ADVERTISEMENT

ആടുവളർത്താൻ തുടങ്ങുമ്പോൾ 2 കാര്യങ്ങളാണ് ഷാജൻ മനസ്സിൽ കണ്ടത്. ഒന്ന്, ശാസ്ത്രീയ മാലിന്യസംസ്കരണരീതി, രണ്ട്, കുറഞ്ഞ അധ്വാനം. രണ്ടു കാര്യങ്ങളും പൂർണമായും നിറവേറ്റിയ ആടുഫാമിന്റെ ഉടമയാണിന്ന് ഇടുക്കി തങ്കമണിക്കടുത്ത് കൊച്ചു കാമാക്ഷിയിലുള്ള ഷാജൻ ഫിലിപ്പ്. 80 ആടുകൾക്കു പാർക്കാവുന്ന ആധുനിക ആട്ടിൻകൂടിന്റെ ഭാഗമായി കോഴി–താറാവ് വളർത്തൽ, ബയോഗ്യാസ് പ്ലാന്റ് എന്നിവയെല്ലാം ഷാജൻ ഒരുക്കിയിട്ടുണ്ട്.

ഇടുക്കി വിഷൻ കേബിൾ നെറ്റ് വർക്ക് രംഗത്തു പ്രവർത്തിക്കുന്ന ഷാജൻ 4 വർഷം മുൻപാണ് ഫാം അടിസ്ഥാനത്തിലുള്ള ആടുകൃഷിയിലേക്കു തിരിയുന്നത്, ആടുവളർത്താൻ ഒരുങ്ങുന്നവർ നിർബന്ധമായും ഒന്നോ രണ്ടോ പരിശീലന പരിപാടിയിൽ പങ്കെടുക്കണമെന്നു ഷാജൻ. പരിശീലനത്തിലൂടെ കിട്ടിയ അറിവുമായി 10 ആടിനുള്ള ചെറു കൂടൊരുക്കിയാണു തുടക്കം. ആടുകൃഷിയിൽ ആത്മവിശ്വാസമായതോടെ 1200 ചതുരശ്ര അടി വിസ്തൃതിയിൽ കൂടു പണിതു. ഒരാടിന് 10 ചതുരശ്ര അടി എന്ന നിലയ്ക്കായിരുന്നു നിർമാണം. കള്ളികളായി തിരിച്ച കൂടുകൾ, വിശാലമായ ഇടനാഴികൾ, ഫൈബർ സ്ലാറ്റ് വിരിച്ച തറ, തീറ്റയിടാൻ ഫൈബർ ട്രേകൾ, കുടിവെള്ള ടാപ്പുകൾ എന്നിവയെല്ലാം ക്രമീകരിച്ചു. മണ്ണിൽനിന്ന് 6 അടി ഉയർത്തി പണിത കൂടിന്റെ അടിയിൽ ഷാജൻ ഒരുക്കിയിരിക്കുന്ന കോഴി–താറാവ് കൂടാണ് അതിലൊക്കെ ശ്രദ്ധേയം. പരിമിതമായ സ്ഥലത്തുനിന്നു കൂടുതൽ വരുമാനം. 

shajan-goat-2
മുകളിൽ ആട്, താഴെ കോഴി

കൂട്ടിൽനിന്നുള്ള കാഷ്ഠവും മൂത്രവും, കൂടിനടിയിൽ, മുകൾ ഭാഗത്തുനിന്നു താഴെ വശങ്ങളിലേക്കായി ചരിച്ചു ക്രമീകരിച്ചിരിക്കുന്ന ആസ്ബസ്റ്റോസ് പാളിയിലൂടെ കൂടിന്റെ താഴെയെത്തും. ഈ ഷീറ്റുകളുടെ അടിഭാഗം രണ്ടായി തിരിച്ച് മുൻ പിൻവശങ്ങൾ വലകൊണ്ടു മറച്ചാണ് കോഴി–താറാവ് വളർത്തൽ(ചിത്രം ശ്രദ്ധിക്കുക). അൻപതോളം നാടൻകോഴികളും അത്ര തന്നെ നാടൻതാറാവുകളും ഇവിടെ വളരുന്നു, ആടുകൾ ബാക്കിവയ്ക്കുന്ന പുല്ല് കോഴിക്ക് ആഹാരമാക്കും, ആടുഫാം, തൊട്ടു ചേർന്നുള്ള പന്നിക്കൂട്, തൊഴുത്ത് എന്നിവിടങ്ങളിൽനിന്നെല്ലാമുള്ള അവശിഷ്ടങ്ങൾ ബയോഗ്യാസ് പ്ലാന്റിലെത്തും. വീട്ടാവശ്യം കഴിഞ്ഞ് ഗ്യാസ് മിച്ചമുണ്ട്. ആട്ടിൻകാഷ്ഠം കുട്ടയൊന്നിന് 60 രൂപയ്ക്കു വിൽക്കും. സമീപപ്രദേശങ്ങളിലെ ഏലക്കൃഷിക്കാരിൽനിന്നു മികച്ച ഡിമാൻഡുണ്ട്. വർഷം അരലക്ഷത്തിലേറെ രൂപ ഈ വഴിക്കു ലഭിക്കും. രണ്ടര ഏക്കർ പുരയിടത്തിൽ ഒരേക്കറോളം ആടിനുള്ള സൂപ്പർ നേപ്പിയർ പുൽക്കൃഷിക്കു മാറ്റിവച്ചിട്ടുണ്ട്. തീറ്റ, മാലിന്യസംസ്കരണം എന്നിവ കയ്യെത്തും ദൂരത്ത് ഉറപ്പാക്കാൻ കഴിഞ്ഞാൽ അധ്വാനം പാതി കുറഞ്ഞെന്നു ഷാജൻ.

shajan-goat-3

Read also: ഓമനിക്കാൻ ജംനാപാരി; പക്ഷേ, കരുതുന്നതെല്ലാം ശരിയല്ല

മലബാറി മതി

മലബാറിയല്ലതെ മറ്റൊരിനത്തിലും ഷാജനു താൽപര്യമില്ല. സങ്കരയിനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വളർച്ചനിരക്കു കുറവെങ്കിലും മികച്ച രോഗപ്രതിരോധശേഷിയുണ്ടെന്ന് ഷാജൻ. ഉൾനാടൻ പ്രദേശമായതിനാൽ ആട്ടിൻപാലിന് ആവശ്യക്കാരില്ല, അതുകൊണ്ടുതന്നെ തള്ളയുടെ പാലത്രയും കുഞ്ഞുങ്ങൾ കുടിക്കും. അതുവഴി കുഞ്ഞുങ്ങളുടെ വളർച്ചനിരക്കും തൂക്കവും വർധിക്കുമെന്നു ഷാജൻ. ആടു വളർത്തുന്നവർ പ്രാദേശികമായ വിപണി സാധ്യതകൾ പഠിച്ചിരിക്കണമെന്ന് ഈ കർഷകൻ ഓമിപ്പിക്കുന്നു. കുഞ്ഞുങ്ങൾ, ഇറച്ചി, പാൽ, ജൈവവളം, ഇണചേർക്കൽ എന്നിങ്ങനെ വരുമാനം വരുന്ന ഘടകങ്ങൾ പലതാണ്. ഓരോ പ്രദേശത്തും എന്തിനാണോ ഡിമാൻഡ്, അതിന് ഊന്നൽ നൽകണം. ഷാജന്റെ കാര്യത്തിൽ, ആട്ടിൻകുഞ്ഞുങ്ങളാണ് മുഖ്യവരുമാനം. വർഷം 30 കുഞ്ഞുങ്ങളെ വിൽക്കുന്ന രീതിയിൽ പരിപാലനം ക്രമീകരിച്ചു മുന്നേറിയാൽ ആടുവളർത്തൽ മുഖ്യ ഉപജീവനമാർഗമാക്കാമെന്നും ഈ കർഷകൻ പറയുന്നു.

ഫോൺ: 9447231417

Read also: 30 ആടുകളും വർഷം 1.8 ലക്ഷം രൂപ ലാഭവും

മലബാറി മാത്രം

കേരള വെറ്ററിനറി സർവകലാശലയുടെ മണ്ണുത്തിയിലുള്ള ഗോട്ട് ആൻഡ് ഷീപ് ഫാം സംസ്ഥാനത്തെ കർഷകർക്കു ശുപാർശ ചെയ്യുന്ന ആടിനം മലബാറി മാത്രമാണ്. തനത് മലബാറി ഇനങ്ങളുടെ സംരക്ഷണവും വിതരണവുമാണു ഫാമിന്റെ മുഖ്യ ഉദ്ദേശ്യം. മറ്റൊരു തനതിനമായ അട്ടപ്പാടി ബ്ലാക്കും ഫാമിലുണ്ട്. എന്നാൽ ഈയിനത്തിന്റെ സംരക്ഷണമല്ലാതെ കൈമാറ്റം ഉദ്ദേശിക്കുന്നില്ല.

shajan-goat-4
മലബാറി ആടുകൾ

മലബാറിയുടെ ഗുണമേന്മയുള്ള കുഞ്ഞുങ്ങൾ ഇവിടെനിന്നു ലഭ്യമാകും. 3 മാസത്തിൽ താഴെ പ്രായമുള്ള മലബാറി മുട്ടൻകുഞ്ഞിന് 2,100 രൂപയാണ് ഈടാക്കുന്നത്. ഇതേ പ്രായമുള്ള പെണ്ണാട്ടിൻകുട്ടിക്ക് 2,500 രൂപയും. നന്നായി പരിപാലിച്ചാൽ മികച്ച വരുമാനം നൽകാൻ മലബാറിക്കാകുമെന്നു ഫാമിന്റെ ചുമതലയുള്ള ഡോ. കെ.എ.ബിന്ദു പറയുന്നു. ജനിച്ച് ആദ്യ 3 മാസത്തെ പരിപാലനം പ്രധാനമാണ്. നന്നായി പാലു കുടിച്ചു വളരാനുള്ള അവസരം നൽകണം. ഒരാഴ്ച കഴിയുന്നതോടെ ചെറിയ രീതിയിൽ സാന്ദ്രീകൃത തീറ്റയും നൽകിത്തുടങ്ങാം. ശരിയായ പരിപാലനമെങ്കിൽ 7 മാസംകൊണ്ട് മലബാറി മുട്ടനെ 20 കിലോ തൂക്കമെത്തിച്ചു വിൽക്കാം  2 വർഷത്തിൽ 3 പ്രസവം ഉറപ്പു നൽകുന്ന ഇനം കൂടിയാണ് മലബാറി. സങ്കരയിനങ്ങൾ വളർത്തിയിരുന്ന പലരും ഇന്നു മലബാറിയിലേക്കു മടങ്ങുന്നുണ്ടെന്നും ബിന്ദു പറയുന്നു. മികച്ച രോഗപ്രതിരോധശേഷി തന്നെ കാരണം.

ഫോൺ: 0487-2961100

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com