ADVERTISEMENT

ജനനാൽ അമേരിക്കൻ പൗരനായിരുന്നെങ്കിലും അമേരിക്കയിൽ നാൽപതുകളിൽ നിലനിന്നിരുന്ന കടുത്ത കമ്യൂണിസ്റ്റ് വിരോധത്തിന്റെ (ഇക്കാലം അറിയപ്പെടുന്നത് മക്കാർത്തി യുഗം എന്നാണ്) ഒട്ടേറെ ഇരകളിൽ ഒരാളായിരുന്നു ജൂൾ ഡാസിൻ. 

ഒരു കമ്യൂണിസ്റ്റ് അനുഭാവിയായി മുദ്രകുത്തപ്പെട്ട ജൂൾ ഡാസിൻ  ഹോളിവുഡിൽ സിനിമാപ്രവർത്തനത്തിൽ ഏർപ്പെടുന്നതിനു നിരോധനം ഏർപ്പെടുത്തുകപോലുമുണ്ടായി.

തുടർന്ന് അദ്ദേഹം ഫ്രാൻസിലേക്കും അവിടെനിന്ന് അചിരേണ ഗ്രീസിലേക്കും പ്രവർത്തനമണ്ഡലം മാറ്റിപ്പണിയുകയായിരുന്നു. ഫ്രാൻസിലെത്തി ആദ്യം നിർമിച്ച ചിത്രമായിരുന്നു റിഫിഫി (1955). അതിനു കാൻഫെസ്റ്റിവലിൽ മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ചു.

1957 ൽ ഫ്രഞ്ച്–ഇറ്റാലിയൻ സംയുക്ത സംരംഭത്തിൽ രൂപമെടുത്ത കൃതിയത്രെ ഹി ഹു മസ്റ്റ് ഡൈ. നിക്കോളാസ് കസാൻസാക്കിസിന്റെ പ്രശസ്ത ഗ്രീക്ക് നോവലായ ക്രൈസ്റ്റ് റീക്രൂസിഫൈഡ് (ദ് ഗ്രീക്ക്പാഷൻ എന്ന പേരിലും ഈ കൃതി ഭാഷാന്തരം ചെയ്യപ്പെട്ടിട്ടുണ്ട്) ആണ് ആധാരം. 

ഒന്നാം ലോകയുദ്ധം കഴിഞ്ഞിട്ടേയുള്ളൂ. ഇപ്പോഴും തുർക്കിയുടെ അധിനിവേശത്തിൽ കഴിയുന്ന ആ ഗ്രീക്ക് ഗ്രാമത്തിലെ രണ്ട് അധികാരകേന്ദ്രങ്ങളാണ് തുർക്കിപ്രതിനിധിയും പൊലീസ്മേധാവിയുമായ ആഗയും പള്ളിവികാരി ഗ്രിഗോറിസും.  ഒരു ഗ്രാമപ്രദേശമാകെ തദ്ദേശവാസികളെ കുതിരപ്പടയെ നിയോഗിച്ച് ഒഴിപ്പിച്ചശേഷം അഗ്നിക്കിരയാക്കുന്ന ഹൃദയഭേദകമായ കാഴ്ചയോടെയാണ് ചിത്രാരംഭം. കെടുതികൾ ബാക്കിവച്ച് തരിപ്പണമായി മാറിയിരുന്ന തരിശു മലഞ്ചെരിവു കയറി, മധ്യവയസ്കനായ ഇടവക വികാരി നടന്നുചെന്നു. ബാക്കിനിന്ന രണ്ടു മതിൽക്കെട്ടുകൾക്കിടയിലെ ഇടുക്കുവഴിയിൽ ആബാലവൃദ്ധം ജനങ്ങൾ കൂട്ടംചേർന്ന് അഭയംതേടി തിങ്ങിക്കൂടി നിന്നിരുന്നു. 

he-who-must-die1
അഗ്നിക്കിരയാക്കപ്പെട്ട ഗ്രാമം

അനാഥത്വവും ഭയവും നിറഞ്ഞ അവരുടെ ഇടയിലേക്ക് ആശ്വാസത്തിന്റെ സന്ദേശവുമായി വൈദികൻ കയറിച്ചെന്നു. ഉറക്കെ വിലപിച്ചുകൊണ്ടിരുന്ന മുതിർന്ന സ്ത്രീയോട് അദ്ദേഹം പറഞ്ഞു:

കരയരുത്, ഒരു നാൾ നമ്മൾ തുർക്കികളെ ഇവിടെനിന്ന് ഓടിച്ചുവിടും. 

കൂട്ടത്തിൽനിന്ന് തോളിൽ ഒരു മാറാപ്പുമായി ഒരു പടുവൃദ്ധൻ അങ്ങോട്ടു നടന്നടുത്തുകൊണ്ടു പറഞ്ഞു: നിൽക്കൂ. 

അടുത്തുനിന്ന ചെറുപ്പക്കാരനോടു വൈദികൻ നിർദേശിച്ചു: ആ മാറാപ്പ് ഒന്നേറ്റുവാങ്ങൂ. 

വൃദ്ധൻ പ്രതിഷേധിച്ചു: തൊട്ടുപോകരുത് ആരും. എന്റെ അച്ഛന്റെ അസ്ഥികളാണിതിൽ. 

അദ്ദേഹത്തിന്റെ അച്ഛന്റെയും. പുതിയ ഗ്രാമം നമുക്ക് ഇതിനു മുകളിൽ കെട്ടിയുയർത്തണം.

പുറപ്പെടാനുള്ള തയാറെടുപ്പുമായി പാതിരി ആവശ്യപ്പെട്ടു: എഴുന്നേൽക്കൂ. എല്ലാവരും ചാടി എഴുന്നേറ്റു. 

നമുക്കു വേറൊരു ഗ്രാമം കണ്ടുപിടിക്കാം. സഹോദരങ്ങളായ നമ്മളെ സ്വീകരിക്കുവാൻ സന്നദ്ധതയുള്ള സുമനസ്സുകളെ കണ്ടെത്താം. 

അവരൊത്തുകൂടി അന്വേഷണയാത്ര ആരംഭിക്കുകയായി. വലിയൊരു ബാനറുമായി അവർ പുറപ്പെട്ടു.

the-town-squareok
പട്ടണത്തിന്റെ ചത്വരം

ആ ചെറുപട്ടണചത്വരത്തിൽ ആളുകൾ പലവിധ തിരക്കുകളുമായി വർത്തിക്കുകയായിരുന്നു. തിരക്കിട്ടു ക്ഷൗരംചെയ്യുന്ന വഴിയരികിലെ ബാർബർ, പൊതുക്കിണറിൽനിന്നു വെള്ളം ശേഖരിച്ചുപോകുന്ന സ്ത്രീകൾ, നിറതോക്കുമായി പാറാവു ചുറ്റുന്ന പൊലീസുകാരൻ, ആടു മേയ്ക്കാനിറങ്ങിയ ഇടയത്തികൾ, വെറുതെ കറങ്ങിനടക്കുന്ന കുറെ ചെറുപ്പക്കാർ എന്നിങ്ങനെ അവിടം സജീവമാണ്.

 ബാൽക്കണികളിൽ മുഖ്യമായതൊന്നിൽ, പെരുമീശക്കാരനും മൊട്ടത്തലയനുമായ ആഗ അയാളുടെ പരിചാരകനായ പയ്യൻ തന്റെ കഴിവിനൊത്തു പാടിക്കൊണ്ടിരുന്ന പാട്ടാസ്വദിച്ച് സുഖസംതൃപ്തികളുടെ പ്രതിബിംബമെന്നപോലെ ചാരുകസാലയിൽ സുസ്മേരവദനനായി ആലസ്യത്തോടെ കണ്ണുമടച്ചു കിടന്നു. ഇടയ്ക്കിടെ ആഗയെ നോക്കി, അയാളുടെ കരചലനം ശ്രദ്ധിച്ച്, മദ്യത്തിനുവേണ്ടിയുള്ളതു തിരിച്ചറിഞ്ഞ്, മുറതെറ്റാതെ ഒഴിച്ചുകൊടുക്കാനായി പിന്നിൽ നിർത്തിയിട്ടുള്ള ഉഴപ്പൻ  കാവൽക്കാരനെ ചാട്ടവാറുകൊണ്ടുള്ള ഒരടിയിൽ ഉണർത്തി, പയ്യൻ പാട്ടു തുടർന്നു. 

ചഷകം നിറച്ചുകിട്ടിയതും ആഗ പെരുത്തൊരിഷ്ടത്തോടെ പയ്യനെ നോക്കിച്ചിരിച്ചു.

Aghaok
ആഗ

ആ രംഗത്തിനു പിന്നിൽ, കാണാമറയത്ത് ഒരധ്യാപകൻ ക്ലസ്മുറിയിൽ കുട്ടികളെ അഭിനയിച്ചു കാണിച്ചു: തങ്ങളെങ്ങനെയാണ് തുർക്കിപ്പടയെ തുരത്താൻ പോകുന്നതെന്ന്. അവരുടെ ലക്ഷങ്ങളെ നമ്മുടെ ആയിരങ്ങൾ എങ്ങനെ വകവരുത്തുമെന്ന്. 

അപ്പോൾ ജനാലയ്ക്കു പുറത്തുനിന്ന് എല്ലാം വീക്ഷിച്ച പോസ്റ്റ്മാൻ  മുന്നറിയിപ്പു നൽകി: സൂക്ഷിക്കണം, നിങ്ങൾ തുർക്കികളെപ്പറ്റി പറഞ്ഞത് ആഗയോ മറ്റോ അറിഞ്ഞാൽ–

അധ്യാപകൻ ആകാംക്ഷയോടെ ചോദിച്ചു: അറിഞ്ഞാൽ?

പോസ്റ്റ്മാൻ: കഴുത്തിൽ കയറു മുറുകും. അതിരിക്കട്ടെ, ആഗ നിങ്ങൾക്കു റജിസ്ട്രേഷൻ തന്നോ?

അധ്യാപകൻ: അയാൾക്കു തരാതിരിക്കാൻ കഴിയില്ല.

(അപ്പോൾ അതുവഴി ഒരപരിചിതൻ കടന്നുപോയി. ഇരുവരും നിശ്ശബ്ദരായി.)

അധ്യാപകൻ ഒറ്റശ്വാസത്തിനു സാമാന്യം ഉറക്കെത്തന്നെ പറഞ്ഞു: ആഗ കനിവുള്ള മനുഷ്യനാണ്, അതെല്ലാവർക്കും അറിയാം. 

പോസ്റ്റ്മാൻ അർഥവത്തായി പ്രതിവചിച്ചു: നിങ്ങളുടെ വാക്കുകൾ ദൈവം കേൾക്കട്ടെ.

കുറെ വൃദ്ധന്മാർ ഒരു കൊച്ചുബാറിന്റെ മുറ്റത്തു സൊറ പറഞ്ഞിരിക്കുകയായിരുന്നു. അപ്പോൾ അങ്ങോട്ടു കടന്നുവന്ന പോസ്റ്റ്മാനെ കണ്ട് അവരിലൊരാൾ വിളിച്ചുപറഞ്ഞു:

ദേ നമ്മുടെ പോസ്റ്റ്മാൻ– 

മറ്റൊരാൾ: കുറെക്കാലമായല്ലോ ഇങ്ങോട്ടൊക്കെ കണ്ടിട്ട്.

മൂന്നാമൻ: വരാതെയിരിക്കുന്നതിനെക്കാൾ ഭേദമല്ലേ വല്ലപ്പോഴുമെങ്കിലും പ്രത്യക്ഷപ്പെടുന്നത്?

പോസ്റ്റ്മാൻ പടിക്കൽ വന്നുനിന്നു. അപ്പോൾ ഇനിയൊരാൾ ചോദിക്കുന്നതു കേട്ടു. എനിക്കിന്നും ഒന്നുമില്ലേ? സ്മിർണയിലുള്ള എന്റെ പെങ്ങൾ ഗർഭിണിയായിട്ട് ഇപ്പോൾ പതിനെട്ടു മാസമെങ്കിലുമായി. 

മറ്റൊരാൾ: ഓ– അത്രയുമായോ?

വേറൊരാൾ: അവൾക്കെന്തു സംഭവിച്ചു?

പോസ്റ്റ്മാൻ: അവളിപ്പോൾ ഗർഭിണിയല്ല. നിങ്ങൾക്ക് ഒരു അനന്തിരവനുണ്ടായി എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. 

ഒരുവൻ പടിയിറങ്ങി വന്നുകൊണ്ട് പറഞ്ഞു: യന്നാക്കോസ്– എഴുത്തെല്ലാം നിങ്ങൾ തുറന്നു നോക്കുമെന്ന് ഞങ്ങൾക്കറിയാം. പിന്നെന്തിനാണ് നിങ്ങളതെല്ലാം തിരിച്ച് പശയൊട്ടിച്ചു മടക്കിവയ്ക്കുന്നത്?

പോസ്റ്റ്മാൻ കൈമലർത്തി: അതെനിക്കുള്ള ശിക്ഷയാണ്. 

എല്ലാവരും കൂട്ടച്ചിരി ചിരിച്ചു. 

ബാറിലെ ഒരതിഥി അകത്തേക്കു വിളിച്ചു പറഞ്ഞു: ഹോയ് താവീസ്, യന്നാക്കോസിന് ഒരു റാക്കി. 

അവർ രണ്ടുമൂന്നുപേർ ചേർന്നു പോസ്റ്റ്മാനെ ഉത്സാഹത്തിൽ പടികൾ കയറ്റി അകത്തേക്കാനയിച്ചു. നേരത്തേ സംസാരിച്ച സുഹൃത്ത് ആവർത്തിച്ചു പറഞ്ഞു സന്തോഷിച്ചു: എനിക്കൊരു അനന്തരവൻ ഉണ്ടായെന്ന് ഈയാൾ പറഞ്ഞല്ലോ!

ബാറിനുള്ളിൽ, കുപ്പിയിൽനിന്നു മദ്യം ഗ്ലാസിലേക്കു പകരുംമുൻപ് ഒരു ദ്രാം കൊതിയോടെ സ്വയം അകത്താക്കാനൊരുങ്ങിയ ഉടമ ഭാര്യയുടെ മൂളലിൽ ഞെട്ടി വിഷണ്ണനായി നിന്നു. തുടർന്ന് അവൾ അയാളുടെ പുറംകയ്യിൽ തവികൊണ്ട് ഒരു കൊട്ടുകൊടുത്തു കടന്നുപോയി. 

പുറംതിണ്ണയിൽ നിന്ന് ഈ ദൃശ്യം കണ്ടുകൊണ്ടിരുന്ന പറ്റുകാർ തമ്മിൽ പറഞ്ഞു:  എന്താരു ദുഷ്ടനാണയാൾ!

അവരിൽ പടുവൃദ്ധനായ ആൾ രോഷപ്പെട്ടു: ഹേ മനുഷ്യാ– തനിക്കു നാണമില്ലേ മറ്റുള്ളവരുടെ മുൻപിൽ വച്ച് സ്വന്തം ഭാര്യയെ അടിക്കാൻ? 

തുടർന്ന് ഉടമയുടെ കുമ്പസാരം കേട്ടു: അവളെ അധികം വേദനിപ്പിക്കാതിരിക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട്. 

മറ്റൊരു പറ്റുകാരൻ ഇടപെട്ടു: സ്ത്രീകളെ അവരുടെ നിലയ്ക്കു നിർത്തേണ്ടതുണ്ട്.

അതിനുള്ള മറുപടിയെന്നോണം അവരൊരുമിച്ചു പൊട്ടിച്ചിരിച്ചു. 

അപ്പോൾ അവരിലൊരുവൻ പുറത്തെ വഴിയിലേക്കു ചൂണ്ടി ചോദിച്ചു: ദാ, ആ വരുന്നവളോ? ആരുണ്ട് അവളെ പഠിപ്പിക്കാൻ?

വഴിയിൽ ദൂരെ നിന്നു തോളിൽച്ചുമന്ന പാൽപ്പാത്രവുമായി കാതറീന മദാലസയായി നടന്നുവരുന്നുണ്ടായിരുന്നു. 

Katarinaok
കാതറീന

വൃദ്ധന്മാർ എഴുന്നേറ്റുനിന്നു താഴത്തെ വഴിയിലൂടെ നീങ്ങിയ അവളെ കൗതുകപൂർവം നോക്കി വിഡ്ഢിച്ചിരി ചിരിച്ചു, അകത്തുനിന്ന് അങ്ങോട്ടെത്തിയ വീട്ടുകാരി ആരോടെന്നില്ലാതെ ചിരിച്ചുകൊണ്ടു ചോദിച്ചു: ഇന്നൽപം നേരത്തേയായിപ്പോയില്ലേ?

ഒപ്പം ഒരാടിനെയും നടത്തിവന്ന കാതറീന ചിരിച്ചുകൊണ്ടാണു പ്രതികരിച്ചത്: അപ്പറഞ്ഞതു ശരിയാണ്. പക്ഷേ, ഇവിടെ കുറെയേറെ പുരുഷന്മാർ കല്യാണം കഴിക്കാനുള്ളവരായുണ്ട്. അതുകൊണ്ട് എനിക്കു നേരത്തേ ഇറങ്ങേണ്ടതായുമുണ്ട്. 

വൃദ്ധന്മാർ അതുകേട്ടു ചിരിച്ചു: ഉറക്കെയുറക്കെ.

കാതറീന നടന്നുപോയ വഴിക്കരികിലെ വീടുകളിൽനിന്നു യുവാക്കൾ പുറത്തേറങ്ങിനിന്ന് അവളെ താൽപര്യപൂർവം ശ്രദ്ധിച്ചു. 

വഴിയരികിൽ വെറുതെ നോക്കിനിന്ന ഒരുവൻ കയ്യിലിരുന്ന വടികൊണ്ട് അവളുടെ സ്കെർട്ടിനു പിൻവശം മേലേക്കു പൊക്കിയതും അവൾ തിരിഞ്ഞുനിന്ന് അവന്റെ കയ്യിലെ കമ്പും ചേർത്ത് ഒരു തൊഴി കൊടുത്തതും ഒന്നിച്ചായിരുന്നു. അവൻ ഇളിഭ്യനായി നിന്നു. 

ചെറുപ്പക്കാരൻ ഇപ്പോഴും അവളിൽ ആകൃഷ്ടനായി അങ്ങനെ അവളെ നോക്കിനിന്നു.

മുറിക്കുള്ളിൽനിന്നു ഭാര്യ അപേക്ഷിച്ചു: പനയോതാറോസ്– ടൗണിലെ മുഴുവൻ ആൾക്കാരുടെയും മുൻപിൽവച്ച് എന്നെ അപമാനിക്കരുത്.

 അവൾ അവന്റെ കൈപിടിച്ച് അകത്തേക്കു വലിച്ചു. കൈ കുടഞ്ഞുകളഞ്ഞ് അയാൾ വാശിയോടെ അവളുടെ ഗതി തുടർന്നു നോക്കിനിന്നു. അകത്ത് രണ്ടു പെൺകുട്ടികൾകൂടി അയാളെപ്പറ്റി ആകുലപ്പെട്ടുനിൽക്കുന്നുണ്ടായിരുന്നു. പള്ളിക്കകത്തുനിന്ന് ഒരുവൻ റോഡ് കുറുകെ ഓടിക്കടന്നുവന്ന് അവളോട് അപേക്ഷിച്ചു:

(അയാളുടെ മേലാകെ ഒരു വഴുക്കൻ കരിങ്കുപ്പായത്തിൽ ആവൃതമായിരുന്നു) കാതറീനാ– വേഗം വീട്ടിലേക്കു മടങ്ങിപ്പോകൂ. നേരാംവണ്ണം വസ്ത്രം ധരിച്ചുവരൂ.

കാതറീന ഒരു ചെറുചിരിയോടെ: ഞാൻ നഗ്നയൊന്നുമല്ല!

അയാൾ: ഞാൻ പറഞ്ഞത്, മാന്യമായി വേഷംധരിച്ചു വരാനാണ് എന്നിട്ടു വേണം പള്ളിയിൽ വരാൻ.

കാതറീന: പള്ളിയിലേക്കോ? 

അയാൾ: ഫാദർ ഗ്രിഗോറിയസിന്റെ കൽപനയാണ്.

കാതറീന: ഉള്ളതോ? അതു ശരി!

കാതറീന: തിരക്കു പിടിക്കേണ്ട കാര്യമില്ല. ആഗാ ഇതുവരെയും അനുവാദം കൊടുത്തിട്ടില്ല.

അയാൾ: അതൊക്കെ ശരിയാക്കുന്നുണ്ട്. വേഗം തയാറായി വരൂ. 

പള്ളിക്കുള്ളിലേക്ക് ഓടിക്കയറിച്ചെല്ലുവാനാഞ്ഞ ദൂതനെ കാവൽക്കാരൻ തടഞ്ഞൂ. നിൽക്കൂ.

ആഗയുടെ അടുത്തേക്കു  പത്രിയാർക്കിസ്  സൗഹൃദപൂർവം കടന്നുചെന്ന് അടുത്തൊരിരിപ്പിടത്തിലമർന്ന് അപേക്ഷാസ്വരത്തിൽ നിർബന്ധിച്ചു: ഇതൊന്നു സമ്മതിക്കൂ, പ്രിയപ്പെട്ട ആഗാ. ടൗൺജനത മുഴുവൻ കാത്തിരിക്കുകയാണ്. ഏഴുകൊല്ലം കൂടുമ്പോൾ അവർ ആഘോഷിക്കുന്ന പീഡാനുഭവനാടകം കളിയാണിത്. അവസാനം കളിച്ചത് യുദ്ധം ആരംഭിച്ച 1914 ലാണ്. സമ്മതിച്ചുവെന്ന് ഒന്നു പറയൂ ആഗാ–

ഇത്രനേരവും സൗമ്യസ്നിഗ്ധമായ ഒരു പുഞ്ചിരിയുമായിരുന്ന ആഗ സംസാരിച്ചുതുടങ്ങി:

നിങ്ങളുടേതു ദുഃഖിതനായ ദൈവമാണ്. അതേ സമയം ഞങ്ങളുടെ ദൈവം ഒരുല്ലാസവാനായ കലാകാരൻ. 

നീ ദാഹിക്കുന്നവനാണെങ്കിൽ (വാ പൊളിച്ചിരുന്ന പയ്യന് റാക്ക ഒഴിച്ചുകൊടുത്തു കൊണ്ട്) അവൻ നിനക്ക് ഈ ആസ്വാദ്യകരമായ റാക്ക പ്രദാനം ചെയ്യും. വിശപ്പാണെങ്കിൽ ചിന്നാമൺ ചോറു തരും. നിനക്കു കോപം വന്നുവെന്നിരിക്കട്ടെ. അവൻ നിനക്കു പറഞ്ഞാൽ കേൾക്കുന്ന ഒരു ക്രിസ്ത്യാനിയെ തരും. പിന്നെ ഏതുതരം വിഷാദരോഗത്തിനാണു കരുത്തനായ ഈ യൂസൂഫാക്കിയെ കീഴ്പ്പെടുത്താൻ കഴിയുക?

പാത്രിയർക്കീസ്:  ശരിയാണ്. ഈ ലോകം മനോഹരമായ ഒരു വിജയമാണ്!

ആഗ: ഓ– നോക്കൂ ആ ജനാല! (താഴെ ചത്വരത്തിൽ ആൾക്കാർ കൂടിനിന്നിരുന്നു.

അപ്പോൾ എല്ലാവരുടെയും നോട്ടം തന്നിലേക്കാകർഷിച്ചുകൊണ്ടു മാദകമായി കാതറീന നടന്നുവന്നു). ആഗ തുടർന്നു പറയുന്നതുകേട്ടു: അവളെ സൃഷ്ടിച്ചിരിക്കുന്നത് നിങ്ങളുടെ പഴഞ്ചൻ തൃഷ്ണകളെ ശമിപ്പിക്കുവാനാണ്. 

Agha---Patriarch-watching-the-courtyardok
ആഗയും പാത്രിയർക്കീസും

പാത്രിയർക്കീസും ആഗയും  നോക്കിയിരുന്നു. പാത്രിയർക്കീസ് പറഞ്ഞു: അത് ഞങ്ങളുടെ ക്രിസ്ത്യൻ ഉദാരതയാണ്!

ആഗ: പക്ഷേ, ഞാൻ ആലോചിക്കുകയായിരുന്നു, പാത്രിയർക്കീസ് ഗ്രിഗോറിസ് അവളെ ആ പാപിയുടെ ഭാഗം അഭിനയിക്കാൻ തിരഞ്ഞെടുത്താൽ – എന്താണവളുടെ പേര്?

പാത്രിയർക്കീസ്: മേരി മഗ്ദലിൻ.

ആഗ: അതെ. നിങ്ങളുടെ കളിവിളയാട്ടങ്ങളും  മസാജുകളും മതിയാക്കുക –  അതൊക്കെ കടുത്ത പാപങ്ങളാണ്. 

പാത്രിയർക്കീസ്: ഓ– എന്നെ ഓർമപ്പെടുത്തിയതിനു നന്ദി. അപ്പോൾ ഇതൊരു സമ്മതമാണ്, അല്ലേ?

ഞാനവരെ അറിയിക്കട്ടേ?

ആഗ: ശരി, ചെന്നോളൂ. എന്നിട്ടു നിങ്ങൾ പരസ്പരം കുരിശിൽ തറച്ചോളൂ. 

പാത്രിയർക്കീസ് സന്തുഷ്ടനായി ചിരിച്ച് വെളിയിലേക്ക് ആംഗ്യാനുവാദം അറിയിച്ചു. 

കൂടിച്ചേരലറിയിക്കുന്ന പള്ളിമണി തുടർച്ചയായി മുഴങ്ങി. 

ആദ്യം ആ വാർത്തയിൽ ഉത്തേജിതനായത് ഇടയയുവാവായ മനോലിയോസ് ആയിരുന്നു.  മറ്റു ചെറുപ്പക്കാരിലേക്കു ക്രമേണ ആവേശം പകരുകയായി. 

പള്ളിക്കു മുൻപിൽ ആബാലവൃദ്ധം ജനങ്ങൾ ഇതിനകം കൂടിക്കഴിഞ്ഞിരുന്നു. അവർ വട്ടംകൂടി നിന്ന് രണ്ടു സ്ത്രീകളുടെ പരസ്പരാക്രമണത്തിനു കാഴ്ചക്കാരായി നിന്നു.

he-who-must-die3
പള്ളിമുറ്റത്തെ കലഹം

കാതറീനയെ പനയോതാറോസിന്റെ ഭാര്യ കടന്നാക്രമിച്ചായിരുന്നു ആരംഭം. പിടി വിടൂ എന്നു പലരും വിളിച്ചപേക്ഷിച്ചിട്ടും അവരുടെ പോരു തുടർന്നു.

കാഴ്ചക്കാരിലൊരാൾ വിളിച്ചുപറഞ്ഞു: ഞാൻ വിധവയുടെ പക്ഷമാണ്. ഉടൻ വന്നു ബദൽ കമന്റ്: ഞാൻ പനയോതാറോസിന്റെ ഭാര്യയ്ക്കൊപ്പം.  ഇടയൻ മനോലിയോസ് അങ്ങോട്ടോടിയടുത്തു ബലം പ്രയോഗിച്ച് അവരെ അടർത്തിമാറ്റി. അയാളുടെ കരബലത്തെ കാഴ്ചക്കാർ വാഴ്ത്തി. 

പനയോതാറോസിന്റെ ഭാര്യ അരിശത്തോടെ വിളിച്ചുപറഞ്ഞു: അവൾ പള്ളിക്കുള്ളിൽ കടക്കാൻ ശ്രമിച്ചു.

അതിലും വാശിയോടെ കാതറീന പ്രതിവചിച്ചു: എന്നെ വിളിച്ചിട്ടാണ് ഞാൻ  ചെന്നത്. 

ഞാൻ പറയുന്നത് മുതുക്കീ, നീ കേൾക്കുന്നുണ്ടോ? വൈദികൻ വന്നു വിളിച്ചിട്ടാണ് ഞാൻ പോയത്. 

മറുപടി വന്നു: എടീ തേവിടിച്ചീ!

വൈദികൻ അവർക്കിടയിലേക്ക് ഓടിക്കയറിച്ചോദിച്ചു: എന്താണിവിടെ നടക്കുന്നത്?

കതറീന: വൈദികനോട് – നിങ്ങളല്ലേ എന്നെ പള്ളിയിലേക്കു ക്ഷണിച്ചത്?

വൈദികൻ: അതെ. ഞാൻ തന്നെ. എല്ലാവരെയും ഞാൻ പള്ളിയിലേക്കു ക്ഷണിച്ചു. 

അന്തരീക്ഷം പെട്ടെന്നു ശാന്തമായി. മനോലിയോസ് കാതറീനെ താഴെയിറക്കിനിർത്തി.

അവർ പരസ്പരം അറിവോടെ അലിവോടെ നോക്കിനിന്നു. 

അവൾ സ്നേഹപൂർവം അന്വേഷിച്ചു: എന്റെ താമസസ്ഥലം നിനക്കറിയില്ലേ?

അയാൾ: തീർച്ചയായും. 

അവൾ കൈ കടന്നുപിടിച്ച് ചോദിച്ചു: എങ്കിൽ എന്നെ കാണാൻ വരുമോ?

അയാൾ: നിനക്കു തരാൻ എന്റെ കൈവശം സമ്മാനങ്ങളൊന്നുമില്ല. 

അവൾ: അതെപ്പറ്റി വിഷമിക്കേണ്ട. ഇന്നുരാത്രി ഞാൻ നിന്നെ കാത്തിരിക്കും. 

പള്ളിയിലേക്കു നീങ്ങിയ ആൾക്കൂട്ടത്തോടൊപ്പം അവളും നീങ്ങി. 

കുർബാന കഴിഞ്ഞ് പുറത്തേക്കിറങ്ങുമ്പോൾ മകൾ വൈദികനു മുന്നിലേക്കു നീങ്ങിനിന്നു സന്തോഷമറിയിച്ചു: നിങ്ങൾ സുന്ദരനായിരിക്കുന്നു. 

അയാൾ അവളുടെ നെറുകയിൽ വാത്സല്യപൂർവം ചുംബിച്ചു. 

അവളോടൊപ്പം നിന്നയാൾ, നിങ്ങളുടെ ഭാര്യ പോയ വഴിയെയാണ് ഇവളുടെയും പോക്ക്. 

വൈദികൻ: അവളുടെ ആത്മാവിനു ശാന്തിയായിരിക്കട്ടെ.

മകൾ അയാളോടു തിരിഞ്ഞുപറഞ്ഞു: നന്ദി, അങ്കിൾ.

Gregorious-and-the-whole-crowd-in-churchok
ഫാദർ ഗ്രിഗോറിയസും ആൾക്കൂട്ടവും

വൈദികൻ നേരെ നടന്ന് പുൾപ്പിറ്റിലേക്കു കയറി, പള്ളിക്കുള്ളിൽ കൂടിയിരുന്ന സദസ്സ് ശാന്തമായി. വൈദികൻ സംസാരിച്ചുതുടങ്ങി: നാമിവിടെ കൂടിയിരിക്കുന്നത് ആഹ്ലാദത്തോടും സമർപ്പണബുദ്ധിയോടുമാണ്. നമ്മുടെ നാഥന്റെ മഹത്വത്തിന്റെ ദിവ്യബലിയുടെ ആവിഷ്കാരത്തിനു തയാറെടുക്കാനാണ്. പരിശുവാരത്തിന് ഇനിയും സമയമുണ്ട്.

പക്ഷേ, ഏവർക്കും അറിവുള്ളതുപോലെ നമ്മൾ – ദൈവത്തിന്റെ അപ്പോസ്തലന്മാരും ദൈവം തന്നെയും ആയി മാറി ആചാരപ്രകാരം അടുത്തു വരുന്ന സെയ്ന്റ് ഏലിയാ ഉത്സവത്തിന്റെ ഭാഗമാവേണ്ടതുണ്ട്. അതുകൊണ്ട് എല്ലാവർക്കും ഒത്തുകൂടി പ്രവർത്തിക്കുന്നതിനുള്ള വഴിയൊരുക്കിക്കൊണ്ട്, മുതിർന്ന ടൗൺകൗൺസിൽ മെമ്പർമാർ തിരഞ്ഞെടുത്ത പേരുകൾ പ്രസ്താവിക്കട്ടെ: ആദ്യമായി, ക്രിസ്തുവിന്റെ സന്മാർഗതൃഷ്ണയുള്ള ശിഷ്യനായ അപ്പോസ്തലൻ ജെയിംസ്. കൗൺസിൽ തിരഞ്ഞെടുത്തത് കഫേ ഉടമ കൊസ്റ്റാഡിസിനെയാണ്. 

കഫേ ഉടമ പരിഭ്രമിച്ചുനിന്നു. ആൾക്കാർക്കിടയിൽനിന്ന് ആരോ വിളിച്ചുപറഞ്ഞു: വൈനെല്ലാം അയാൾതന്നെ കുടിച്ചുതീർക്കുന്നു.

മറ്റൊരാൾ: അയാൾ ഒരിക്കലും ഗ്ലാസു നിറച്ച് വൈൻ കൊടുക്കാറില്ല. 

അവിടെ കൂടിയിരുന്നവരെല്ലാം അയാളെ കൗതുകപൂർവം നോക്കിനിന്നു. 

ആരോ കൂട്ടിച്ചേർത്തു: അയാൾ ഭാര്യയെ തല്ലാറുണ്ട്! 

എല്ലാവരും കൂട്ടമായി ചിരിച്ചു. 

Grigorisok
ഫാദർ ഗ്രിഗോറിസ്

ഉടനെ ഫാദർ ഗ്രിഗോറിസിന്റെ വിശദീകരണമുണ്ടായി: ഒച്ച വയ്ക്കണ്ട, കൊസ്റ്റാഡിസ് ഒരു കുറ്റമറ്റയാളല്ല, അത് അയാൾക്കറിയാം. അയാളിനി സ്വയം തിരുത്തുകൾ വരുത്തും, ശരിയല്ലേ?

കൊസ്റ്റാഡിസ് ഒരു നല്ല വിശ്വാസിയുടെ ഭാവത്തോടെ ഏറ്റുപറഞ്ഞു: അതെ പിതാവേ–

വൈദികവചനം കേട്ടു: എങ്കിൽ ഞാൻ നിന്നെ ക്രിസ്തുവിന്റെ ഉത്തമശിഷ്യൻ ജെയിംസായി ജ്ഞാനസ്നാനം ചെയ്യുന്നു.

വൈദികൻ തുടർന്നു പറഞ്ഞു: ഇനി പീറ്റർ അപ്പോസ്തലായി – യന്നാക്കോസ്.

ആൾക്കൂട്ടം യന്നാക്കോസിലേക്കു തിരിഞ്ഞു. അയാൾ അവിശ്വാസത്തോടെ നിന്നു.

തുടർന്നു വൈദികൻ പറഞ്ഞു: യന്നാക്കോസ് എന്ന ചില്ലറ കച്ചവടക്കാരൻ – പോസ്റ്റ്മാൻ.

നിങ്ങൾ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. 

യന്നാക്കോസ് പെട്ടെന്ന് അവിടെനിന്ന് ഓടി രക്ഷപ്പെടാൻ നോക്കി. 

അപ്പോൾ വീണ്ടും വിളിച്ചുപറച്ചിലുണ്ടായി: അയാൾ കത്തുകൾ രഹസ്യമായി തുറന്നു വായിക്കും!

വൈദികൻ സമാധാനം പറഞ്ഞു: അതെനിക്കറിയാം. പക്ഷേ, അതെല്ലാം മാറിയിരിക്കുന്നു. ഇന്നോടെ പൂർണമായും മാറിയിരിക്കുന്നു! 

ഇനിമുതൽ നിങ്ങൾക്ക് ഒരു വിശുദ്ധനെയാണു കിട്ടുന്നത് – ചെറുകിട വിൽപനക്കാരനായും പോസ്റ്റ്മാനായും. 

അമ്പരന്നുനിന്ന യന്നാക്കോസിനോടു വൈദികൻ ചോദിച്ചു: ഞാൻ പറയുന്നതു മനസ്സിലാവുന്നുണ്ടോ?

ഉണ്ട്, ഉണ്ട് ഫാദർ – യന്നാക്കോസ് ഏറ്റുപറഞ്ഞു.

വൈദികൻ: ഞാൻ പറയുന്നത് ആവർത്തിക്കുക: ഞാൻ കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്നു. 

നിങ്ങളാണ് അപ്പോസ്തലൻ പീറ്റർ–

ഞാൻ മിച്ചെലിസ് പാത്രിയർക്കീസിനെ വിളിക്കുന്നു. 

പാത്രിയർക്കീസ് ഒന്നിളകി ഉത്സുകനായി ഇരുന്നു. 

Michelis-as-Johnok
മിച്ചെലിസിന് ജോണിന്റെ വേഷം

മകൻ മിച്ചെലിസ് അനുസരണയോടെ നിന്നു. തുടർന്നു വൈദികൻ പറഞ്ഞു: നീയിനി ക്രിസ്തുവിന് ഏറ്റവും പ്രിയങ്കരനായ അപ്പോസ്തലൻ ജോൺ ആയിരിക്കും. സുഖശുശ്രൂഷകൾ ചെയ്തു ക്രിസ്തുവിനെ പിന്തുണച്ച് കുരിശുവരെ അനുചരിക്കുന്നതു നീ ആയിരിക്കും. നിന്നിലായിരിക്കും എന്റെ കുട്ടീ അവൻ അവന്റെ അമ്മയുടെ പരിരക്ഷ ഏൽപിച്ചുപോവുക. അവന്റെ പുണ്യപ്രമാണം ഏറ്റെടുക്കുവാൻ അർഹതയുള്ളവൻ നീയായിരിക്കും. 

മിച്ചെലിസ് അത്യന്തം വിനീതനായി: എന്നെ അനുഗ്രഹിക്കൂ ഫാദർ.

വൈദികൻ: നീ അപ്പോസ്തലൻ ജോൺ ആകുന്നു. 

കുതിരക്കോപ്പുണ്ടാക്കുന്ന പനയോതാറോസ് – എനിക്കു നിന്നോട് ഒരു സഹായം ആവശ്യപ്പെടാനുണ്ട്, ഒരു വലിയ സഹായം. നീ– – യൂദാസ് ആവണം.

ആളുകൾ ആ തിരഞ്ഞെടുപ്പിനെ സ്വാഗതം ചെയ്തു വിളിച്ചു: ഹൂറാ!!

വൈദികൻ: യൂദാസ് ഇസ്കാരിറ്റ്.

– ഒരിക്കലുമില്ല, പനയോതാറോസ് ഉറപ്പിച്ചു പറഞ്ഞു. 

പിറകിൽ നിന്ന് ഒരാൾ മുന്നോട്ടു തള്ളിക്കൊണ്ട് ആക്രോശിച്ചു: നിഷേധിക്കാൻ  പാടില്ല. അതു കൗൺസിലിന്റെ തീരുമാനമാണ്. ഏകകണ്ഠമായുള്ളത്!

പാത്രിയർക്കീസ് ക്ഷോഭിച്ചു ചോദിച്ചു: ക്രിസ്തുവിനെ തള്ളിപ്പറയാൻ നീ പ്രേരിപ്പിക്കപ്പെടുമെന്നോ?

പനയോതാറോസ് പ്രതിഷേധത്തിൽ ഇളകിച്ചാടി. 

മണ്ടാ, നീ ക്രിസ്തുവിനെ തള്ളിപ്പറയുന്നില്ല – അങ്ങനെ നടിക്കുന്നെന്നേയുള്ളൂ!

ഇല്ല, ഞാൻ യൂദാസ് ആവില്ല!! അയാൾ വിളിച്ചുപറഞ്ഞു.

ക്ഷമ കെട്ട വൈദികൻ: ഇതു ലോകത്തിന്റെ അവസാനമാണോ? നിന്റെ അഭിപ്രായത്തിന് ആര് വില കൽപിക്കുന്നു?

അയാൾ: എന്റെ അഭിപ്രായത്തിനോ?

വൈദികൻ: നിർത്തൂ. നീ യൂദാസ് ആണ്. അത്ര തന്നെ. 

വിധവ കാതറീന..

കാതറീന പ്രസന്നവദനയായി: മേരി മഗ്ദലീന! അതു ഞാനാകാം ഫാദർ.

വൈദികൻ: മേരി മഗ്ദലീന്റെ മുടി തേൻപോലെ കിടന്നിരുന്നു.

കാതറീന: വിഷമിക്കണ്ട, എനിക്കു വേണ്ടതുപോലെ മുടിയുണ്ട്. എല്ലാമുണ്ട്. 

വൈദികൻ: നിനക്ക് എന്റെ അനുഗ്രഹങ്ങൾ നേരുന്നു.

കാതറീന: നന്ദി, ഫാദർ.

വൈദികൻ: ദൈവം നമ്മളോടു പൊറുക്കട്ടെ. ഇനി പറയാം, നിങ്ങളിൽ ആരാണ് യേശു – നമ്മുടെ രക്ഷകൻ ആവുന്നതെന്ന്. ഇടയൻ മനോലിയോസ്!

എല്ലാവരുടെയും ദൃഷ്ടികൾ മനോലിയോസിലേക്കു തിരിഞ്ഞു. അപ്പോൾ വൈദികൻ പറയുന്നതു കേട്ടു: നിന്നെ ഞങ്ങൾ ദൈവപുത്രനാവാൻ തിരഞ്ഞെടുത്തിരിക്കുന്നു. 

വൈദികൻ വിളിച്ചു: ഇവിടെ വരൂ. 

ആൾക്കൂട്ടം നിശ്ശബ്ദനായിരുന്ന മനോലിയോസിനെ നോക്കിനിൽക്കുകയായിരുന്നു.

അപ്പോൾ വൈദികൻ പറയുന്നതു കേട്ടു: നിന്നെ ഞങ്ങൾ മുൾക്കിരീടം അണിയിക്കും. 

മനോലിയോസ് ഒരടി മുൻപോട്ടു കാൽവച്ചു. അപ്പോൾ തുടർന്നു കേട്ടു: കുരിശിന്റെ ഭാരത്തിൽ നീ ഞെരിഞ്ഞമരും. വഴിയിൽ നീ തളർന്നുവീഴും. നീ ക്രൂശിക്കപ്പെടും. 

മനോലിയോസ്: അധീരനായി– പക്ഷേ, പക്ഷേ – എനിക്കതിനുള്ള അർഹതയില്ല.

എനിക്കു വായിക്കാൻപോലും അറിയില്ല. എനിക്കു കഷ്ടിച്ചു സംസാരിക്കാൻപോലും കഴിയില്ല. 

വൈദികൻ ഗ്രിഗോറിസിന്റെ ശബ്ദം: നീ സ്വയം ചിന്തിക്കൂ. ധീരനാവുന്നതിനെപ്പറ്റി ചിന്തിക്കൂ–ഒരു വിശുദ്ധൻ ആവുന്നതിനെപ്പറ്റി. 

മനോലിയോസ്: പക്ഷേ, പക്ഷേ ഫാദർ.

ഗ്രിഗോറിസ് തടുത്തു: മതി. എന്നിലൂടെ സംസാരിക്കുന്നതു ദൈവമാണ്. വരുവിൻ–ഏവരും അവനു ചുറ്റും നിൽപ്പിൻ.

നിയുക്തർ ഓരോരുത്തരായി മനോലിയോസിനടുത്തേക്കു നീങ്ങിനിന്നു. 

വൈദികൻ: ഇന്നുമുതൽ നിങ്ങൾ കൊസ്റ്റാഡിസോ യന്നാകോസോ അല്ല. പനായോതാറോസോ മിച്ചെലിസോ കാതറീനയോ മനോലിയോസോ അല്ല. നിങ്ങൾ ജെയിംസും പീറ്ററും  യൂദാസും  ജോണും മേരീ മഗ്ദലീനയും യേശുവും ആകുന്നു. ഇനിമേൽ ഈ ടൗണിലുള്ള ആരും നിങ്ങളുടെ ഭൗതികശരീരത്തെ നോക്കരുത്. മറിച്ച് ഉള്ളിലുള്ള ആത്മാക്കളെ കാണണം.

മുന്നിൽ കാതറീനയും പിന്നാലെ പനയോതാറോസും ഒരിടവഴിയിലൂടെ നടന്നുപോവുകയായിരുന്നു. പനയോതാറോസിനെ കണ്ടതും കുട്ടികൾ അയാളുടെ നേരെ കല്ലെറിഞ്ഞുകൊണ്ടു വിളിച്ചു, യൂദാസ്!!

കാതറീന നേരെ നടന്നുചെന്നു തന്റെ വാസസ്ഥലം പൂകി. അവൾ കതകു തുറക്കാൻ ശ്രമിക്കുന്നതിനിടയിൽ പനയോതാറോസ് പിന്നാലെയെത്തി ആവശ്യപ്പെട്ടു: എന്നെ അകത്തു കയറ്റൂ. 

അവൾ: ഇല്ല. 

അയാൾ: ആ ഇടയൻ കാരണമാണോ? നീ അവനുമായി എന്തോ പ്ലാനിടുന്നത് ഞാൻ കണ്ടു.

കാതറീന: അതിൽ നിങ്ങൾക്കെന്തു കാര്യം?

കുട്ടികൾ അപ്പോഴും ദൂരെനിന്നു കല്ലെറിഞ്ഞുകൊണ്ടിരുന്നു: യൂദാസ്! യൂദാസ്!

അയാൾ വിളിച്ചു: കാതറീനാ– ദയവു ചെയ്ത് എന്നെ ഉപേക്ഷിക്കരുത്. ഇങ്ങനെയൊരവസരത്തിൽ.

അയാളെ സൂക്ഷിച്ചുനോക്കിനിന്നിട്ട് അവൾ വിളിച്ചു: വരൂ. 

അവർ നാലുപേർ പുഴവക്കത്തു നിൽക്കുകയായിരുന്നു. അവരിലൊരാൾ പോസ്റ്റ്മാൻ യന്നാക്കാസിനെ കളിയാക്കിവിളിച്ചു, സെന്റ് പീറ്റിർ ഓഫ് ദ് പോസ്റ്റോഫിസ്!

യന്നാക്കോസ്: ഞാനിതുവരെ അങ്ങനെ കലണ്ടറിൽ എഴുതിക്കണ്ടിട്ടില്ല.

സെന്റ് ജെയിംസ് വിവാഹിതനായിരുന്നോ?

അതെന്താ?

എന്താണെന്നു ചോദിച്ചാൽ, എന്റെ ഭാര്യ ഇന്നലെയും എന്റെ നേർക്കു വറുക്കച്ചട്ടി എറിഞ്ഞു.

യന്നാക്കോസ്: ഞാനിപ്പോൾ സെന്റ് ജെയിംസ് ആയിരിക്കകാരണം സംഗതികളൊന്നും അങ്ങനെയങ്ങു മാറുകയേയില്ല. 

മറ്റേയാൾ: എന്നാലും നമ്മൾ ഭാഗ്യം ചെയ്തവർ തന്നെ. ഒരുപക്ഷേ, നമുക്കു കിട്ടിയ റോൾ ക്രിസ്തുവിന്റേതായിരുന്നെങ്കിലോ?

ഏഴു വർഷം മുൻപു ക്രിസ്തുവിന്റെ റോളഭിനയിച്ച കരോലംബീസിനെ ഓർമയുണ്ടോ? ചുമതലകളുടെ ഭാരം താങ്ങാനാവാതെ അയാൾക്കു വട്ടു പിടിച്ചു. എന്തുകൊണ്ടെന്നാൽ, മനുഷ്യന്റെ തലച്ചോറ് ലോലലോലമായ ഒരു യന്ത്രമാണ്. സമ്മർദം ഒരിത്തിരി കൂടിപ്പോയാൽ എല്ലാംകൂടി പൊട്ടിത്തെറിക്കും.

എന്നെപ്പോലെയുള്ള പാവങ്ങളുടെ കാര്യം എന്തായിരിക്കുമെന്ന് ഊഹിക്കുകയേ വഴിയുള്ളൂ.

അപ്പോസ്തലന്മാരുടെ കാര്യം ആലോചിച്ചുനോക്കൂ. നമ്മൾ കുഴപ്പത്തിലാവും.

അവർ സാധാരണ മനുഷ്യരായിരുന്നു–മുക്കുവർ, കർഷകർ.. പക്ഷേ,  പിൽക്കാലം അവർ മഹത്തുക്കളായി. 

മൂന്നാമൻ: അതു വളരെ പ്രധാനമാണ്.

രണ്ടാമൻ: സാധാരണ മനുഷ്യരാണ് അപ്പോസ്തലരാവുന്നത്!

അവർക്കുണ്ടായ പ്രത്യേകത എന്തായിരുന്നു?

അവർ പ്രചോദിതരായി. അവരെ ആവശ്യമുണ്ടായിരുന്നു.

നാലാമൻ: അതെ മനോലിയോസ്. അവരെ ആവശ്യമുണ്ടായിരുന്നു!

രണ്ടാമൻ: അപ്പോൾ–അതങ്ങനെയാണല്ലേ?

മൂന്നാമൻ: അതെ. നോക്കൂ – നിങ്ങൾ വഴിയിലൂടെ നടന്നുപോകുന്നു, മറ്റാരെയുംപോലെ.  ഒരു വളവു തിരിയുമ്പോൾ പെട്ടെന്നു കാണുന്നത് ഒരു വീടിനു തീപിടിച്ചിരിക്കുന്നതാണ്. 

നിങ്ങൾ അതിനുള്ളിലേക്ക് ഓടിക്കയറി ഒരു കുഞ്ഞിനെ രക്ഷപ്പെടുത്തുന്നു. അത്ര തന്നെ.

അങ്ങനെ ഒരു വഴിപോക്കൻ ജനാരാധ്യനാവുന്നു, എന്തുകൊണ്ട്?

എന്തുകൊണ്ടെന്നാൽ അങ്ങനെയൊരാളെ ആവശ്യമുണ്ടായിരുന്നു. 

ഒന്നാമൻ: മനോലിയോസ്, നിങ്ങൾ തീയിലേക്ക് എടുത്തുചാടുമായിരുന്നോ?

മനോലിയോസ് സംശയത്തിലായി: എനിക്കറിഞ്ഞുകൂടാ. 

പെട്ടെന്നാണവർ അതു കണ്ടത്: ആറ്റിന്റെ മറുകരയിലെ ചെറുകുന്നിലേക്ക് അനേകായിരം പേർ ഒന്നിച്ചുകയറിവരുന്നു.

അവർ നാലുപേരും മുന്നോട്ടിറങ്ങിച്ചെന്നുനിന്നു പരിശോധിച്ചു. പിന്നെ ഒരു വശത്തേക്കായി ഓടി. 

അകലെയുള്ള മലനിരകൾ കടന്ന് ഒരു പുരുഷാരം വഴിതാണ്ടി നടന്നുവരുന്നുണ്ടായിരുന്നു. 

അവർക്കിടയിൽ വൃദ്ധന്മാരും രോഗികളും സ്ത്രീകളും പൊടിക്കുഞ്ഞുങ്ങളുമെല്ലാം ഉണ്ടായിരുന്നു. ഒരു പുരോഹിതൻ അവരെ നയിച്ചുനടന്നു.  

ദീർഘമായ അവരുടെ യാത്രയിൽ മിക്കവരും അവശരും ശക്തിഹീനരുമായി മാറിയിരുന്നു. അൽപമകലെയായി ടൗൺകെട്ടിടങ്ങളുടെ സാമീപ്യം ദർശിച്ച പുരോഹിതന്റെ മുഖം പെട്ടെന്നു വികസിച്ചു. അയാൾ ദൈവസ്തുതികൾ പാടുവാൻ തുടങ്ങി. പ്രതീക്ഷയുടെ മിന്നലാട്ടത്തോടെ അനുയായികൾ പ്രാർഥനാഗാനങ്ങൾ ചൊല്ലുവാനാരംഭിച്ചു. 

ടൗൺചത്വരത്തിൽ വിവിധ വ്യാപാരങ്ങളിലേർപ്പെട്ടിരുന്ന സ്ത്രീകളും കുട്ടികളും പുരുഷന്മാരുമെല്ലാംതന്നെ അവിശ്വാസത്തോടെയാണ് അഭയാർഥികളുടെ വരവു നോക്കിക്കണ്ടത്. 

ടൗണിലെ കുട്ടികളും ഏതാനും മുതിർന്നവരും അങ്ങോട്ടോടിയെത്തി. അവർ ആകാംക്ഷാപൂർവം അന്വേഷിച്ചു, നിങ്ങളാരാണ്? എവിടെനിന്നു വരുന്നു?

പുരോഹിതൻ ചോദിച്ചു: ടൗണിലെ പുരോഹിതൻ എവിടെ?

അവർ ഉത്തരം നൽകി: ടൗൺ കൗൺസിലിൽ.

പുരോഹിതൻ: വേഗം ചെന്ന് അദ്ദേഹത്തെ വിളിച്ചുകൊണ്ടു വരുവിൻ. 

തോളിൽ മാറാപ്പുമായി നടന്നിരുന്ന വൃദ്ധനോട് ഒരു കുട്ടി ചെന്നന്വേഷിച്ചു: ഈ മാറാപ്പിലെന്താണ്?

വൃദ്ധൻ വാത്സല്യത്തോടെ പറഞ്ഞു: എന്റെ സമ്പത്താണ് മോനേ.

ടൗൺ കവാടത്തിനടുത്തേക്ക് അവിടത്തെ താമസക്കാർ ഓടിച്ചെന്നു. അനേകായിരങ്ങളുടെ ഒരു അഭയാർഥിസംഘം അങ്ങോട്ടടുക്കുകയായിരുന്നു.

അവരിലാരോ പറയുന്നതു കേട്ടു. എല്ലാവരുടെയും മുൻപിൽവച്ച് അവരെ പറഞ്ഞുവിടാൻ  സാധ്യമല്ല. അവരും നമ്മളെപ്പോലെ ഗ്രീക്കുകാരാണ്.

പാത്രിയർക്കീസ് രോഷത്തോടെ പ്രതിവചിച്ചു: ഗ്രീക്ക് ആയിരിക്കാം. പക്ഷേ,  അവർ തെണ്ടികളാണ്. ഗ്രീക്കായാലും തുർക്കിയായാലും അവരെല്ലാം തെണ്ടികളാണ്. 

ഒരു സാമാജികൻ: അവരെ ഇപ്പോൾ തുരത്തിവിട്ടില്ലെങ്കിൽ അനാദികാലം വരെയും അവർ നിങ്ങളുടെ തോളത്തിരിക്കും. 

പാത്രിയർക്കീസ് തിരിഞ്ഞ് സഹപ്രവർത്തകനോട്: ഇയ്യാൾ എന്നെക്കാൾ ധനികനാണ്. പക്ഷേ, ചെരുപ്പ് തേഞ്ഞുപോവാതിരിക്കാൻ നഗ്നപാദനായി നടക്കുന്നു!

ഒരു കുടിലിലാണ് ഇയാളുടെ താമസം. പരിഹാസ്യമാണ് നിങ്ങളുടെ രീതികൾ.

ഒരിക്കൽ ഇയാൾ ആറു പേരെ വീട്ടിൽ അത്താഴം കഴിക്കാൻ  ക്ഷണിച്ചുകൊണ്ടുപോയി.

എന്നിട്ടയാൾ ഭാര്യയോടു പറഞ്ഞു: നമുക്ക് അതിഥികളുണ്ട്. ഒരുള്ളികൂടി ഇടൂ എന്ന്. 

സാമാജികൻ വിടാൻ ഭാവമില്ല: മൂപ്പിലേ – നിങ്ങൾക്കിപ്പോൾ ഒരു മസ്സാജാണ് ആവശ്യം. വിധവയെ വിളിക്കൂ. 

പാത്രിയർക്കീസ്: മസ്സാജ്! 

സാമാജികൻ: നിങ്ങൾക്കാണു ദിവസവും മസ്സാജിന്റെ ആവശ്യം. നിങ്ങളുടെ ഭാര്യ മരിച്ച ദിവസംപോലും നിങ്ങൾ മസ്സാജ് നടത്തിയിരിക്കുന്നു!

നിശ്ശബ്ദനായി ഇരുന്നിരുന്ന ഫാദർ ഗ്രിഗോറിസ് ആവശ്യപ്പെട്ടു: നിർത്തൂ രണ്ടുപേരും. 

പാത്രിയർക്കീസ്: സംസാരം തുടർന്നപ്പോൾ വൈദികൻ ഇടപെട്ടു: നിർത്തൂ. നിങ്ങൾ പള്ളിയിലാണ്. 

പാത്രിയർക്കീസ്: ശരി. ഞാൻ ഒന്നിനെയും ചോദ്യം ചെയ്തില്ല.

നിങ്ങളുടെ ദീർഘപ്രസംഗം ഒരാത്മീയതലത്തിനു ചേർന്നതായിരുന്നു. പക്ഷേ,  ഈ തെണ്ടികൾ ഒരു യാഥാർഥ്യമാണ്. ഇതു തീർത്തും വ്യത്യസ്തമായ ഒരു കഥയാണ്. 

മൂന്നാം സാമാജികൻ: മതിയാക്കൂ. നിങ്ങൾക്കിതിൽ ഒരു തീരുമാനമെടുക്കാൻ  അവകാശമില്ല.

പാത്രിയർക്കീസ്: സമാധാനപ്പെടൂ. ഈ പിശുക്കനോട് ഞാനേതാണ്ട് യോജിച്ചതായിരുന്നു. 

ഒന്നാമൻ: ആശ്വാസത്തിൽ, ഓ, ഒടുവിൽ!

പാത്രിയർക്കീസ്: നമ്മൾ ഇവരെ സ്വാഗതം ചെയ്താൽ..അവർ നമുക്ക് എക്കാലത്തേക്കുമുള്ള ഒരു ബാധ്യതയായി മാറും. 

അയാൾ പുരോഹിതനെ നോക്കി.

പുറത്തു ചത്വരത്തിലേക്ക് അഭയാർഥികൾ പ്രവേശിച്ചുതുടങ്ങി. 

പാട്ടുകാരൻ പയ്യൻ ബാൽക്കണിയിൽനിന്നു പുറത്തേക്കു നോക്കിനിന്നു. അവൻ അകത്തേക്കു വിളിച്ചുപറഞ്ഞു: വന്നു നോക്കൂ ആഗാ. അവർ വൃത്തികെട്ടവരാണ്, ശരിക്കും അഴുക്കുനിറഞ്ഞവർ. നിങ്ങളുടെ ചാട്ടയെടുത്ത് അവരെ അടിച്ചകറ്റൂ. 

പയ്യൻ ഓടിച്ചെന്ന്, ഉറക്കത്തിലായിരുന്ന ആഗയെ വിളിച്ചുണർത്തി പരാതിപ്പെട്ടു:  യൂസൂഫാക്കി – നീ സമാധാനപ്പെടൂ. അവർക്കെന്നെ ആവശ്യമില്ല. 

മെല്ല പ്രസന്നവദനനായി ഉണർന്ന് യൂസൂഫാക്കി പയ്യനെ സമാധാനിപ്പിക്കാൻ ക്രിസ്ത്യാനികളെ കുറ്റപ്പെടുത്തി. 

പയ്യൻ പുറത്തേക്കിറങ്ങിനിന്നു ബാൽക്കണിയിൽനിന്ന് അകത്തേക്കു വിളിച്ചു പറഞ്ഞു: ഫാദർ ഗ്രിഗോറിസ് എത്തിക്കഴിഞ്ഞു. അദ്ദേഹം ഇനി അഭയാർഥികളുടെ പുരോഹിതനുമായി സംസാരിക്കും. 

അകത്തുനിന്ന് ആഗാ പ്രതികരിച്ചു: ശരി, അവർ പരസ്പരം താടിക്കുപിടിച്ചു വലിച്ചുതുടങ്ങുമ്പോൾ എന്നെ വിളിച്ചോളൂ. 

അഭയാർഥികളുടെ പുരോഹിതൻ രോഗിണിയായി കിടന്ന സ്ത്രീയോട് ആശ്വാസപൂർവം പറഞ്ഞു: യാത്രയുടെ അവസാനമായി. അയാൾ പ്രതീക്ഷയോടെ എണീറ്റി മുൻപോട്ടു ചെന്നു.

അപ്പോൾ ടൗൺ പാത്രിയർക്കീസും പുരോഹിതനും ഏതാനും സിൽബന്തികളും ചേർന്നുള്ള പള്ളിയധികാരികൾ മറുവശത്തെത്തി.

അവരിലൊരാൾ ചോദിച്ചു: നിങ്ങളിവിടെ എന്താണു ചെയ്യുന്നത്?

ഫാദർ ഗ്രിഗോറിസ് ചോദിച്ചു: നിങ്ങളാരാണ്? എവിടെനിന്നു വരുന്നു?

he-who-must-die2
ഫാദർ ഫോട്ടിസും അഭയാർഥികളും

അഭയാർഥി പാതിരി: ഞാൻ ഫാദർ ഫോട്ടിസ്. വളരെ ദൂരെനിന്നു വരുന്നു. തുർക്കികൾ ഞങ്ങൾക്കുള്ളതെല്ലാം നശിപ്പിച്ചുകളഞ്ഞു: അവർ ഞങ്ങളുടെ ഗ്രാമങ്ങൾ തീവച്ചു നശിപ്പിച്ചു. 

ഫാദർ ഗ്രിഗോറിസ്: സൂക്ഷിക്കണം, ഫോട്ടിസ്. ഞങ്ങളിവിടെ തുർക്കികളുമായി സമാധാനത്തിൽ കഴിയുകയാണ്. അങ്ങനെ തുടരണമെന്നുമാണ് ഞങ്ങളുടെ ആഗ്രഹം. 

ഫോട്ടിസ്: ഞങ്ങളെ സമാധാനമായി ജീവിക്കാനനുവദിക്കണമെന്നു മാത്രമേ ഞങ്ങൾക്കു പറയാനുള്ളൂ. 

ദിനംതോറും മരിച്ചുവീഴുന്നവരെ വഴിയിൽ ഉപേക്ഷിച്ച് വിശക്കുന്ന വയറുമായി ഞങ്ങൾ വരികയാണ്. ക്രിസ്തുവാണ് ഞങ്ങളെ നിങ്ങളുടെയടുത്തേക്ക് എത്തിച്ചത്. ദൈവം ഈ ദിവസത്തെ അനുഗ്രഹിക്കട്ടെ. 

അവർ ഒരുമിച്ചു വിളിച്ചു: ആമേൻ! ആമേൻ!

മിച്ചെലിനടുത്തേക്ക് അയാളുടെ പ്രതിശ്രുത വധു മരിയോറി വന്നുനിന്നു. രോഗിണിയാണെന്നറിഞ്ഞിട്ടും അയാൾക്ക് അവളോടുള്ള സ്നേഹത്തിനു കുറവുണ്ടായില്ല. വിശ്വാസികൾ കുരിശുവരച്ചു പറഞ്ഞു: ഞങ്ങളോടു സത്യം പറയൂ. ദൈവം നീതിമാനാണ്.

ഫാദർ ഗ്രിഗോറിസ്: ഈ ഗ്രാമം സുഭിക്ഷമായിത്തീർന്നത് യാദൃച്ഛികമായൊന്നുമല്ല.

നിങ്ങളുടെ ഗ്രാമം ഭസ്മമായി മാറിയതോ? ഉള്ള സത്യം നിങ്ങൾ തുറന്നുപറയൂ. ഇത്തരമൊരു ശിക്ഷ അർഹിക്കാൻ കാരണമാക്കിയതെന്താണ്?

കൂട്ടത്തിൽ ആരോ വിളിച്ചുപറഞ്ഞു: സ്വരം താഴ്ത്തൂ ഗ്രിഗോറിസ്.

ഫാ. ഫോട്ടിസ്: ഞങ്ങൾ ദരിദ്രർ – നിങ്ങൾ ധനവാന്മാർ. പക്ഷേ, ഒരു കാര്യം മറക്കരുത്. ഞങ്ങളുടെ ദുര്യോഗം ദൈവത്തോട് അടുത്തിരിക്കുന്നു. ഞങ്ങളോടു സംസാരിക്കുമ്പോൾ സ്വരം താഴ്ത്തി സംസാരിക്കൂ. 

പെട്ടെന്ന് ഫാ. ഫോട്ടിസിന്റെ സ്വരം ഉയർന്നു. ഞങ്ങൾക്കു കുമ്പസാരിക്കാൻ  ഒന്നുമില്ല. കുറ്റങ്ങളില്ല, തെറ്റുകളില്ല, പാപങ്ങൾ ഒന്നുമില്ല. ഒരു ദിവസം നമ്മുടെ ഗ്രീക്ഭടന്മാർ ഞങ്ങളുടെ ഗ്രാമത്തിലൂടെ കടന്നുപോയി. അവരോടൊപ്പം തുർക്കികൾക്കെതിരായി ഞങ്ങളും നടന്നു. ഞങ്ങളുടെ ഭടന്മാർ പരാജയപ്പെടുത്തപ്പെട്ടു. തുർക്കികൾ ഞങ്ങളുടെ ഗ്രാമം കയ്യേറി.

പിന്നെ.. ഞങ്ങൾ മൂവായിരത്തോളം പേരുണ്ടായിരുന്നു. 

ഫാ. ഗ്രിഗോറിസ്: നിങ്ങളുടെ കഥ ഞങ്ങളെ ആഴത്തിൽ സ്പർശിച്ചു, പക്ഷേ,  നിങ്ങൾ വിചാരിക്കുന്നതുപോലെ ഞങ്ങളങ്ങനെ ധനികരൊന്നുമല്ല. എങ്കിലും നിങ്ങളുടെ വഴി തുടർന്നുപോകുവാൻ വേണ്ടതെല്ലാം ചെയ്ത് ഞങ്ങൾ സഹായിക്കും. 

ഫാ. ഫോട്ടിസ് ചോദിച്ചു: വീണ്ടും വഴിയിലേക്കോ? എങ്ങോട്ടുപോകാൻ? ഇല്ല, ഫാദർ ഗ്രിഗോറിസ്. കൃഷി ചെയ്യാതെ കിടക്കുന്ന സ്ഥലങ്ങൾ നിങ്ങൾക്കുണ്ടല്ലോ. അത് ഞങ്ങൾക്കു തരൂ. അത് ഞങ്ങൾ തെളിച്ചെടുക്കും. കൃഷിയിറക്കും. 

രണ്ടുമൂന്നു ചെറുപ്പക്കാർ ഒരേ സ്വരത്തിൽ പറഞ്ഞു: വിളവിന്റെ പങ്ക് ഞങ്ങൾ നിങ്ങൾക്കു തരും. 

ഫാ. ഫോട്ടിസ് ആവർത്തിച്ചു: ഭൂമി ഞങ്ങൾക്കു കൈമാറൂ. 

ഫാ.  ഗ്രിഗോറിസും പാത്രിയർക്കീസും പരസ്പരം നോക്കി.

അപ്പോൾ ആരവം ഉയർന്നു: വിളവോ? എപ്പോൾ? അടുത്ത കൊല്ലമോ?

ഫാ. ഗ്രിഗോറിസ്: അതുവരെ നിങ്ങൾക്കാര് ഭക്ഷണം തരും? ഞങ്ങളുടെ വായിലെ അന്നം തട്ടിപ്പറിക്കാനാണോ നിങ്ങൾ ശ്രമിക്കുന്നത്?

ഫാ. ഫോട്ടിസ്: ഞാൻ ഫാദർ ഫോട്ടിസ്. മനുഷ്യരുടെ ആത്മാക്കളുടെ ചുമതലയും എന്റെ പക്കലാണ്. 

ഫാ. ഗ്രിഗോറിസ്: അത് നല്ലൊരു കാരണമല്ല.

ഫാ.ഫോട്ടിസ്: ഈ ഭൂമുഖത്തുള്ള ഓരോരുത്തർക്കും അവനവന്റെ അയൽക്കാരന്റെ ചുമതലയുണ്ട്. ദൈവം നിങ്ങൾക്കു നല്ലൊരുത്തരം തോന്നിപ്പിക്കട്ടെ. 

ഫാദർ ഗ്രിഗോറിസ് പെട്ടെന്ന് ചിന്താമഗ്നനായി. അവിടെ കൂടിക്കിടന്ന അവശരും രോഗികളുമായ അഭയാർഥികളുടെ നോട്ടം അയാളിൽ പതിച്ചു. 

ഫാ. ഫോട്ടിസ് ഒരു നിമിഷം കാത്തശേഷം അന്വേഷിച്ചു: ദൈവം നിങ്ങൾക്കു സൽബുദ്ധി തോന്നിപ്പിക്കുന്നില്ലേ?

പെട്ടെന്നു രോഗിണിയായ ഒരു സ്ത്രീ കുഴഞ്ഞുവീണു. ആൾക്കാർ നിലവിളിച്ചു. മറുവശം നിന്നിരുന്ന ഫാദർ ഗ്രിഗോറിസും കൂട്ടരും അങ്ങോട്ട് ഓടിയടുത്തു. കൂടുതൽ പേർ അങ്ങോട്ട് ഓടിക്കൂടി. 

അപ്പോൾ ഫാദർ ഗ്രിഗോറിസ് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: ഇതാ, ഇതാണു സംഗതി. ആ സ്ത്രീയെ നോക്കൂ. ദൈവം എനിക്കുവേണ്ടി കാട്ടിത്തന്നു. ഇവർ    മഹാമാരിയുമായി എത്തിയിരിക്കുകയാണ്, അവളുടെ കാലുകൾ നീരുവന്നു  വീർത്തിരിക്കുന്നു. കൈകൾ മുറുകിയും മുഖം ചീർത്തും ഇരിക്കുന്നു. ഇവർ നമുക്കു  നാശമാണ് കൊണ്ടുവരുന്നത് – മരണം! കോളറ!

അയാൾ ഉച്ചത്തിൽ വിളിച്ചു പുറത്തേക്കോടി, കോളറ!

അപ്പോൾ അഭയാർഥികളിലാരോ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: ആ പറയുന്നതു     സത്യമല്ല, പട്ടിണികിടന്നാണ് അവൾ മരിച്ചത്. വിശപ്പുകൊണ്ടാണവൾ മരിച്ചത്.

 ഫാ. ഫോട്ടിസ് എഴുന്നേറ്റുവന്ന് ഉച്ചത്തിൽ പറഞ്ഞു: സ്നേഹിതരേ – ഞാൻ  സത്യം ചെയ്തു പറയുന്നു, അവൾ മരിച്ചത് ആഹാരം കിട്ടാതെയാണ്.

ഫാദർ ഗ്രിഗോറിസ് സഹായത്തിനുവേണ്ടി ഉച്ചത്തിൽ വിളിച്ചു: വേഗം! വേഗം പോയി കുറച്ചു കുമ്മായം കൊണ്ടുവന്ന് അവളുടെ ഉടലിനു മേലേക്ക് എറിയുക.

ഫാ. ഫോട്ടിസ്: ഞാൻ ഉറപ്പിച്ചു പറയുന്നു. അവൾ മരണപ്പെട്ടത് ആഹാരം ലഭിക്കാതെയാണ്.

അപ്പോഴേക്കും ജനങ്ങളെ പരിഭ്രാന്തരാക്കാനായി ഗ്രിഗോറി പക്ഷക്കാർ വിളിച്ചുകൂവി: ഓടൂ!

അവിടെനിന്ന് ഓടിപ്പോകാൻ തുടങ്ങിയവരെ പിടിച്ചുനിർത്തി, ഫാ. ഫോട്ടിസ് ആവർത്തിച്ചു പറഞ്ഞു: ഞാനാണയിടുന്നു. അയാൾ പറയുന്നതു കള്ളമാണ്.

ആൾക്കാർ ഭയത്തിൽ വിളിച്ചുപറഞ്ഞുകൊണ്ട് ഓടിക്കൊണ്ടിരുന്നു, കോളറ! കോളറ!

അവർ തങ്ങളുടെ വീടുകളുടെ ഷട്ടറുകൾ താഴ്ത്തി.

കുട്ടികളെ അകത്താക്കി ക്ലാസ്മുറികൾ പൂട്ടി.

ഫാ. ഫോട്ടിസ് ഫാദർ ഗ്രിഗോറിസും പാത്രിയർക്കീസും നിന്ന ഇടത്തേക്കു മെല്ലെ നീങ്ങി.

എന്നിട്ടു വിളിച്ചു: വക്രബുദ്ധിയായ പെരുംവയറാ – കുരുട്ടുബുദ്ധിയായ ഇരട്ടത്താടീ– നിങ്ങൾ വലിയൊരു കുറ്റകൃത്യം ചെയ്തിരിക്കുകയാണ്.

ഫാ. ഗ്രിഗോറിസ് ശാപസ്വരത്തിൽ: മരണത്തിന്റ പരിവാഹകരേ മാറിപ്പോകൂ. കോളറയുംകൊണ്ടെത്തിയ ദുഷ്ടരേ ഇങ്ങോട്ടടുക്കരുത്. മാറിപ്പോകുവിൻ. വിഷമാണു നിങ്ങൾ!

ഫാ. ഫോട്ടിസ് ഒന്നാലോചിച്ചു നിന്നിട്ട് അനുയായികളോടായി പറഞ്ഞു: ബാനറെടുപ്പിൻ.

അയാൾ നടന്ന് അവശരായ തന്റെ കൂട്ടരോട് അഭ്യർഥിച്ചു: എഴുന്നേൽപ്പിൻ. നമുക്കു വഴിയിലെത്തണം. എല്ലാവരും എഴുന്നേറ്റു നടപ്പിൻ. വ്യക്തമാണിപ്പോൾ. നമുക്കു പോയേ പറ്റൂ. 

ഒരു വൃദ്ധൻ സ്വയം എഴുന്നേൽക്കാനാവാതെ ചുറ്റും സഹായത്തിനുവേണ്ടി നോക്കി. മനോലിയോസ് തികച്ചും സ്വാഭാവികമായി അയാളെ സഹായിക്കുവാൻ മുന്നോട്ടാഞ്ഞു.

അപ്പോൾ പിന്നിൽനിന്ന് ആജ്ഞയുണ്ടായി: മനോലിയോസ്, തൊടരുതയാളെ. ഇതൊരാജ്ഞയാണ്. അടുത്തുവരെ ചെന്നെങ്കിലും മനോലിയോസിനു പള്ളിയുടെ നിരോധനം അനുസരിക്കാതിരിക്കാൻ കഴിഞ്ഞില്ല. 

വൃദ്ധനും കൂട്ടരും മനോലിയോസിനെത്തന്നെ അർഥവത്തായി നോക്കി നടന്നുപോയി. അഭയാർഥികൾ തളർന്നിരുന്ന വഴിയിൽ ഒരുവൻ ചാക്കിൽ കെട്ടിക്കൊണ്ടുവന്ന കുമ്മായം വാരിവിതറുകയായി. 

ഒരു വൈദികൻ കുട്ടികളെ പ്രാർഥനാഗാനം ചൊല്ലിപഠിപ്പിക്കുകയായിരുന്നു.അതു ശ്രദ്ധിച്ചുനിന്ന ഫാ. ഗ്രിഗോറിസ് പ്രസ്താവിച്ചു. കുട്ടികളുടെ വേഷം വെള്ളത്തുണിയിലായിരിക്കണം. സെന്റ് ജോണിന്റെ ഉടുപ്പ് നീലയായിരിക്കട്ടെ.എഴുതിയെടുത്തോ മരിയോറീ?  

എഴുതി, ഫാദർ.

ഉത്തരവുകൾ കേട്ടെഴുതി തയാറാക്കിക്കൊണ്ടിരുന്ന മിച്ചെലിസിന്റെ പ്രതിശ്രുതവധു ചോദിച്ചു: കോസ്റ്റാഡിസ്?

ഞാനിവിടെയുണ്ട്, കോസ്റ്റാഡിസ് ഹാജർ വച്ചു. 

അങ്ങോട്ടു നടക്കുന്നതിനിടയിൽ അയാൾ സ്വഗതമായി പറഞ്ഞു: എന്റെ രൂപത്തെപ്പറ്റിയാണ് ഇനി ആലോചന. 

യന്നാക്കോസ് കൂട്ടിച്ചേർത്തു: ഇനി രണ്ടുതരം കോസ്റ്റാഡിസ്മാർ ഉണ്ടാവും. ഒന്നു നിലവിലില്ലാത്തത്, മറ്റേതു വിശുദ്ധനാണ്, അദ്ദേഹത്തെ നമ്മൾ കാണുന്നുമില്ല. മനസ്സിലായോ? 

തുടർന്ന്, ഉത്തരവുണ്ടായി, സെന്റ് ജെയിംസിന്റെ വസ്ത്രം കറുത്തതാവട്ടെ.സ്വന്തം വേഷത്തെപ്പറ്റി അയാളെന്താണു പറഞ്ഞത്? യെസ്, ഫാദർ എന്നാണ്.അടുത്തിരുന്ന മനോലിയോസിനോടു കാതറീന കുശലം പറഞ്ഞു: ഞാനിന്നലെ നിങ്ങളെ സ്വപ്നം കണ്ടു. അതിനർഥം നിങ്ങൾ എന്നെപ്പറ്റി ചിന്തിച്ചുവെന്നാണ്. ശരിയല്ലേ?

മനോലിയോസ് പ്രതികരിച്ചു: എന്നെ വെറുതെ വിടൂ.

കാതറീന: നിനക്ക് എന്റെകൂടെ കിടക്കാൻ താൽപര്യമുണ്ടോ?

യന്നാക്കോസ് ഇടപെട്ടു: നീ അയാളെ വെറുതെ വിടൂ. കൂടുതൽ നിർബന്ധിച്ചാൽ അയാൾക്കു വിക്ക് വരും. ലജ്ജാലുവാണെങ്കിലും അല്ലെങ്കിലും ആ അഭയാർഥികൾക്കടുത്തേക്കു ചെല്ലാൻ ധൈര്യം കാണിച്ച ഏക വ്യക്തി അയാളായിരുന്നു. 

ഫാദർ ഗ്രിഗോറിസ്: യാനക്കോസ്– നിന്റെ ഊഴം.

യാനക്കോസ്: ഒരു മിനിറ്റ്. ഞാനീ പോസ്റ്റ് ഒന്നു വകതിരിച്ചോട്ടെ.

ഫാദർ ഗ്രിഗോറിസ്: വേഗമാട്ടെ. ന്യായമൊന്നും കേൾക്കണ്ട. എന്താണു സംഭവിച്ചത്?

ഇന്നലത്തെ കാര്യങ്ങൾ ഓർത്താണോ? 

അയാൾ എഴുന്നേറ്റ് ക്രോധപൂർവം ചോദിച്ചു: ആ അഭയാർഥികൾ? നിങ്ങൾക്ക് ഈ ടൗൺ നശിപ്പിക്കണോ? കൊല്ലണോ? ചെല്ലൂ, എല്ലാം നശിപ്പിച്ചോളൂ.  സരാകിനയെ നോക്കൂ. അവരവിടെ ക്യാംപടിച്ചിരിക്കുകയാണ്.

അപ്പോൾ ആരോ വിളിച്ചുപറയുന്നതു കേട്ടു, നോക്കൂ. സരാകിനയിൽനിന്നു പുകപൊങ്ങുന്നു!

Content Summary: Movie He Who Must Die Inspired from Nikos Kazantzakis Christ Recrucifies 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com