ADVERTISEMENT

ഒറ്റ നോട്ടത്തിൽ ആത്മഗതമെന്നു തോന്നിപ്പിക്കുന്ന കവിതകളാണ് നിമ്മി ജോസഫ് എഴുതിയ 'ബിറ്റ്വീൻ അസ്– എ സീക്രട്ട് ഷെയേഡ്' (Between Us- A secret shared) എന്ന ചെറുപുസ്തകത്തിലുള്ളത്. എന്നാൽ, ആദ്യവായനയിൽ തന്നെ ആത്മസ്പർശിയായി അവ അനുഭവപ്പെടും. കാരണം, അതിലൂടെ പങ്കുവയ്ക്കപ്പെടുന്നത് വായനക്കാരുടെ തന്നെ അനുഭവങ്ങളല്ലേ എന്ന തോന്നിപ്പിക്കും വിധം ജീവിതവും ചിന്തകളും ഇഴചേർക്കപ്പെട്ടിട്ടുണ്ട്. ജീവിതത്തിലെ ചില ഒറ്റ നിമിഷങ്ങളിൽ ഒരു സ്വകാര്യം പോലെ പങ്കുവയ്ക്കുന്ന രഹസ്യങ്ങളിലേക്കുള്ള താക്കോലാണ് ഈ ചെറുകവിതകൾ! 

ചുംബനത്തിന്റെ മധുരം കൊണ്ടു പുകച്ചുരുളിന്റെ ഉന്മാദത്തെ തുടച്ചു നീക്കാൻ കഴിയുമെന്ന വിശ്വാസം വെറുമൊരു തോന്നലാണെന്ന തിരിച്ചറിവിന്റെ പെൺനേരങ്ങളുണ്ട് നിമ്മിയുടെ കവിതകളിൽ. നിയന്ത്രണങ്ങളുടെ ഹോസ്റ്റൽ ഇടനാഴിയിൽ നിന്നു പുറത്തെ ലോകത്തേക്കുള്ള വാതിൽ തുറക്കുമ്പോൾ പോലും നെഞ്ചിലൊരു ഭാരം തോന്നിപ്പോകുന്ന മനസ്... ഹോസ്റ്റലിനു പുറത്തെ കാഴ്ചകളുടെ ആവർത്തനങ്ങളിൽ നിന്നു പുറത്തു കടക്കാൻ മടിക്കുന്നൊരു മനസ്... 'മൈ ഹോസ്റ്റൽ കൊറിഡോർ' എന്ന കവിത അടയാളപ്പെടുത്തുന്നത് അത്തരം ചില നിമിഷങ്ങളാണ്. 

'എന്തിനു എഴുതുന്നു' എന്നൊരു ചോദ്യം ഏതൊരു എഴുത്തുകാരനും എഴുത്തുകാരിയും അഭിമുഖീകരിക്കുന്ന പ്രാഥമികമായ ചോദ്യമാണ്. 'ഞാൻ സംസാരിക്കാറില്ല; എന്റെ നാവു കെട്ടപ്പെട്ടിരിക്കുന്നു,'– അവനവനിലേക്കു എറിഞ്ഞു കൊള്ളുന്ന ഈ ചോദ്യങ്ങൾക്കു കവിയുടെ മറുപടി ഇതാണ്. ഏതെങ്കിലും ഒരു കാലത്ത് തന്റെ വരികൾ വീണ്ടെടുക്കപ്പെടുകയും പ്രിയപ്പെട്ടവർ ആ വരികൾ കൂട്ടിച്ചേർക്കുകയും ചെയ്യുമെന്ന പ്രതീക്ഷയും 'വൈ ഐ റൈറ്റ്' എന്ന കവിത പങ്കുവയ്ക്കുന്നുണ്ട്. നാക്കു ചതിക്കുമ്പോൾ മൗനം എനിക്കു വേണ്ടി സംസാരിക്കുമെന്ന് കവി പറയുന്നു. ആ മൗനത്തിന്റെ സംഗീതമാണ് കവിത. നമുക്കു ചുറ്റും നിറയുന്ന പേരറിയാത്ത പൂവിന്റെ ഗന്ധം പോലെ... ആ പൂവ് ഏതാണെന്നു തിരിച്ചറിയുന്നില്ലെങ്കിലും അതിന്റെ ഗന്ധം ആസ്വദിക്കുന്നതു പോലെ, ആർക്കു വേണ്ടി എഴുതപ്പെട്ടതെന്നു തിരിച്ചറിഞ്ഞില്ലെങ്കിലും ആ വാക്കുകൾ സാന്ത്വനമേകുമെന്ന വിശ്വാസമാണ് കവിയ്ക്കുള്ളത്.   

ഇന്നുകളിൽ നിന്ന് ചില ഓർമ്മകളിലേക്ക് കവി തിരിച്ചു നടക്കുന്നു. ആ കാഴ്ചകളുടെ മുറ്റത്തൊരു പുളിമരം പച്ച വിരിച്ചു നിൽക്കുന്നുണ്ട്. അവധിക്കാലത്തെ തണലായി ഉയർന്നു നിന്ന മരത്തിന്റെ വേർപാടിൽ നിന്നാണ് ഒരു കവിത നാമ്പിടുന്നത്. സമപരിധികൾ അപ്രസക്തമാകുന്ന കാലത്തിന്റെ ഏദൻ തോട്ടത്തിൽ അനാദിയായി വളരുന്ന പുളിമരത്തെ ആത്മാവു കൊണ്ടു കണ്ടെത്താമെന്ന കവിയുടെ ആശ്വസിക്കലുകളിൽ മനുഷ്യരെപ്പോലെ പ്രകൃതിയുടെ ആത്മാവിനെക്കൂടി അടയാളപ്പെടുത്തുന്നു. 

ഓർമ്മകളും ജീവിതവും ചിന്തയും ആത്മാന്വേഷണവും പങ്കുവയ്ക്കുന്ന നിമ്മി ജോസഫിന്റെ 17 ഇംഗ്ലിഷ് കവിതകളുടെ സമാഹാരമാണ് നോഷൻ പ്രസ് ഡോട്ട് കോം പുറത്തിറക്കിയ 'ബിറ്റ്വീൻ അസ്– എ സീക്രട്ട് ഷെയേഡ്'. ചെറുകവിതകളുടെ വലിയ ലോകത്തേക്കു വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന ചിത്രങ്ങൾ കൂടി ഉൾപ്പെടുന്നതാണ് ഈ സമാഹാരം. അഭിലാഷ് ചാക്കോയാണ് കവിതകൾക്ക് ചിത്രീകരണം ഒരുക്കിയിരിക്കുന്നത്. വായനക്കാരെ വലിയൊരു ചിന്താലോകത്തേക്കു കൊണ്ടുപോകുന്നതാണ് ഈ സമാഹാരത്തിലെ വരയും വരികളും!  

'ബിറ്റ്വീൻ അസ്– എ സീക്രട്ട് ഷെയേഡ്' ഒാൺലൈനായി വാങ്ങുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

English Summary: Between Us: A secret shared - Poems by Nimmy Joseph

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com