ADVERTISEMENT

ബ്യുസിഫാലസ് ആരാണ്? നെപ്പോളിയന്റെ വേഗമേറിയ കുതിരയുടെ പേരാണത്. എന്നാൽ ആ പേര് ജപ്പാനിലെ ആണവ ആക്രമണവുമായി ഏതെങ്കിലും വിധത്തിൽ ബന്ധപ്പെട്ടിരിക്കുന്നുണ്ടോ? പിന്നെന്തുകൊണ്ടാവും റിഹാൻ റാഷിദ് എന്ന എഴുത്തുകാരൻ ഇതേ വിഷയത്തിൽ ഒരു നോവൽ എഴുതുമ്പോൾ അതിനു ബ്യുസിഫാലസ് എന്ന പേര് കൊടുത്തത്? അതറിയണമെങ്കിൽ നോവലിന്റെ ഒടുക്കമെത്തണം. 

ജെ പി എന്നൊരാൾ എഴുത്തുകാരന് നിരന്തരം കത്തുകൾ അയക്കുകയാണ്. വെറും കത്തുകളല്ല ഒരു കാലത്തിന്റെ അടയാളപ്പെടുത്തലുകളാണ് അവയൊക്കെയും. 1945 ഓഗസ്റ്റ് 6-ന് രാവിലെ ഹിരോഷിമയിലാണ് ആദ്യമായി മനുഷ്യന്റെ നേർക്ക് ആണവായുധ പ്രയോഗം നടക്കുന്നത്. ജപ്പാനെ തകർക്കാനുള്ള അമേരിക്കയുടെ ആയുധം. ഒരു രാജ്യത്തിനോട് ചെയ്യാവുന്നതാണ് ഏറ്റവും ക്രൂരമായ യുദ്ധ തന്ത്രം. ഒന്നര ലക്ഷത്തോളം വെറും സാധാരണ മനുഷ്യർ മരണമടഞ്ഞ ഈ ആയുധ പ്രയോഗത്തിൽ അതിലും എത്രയോ വലുതാണ് ജീവിതം നഷ്ടപ്പെട്ടവരുടെ കണക്ക്! തലമുറകളോളം വേരുകൾ പടർത്തിയിട്ടുണ്ട് അണ്വായുധത്തിന്റെ ഭീകരത. മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടിൽ ജനിച്ച വീഴുന്ന കുഞ്ഞുങ്ങൾ, തകർന്നു പോയ ജപ്പാൻ. ആത്യന്തികമായി രാജ്യം മാറിയെങ്കിലും ഇപ്പോഴും പല മനുഷ്യരുടെയും ഹൃദയത്തിൽ ആ ആയുധ പരീക്ഷണം നടത്തിയ ദിനം ഒരു വലിയ മുറിവാണ്. ആ മുറിവുകളിൽ പിടഞ്ഞു പോയ മനുഷ്യരുടെ നിലവിളികളാണ് ജെ പി അയച്ച കത്തുകളിൽ നിറയെ.

ഹിരോഷിമയിലും നാഗസാക്കിയിലും വാർഷിക്കപ്പെട്ട ആറ്റം ബോംബിന്റെ ഭീതിയിൽ നിന്നും കര കയറിയിട്ടില്ലാത്ത കുറെ മനുഷ്യരെ കാണാം. പലർക്കും പ്രായമായി എന്നാലും ഓർമ്മകൾ നഷ്ടപ്പെട്ടു പോകുന്നതേയില്ലല്ലോ. സ്വാഭാവികമായും ജപ്പാന് അമേരിക്കയോടുള്ള വെറുപ്പും വിരോധവും ന്യായീകരിക്കത്തക്കതാണ്. പ്രവർത്തനങ്ങളുമായി നടന്നിരുന്ന അമേരിക്കൻ വിരുദ്ധ പ്രസ്ഥാനം പോലും അതിന്റെ ആശയങ്ങൾ ചോർന്നിരിപ്പാണ്. ബ്രിട്ടീഷ് രഹസ്വാന്വേഷണ സേനയുടെ നിഗൂഢമായ ലക്ഷ്യങ്ങളാണ് ബ്യുസിഫാലസിന്റെ പിൻകഥ. പക്ഷേ ഏറ്റവും മനോഹരമായ രീതിയിൽ ജപ്പാനിലുള്ള കുറെ മനുഷ്യരുടെ വേവുന്ന ജീവിതങ്ങളാണ് കുറെയധികം കത്തുകളിലൂടെ നോവൽ സംസാരിക്കുന്നത്. 

ലുക്കോ എന്നയാൾ അയാളുടെ കാമുകി ദേരയ്ക്ക് അയക്കുന്ന കത്തുകളിലൂടെയാണ് നോവൽ തുടങ്ങുന്നതും വികസിക്കുന്നതും. രണ്ടു പേരും ആണവ പരീക്ഷണത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികളാണ്. കഴിഞ്ഞ ഇരുപത് വർഷത്തിലേറെയായി അകന്നു ജീവിക്കുന്നവർ, രണ്ടാൾക്കും വയ്യായ്കകളുണ്ട്, എന്നാൽ ചിന്തകൾ കൊണ്ടും ആശയങ്ങൾ കൊണ്ടും അവരിപ്പോഴും കരുത്തരാണ്. അവരുടെ സുഹൃത്തുക്കൾക്കിടയിൽ നടക്കുന്നൊരു കൊലയുടെ ചുരുൾ വളരെ നിശബ്ദമായി ഇവിടെ ചുരുൾ വിടരുന്നുണ്ട്. അവസാനം സുഖകരമായ അവസാനമാണോ എന്ന് ചോദിച്ചാൽ ഉത്തരം പറയാനാവില്ല, യുദ്ധങ്ങളെ പിൻപറ്റി വരുന്ന കഥകൾ എവിടെയാണ് ശുഭകരമായി പര്യവസാനിക്കാറുള്ളത്? ചരിത്രവും യുദ്ധവും എല്ലാം സാഹചര്യങ്ങളും താൽപ്പര്യങ്ങളും അനുസരിച്ച് ചരിത്രകാരന്മാർ എഴുതി ചേർക്കാരാണ് പതിവ്, എന്നാൽ ആരും പറയാത്ത, അറിയാത്ത എത്രയോ കഥകൾ ബാക്കിയുണ്ടാകാം? അത്തരത്തിലൊരു കഥയായി  ബ്യുസിഫാലസിനെ വായിക്കാം. ഒരുപാട് കഥാപാത്രങ്ങളും അവരുടെ ജീവിതവും യുദ്ധവും ദുരന്തങ്ങളുമെല്ലാം ഓരോ കത്തുകളിലൂടെയും പ്രകടമാകുന്നുണ്ട്. 

ബെന്യാമിന്റെ പല നോവലുകളിലും ദൃശ്യമാകുന്ന ഒരു റിയലിസ്റ്റിക് ആഖ്യാനമുണ്ട്. മലയാളികൾക്ക് വായനയ്ക്ക് എളുപ്പത്തിൽ അദ്ദേഹത്തിന്റെ പേര് അടയാളപ്പെടുത്തിയതാണ് എന്നതാണ് സത്യം. പലപ്പോഴും കഥ നടന്നതെന്ന തോന്നൽ ഉണ്ടാക്കിക്കുന്ന ആഖ്യാന രീതിയിൽ ആയതിനാൽ അദ്ദേഹത്തിന്റെ പല കഥാപാത്രങ്ങളെക്കുറിച്ചും ഇപ്പോഴും വായനക്കാർ അന്വേഷിക്കാറുണ്ടത്രെ. കഥാപാത്രത്തെ അന്വേഷിച്ച് വീട്ടിലെത്തിയവർ വരെയുണ്ട്. അത്രമാത്രം വേട്ടയാടുന്ന കഥാപാത്രങ്ങളാണ് റിയാലിസ്റിക്ക് ആഖ്യാനത്തിന്റെ പ്രത്യേകത. കഥയിൽ നിന്ന് കഥാപാത്രങ്ങൾ യാഥാർഥ്യത്തിലേക്ക് ഇറങ്ങി നടക്കുന്ന അതേരീതിയാണ് ഇവിടെ റിഹാനും പിന്തുടരുന്നത്. ജെ പി എന്ന റോ ഏജന്റ് അയച്ച കത്തുകൾ എഴുത്തുകാരനാണ്‌ വന്നെത്തിയിരിക്കുന്നത്. അത് ചില്ലറ എഡിറ്റിങ്ങുകളോടെ അദ്ദേഹം പുസ്തകമാക്കിയിരിക്കുന്നു. ആരാണ് ജെ പി എന്നത് അദ്ദേഹത്തിനും അജ്ഞാതമാണെന്നു എഴുത്തുകാരൻ പറയുന്നു. രസകരമായ ഒരു കടംങ്കഥയാണ് ഇത്തരം ആഖ്യാന ശൈലിയുടേത്. വായനക്കാരന്റെ മനസ്സിനെ കൂടുതൽ അസ്വസ്ഥവും ചിന്തിക്കത്തക്കതുമാക്കി മാറ്റി ആ കഥാപാത്രങ്ങളെ ഓരോരുത്തരുടെയും മനസ്സിൽ ഉറപ്പിക്കുന്ന ഒരു തന്ത്രം കൂടിയാണ്. എന്തായാലും റിഹാൻ റാഷിദിന് അഭിമാനിക്കാം. അദ്ദേഹത്തോട് പലരും ഇതിനോടകം തന്നെ ജെ പി ആരാണെന്ന ചോദ്യം ചോദിച്ചു കഴിഞ്ഞിരിക്കുന്നു.  ബ്യുസിഫാലസ് വായന കഴിഞ്ഞാൽ തീർച്ചയായും എഴുത്തുകാരനോട് ആ ചോദ്യം അല്ലെങ്കിലും ചോദിക്കാതെ തരമില്ല.

സത്യത്തിൽ ജെ പി എന്ന വ്യക്തി യാഥാർഥ്യമായിരിക്കുമോ? ജപ്പാനിലെ കുറെ മനുഷ്യരുടെ യാതനകൾ സാധ്യമായിരിക്കുമോ? വിശ്വസിക്കാതെ വേറെ വഴിയില്ല. യാഥാർഥ്യം പലപ്പോഴും കെട്ടുകഥകളേക്കാൾ ഭയാനകമാണ്!


ബ്യുസിഫാലസ് വാങ്ങുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Content Summary : Book Review - Bucephalus, novel written by Rihan Rashid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com