ADVERTISEMENT

യാത്രകളിലും വ്യത്യസ്ത ഭക്ഷണ രുചികളിലും മലയാളിക്കു ഹരം കയറാൻ കാരണമെന്തായിരിക്കും. കടൽ കടന്നും ആകാശ മാർഗവും സാഹസിക വഴികളിലൂടെയും വിവിധ രാജ്യങ്ങളിൽ എത്തി സ്വന്തക്കാരെയും ബന്ധുക്കളെയും എത്തിച്ച് പ്രവാസ സമൂഹം കെട്ടിപ്പടുത്തവരെക്കറിച്ചല്ല പറയുന്നത്. ചുറ്റുപാടും കാണുന്നവരെക്കുറിച്ച്. 2000 ന് മുമ്പു വരെയും അവരുടെ യാതകൾ പരിമിതമായിരുന്നു. വിദൂര യാത്രയ്ക്ക് ജീവിതത്തിൽ വല്ലപ്പോഴും മാത്രം ട്രെയിൻ കയറിയിരുന്നവർ. മുകളിലൂടെ പറക്കുന്ന വിമാനത്തെ അതിശയത്തോടെ നോക്കി നെടുവീർപ്പിട്ടവർ. വിദേശങ്ങളിൽ നിന്നെത്തുന്ന വിനോദ സഞ്ചാരികളെ കണ്ണെടുക്കാതെ നോക്കിനിന്നവർ. വീടിനടുത്തുള്ള നാൽക്കവലയിലേക്ക് ഷർട്ട് ഇടാതെ സഞ്ചരിക്കാൻ മടി കാട്ടാതിരുന്ന പുരുഷൻമാർ. സ്ത്രീകളുടെ യാത്ര അതിലും കുറവായിരുന്നു. ലോകത്തെ മുഴുവൻ അവർ അറിഞ്ഞിരുന്നത് അയൽവക്കത്തെ കൂട്ടായ്മകളിൽ നിന്നു മാത്രമായിരുന്നു.  വർത്തമാനപ്പത്രങ്ങളിൽ നിന്നും. എന്നാൽ ആഗോളവൽക്കരണം മലയാളി ജീവിതത്തെയും കീഴ്മേൽ മാറ്റിമറിച്ചപ്പോൾ പുതിയ നൂറ്റാണ്ടിൽ പുതിയൊരു വ്യക്തിത്വത്തിന് മലയാളി ഉടമയായി.  അക്ഷരാർഥത്തിൽ ആഗോള മാനവൻ. ആ പുതിയ മനുഷ്യന്റെ സ്വാഭാവിക സവിശേഷതകളിലൊന്നായി യാത്രകളിലുള്ള താൽപര്യം. രുചി തേടി കിലോമീറ്ററുകളോളം സഞ്ചരിക്കാനുള്ള സന്നദ്ധത. കുറെയേറെ പുതിയ വിശേഷങ്ങൾ പറയേണ്ടിവരും ആഗോള മലയാളിയെക്കുറിച്ച്. നോവലും കഥയും ഇറങ്ങുന്നതുപോലെ ഇന്നു യാത്രാ പുസ്തകങ്ങളും ഇറങ്ങുന്നു. രുചി പകരുന്ന പുസ്തകങ്ങളും ഉണ്ടെങ്കിലും യുട്യൂബുകളാണ് കുറേക്കൂടി പ്രശസ്തം. യാത്രയുടെയും പുതിയ വാഹനങ്ങളുടെയും വിശേഷങ്ങൾ പങ്കുവയ്ക്കുന്ന ചാനലുകളും കറവല്ല. ഈ പശ്ചാത്തലത്തിൽ വേണം യാത്രാ വിവരണങ്ങൾ വായിക്കേണ്ടത്. 

യാത്രാ വിവരണത്തെ സാഹിത്യ ശാഖയായി വളർത്തിക്കൊണ്ടുവന്നത് എസ്.കെ. പൊറ്റെക്കാട്ടാണ്. വർഷങ്ങൾക്കു ശേഷം ചിന്ത രവി എന്ന രവീന്ദ്രൻ പുതിയൊരു ശൈലി അവതരിപ്പിച്ചു. എടുത്തുപറയേണ്ട പേരുകൾ പിന്നെയുമുണ്ട്. ചെറിയൊരു കിതപ്പിനു ശേഷം പുതിയ നൂറ്റാണ്ടിൽ ആഗോളവൽക്കരണം നൽകിയ ചിറകിൽ മലയാളി വീണ്ടും യാത്ര ചെയ്യാൻ തുടങ്ങി. ഏതാനും പേരുടെ വിശേഷങ്ങൾക്കുവേണ്ടി കാത്തിരിക്കുന്നതിനു പകരം എല്ലാവരും യാത്ര ചെയ്യാൻ തുടങ്ങി. വിശേഷങ്ങൾ പങ്കുവയ്ക്കുന്നുവരുടെ എണ്ണവും കൂടി. 

കവിതയിൽ സ്വന്തമായൊരു ഇടം കണ്ടെത്തിയ എം.ആർ. രേണുകുമാറിന്റെ രണ്ടാമത്തെ യാത്രാവിവരണമാണ് ഹംപിയിലെ പൊരിവെയിൽ. പൊട്ടിയ പട്ടം പോലെ യാത്ര ചെയ്യുന്നയാൾ എന്നാണ് അദ്ദേഹം സ്വയം വിശേഷപ്പിക്കുന്നത്. ഭൂട്ടാൻ വിശേഷങ്ങൾ പങ്കുവച്ചപ്പോഴത്തേ അതേ അനൗപചാരിക ശൈലി തന്നെയാണു പുതിയ പുസ്തകത്തിലും പിന്തുടരുന്നത്. ഹംപി, ഒഡിഷ യാത്രകളാണ് ഈ ചെറിയ പുസ്തകത്തിന്റെ പ്രധാന ഉള്ളടക്കം. ഗവി, കല്യാണത്തണ്ട്, സൈലന്റ് വാലി എന്നിങ്ങനെ കേരളത്തിലുള്ള സ്ഥലങ്ങളിലേക്കും തമിഴ്നാട്ടിലെ കൊളുക്കുമലയിലേക്കും നടത്തിയ യാത്രകളുടെ ഹ്രസ്വവിവരണങ്ങളുമുണ്ട്. 

അടുത്ത സുഹൃത്തിനോട് വിശേഷങ്ങൾ പങ്കുവയ്ക്കുന്ന ശൈലിയാണ് രേണുകുമാറിന്റേത്. ഒളിവും മറവുമില്ലാതെ കാഴ്ചകളും അനുഭവങ്ങളും അനുഭൂതികളും വളച്ചുകെട്ടാതെ അദ്ദേഹം അവതരിപ്പിക്കുന്നു. സുഹൃത്തുക്കൾക്കൊപ്പമായിരുന്നു എല്ലാ യാത്രകളും. കൂടുതലും സഹപ്രവർത്തകർക്കൊപ്പം. തെളിഞ്ഞുവരുന്നതു പുരുഷൻമാരുടെ ലോകമാണ്. സംഘത്തിൽ ഒരിക്കൽപ്പോലും സ്തീകളുണ്ടായിരുന്നില്ല. സ്ത്രീവായനക്കാർക്കെങ്കിലും ഇതൊരു പോരായ്മയായി തോന്നാം. 

പഠനം നടത്തിയോ ഗവേഷണം നടത്തിയോ അല്ല ഒരു സ്ഥലത്തേക്കും രേണുകുമാറും സംഘവും യാത്ര ചെയ്യുന്നത്. ബസ്, ട്രെയിൻ. ചിലപ്പോൾ സ്വകാര്യ വാഹനം. അടുത്ത സുഹൃത്തുക്കളുടെ കൂട്ടായ ആലോചനയിൽ പൊട്ടിവീഴുന്ന പദ്ധതികൾ. പ്രത്യേകിച്ചൊന്നും ആലോചിക്കാതെ നടത്തുന്ന യാത്രകൾ. അനിശ്ചിതത്വം, നേരത്തേ ആർജിച്ച അറിവുകളുടെ ഭാരമില്ലായ്മ എന്നിവ ഓരോ സ്ഥലത്തെയും മുൻവിധികളില്ലാതെ കാണാനും നിക്ഷിപ്ത താൽപര്യങ്ങളില്ലാതെ വിശേഷം പങ്കുവയ്ക്കാനും സഹായിക്കുന്നു. ഒറ്റയിരിപ്പിനു വായിക്കാം ഹംപിയിലെ പൊരിവെയിൽ. വിശേഷങ്ങൾക്കൊപ്പം ആധികാരികമായ ചരിത്രവും എഴുത്തുകാരൻ പങ്കുവയ്ക്കുന്നുണ്ട്. ഒപ്പം സ്വയം ഒരു കഥാപാത്രമായി കണ്ട് പരിഹസിക്കാനും മടിക്കുന്നില്ല. എന്നാൽ അവയേക്കാളും, യാത്രയുടെ ഹരം പകരുന്നു എന്നതാണ് ഈ പുസ്തകത്തെ സവിശേഷമാക്കുന്നത്. 

താജ്‌മഹലിനു മുന്നിലിരുന്ന് ക‌ടല വിൽക്കുന്നയാളിൽ താജ്മഹൽ എപ്പോഴെങ്കിലും കൗതുകം ജനിപ്പിച്ചിട്ടുണ്ടാവുമോ. അഭിഷേക് ബച്ചന് ഐശ്വര്യ റായ് ഒരു വിശേഷപ്പെട്ട കാഴ്ചയാകുന്നുണ്ടാകുമോ. കടൽത്തീരത്ത് താമസിക്കുന്നവരേക്കാൾ കൂടുതൽ നേരം കടല് കണ്ട് ഇരുന്നിട്ടുണ്ടാവുക വിദൂരങ്ങളിൽ നിന്ന് കടൽ കാണാൻ എത്തിയവരാകില്ലേ...? 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com