ADVERTISEMENT

60,000 തേനീച്ചകൾ ചേർന്ന് രണ്ടു വർഷം കൊണ്ട് ഒരു പ്രതിമ നിർമിക്കുക. അതും ഈജിപ്തിലെ രാജ്ഞിയായ നെഫെർറ്റിറ്റിയുടെ പ്രതിമ. ആരെയും അതിശയിപ്പിക്കുന്ന ഈ കലാരൂപത്തിനു പിന്നിൽ സ്ലോവാക്യൻ കലാകാരൻ ടോമാസ് ലിബർട്ടിനിയുടെ ആശയമാണ്.

Image credits: Tomáš Libertíny / Studio Libertiny
Image credits: Tomáš Libertíny / Studio Libertiny

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം പഠിക്കാനും അതുമായി ബന്ധപ്പെട്ട് കലാരൂപങ്ങൾ സൃഷ്ടിക്കുവാനുമുള്ള ശ്രമത്തിന്റെ ഭാഗമായി ടോമാസ് തന്റെ സ്റ്റുഡിയോയായ ലിബർട്ടിനിയിൽ ശിൽപനിർമാണത്തിനായി കളിമണ്ണ്, ലോഹം പോലെയുള്ളവയ്ക്കു പകരം തേനീച്ചമെഴുക് ഉപയോഗിക്കുകയായിരുന്നു.

സംസ്കരിച്ച മെഴുക് പോലെയല്ല തേനീച്ചമെഴുക്. അതുകൊണ്ടുതന്നെ മേഡ് ബൈ ബീസ് സീരീസ് എന്ന തന്റെ പ്രോജക്ടിനായി ഒരു കൂട്ടം തേനീച്ചകളുടെ സഹായം ടോമാസ് സ്വീകരിച്ചു.

നെഫെർറ്റിറ്റിയുടെ രൂപത്തിൽ  3ഡി ഫ്രെയിം,  Image credits: Tomáš Libertíny / Studio Libertiny
നെഫെർറ്റിറ്റിയുടെ രൂപത്തിൽ 3ഡി ഫ്രെയിം, Image credits: Tomáš Libertíny / Studio Libertiny

അതിനായി ആദ്യം നെഫെർറ്റിറ്റിയുടെ രൂപത്തിൽ ഒരു 3ഡി ഫ്രെയിം നിർമിച്ചു. അതിന് ചുറ്റും തേനീച്ചമെഴുകു കൊണ്ട് കൂട് നിർമിക്കാൻ തേനീച്ചകളെ ഉപയോഗിച്ചു. തികച്ചും പ്രകൃതിദത്തമായി നെഫെർറ്റിറ്റിയുടെ ശിൽപം നിർമിക്കപ്പെട്ടു.

Image credits: Tomáš Libertíny / Studio Libertiny
Image credits: Tomáš Libertíny / Studio Libertiny

പ്രകൃതിമാതാവിന്റെ ശക്തിയുടെയും കാലാതീതതയുടെയും തെളിവായിട്ടാണ് ടോമാസ് ആ ശിൽപത്തെ കണ്ടത്. അതുപോലെ നെഫെർറ്റിറ്റിയെ പ്രതിബന്ധങ്ങൾക്കെതിരെ നിൽക്കുന്ന ശക്തയായ ഒരു സ്ത്രീയുടെ പ്രതിരൂപമായിട്ടും. അതിനാലാണ് അദ്ദേഹം ശിൽപത്തെ എറ്റേണിറ്റി എന്ന് വിളിച്ചത്.

രണ്ട് ഘട്ടങ്ങളിലായിട്ടാണ് ശിൽപം വികസിപ്പിച്ചെടുത്തത്. ആദ്യം, 2019 കുൻസ്ഥാൽ റോട്ടർഡാമിൽ ഒരു തത്സമയ ഇൻസ്റ്റലേഷനായി എറ്റേണിറ്റി പ്രദർശിപ്പിച്ചു. അവിടെ സന്ദർശകർക്ക് തത്സമയം ഈ കലാസൃഷ്ടി നിർമിക്കുന്നത് നിരീക്ഷിക്കാൻ അവസരമുണ്ടായിരുന്നു. രണ്ടാമതായി, 2020 ൽ പ്രതിമ പൂർത്തിയായതോടെ, ആംസ്റ്റർഡാമിലെ റേഡ് മേക്കേഴ്‌സ് ഗാലറിയിൽ ടോമാസിന്റെ സോളോ ഷോയുടെ ഭാഗമായി പ്രദർശിപ്പിച്ചു.

Image credits: Tomáš Libertíny / Studio Libertiny
Image credits: Tomáš Libertíny / Studio Libertiny

തേനീച്ചമെഴുക് ഈടുനിൽക്കുന്ന വസ്തുവായതിനാൽ ലിബർട്ടിനിയുടെ ശിൽപം ശരിയായി പരിപാലിച്ചാൽ ആയിരക്കണക്കിനു വർഷങ്ങളോളം കേടുകൂടാതെയിരിക്കും. നെതർലൻഡ‍്സിലെ റോട്ടർഡാമിലെ സ്റ്റുഡിയോ ലിബർട്ടിനി എന്ന തന്റെ ശിൽപനിർമാണശാലയിൽ ഇതേ രീതിയിൽ തേനീച്ചകൾ നിർമിച്ച മറ്റു സൃഷ്ടികള്‍ക്കും ടോമാസ് നേതൃത്വം നൽകി. 

‘‘പ്രകൃതി എപ്പോഴും മാറിക്കൊണ്ടിരിക്കുന്നു. അതിനാൽ ഈ സൃഷ്ടിപ്രക്രിയയിൽ പ്രഫഷനലായി തേനീച്ച വളർത്തുന്നവരുമായി എനിക്ക് അടുത്ത് സഹകരിക്കേണ്ടി വന്നു. തേനീച്ചകളുമായി പ്രവർത്തിക്കുന്നത് നിങ്ങളെ ദയയും ക്ഷമയും പഠിപ്പിക്കുന്നു. അഹങ്കാരിയായ ഒരു തേനീച്ചവളർത്തുകാരനെയും ഞാൻ കണ്ടിട്ടില്ല. ചിലപ്പോൾ നിര്‍മിതി ഒരിടത്ത് കൂടുതലായിരിക്കും. മറ്റൊരിടത്ത് ചിലപ്പോൾ പൂർത്തിയാകില്ല. നിങ്ങൾക്ക് പൂർണമായും പ്രവചിക്കാൻ കഴിയുന്ന ഒന്നല്ലാതതിനാൽ, അന്തിമഫലം എല്ലായ്പ്പോഴും ആശ്ചര്യകരമാണ്’’ – ടോമാസ് പറയുന്നു.

English Summary:

Bees Work for Two Years to Create Majestic Nefertiti Statue, Idea by Tomas Libertini

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com