ADVERTISEMENT

ഏറ്റവും വിലപിടിപ്പുള്ള കലാസൃഷ്ടികളിലൊന്ന് എന്ന റെക്കോർഡ് സ്വന്തമാക്കിയ ചിത്രമാണ് ആൻഡി വാർഹോളിന്റെ 'ഷോട്ട് സേജ് ബ്ലൂ മെർലിൻ'. 2022 ൽ ലേലത്തിൽ വിറ്റു പോയ ചിത്രം ആൻഡി വാർഹോള്‍ എന്ന കലാകാരന്റെ 5 മെർലിൻ മൺറോ ഛായാചിത്രങ്ങളിലൊന്നാണ്. ആ 5 ചിത്രങ്ങൾക്കും കൂടി 2460 കോടി രൂപ വില മതിക്കുമെങ്കിലും 'ഷോട്ട് സേജ് ബ്ലൂ മെർലിൻ' എന്ന ഒറ്റച്ചിത്രത്തിനു മാത്രം വില 1620 കോടി രൂപയാണ്.

മെർലിൻ ഷോട്ടുകൾ, Image Credit: Christie's / Marilyn Shots © Andy Warhol 1964
മെർലിൻ ഷോട്ടുകൾ, Image Credit: Christie's / Marilyn Shots © Andy Warhol 1964

വെള്ളിത്തിരയിലെ ഇതിഹാസമായിരുന്ന മെർലിൻ മൺറോയെ അവരുടെ മരണശേഷം തന്റെ ചിത്രങ്ങളിൽ അനശ്വരമാക്കി നിലനിർത്താൻ ആഗ്രഹിച്ച വാർഹോള്‍ 1964 ൽ സിൽക്ക്സ്ക്രീൻ പെയിന്റിങ്ങുകളുടെ ഒരു പരമ്പര വരച്ചു. 40 ഇഞ്ച് ചതുരാകൃതിയിലുള്ള മെർലിൻ മൺറോയുടെ 5 ഛായാചിത്രങ്ങളായിരുന്നു അത്. 1953-ലെ നയാഗ്ര എന്ന ചിത്രത്തിന് വേണ്ടിയുള്ള ഒരു പബ്ലിസിറ്റി ഫോട്ടോയെ അടിസ്ഥാനമാക്കിയാണ് വാർഹോൾ മൺറോയുടെ ഛായാചിത്രങ്ങൾ സൃഷ്ടിച്ചത്. ചുവപ്പ്, ഓറഞ്ച്, ഇളം നീല, ആകാശ നീല, ടർക്കോയ്സ് എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളിലുള്ള ചിത്രങ്ങൾ, വാർഹോൾ  മാൻഹട്ടനിലെ ഈസ്റ്റ് 47-ാം സ്ട്രീറ്റിലുള്ള തന്റെ സ്റ്റുഡിയോയായ ദ് ഫാക്ടറിയിൽ സൂക്ഷിച്ചു.

ആൻഡി വാർഹോളിന്റെ മെർലിൻ പെയിന്റിംഗുകളുടെ ഉറവിട ചിത്രം. Image Credit: 2022 The Andy Warhol Foundation for the Visual Arts, Inc. / Artists Rights Society (ARS), New York
ആൻഡി വാർഹോളിന്റെ മെർലിൻ പെയിന്റിംഗുകളുടെ ഉറവിട ചിത്രം. Image Credit: 2022 The Andy Warhol Foundation for the Visual Arts, Inc. / Artists Rights Society (ARS), New York

അവയിൽ ബ്ലൂ ഷോട്ട് മെർലിൻ 1967-ൽ പീറ്റർ ബ്രാന്റ് 5,000 ഡോളറിനു വാങ്ങി. ഷോട്ട് റെഡ് മെർലിൻ 1989-ൽ ക്രിസ്റ്റീസ് എന്ന ലേലകമ്പനിയിൽ 41 ലക്ഷം ഡോളറിന് മസാവോ വാനിബുച്ചി വാങ്ങിയതോടെയാണ് ഷോട്ട് മെർലിൻസിന്റെ മൂല്യം വർധിക്കുന്നത്. കലാവിപണിയിലെ മാന്ദ്യത്തിനിടയിലും 1998-ൽ ഓറഞ്ച് മെർലിൻ സി ന്യൂഹൗസ് 17.3 ദശലക്ഷം ഡോളറിന് വാങ്ങി. അദ്ദേഹത്തിന്റെ മരണശേഷം കെന്നത്ത് സി. ഗ്രിഫിൻ 2017-ൽ ഏകദേശം 200 ദശലക്ഷം ഡോളറിനാണ് ആ ചിത്രം കരസ്ഥമാക്കിയത്.

ടർക്കോയിസ് മെർലിൻ 2007-ൽ 80 ദശലക്ഷം ഡോളറിന് സ്റ്റീവ് കോഹൻ വാങ്ങിയപ്പോൾ എല്ലാ പ്രതീക്ഷകളെയും കടത്തി വെട്ടി ഷോട്ട് സേജ് ബ്ലൂ മെർലിൻ 2022 മേയ് 9 ന് 195 ദശലക്ഷം ഡോളറിന് വിറ്റു പോയി. അതായത് 1620 കോടി 34 ലക്ഷം രൂപയ്ക്ക്.! 2015 മേയ് മാസത്തിൽ 179.4 ദശലക്ഷം ഡോളറിന് വിറ്റ പിക്കാസോയുടെ 'ലെസ് ഫെമ്മെസ് ഡി അൾജർ' എന്ന ചിത്രത്തിന്റെ റെക്കോർഡ് തകർത്ത വിൽപനയായിരുന്നു അത്.

English Summary:

Dive into the Colorful History of Shot Merlins & Their Record-Breaking Sales

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com