ADVERTISEMENT

പതിവു പോലെ ഇക്കുറിയും പുനലൂരിലും പാലക്കാട്ടും സംസ്ഥാനത്തെ ഉയർന്ന താപനില രേഖപ്പെടുത്തി. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി 2 മുതൽ 4 വരെ ഡിഗ്രി ചൂട് സാധാരണയിൽ നിന്നും കൂടുതലാണ് മിക്ക ജില്ലകളിലും. പുനലൂരും പാലക്കാടും 39ന് മുകളിലാണ് താപനില. വേനൽമഴയുടെ അഭാവവും ഉയർന്ന അന്തരീക്ഷ ഈര്‍പ്പവും മൂലം അനുഭവപ്പെടുന്ന ചൂട് (ഹീറ്റ് ഇൻഡക്സ്) 50 ഡിഗ്രിക്ക് മുകളിലാണ്.

ജലസ്രോതസ്സുകളൊക്കെ വറ്റിത്തുടങ്ങി. പച്ചപ്പുല്ല് (നട്ടുവളർത്തുന്നതൊഴിച്ച്) കിട്ടാതായി. അമിതമായ ചൂടും, അന്തരീക്ഷ ഈർപ്പവും കാരണം മിക്ക പശുക്കളും നിർത്താതെ വായ തുറന്ന് അണയ്ക്കുന്നതിനൊപ്പം വായിൽ നിന്ന് ധാരധാരയായി ഉമിനീരും വീഴുന്നുണ്ട്. തന്മൂലം നിർജലീകരണവും ശരീരത്തു നിന്ന് ധാതുലവണങ്ങളുടെ നഷ്ടവും ക്രമാതീതമായി സംഭവിക്കുന്നു. ചൂടിന്റെ ആഘാതം മൂലം ശരീരത്തിലുണ്ടാവുന്ന മാറ്റം മൂലം കന്നുകാലികൾ ശരിയായ അളവിൽ കാലിത്തീറ്റ തിന്നാതെയായി. പാലുൽപാദനം ഗണ്യമായി കുറയുന്നുണ്ട്. സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന വിഭാഗത്തിന് ചൂടിൽനിന്ന് രക്ഷ നേടാൻ ധാരാളം സംവിധാനങ്ങളുണ്ട്. മനുഷ്യന്റെ കാര്യത്തിലാണെങ്കിൽ എസി, ഫാൻ, ചൂടിനെ നേരിടാനുള്ള രീതിയിൽ ആധുനിക രീതിയിലുള്ള ഭവന നിർമിതി തുടങ്ങിയവയൊക്കെ ആവാം. ഇവിടെയും ദുരിതം അനുഭവിക്കുന്നത് മേല്‍പറഞ്ഞ സാഹചര്യങ്ങളില്ലാത്ത സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതും, പുറംജോലികളിൽ ഏർപ്പെടുന്നതുമായ സാധാരണക്കാരാണ്. 

Read also: ക്ഷീണമകറ്റാൻ പൈക്കൾക്ക് ട്രിപ്പിൾ മിക്സ് പൗഡർ പ്ലസ്: വേനൽ പരിപാലനത്തിൽ ശ്രദ്ധിക്കാൻ പത്തു കാര്യങ്ങൾ 

കന്നുകാലികളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. വൻകിട ഫാമുകളും, ആധുനിക ഫാമുകളും, ഫാൻ, എക്സോസ്റ്റ്ഫാൻ, സ്പ്രിംഗ്ളർ, ഉയർന്ന മേൽക്കൂര, തുറസ്സായ രീതിയിലുള്ള ആധുനിക ഫാം നിർമിതി, സ്വന്തമായി തീറ്റപുൽ കൃഷി, 24 മണിക്കൂറും മുടങ്ങാതെയുള്ള കുടിവെള്ളം തുടങ്ങിയവ കന്നുകാലികൾക്ക് ഉറപ്പു വരുത്തുന്നു. തന്മൂലം ചൂടിന്റെ ആഘാതം ഒരു പരിധി വരെ കുറയ്ക്കാൻ കഴിയുന്നുണ്ട്. എന്നാല്‍ വീടിന്റെ ചായ്പിലും, ഉയരം കുറഞ്ഞ മേൽക്കൂരയുള്ള ഇടുങ്ങിയ തൊഴുത്തിലും, തകരഷീറ്റ്, ടാർപോളിൻ ഷീറ്റ് തുടങ്ങിയ മേൽക്കൂരയിൽ തീർത്തതും പരിമിതമായ വായു സഞ്ചാരത്തിന് സൗകര്യമുള്ളതുമായ ഷെഡുകളിലുമാണ് ഭൂരിപക്ഷം ചെറുകിട നാമമാത്ര കർഷകരും രണ്ടും മൂന്നും പശുക്കളെ വളർത്തുന്നത്. ഇത്തരം ഷെഡുകളിൽ ചൂട് കൂടുതലാണെന്നും ഷെഡ് പുതുക്കി പണിയണമെന്നും ആഗ്രഹിക്കാത്തതു കൊണ്ടല്ല. മറിച്ച് സാമ്പത്തിക ബുദ്ധിമുട്ടാണ് അവരുടെ മുന്നിലുള്ള പ്രശ്നം. പാടത്തു നിന്നും പറമ്പിൽ നിന്നും പുല്ല് ശേഖരിച്ചാണ് ഇവർ പശുക്കൾക്ക് നൽകിയിരുന്നത്. വേനൽ കടുത്തതോടെ പുല്ല് കരിഞ്ഞ് തീർന്നു. പുല്ല് വളർത്താൻ സ്ഥലമില്ലാത്തവർ എന്തു ചെയ്യും? ഇടുങ്ങിയ പശുത്തൊഴുത്തിൽ ഫാൻ ഘടിപ്പിച്ചാൽ തന്നെ മുകളിലുള്ള ചൂട് കാറ്റാണ് ലഭിക്കുന്നത്. അതു പശുക്കൾക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. വെള്ളം കുറവാണെങ്കിലും ഇടയ്ക്കിടയ്ക്ക് നനയ്ക്കുന്നത് മാത്രമാണ് ചെറിയ ആശ്വാസം ഇതും കൂടിയ അന്തരീക്ഷ ഈർപ്പവും കഠിനമായ ചൂടും മൂലം വേണ്ടത്ര ഫലം ചെയ്യുന്നില്ല. ചൂടിനെ പ്രതിരോധിക്കാനും, ചൂടു മൂലമുള്ള പ്രശ്നങ്ങൾ ലഘൂകരിക്കാനും ധാതുലവണ മിശ്രിതങ്ങൾ വാങ്ങി നൽകാനും, അധികമായി പണം കണ്ടെത്തണം. പാലിന്റെ അളവ് ഗണ്യമായി കുറഞ്ഞതിനാൽ വരുമാനവും കുറഞ്ഞു. നിത്യവൃത്തിക്കുള്ള മാർഗമാണ് ചെറുകിടക്കാർക്ക് പശുവളർത്തൽ. പ്രതികൂല കാലാവസ്ഥമൂലം ഇവര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇനി ചൂടിന്റെ ആഘാതം മൂലം പശു മരണപ്പെട്ടാൽ നഷ്ടം സ്വയം സഹിക്കാനേ നിവൃത്തിയുള്ളൂ. കാരണം മിക്കവാറും പശുക്കൾക്ക് ഇൻഷുറൻസ് പരിരക്ഷയില്ല. എല്ലാ ദുരന്തങ്ങളും ബാധിക്കുന്നത് പാവപ്പെട്ടവരെയും ഇടത്തരക്കാരെയുമാണെന്ന യാഥാർഥ്യം പശുവളർത്തലിലും യാഥാർഥ്യമാകുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com