ADVERTISEMENT

ഒരു വാക്കിൽ നിന്ന് കവിത പിറക്കും പോലെ ഒരു സംഭവത്തിൽ നിന്നോ കേവലം ഒരു വ്യക്തിയുടെ നോട്ടത്തിൽ നിന്നോ കഥകളും പിറക്കാം. ഈ കഥകൾ പല തരത്തിൽ എഴുതപ്പെടാം. ഭാഷയുടെ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന രീതിയിൽ എഴുതാം. നേർരേഖയിൽ കഥ പറഞ്ഞു പോകാം, വളവും തിരിവും കയറ്റിറക്കങ്ങളും നിറഞ്ഞ രീതിയിലും എഴുതാം. മധുപാലിന്റെ ഇരു കരകൾക്കിടയിൽ ഒരു ബുദ്ധൻ എന്ന കഥാ സമാഹാരം ഇതിൽ നിന്നൊക്കെ തികച്ചും വ്യത്യസ്തമായ ആഖ്യാനശൈലി കൊണ്ട്  വേറിട്ട് നിൽക്കുന്ന ഒന്നാണ്. ഇതിലെ കഥകൾ ഓരോ വായനക്കാരനും വായിച്ചെടുക്കുക ഓരോ തരത്തിലാവും. വായനയ്ക്കുള്ളിലെ വായന ആവശ്യപ്പെടുന്നവയാണ് ഓരോ കഥകളും. കഥാകാരൻ നിർത്തിയിടത്തു നിന്ന് വായനക്കാരനു പുതിയ കഥ സൃഷ്ടിക്കാൻ പര്യാപ്തമായ ഇട ഈ കഥകൾ നൽകുന്നുണ്ട്.

ചിലർക്ക് ചെറുകഥ എന്നാൽ സുനിശ്ചിത പഥങ്ങളിലൂടെയുള്ള സുദൃഢസഞ്ചാരമല്ല. ആഖ്യാനത്തിലെ അപഥ സഞ്ചാരികൾ ആണവർ. നേർവഴികളെക്കാൾ ലാബിറിന്തുകൾ പണിയുന്നതിനാണ് അവർക്ക് താല്പര്യം. വന്യമായ അവ്യവസ്ഥ നിറച്ച് കയോസിനെ പുനരാനയിക്കുന്നവർ. ഇങ്ങനെ ചെയ്യുന്നതിൽ ഒരു തരം മാരകമായ സാഹസികതയും സത്യസന്ധതയും ഉണ്ടെന്നും മധുപാലിന്റെ കഥകളെ മുൻനിർത്തി പുസ്തകത്തിന്റെ അവതാരികയിൽ സജയ് കെ വി എഴുതുന്നു.

അതെ. ഈ പുസ്തകത്തിലെ കഥകൾ വ്യവസ്ഥാപിതമായ ചട്ടക്കൂടിന് പുറത്തു നിൽക്കുന്നവയാണ്. വർത്തമാനകാലത്തിൽ നിന്ന് ഭൂതകാലത്തിലേക്കും തിരിച്ചും അവ സഞ്ചരിക്കുന്നു.

"യാനോ നീയോ യാതിപരം " ആണ് സമാഹാരത്തിലെ ആദ്യ കഥ. കാർ മോഷണം പശ്ചാത്തലമാകുന്ന കഥയിൽ കാർ മോഷ്ടാക്കളും ഇടനിലക്കാരും എല്ലാം കഥാ പാത്രങ്ങൾ ആവുന്നു. കഥാ പാത്രങ്ങളുടെ നിസ്സഹായത വെളിവാക്കുന്ന കഥയുടെ ആഖ്യാനം തികച്ചും പുതുമയുള്ളതാണ്.

പുരുഷന്റെ വാക്കുകൾക്കും പ്രവൃത്തികൾക്കും ഇടയിൽ പെട്ട് ഇല്ലാതെയാവുന്ന സ്ത്രീകളെ "ചാവ് കടലിൽ ഉറങ്ങുന്നവർ" എന്ന കഥയിൽ കാണാനാവും. സ്ത്രീ എന്നത് പുരുഷന്റെ ആസക്തികൾ തീർക്കാനുള്ള വസ്തു മാത്രം ആണെന്ന് ചിന്തിക്കുന്ന അവളെ പുറകെ നടന്നില്ലാതാക്കുന്ന പുരുഷന്മാരെ ഈ കഥയിൽ കാണാം. 

ഈ കഥ പറയുന്ന അലൻ തന്റെ സുഹൃത്തായ വേണിയെ രക്ഷിക്കാൻ ഒന്നും ചെയ്യുന്നില്ല. മറ്റൊരാളുടെ ഭാര്യയെ ങ്കിലും ചാറ്റ് റൂമിൽ നിന്ന് ലഭിച്ച അവളെ തനിക്കിഷ്ടമാണ് എന്ന് പറയുമ്പോഴും തന്റെ പ്രശ്നങ്ങൾ എല്ലാം പറഞ്ഞിട്ടും അവളെ രക്ഷിക്കാൻ അലൻ ശ്രമിക്കുന്നില്ല.  പുരുഷൻ പുലർത്തുന്ന ഇത്തരം നിസംഗത തന്നെയാണ്,  സ്ത്രീകൾ ആക്രമിക്കപ്പെടു ന്നതിനു പിന്നിലുള്ള ഒരു കാരണം എന്ന് വേണമെങ്കിൽ പറയാം.

സ്ത്രീയുടെ ചിന്തകളും വികാരങ്ങളും മനസും കഥാകൃത്ത് എവിടെയോ മറന്നു വയ്ക്കുന്നു. ഈ കഥയിൽ അവൾ ഒരു ശരീരമായി ചുരുങ്ങുന്നു.

"ഇരു കരകൾക്കിടയിൽ ഒരു ബുദ്ധൻ" പേര് പോലെ തന്നെ മനോഹരമായ കഥയാണ്. ഇരു കരകൾക്കിടയിൽ നിൽക്കും പോലെ രണ്ടു പുരുഷന്മാരിലേക്കും എത്തിപ്പെടാനാവാത്ത സ്ത്രീയുടെ വിചാരങ്ങളാണ്‌ ഈ കഥ.

താൻ സ്നേഹിക്കുന്ന ആളിലേക്ക് ഒരിക്കലും എത്താനാവില്ല എന്നറിയാവുന്ന, തന്നെ സ്നേഹിക്കുന്ന ആളെ തിരികെ സ്നേഹിക്കാൻ പറ്റാതെ വരുന്ന താഷി എന്ന എഴുത്തുകാരിയുടെ വിഹ്വലതകൾ വായനക്കാരെ  അലട്ടും. തനിക്കിടയിൽ ഉള്ള രണ്ട് പുരുഷന്മാർക്കും തന്നെ മനസിലാവില്ല എന്ന് അറിഞ്ഞ് ഇരു കരകളിൽ  ഒന്നിൽ നിന്നും ഇറങ്ങി നടക്കുകയാണ് അവൾ.

എത്ര മാത്രം ആഴത്തിൽ താൻ അയാളെ സ്നേഹിക്കുന്നു എന്ന് ബോധ്യപ്പെടുത്താൻ ഒരു മനോഹര പ്രണയത്തിന്റെ കഥ പോലും പറയുന്നുണ്ട് അവൾ.

മനോഹരമായി സ്നേഹിക്കാനറിയുന്നവരായി ചുരുക്കം ചിലരെ ഈ ഭൂമിയിലുള്ളൂ. ഭാഗ്യമുള്ളവർ മാത്രേ അവരെ കണ്ടു മുട്ടാറുള്ളൂ എന്ന് കഥാകൃത്ത് പറയുന്നു.

അപരിചിതമായ പട്ടണത്തിൽ ജോലിക്ക് എത്തുന്ന ചെറുപ്പക്കാരനെ "ഭൂമിയെ നദികളാൽ പിളർക്കുന്നു" എന്ന കഥയിൽ കാണാം ക്രിസ്തുവിന്റെ ചിത്രങ്ങൾ മാത്രം വരയ്ക്കുന്ന മുക്കഞ്ചേരിൽ  ഹബക്കൂക്ക് എന്ന ഈനാശുവുമായുള്ള പരിചയവും അയാളോടൊപ്പം നഗര രാത്രികളിലെ നടത്തവും വായനക്കാരിൽ ഉദ്വേഗം ജനിപ്പിക്കും.

ദൈവത്തിനും സാത്താനും ഇടയിൽ പെട്ട് ഭയവും താനേത് ലോകത്തിലാണ് നിൽക്കുന്നത് എന്നറിയാത്ത അവസ്ഥയും ചേരുമ്പോൾ കായലിലേക്ക് എടുത്തെറിയപ്പെടുകയാണ് നായകൻ. ഒടുവിൽ ആരൊക്കെയോ ചേർന്ന് രക്ഷിച്ചെടുക്കുമ്പോൾ ജീവിതം ആരെങ്കിലുമൊക്കെ കാക്കും എന്ന് അമ്മ പറഞ്ഞത് അയാൾ ഓർക്കുന്നു. വിശ്വാസം ഒരു മനുഷ്യനെ ഏത് പ്രതിസന്ധിയിൽ നിന്നും കര കേറ്റും എന്ന് ഈ കഥ നമ്മോട് പറയുന്നു.

"പിമ്പിലുള്ളത് മറന്നും കൊണ്ട്"  സ്ത്രീയുടെ സഹനത്തിന്റെ കഥയാണ്. പ്രാർത്ഥനകൾക്കും സാക്ഷ്യം പറച്ചിലുകൾക്കും ഒന്നും അവളുടെ സങ്കടങ്ങളെ മായ്ച്ചു കളയാൻ ആവുന്നില്ല. ഉള്ളിലുള്ള ജീവനെപ്പോലും മറന്ന് സാന്ത്വനത്തിന്റെ വെളിച്ചം തേടി അവൾ പോകുകയാണ്.

"പുല്ലിനെക്കാൾ ഏറെയുള്ളത്" നഗര ത്തിന്റെ ഇരുണ്ട മുഖങ്ങൾ വെളിവാക്കുന്ന കഥയാണ്. ചെറുപ്രായത്തിൽ പഠനത്തിനും ജോലിക്കുമായി നഗരത്തിലെത്തുന്ന കഥാനായകനെ സുഹൃത്തുക്കൾ എന്ന് കരുതിയവർ നഗരത്തിന്റെ വിജനമായ, തികച്ചും അപരിചിതമായ ഇടത്തേക്ക് എത്തിക്കുന്നു. ഇത് കേവലം അയാളുടെ തോന്നലുകൾ മാത്രം ആണോ എന്ന് അയാൾ തന്നെ സംശയിക്കുന്നു. കാലം കഴിയും തോറും നഗരം വളരുന്നു. അതോടൊപ്പം പലർക്കും അപരിചിതമായ നഗരത്തിന്റെ ഇരുണ്ട മുഖങ്ങളും  കൂടുതൽ ഇരുളുക ആണെന്നും 'പുല്ലിനെക്കാൾ ഏറെയുള്ളത്' പറഞ്ഞു വയ്ക്കുന്നു.

"ട്രൂ ലിസണർ" എന്ന കഥയിൽ വായനക്കാരൻ ആണ് യഥാർത്ഥ കേൾവിക്കാരൻ. മദ്യപാനിയെങ്കിലും പക്ഷി മൃഗാദികളോടും കുട്ടികളോടും സ്നേഹമുള്ള അച്ഛച്ഛനെപ്പറ്റി നല്ലതൊന്നും അച്ഛമ്മ പറയാത്തതെന്താ ണെന്നും ആളുകളുടെ മനസ് മനസിലാക്കാൻ പ്രത്യേക കഴിവ് ആവശ്യമാണോ എന്നും നമുക്കും സംശയം തോന്നാം.

മരണം പലവട്ടം കടന്നു വരുന്ന ഈ കഥയിൽ സ്നേഹത്തെയും വിശ്വാസത്തേയും എവിടെയും കണ്ടെത്താനാകുന്നില്ല. കഥാപാത്രം പറയുന്ന ഭൂതവും വർത്തമാനവും കേട്ടിരിക്കുക മാത്രമാണ് നമുക്ക് ചെയ്യാനുള്ളത്.

മനുഷ്യർ നമ്മൾ കാണുന്നത് പോലെയല്ല ജീവിക്കുന്നത്. ഓരോ മനുഷ്യനും പ്രത്യേക ഭൂമിക ആണ് എന്ന് കഥാകൃത്ത് പറഞ്ഞു വയ്ക്കുന്നു.

എന്നും നമ്മൾ കേൾക്കുന്ന ഉയിർ പൊള്ളിക്കുന്ന വിഷയം ആണ് "ആകാശത്തോളം ഉയർന്നത്' എന്ന കഥ പറയുന്നത്. പെൺകുഞ്ഞുങ്ങളുടെ നിലവിളി അവസാനിക്കുന്നതേയില്ലല്ലോ എന്നു സങ്കടപ്പെടുമ്പോഴും കുറ്റം ചെയതവർ യാതൊരു മനസ്താപവും ഇല്ലാതെ വീണ്ടും തെറ്റുകളിലേക്ക് തന്നെ പോകുന്നു. മരിച്ച കുഞ്ഞുങ്ങളിൽ തന്റെ മകളെ കാണുന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ നിസ്സഹായതയും ഭയവും പെണ്മക്കളുള്ള എല്ലാവരിലേക്കും പടരും. ഒടുവിൽ മറഞ്ഞിരിക്കുന്ന തൊന്നും വെളിച്ചത്ത് വരാതിരിക്കുകയില്ല. നിഗൂഢ മായിരിക്കുന്നതൊന്നും അറിയപ്പെടാതെയിരിക്കുകയുമില്ല എന്ന്‌ പ്രതീക്ഷയുടെ ഇത്തിരി വെട്ടം, കഥ പകർന്നു തരുന്നുണ്ട്.

"ഹ്രസ്വവും മനോഹരവുമായ സാരോപദേശങ്ങൾ" പേര് സൂചിപ്പിക്കും പോലെ ചെറുതും മനോഹരവുമായ സാരോപദേശങ്ങൾ നിറഞ്ഞ കഥയാണ്. അമ്മൂമ്മയും കൊച്ചു മകളും തമ്മിലും അച്ഛനും മകളും തമ്മിലും ഉള്ള അടുപ്പവും അമ്മയുടെ അകൽച്ചയും കുടുംബ ബന്ധങ്ങളിലെ ചേർച്ചക്കുറവും വ്യക്തമാക്കുന്ന കഥ. നാരായണഗുരു ഊണ് കഴിച്ചുറങ്ങിയ വീട്ടിൽ നടക്കുന്ന കഥയിൽ ഗുരുവും ഗുരുവാക്യങ്ങളും പലപ്പോഴായി കടന്നു വരുന്നു. സ്നേഹത്തെപ്പറ്റി പറയുന്നതോടൊപ്പം അമ്മയുടെ സ്നേഹരാഹിത്യവും വ്യക്തമാവുന്നു.

കഥ അവസാനിച്ചു എന്നു കരുതുന്നിടത്ത് ഒരു ട്വിസ്റ്റ്‌ കൊണ്ട് വരുകയും സ്നേഹമില്ലായ്മയെ അവസാനിപ്പിക്കാൻ കഥയിലെ പെൺകുട്ടി  തീരുമാനിക്കുന്നിടത്ത് കഥ മറ്റൊരു തലത്തിലേക്ക് നീങ്ങുകയും ചെയ്യുന്നു. സ്വസ്ഥമായ മനസ് ഉണ്ടാകുമ്പോഴാണ് ജീവിതത്തിൽ മനുഷ്യർക്ക് സുഖമുണ്ടാകുന്നത് എന്നൊരു ന്യായവാദവും കഥ നിരത്തുന്നുണ്ട്. ആർത്തലച്ച് ഒരു മഴ പെയ്തു തീർന്ന് ശാന്തമാകുന്നത് മരങ്ങൾ കൂടി പെയ്തൊഴിയുമ്പോഴാണ് എന്ന് അമ്മൂമ്മയോട് ചേർന്ന് നിന്ന് പെൺകുട്ടി ആശ്വസിക്കുന്നു.

ഈ സമാഹാരത്തിലെ കഥകളിൽ എല്ലാം ഇരുട്ടും അവ്യവസ്ഥയും കടന്നു വരുമ്പോഴും പ്രതീക്ഷയുടെ നേരിയ വെളിച്ചം അങ്ങിങ്ങായി കാണാൻ കഴിയും. ദൈവ വിശ്വാസവും ആത്മീയതയും കഥാപാത്രങ്ങളെ ധ്യാനത്തോളം എത്തിക്കുന്നു.

പ്രമേയങ്ങളിൽ തികച്ചും വ്യത്യസ്തത പുലർത്തുന്ന കഥകൾ ആണ് സമാഹാരത്തിലുള്ളത്. ചുറ്റുപാടും നടക്കുന്ന കാര്യങ്ങൾ പല കഥകൾക്കും വിഷയമാകുന്നു. കവിത പോലെ മനോഹരമായ തലക്കെട്ടുകൾ കഥയുടെ കാതൽ ആണെന്ന് തന്നെ പറയാം. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിലെ ഓരോ കഥയ്ക്കും ദേവപ്രകാശിന്റെ വരകൾ മിഴിവ് കൂട്ടുന്നു എന്നതും എടുത്തു പറയേണ്ടതാണ്‌.

വേറിട്ട ഒരു വായനാനുഭവം പകർന്നു തരാൻ മധുപാലിന്റെ ഇരു കരകൾക്കിടയിൽ ഒരു ബുദ്ധനു കഴിയും എന്ന് നിസംശയം പറയാം. ധ്യാനത്തോളം എത്തുന്ന ആത്മീയത ഇതിലെ ചില കഥകൾക്ക് വെളിച്ചമാകുന്നു. കഥയിലെ പുതു വഴികൾ തേടുന്നവർക്ക്  ഈ സമാഹാരത്തിലെ കഥകൾ ഇഷ്ടപ്പെടും എന്നത് തീർച്ചയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com