ADVERTISEMENT

ഫിഷിങ് ഡാർട്ട് അഥവാ അമ്പുകൊണ്ട ഒരു പെരുമ്പാമ്പിന് അൻപാർന്ന കൈകളാൽ പുതുജീവൻ ലഭിച്ച സംഭവം മനോരമ ഓൺലൈൻ കർഷകശ്രീ റിപ്പോർട്ട് ചെയ്തിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളൂ. മണ്ണുത്തി വെറ്ററിനറി ഹോസ്പിറ്റലിലെ വെറ്ററിനറി സർജറി ആൻഡ് റേഡിയോളജി വിഭാഗത്തിന് ദീർഘമായ ഒരു ശസ്ത്രകിയയ്ക്ക് പെരുമ്പാമ്പിനെ വിധേയമാക്കേണ്ടിവന്ന സംഭവമായിരുന്നു അത്. ഇത്തവണ അത്യന്തം ഗുരുതരമായി പരിക്കേറ്റ ഒരു  മൂർഖൻ പാമ്പിനെയാണ് വെറ്ററിനറി സർവകലാശാലയുടെ തൃശൂർ കൊക്കാലയിലുള്ള വെറ്ററിനറി ആശുപത്രിയിലെ സർജറി വിഭാഗം അടിയന്തര വൈദ്യസഹായം നൽകി രക്ഷപെടുത്തിയത്.

പരിക്കേറ്റ മൂർഖൻ പാമ്പിനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ
പരിക്കേറ്റ മൂർഖൻ പാമ്പിനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ

തൃശൂർ ജില്ലയിലെ വരടിയത്ത് റോഡരികിലെ കാനയിൽ കിടന്ന വലയിൽ മൂർഖൻ പാമ്പ് കുടുങ്ങുകയായിരുന്നു. അത് വലയിൽ കുരുങ്ങിയിട്ട് ഒരാഴ്ചയെങ്കിലുമായിട്ടുണ്ടാകുമെന്ന് അനുമാനിക്കപ്പെടുന്നു. എന്തായാലും വഴിയേ പോയവരിലൊരാൾ വലയിൽ കുടുങ്ങിയ പാമ്പിനെ കാണുകയും വനം വകുപ്പിൽ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു. വനം വകുപ്പ് അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ സർപ്പ വോളണ്ടിയർമാരായ ലിജോ കാച്ചേരി, ശരത് മാടക്കത്തറ എന്നിവർ ചേർന്ന് പാമ്പിനെ വലയിൽ നിന്ന് രക്ഷപ്പെടുത്തുകയും സർവകലാശാലയുടെ തൃശൂർ കൊക്കാലയിലുള്ള ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. വെറ്ററിനറി സർവകലാശാലയുടെ പൗൾട്രി ഫാമിലെ തൊഴിലാളി കൂടിയാണ് ശരത്. 

സർവകലാശാല അസിസ്റ്റന്റ് പ്രഫസർ ഡോ. റെജി വർഗീസ്, ഡോ. സുജന എന്നിവർ നേതൃത്വം നൽകിയ വൈദ്യസംഘം നൽകിയ ചികിത്സയാണ് പാമ്പിന് രക്ഷയായത്. ശരീരത്തിൽ പലയിടങ്ങളിൽ മുറിവുകളുണ്ടായിരുന്നു. മാത്രമല്ല മുറിവുകളിലൂടെ എല്ലുകൾ പുറത്തു കാണാൻ കഴിയുന്ന അവസ്ഥയിലുമായിരുന്നു. കൂടാതെ എക്സ് റേ പരിശോധനയിൽ ഒരു പൊട്ടലുള്ളതായി കണ്ടെത്തിയെന്നും ഡോ. റെജി വർഗീസ് പറഞ്ഞു. അപകടനില തരണം ചെയ്ത മൂർഖൻ പാമ്പിന്റെ മുറിവുണങ്ങാൻ ഒരു മാസമെങ്കിലുമെടുക്കുമെന്നം അദ്ദേഹം  പറഞ്ഞു. വിശ്രമം ആവശ്യമായ പാമ്പിനെ വനം വകുപ്പിന് കൈമാറി. എന്തായാലും കേൾക്കാനാവാത്ത കരച്ചിൽ കേൾക്കാനും പറയാനാവാത്ത വേദന തിരിച്ചറിയാനും അവയ്ക്കെല്ലാം ആശ്വാസമരുളാനുമുള്ള നിയോഗം ഒരിക്കൽ കൂടി വെറ്ററിനറി ഡോക്ടറുടെ ഈ സംഘം നിറവേറ്റിയിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com