52 വർഷം കടലിൽ ‘ഒഴുകി നടന്ന’ ഓർമകൾ കാൻവാസിലേക്ക് പകർത്തി എം.കെ. വേണുഗോപാൽ
Mail This Article
ഇന്ത്യൻ നേവിയിലും മർച്ചന്റ് നേവിയിലുമായി 52 വർഷം കടലിൽ ‘ഒഴുകി നടന്ന’ കാലത്തു കണ്ട കാഴ്ചകൾ എം.കെ.വേണുഗോപാൽ എന്ന 80 കാരൻ ഓർമയിൽ നിന്നെടുത്തു കാൻവാസിൽ പകർത്തി പ്രദർശനം ഒരുക്കിയിരിക്കുന്നു. കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ഡിസൈൻ ആശ്രം ഗാലറിയിലാണു ‘വാട്സ് ഇൻ എ നെയിം’ തിയറ്റർ കമ്പനിയുടെ നേതൃത്വത്തിൽ വേണുഗോപാലിന്റെ ചിത്രങ്ങളുടെ പ്രദർശനം നടത്തുന്നത്.
16 വയസ്സു തികയും മുൻപു ഇന്ത്യൻ നേവിയിൽ ചേർന്ന വേണുഗോപാൽ 31 വയസ്സിൽ വിരമിച്ചു. ഉടൻ മർച്ചന്റ് നേവിയിൽ ചേർന്നു. അങ്ങനെ ലോകം മുഴുവൻ സഞ്ചരിച്ചു. 68 –ാം വയസ്സിൽ ഉയർന്ന നിലയിൽ ജോലിയിൽ നിന്നു വിരമിച്ചു. ഇനി എന്തു എന്ന ചോദ്യത്തിനു വിശ്രമം എന്നു ഉത്തരം പറയാൻ തയാറല്ലാത്ത വേണുഗോപാൽ താൻ കണ്ട കാഴ്ചകളെ കാൻവാസിലേയ്ക്കു പകർത്താൻ തീരുമാനിച്ചു. മനസ്സിൽ പല ചിത്രങ്ങളും തെളിയുന്നുണ്ട്. ആംസ്റ്റർഡാം, സ്വിറ്റ്സർലൻഡ്, ന്യൂസീലൻഡ് തുടങ്ങി വിവിധ സ്ഥലങ്ങളിലെ കാഴ്ചകൾ. കടലും കപ്പലും വില്ലകളും പ്രകൃതിയും എല്ലാം കാൻവാസിൽ ആവിഷ്കരിച്ചു.
ചിത്രരചന പഠിച്ച ആളല്ല വേണുഗോപാൽ. മുൻപു വരച്ച ആളുമല്ല. എൺപതോടടുത്ത കാലത്തു തോന്നിയ മോഹം ഇച്ഛാശക്തിയിലൂടെ സഫലമാക്കിയതിന്റെ സാക്ഷ്യങ്ങളാണു ഗാലറിയിലെ ചുമരിൽ തൂങ്ങുന്ന അൻപതോളം ചിത്രങ്ങൾ. ഉള്ളിലൊളിപ്പിച്ച അർഥങ്ങൾ കൊണ്ടു കാഴ്ചക്കാരനെ അമ്പരപ്പിക്കുന്ന അത്യന്താധുനിക രീതിയിൽ നിന്നു വ്യത്യസ്തമായി ഒറ്റ നോട്ടത്തിൽ മനസ്സിൽ ആനന്ദം നിറയ്ക്കുന്ന രീതിയാണു വേണുഗോപാലിന്റെ ചിത്രങ്ങൾ.
ചിത്രരചനയിൽ താൽപര്യമുള്ള പേരക്കുട്ടി സുജേതയാണു ചിത്രരചന നടത്താൻ പ്രേരിപ്പിച്ചതെന്നു വേണുഗോപാൽ പറഞ്ഞു. പന്തീരാങ്കാവ് നീരാട്ടുകുന്ന് മൂവിൻ വില്ലയിൽ ഇരുന്നു ചിത്രങ്ങൾ വരയ്ക്കുമ്പോൾ തൊട്ടടുത്തു ഭാര്യ ചന്ദ്രിക ഉണ്ട്. സർവീസ് കാലത്തു ശീലിച്ച കൃത്യനിഷ്ഠയും തിരമാലകൾക്കു മീതെ നടത്തിയ ലോക സഞ്ചാരവും നൽകിയ മനക്കരത്തു ചിത്രരചനയിലും വേണുഗോപാലിനു കൂട്ടായി. പ്രദർശനം 31 നു സമാപിക്കും. രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണു ഗാലറി സമയം.