ADVERTISEMENT

പാതിവഴിയിൽ തെയ്യമായും പാതിവഴിയിൽ മനുഷ്യനായും നടന്ന ഒരാൾ. അയാളുടെ നടപ്പിലുടനീളം ഭൂമിയിൽ പതിഞ്ഞത് മനുഷ്യന്റെ കാൽപാടുകളായിരുന്നില്ല, തെയ്യത്തിന്റെ കലാശപ്പാടുകൾ. ഭൂതവും ഭാവിയും വേർപെട്ട ജീവിതമാണ് അയാളുടേത്. എന്നും വർത്തമാനത്തിൽ മാത്രം. കഴിഞ്ഞുപോയ സങ്കടങ്ങളോ വരുംകാലത്തിന്റെ പ്രതീക്ഷകളോ ആ ജീവിതത്തിൽ പ്രത്യേകിച്ച് ഒരു മാറ്റവും വരുത്തിയില്ല. വർത്തമാനത്തിൽ തന്നെ ഒഴുകിയൊടുങ്ങാത്ത ഒറ്റനദിയായി ഒരു ജീവിതം.           

 

ദൈവം എന്ന ദുരന്തനായകൻ എന്ന നോവലിൽ പി.പി. പ്രകാശൻ പറയുന്നത് ഒരു മനുഷ്യന്റെ കഥയാണ്; എന്നാൽ അതേസമയം അത് ദൈവത്തിന്റെ കഥയുമാണ്. ദൈവത്തിന്റെ പ്രതിപുരുഷനായ കോലധാരിയുടെ ജീവിതം. ഉത്തരകേരളത്തിന്റെ അനുഷ്ഠാന കലാരൂപമായ തെയ്യത്തിന്റെ രൂപം കെട്ടുന്ന മനുഷ്യന്റെ വ്യഥകൾ. ഉള്ളുരുക്കം. 

 

പണവും പണിയും ഒരുമിച്ചുതീരുന്ന അപൂർവ്വ പ്രതിഭാസമാണു തെയ്യക്കാരുടെ ജീവിതം. ഏറെക്കുറെ ഇന്നും അത് അങ്ങനെതന്നെ. തീപ്പന്തത്തിന്റെയും മേലേരിയുടെയും ചൂടിൽ ചോരയും നീരും വറ്റി നേടുന്നതൊക്കെയും അടുത്ത കളിയാട്ടത്തനപ്പുറം ബാക്കിയുണ്ടാകില്ല. വരവും ചെലവും അത്ഭുതകരമായി ഒരുമിച്ചുപോകുമ്പോൾ, ബാക്കിയാകുന്ന പച്ച ജീവിതത്തെയോർത്ത് ഒരു തെയ്യക്കാരനും ആകുലപ്പെടാറില്ല. ആരെങ്കിലും ഭാവിയെക്കുറിച്ച് ഓർമപ്പെടുത്തിയാൽ തികഞ്ഞ ആത്മവിശ്വാസത്തോടെ പറയും: വായികീറിയ ദൈവം വയി കാണിക്കും. 

 

എല്ലാ തെയ്യക്കാരുടെയും സമാധാനമാണിത്. വായ കീറിയ ദൈവത്തിൽ തന്നെ വഴിയന്വേഷിക്കുക. ദൈവാവസ്ഥയിൽ നിന്നും മനുഷ്യാവസ്ഥയിലേക്ക് ഒരിക്കലും പൂർണ്ണമായി പരിണമിക്കാത്തവരാണവർ. കർക്കിടകത്തിലെ കൊടുംവറുതിയെപ്പോലും ദൈവകൃപയായി എണ്ണുന്നവർ. ചിട്ടയും മുറയും തെറ്റി ജീവിക്കാത്തവർ. 

 

14–ാം വയസ്സിൽ ദൈവം തന്റെ കോലധാരിയായി തിരഞ്ഞെടുത്ത രാമനാണ് നോവലിലെ പ്രധാന കഥാപാത്രം. ചെറുപ്രായം മുതൽ തന്റെ ആജൻമദൗത്യത്തിൽ ഉറച്ചുനിന്ന അയാൾ ഒടുവിൽ അനിവാര്യമായ മനുഷ്യവാസ്ഥയെ നേരിടേണ്ടിവന്നപ്പോൾ എങ്ങനെ പ്രതികരിച്ചു എന്നതിലൂടെ പച്ചയായ ജീവിതം കാട്ടിതരികയാണ് നോവലിസ്റ്റ്. 

 

ഹൈദരാബാദ് ഐഐടിയിലെ അസിസ്റ്റന്റ് പ്രഫസർ പ്രശാന്തിന് വിഷുക്കാലമടുക്കുമ്പോൾ ലീവ് എടുക്കാതിരിക്കാൻ പറ്റില്ല. പ്രഫസർ എന്ന ആടയാഭരണങ്ങൾ അഴിച്ചുവച്ച് തനി നാട്ടിൻപുറത്തുകരനായി വിഷുവിളക്കുത്സവത്തിന് അഞ്ചു ദിവസം പാലോട്ടുകാവിൽ തെയ്യം കണ്ടു നടക്കണം അയാൾക്ക്. വിഷു അയാൾക്ക് കേവലം ഒരു ഉത്സവം മാത്രമല്ല. ആത്മബന്ധമുള്ള അനുഷ്ഠാനമാണ്. വിഷുവിനോടുള്ള മമതയത്രയും പാലോട്ടകാവിലെ തെയ്യത്തോടുള്ള മമതയാണ്. ഓർമ്മ വച്ച കാലം മുതൽ പാലോട്ടുകാവിലേക്കുള്ള വഴി മുഴുവൻ തെയ്യക്കാരനായ അച്ഛനോടൊപ്പം നടന്നുതീർത്ത വ്യക്തിയാണ് പ്രശാന്ത്. തെയ്യത്തിൽ ജനിച്ച് തെയ്യത്തിൽ വളർന്ന് തെയ്യത്തിൽ തന്നെ അവസാനിച്ച അച്ഛന്റെ ജീവിതമത്രയും കാവിനകത്താണ് ഉരുകിത്തീർന്നത്. ജനസമുദ്രത്തെ ഭക്തിയുടെ ഉൻമാദാവസ്ഥയിലേക്ക് ആനയിക്കുന്ന ദൈവാനുഭവമായി അച്ഛൻ ജ്വലിച്ചുനിന്ന അമ്പലമുറ്റം. അവിടെയെത്താൻ വേണ്ടി തിരക്കുകൂട്ടുന്ന അയാളുടെ ഓർമകളിലൂടെ ഒരു തെയ്യക്കാലം ചുരുൾ നിവരുന്നു. 

 

തെയ്യത്തിന്റെ പ്രതിബദ്ധതയും അത്മബന്ധവും നിറഞ്ഞ ജീവിതം ഗ്രാമ്യവും എന്നാൽ ഒട്ടും കാൽപനികവുമല്ലാത്ത ശക്തമായ ഭാഷയിൽ വരച്ചിടുന്നു എന്നതാണ് നോവലിനെ ശ്രദ്ധേയമാക്കുന്നത്. 

 

അധിനിവേശങ്ങൾക്കും പടയോട്ടങ്ങക്കും സാമ്രാജ്യങ്ങൾക്കും ഭരണകൂടങ്ങൾക്കും സമൂഹികമാറ്റങ്ങൾക്കും ആധുനികതയും ചരിത്രഗതിക്കും ഒക്കെ അടിത്തട്ടിൽ ആദിബോധങ്ങളുടെയും വിശ്വാസങ്ങളുടെയും അതീതാനുഭവങ്ങളുടെയും പ്രാക്തനത നിലനിർത്തുന്ന ഭാരതീയ ജീവിതത്തിന്റെ ഒരു തുള്ളി ഈ കൃതിയിലുണ്ടെന്ന് അവതാരികയിൽ ബാലചന്ദ്രൻ ചുള്ളിക്കാട് പറയുന്നു. അതിനൊക്കെയപ്പുറം, ദുർജ്ഞേയമായ മനുഷ്യ ഭാഗധേയത്തിന്റെ ദുരന്തകാന്തിയും. 

 

English Summary: Daivam Enna Duranthanayakan book written by PP Prakashan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com