ADVERTISEMENT

കാലിത്തീറ്റയും പെല്ലെറ്റും പിണ്ണാക്കും ധാന്യപ്പൊടിയുമൊക്കെ പരിചിതമായ ഡെയറി ഫാമിങ് മേഖലയിൽ പുതു താരങ്ങളാണ് ഡിഡിജിഎസും ഡ്രൈ ഫാറ്റും. ഉൽപാദനച്ചെലവ് ഏറിവരുന്ന ഈ കാലത്ത് കുറഞ്ഞ അളവിൽ കുറഞ്ഞ ചെലവിൽ കൂടുതൽ പോഷകങ്ങൾ പശുക്കൾക്കു നൽകാൻ സാധിച്ചാൽ ക്ഷീര സംരംഭം വിജയത്തിലേക്ക് എത്തും. അതുകൊണ്ടുതന്നെ പശുക്കൾക്ക് ആവശ്യമായ തീറ്റ ആവശ്യമായ അളവിൽ ആവശ്യമായ പോഷകങ്ങളോടെ നൽകാൻ ഓരോ ക്ഷീരകർഷകനും സാധിക്കണം.

നല്ല പശുക്കളെയും ക്ഷീരസംരംഭങ്ങളെയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഏതാനും നാളുകൾക്കു മുൻപ് മനോരമ ഓൺലൈൻ കർഷകശ്രീ ഡെയറി ഫാമിങ്ങുമായി ബന്ധപ്പെട്ടൊരു വിഡിയോ ക്ലാസ് പങ്കുവച്ചത്. കേരളത്തിലും വളർത്തിയെടുക്കാം നല്ല പശുക്കളെ എന്ന വിഷയത്തിൽ കേരളത്തിലെ മികച്ച ഡെയറി ഫാമുകളുടെ കൺസൽട്ടന്റായ ഡോ. ഏബ്രഹാം മാത്യുവിന്റെ ക്ലാസുകൾ നാല് ഭാഗങ്ങളായിട്ടാണ് പങ്കുവച്ചത്. അതിൽ രണ്ടാം വിഷയമായ പശുക്കളുടെ തീറ്റക്രമത്തിൽ അദ്ദേഹം പരാമർശിച്ച രണ്ടു പേരുകളാണ് ഡിഡിജിഎസും ഡ്രൈ ഫാറ്റും. കേരളത്തിലെ കർഷകർക്ക് അത്ര സുപരിചിതമല്ല ഇവ രണ്ടും. ഡിഡിജിഎസ് എന്നാൽ Dried Distillers Grain with Solubles. അതായത് ജൈവ ഇന്ധനമായ എഥനോൾ ഉൽപാദിപ്പിച്ചതിന്റെ ഉപോൽപന്നമാണിത്. അതിൽനിന്ന് ജലാംശം നീക്കിയതുകൊണ്ട് ഡ്രൈഡ് എന്ന രീതിയിൽ വിപണിയിൽ ലഭ്യമാകുന്നു. നനവുള്ള രീതിയിൽ Wet Distillers Grain with Solubles അഥവാ ഡബ്ല്യുഡിജഎസുമുണ്ട്. എന്നാൽ, ഇതിന് സൂക്ഷിപ്പുകാലാവധി കുറവായതിനാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഉപയോഗിച്ചു തീർക്കേണ്ടതായി വരും. അതിനാൽ ഡബ്ല്യുഡിജിഎസ് കൂടുതൽ പശുക്കളുള്ള ഫാമുകളിൽ ഉപയോഗിക്കാൻ കഴിയും. വിലയും കുറവാണ്.

ddgs and dry fat
ddgs and dry fat

ചെറുകിട കർഷകർക്ക് ഡിഡിജിഎസ് ആണ് കൂടുതൽ സൌകര്യം. മാംസ്യം അഥവാ പ്രോട്ടീൻ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന ഉൽപന്നമായതുകൊണ്ടുതന്നെ പാലുൽപാദനമുള്ള പശുക്കൾക്ക് കുറഞ്ഞ തീറ്റയിൽ അവയുടെ ശരീരത്തിന് ആവശ്യമായ മാംസ്യം ലഭ്യമാക്കാൻ കഴിയും. നിലവിൽ കാലിത്തീറ്റ കൂടാതെ മാംസ്യത്തിനായി വിവിധതരം പിണ്ണാക്കുകളാണ് കർഷകർ പശുക്കൾക്കു നൽകുക. തേങ്ങാപിണ്ണാക്ക്, എള്ളിൻപിണ്ണാക്ക്, കടലപ്പിണ്ണാക്ക്, പരുത്തിപ്പിണ്ണാക്ക് എന്നിവയാണ് ഇതിനായി ഉപയോഗിക്കുക. മാംസ്യത്തിന്റെ അളവ് ഏറ്റവും കൂടുതലുള്ള (45 ശതമാനം) കടലപ്പിണ്ണാക്കിന് വിപണിയിൽ 70 രൂപയോളം ഇന്ന് വിലയുണ്ട്. തേങ്ങാപ്പിണ്ണാക്ക് 25 %, എള്ളും പിണ്ണാക്ക് - 32%, പരുത്തി പിണ്ണാക്ക് - 35% എന്ന തോതിലും മാംസ്യം അടങ്ങിയിരിക്കുന്നു. ഡിഡിജിഎസിലാവട്ടെ 40-50 ശതമാനമാണ് മാംസ്യത്തിന്റെ അളവ്. വിലയാവട്ടെ കിലോയ്ക്ക് 36 രൂപയാണ് വരിക. അതുകൊണ്ടുതന്നെ പശുക്കളുടെ തീറ്റയിൽ ഇത് 25 ശതമാനം വരെ ചേർക്കാൻ കഴിയും. പശു, പന്നി, കോഴി, മത്സ്യം എന്നിവയ്ക്കുള്ള സാന്ദ്രിത കമ്പനി തീറ്റകളിൽ ഇന്ന് പ്രധാനമായും മാംസ്യസ്രോതസായി ഉപയോഗിക്കുന്നത് ഡിഡിജിഎസ് തന്നെ. 

dry-fat
ഡ്രൈ ഫാറ്റ്

ഡിഡിജിഎസിനൊപ്പം ഡ്രൈ ഫാറ്റും പാലുൽപാദനമുള്ള പശുക്കൾക്ക് നൽകാം. ഡ്രൈ ഫാറ്റ് എന്നാൽ സസ്യജന്യ കൊഴുപ്പാണ്. ഇത് പശുക്കളുടെ ആമാശയത്തിന്റെ പ്രധാന അറയായ റൂമനിൽ ദഹിക്കാത്ത രൂപത്തിൽ ആക്കിയതാണ്. അതുകൊണ്ടുതന്നെ ഇതിന്റെ ബൈപാസ് തീറ്റയെന്നും വിളിക്കാം. മാത്രമല്ല ഊർജം കൂടിയ തീറ്റയുമാണിത്. വില അൽപം കൂടുമെങ്കിലും അത് പശുക്കളുടെ ആരോഗ്യത്തിലും പാലുൽപാദനത്തിലും പ്രതിഫലിക്കും.

ddgs
ഡിഡിജിഎസ്

എവിടെ ലഭിക്കും

കേരളത്തിലെ ക്ഷീരകർഷകർക്കിടയിൽ അത്ര പ്രചാരമുള്ളവയല്ല ഈ രണ്ടുൽപന്നങ്ങളും. അതുകൊണ്ടുതന്നെ പൊതുവിപണിയിൽ ഇവയുടെ ലഭ്യത കുറവാണ്. കാലടിയിലെ ക്ഷീരകർഷകനായ ജോജോ അദ്ദേഹത്തിന്റെ ഗ്രീൻലാൻഡ് ഫാം ഫീഡ്സ് എന്ന സ്ഥാപനത്തിലൂടെ കർഷകർക്ക് ഡിഡിജിഎസ് വിതരണം ചെയ്യുന്നുണ്ട്. തന്റെ ഫാമിൽ ഉപയോഗിച്ചുതുടങ്ങി ഈ തീറ്റ മറ്റു വൻകിട ഡെയറി ഫാമുകളും ആവശ്യപ്പെട്ടതനുസരിച്ച് എത്തിച്ചുകൊടുക്കുകയായിരുന്നു. ചെറുകിട കർഷകരിലേക്ക് ഇത് എത്തിയിട്ടില്ല. കെമിൻ എന്ന കമ്പനി ഡ്രൈ ഫാറ്റ് ഉൽപാദിപ്പിച്ച് വിപണിയിൽ ഇറക്കുന്നത്.

വേണം സമീകൃത തീറ്റ

ഏതൊരു ജീവിയുടെയും തീറ്റ സമീകൃതം ആകണമെങ്കിൽ അതിൽ നിശ്ചിത അളവിൽ അന്നജം, പ്രോട്ടീന്‍ (മാംസ്യം), കൊഴുപ്പ് എന്നിവ അടങ്ങിയിരിക്കണം. അതുകൊണ്ടുതന്നെ ഡിഡിജിഎസും ഡ്രൈ ഫാറ്റും മാത്രം നൽകി പശുക്കളെ വളർത്താൻ കഴിയില്ല. നല്ലൊരു നൂട്രീഷന്റെ സഹായത്തോടെ പശുക്കളുടെ പാലുൽപാദനം അനുസരിച്ച് തീറ്റക്കൂട്ട് തയാറാക്കാവുന്നതേയുള്ളൂ.

cow-karshakasree

അധിക പോഷണത്തിന് ബൈപാസ് വിദ്യ

കന്നുകാലികളുടെ ആമാശയത്തിന് നാലറകളുണ്ട്. ഇവയില്‍ ആദ്യ അറയായ റൂമനില്‍ താമസമുറപ്പിച്ചിരിക്കുന്ന ലക്ഷക്കണക്കിനു വരുന്ന സൂക്ഷ്മജീവികളാണ് പശുക്കളുടെ ദഹനത്തെ സഹായിക്കുന്നത്. അയവെട്ടുന്ന ജീവികളില്‍ അന്നജം, പ്രോട്ടീന്‍ (മാംസ്യം), കൊഴുപ്പ്  തുടങ്ങിയ ആഹാരഘടകങ്ങളുടെ ദഹനം പ്രധാനമായും ഈ വിധത്തില്‍ ബാക്ടീരിയ, പ്രോട്ടോസോവ തുടങ്ങിയ റൂമന്‍ നിവാസികളുടെ കൈകളിലൂടെയാണ്. എന്നാല്‍ മേല്‍പ്പറഞ്ഞ ആഹാരഘടകങ്ങളെ  പ്രത്യേക സാങ്കേതികവിദ്യകളുപയോഗിച്ച് റൂമനില്‍ ദഹനം നടക്കാത്തവിധത്തില്‍ രൂപം മാറ്റി കുടലില്‍വച്ച് ശരീരത്തിലേക്ക് ആഗിരണം ചെയ്യിക്കുന്നതിനാണ് ബൈപാസ് പോഷണമെന്ന് പറയുന്നത്.  

ഉയര്‍ന്ന ഉൽപാദനശേഷിയുള്ള പശുക്കള്‍ക്ക് കറവയുടെ ആദ്യഘട്ടത്തിലാണ് ഇത്തരം പോഷകങ്ങള്‍ നല്‍കുന്നത്.  ബൈപ്പാസ് കൊഴുപ്പ് (ഫാറ്റ്), ബൈപാസ് പ്രോട്ടീന്‍ (മാംസ്യം) എന്നിവയാണ് വിപണിയില്‍ ലഭ്യമായ ഇത്തരം തീറ്റ ഘടകങ്ങള്‍. കറവയുടെ പ്രാരംഭഘട്ടത്തില്‍ പ്രത്യേകിച്ച് ഉയര്‍ന്ന ഉൽപാദനമുള്ള ആദ്യത്തെ 2-3  മാസക്കാലം പശുക്കള്‍ക്ക് കൂടുതല്‍ ഊർജം ആവശ്യമായി വരുന്നു. ആവശ്യമായ ഊര്‍ജം നല്‍കുന്ന തീറ്റയിലൂടെ ലഭ്യമായില്ലെങ്കില്‍  ഉൽപാദനശേഷിക്കനുസരിച്ച്  പാല്‍ കിട്ടാതാകുന്നു. കറവയുള്ള അളവില്‍ പോഷകങ്ങള്‍ ശരീരത്തില്‍ നിന്ന് ചോര്‍ത്തപ്പെടുകയും പശു ക്ഷീണിക്കുകയും ചെയ്യുന്നു. കറവ കൂടുന്നതതനുസരിച്ച് സാധാരണയായി കര്‍ഷകര്‍ പശുവിന്റെ ക്ഷീണമകറ്റാനും, പാല്‍ കൂട്ടാനുമായി കൂടുതല്‍ കാലിത്തീറ്റയും ഒപ്പം ധാന്യങ്ങള്‍, കഞ്ഞി എന്നിവ നല്‍കുകയുമാണ് പതിവ്.  എന്നാല്‍ ഇത് പലപ്പോഴും റൂമനിലെ സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും ദഹനക്കേട്, അസിഡോസിസ് എന്നിവ ഉണ്ടാക്കുകയും ചെയ്യുന്നു.  

തീറ്റയില്‍ അന്നജത്തിന്റെ അളവ് കൂട്ടുന്നത് പാലില്‍ കൊഴുപ്പിന്റെ അളവ് കുറയ്ക്കുകയും ചെയ്‌തേക്കാം.  കറവയുടെ ആദ്യഘട്ടത്തില്‍  പശുക്കള്‍ക്ക് വിശപ്പും, തീറ്റയെടുക്കാനുള്ള കഴിവും  കുറവായതിനാല്‍ കൂടുതല്‍ തീറ്റ നല്‍കി വർധിച്ച ആവശ്യം നിറവേറ്റാന്‍  പ്രായോഗികമായി കഴിയാറില്ല. കൊഴുപ്പ് കൂടുതല്‍ നല്‍കി ഊര്‍ജസാന്ദ്രത തീറ്റയില്‍ കൂട്ടാനും ചിലര്‍ ശ്രമിക്കാറുണ്ട്. ഇതിനായി സസ്യ എണ്ണകളും, എണ്ണക്കുരുക്കളും നല്‍കുന്ന രീതിയുമുണ്ട്. പക്ഷേ റൂമനിലെ സൂക്ഷ്മജീവികള്‍ക്ക് കൊഴുപ്പ് ദഹിപ്പിക്കാനുള്ള കഴിവ് കുറവായതിനാല്‍ ഇതും ലക്ഷ്യം കാണാറില്ല. മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായി കൂടുതല്‍ ഊര്‍ജം അടങ്ങിയിരിക്കുന്ന കൊഴുപ്പുകളെ ബൈപാസ് രൂപത്തിലാക്കുകയാണ് ചെയ്യുന്നത്. ഇതിനു വേണ്ടി കൊഴുപ്പിലെ അമ്ലങ്ങളെ  കാത്സ്യം  കണങ്ങളുമായി ചേര്‍ത്ത് ലയിക്കാത്ത രൂപത്തിലാക്കുന്നു. തന്മൂലം റൂമനില്‍ ഇവയ്ക്ക് മാറ്റങ്ങളുണ്ടാകുന്നില്ല.  തീറ്റയുടെ ഊര്‍ജ സാന്ദ്രത കൂടുകയും  ദഹനം എളുപ്പമാക്കുകയും ചെയ്യുന്നു. റൂമനില്‍ ദഹിക്കാത്ത ഇവ കുടലില്‍ ആഗിരണം ചെയ്യപ്പെടുന്നു. ആവശ്യത്തിനുള്ള ഊര്‍ജം ലഭ്യമാകുന്നതോടെ പാലുൽപാദനം, പാലിലെ കൊഴുപ്പ് എന്നിവയില്‍ വര്‍ധനയുണ്ടാകുന്നു. പശുക്കളുടെ പ്രത്യുൽപാദനക്ഷമതയെ സ്വാധീനിക്കുന്നതിനാൽ അടുത്ത ഗര്‍ഭധാരണവും എളുപ്പമാകുന്നു.  

ഇങ്ങനെ കറവയുടെ ആരംഭത്തില്‍ ഉൽപാദനശേഷികൂടിയ പശുക്കള്‍ക്കുണ്ടാകുന്ന വര്‍ധിച്ച ഊര്‍ജാവശ്യം നിറവേറ്റാന്‍ ബൈപ്പാസ് കൊഴുപ്പുകള്‍ ഉപയോഗിക്കാം. പലപേരുകളില്‍ ഇവ വിപണിയില്‍ ലഭ്യമാണ്. പത്തു ലീറ്ററില്‍ കൂടുതല്‍ കറവയുള്ള പശുക്കള്‍ക്ക് കറവയുടെ പ്രാരംഭ ഘട്ടത്തില്‍ ഇത്തരം ബൈപ്പാസ് പോഷകങ്ങള്‍ നല്‍കുന്നത് ഉൽപാദനവും പ്രത്യുൽപാദനക്ഷമതയും വർധിപ്പിക്കാനും പശു മെലിഞ്ഞു പോകുന്നത് തടയുകയും ചെയ്യുന്നു. കറവപ്പശുക്കളുടെ വളര്‍ച്ച, പാലുൽപാദനം എന്നിവയില്‍ പ്രോട്ടീനുകളുടെയും അവയുടെ അടിസ്ഥാന ഘടകങ്ങളായ അമിനോ ആസിഡുകളുടേയും പങ്ക് വലുതാണ്. പ്രോട്ടീന്‍ കുറവ് കറവയെ ബാധിക്കുന്നു.  കാലിത്തീറ്റയിലെ റൂമനിലെ സൂക്ഷ്മജീവികൾ പ്രോട്ടീന്‍ ദഹനം നടത്തി ആമിനോ ആസിഡുകളെ  സ്വന്തം ശരീരത്തിന്റെ ഭാഗമാക്കുന്നു. പിന്നീട് ഈ സൂക്ഷ്മജീവികള്‍ കുടലിലേക്ക് നീക്കം ചെയ്യപ്പെടുകയും ദഹിച്ച് പശുവിനാവശ്യമായ അമിനോ ആസിഡുകള്‍ ശരീരത്തിന്  ലഭിക്കുകയും ചെയ്യുന്നു.  ഇത്തരത്തിലുള്ള ദഹനം സാധാരണ ഉൽപാദനമുള്ള പശുക്കള്‍ക്ക്  പ്രത്യേകിച്ച് കറവയുടെ തുടക്കത്തില്‍  മാംസ്യത്തിന്റെ ആവശ്യം കൂടുതലായിരിക്കും. തീറ്റയിലെ പ്രോട്ടീന്‍ (മാംസ്യം) ബൈപ്പാസ് രൂപത്തിലാക്കിയാണ് കൂടുതലുള്ള ആവശ്യം നിറവേറ്റുന്നത്.  ബൈപ്പാസ് പ്രോട്ടീന്‍ കൂടുതലടങ്ങിയ  തീറ്റകള്‍ കാലിത്തീറ്റ കമ്പനികള്‍  പ്രത്യേകം പുറത്തിറക്കുന്നുണ്ട്. 30 ലീറ്ററിലധികം പാലുൽപാദനമുള്ള പശുക്കള്‍ക്ക് തീര്‍ച്ചയായും ബൈപ്പാസ് പ്രോട്ടീന്‍ തീറ്റ ആവശ്യമായി വരും.

വിവരങ്ങൾക്കു കടപ്പാട്: ഡോ. ഏബ്രഹാം മാത്യു, ഡോ. സാബിൻ ജോർജ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com