാര്യയും ഞെട്ടി. മകൾക്ക് കണ്ടു നിൽക്കാൻ പോലും പറ്റുന്നില്ല. ഫീറ്റൽ അനാസർക്ക (Fetal anasarca) എന്ന അവസ്ഥയിലായിരുന്നു കുട്ടി. അതായത് ശരീരത്തിൽ തൊലിക്കടിയിൽ വെള്ളക്കെട്ടുണ്ടായി കുട്ടി ചീർത്ത അവസ്ഥയിലായിരുന്നു. ഒപ്പം ജനിതക വൈകല്യം മൂലമുണ്ടാകുന്ന മോൺസ്റ്റർ അവസ്ഥയിലുമായിരുന്നു. പുറത്തെടുക്കുമ്പോൾ ജീവനുണ്ടായിരുന്നുവെങ്കിലും വൈകാതെ ആ ആട്ടിൻകുട്ടി മരണത്തിനു കീഴടങ്ങി. ജീവനോടെ ഇരിക്കുമ്പോൾ അനാസർക്ക കണ്ടീഷൻ താരതമ്യേന കുറവാണ്. 

goat-fetal-anasarca-2

കൃത്യസമയത്ത് എത്താൻ കഴിഞ്ഞതിനാൽ അമ്മയാടിന് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കാതെ കുട്ടികളെ പുറത്തെടുക്കാൻ സാധിച്ചു. സമയം ഇനിയും വൈകിയിരുന്നുവെങ്കിൽ സിസേറിയൻ ചെയ്യാതെ നിവൃത്തിയില്ലായിരുന്നു. അങ്ങനെ തള്ളയാടിനും ആദ്യത്തെ കുട്ടിക്കും സമാധാനം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com