ADVERTISEMENT

വ്യവഹാരമാല എന്നൊരു പുസ്തകമുണ്ട്. തിരുവിതാംകൂറിന്റെ ലോ ആൻ ആൻഡ് ഓർഡർ അഥവാ ക്രമസമാധാന നിയമങ്ങളെക്കുറിച്ചുള്ള പ്രസക്തമായ രേഖയാണിത്. ബ്രിട്ടിഷ് ഇന്ത്യയുടെ അവസാന കാലത്ത് കൃത്യമായ ഹിന്ദു കോഡ് തിരുവിതാംകൂർ പാലിച്ചിരുന്നു എന്നതിന്റെ തെളിവ് കൂടിയാണിത്. ഇതിപ്പോൾ ഒരു മാതൃകയാക്കുകയാണ്. പുതിയൊരു ഹിന്ദുരാഷ്ട്രം സ്ഥാപിക്കപ്പെടുമ്പോൾ, മാതൃകയാക്കാൻ വ്യവഹാരമാലയേക്കാൾ ഉചിതമായ മറ്റൊരു പുസ്തകമില്ല. ഭരണാധികാരികൾ ഇക്കാര്യത്തിൽ കൃത്യമായ തീരുമാനമെടുത്തുകഴിഞ്ഞു. 

ബ്രാഹ്മണ ക്ഷത്രിയ വൈശ്യൻമാർക്ക് ശൂദ്രനായിട്ടുള്ളവൻ അഹങ്കാരം കൊണ്ട് ധർമ്മോപദേശം ചെയ്തുവെങ്കിൽ ശൂദ്രന്റെ വായിലും ചെവിയിലും എണ്ണ തിളപ്പിച്ച് ഒഴിക്കണം എന്നത് വ്യവഹാരമാലയിലെ ഒരു നിയമമാണ്. സമൂഹത്തിന്റെ ഹിംസ വേരോടി നിൽക്കുന്നതു കൂടിയാണ് ആ സംഹിത. അറിയുക: ശാന്തമെന്ന് തോന്നുന്ന ആവാസ വ്യവസ്ഥകൾ ഹിംസയിലാണ് വേരോടി നിൽക്കുന്നത്. ഇതേക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഇരു വായിക്കുക. വി. ഷിനിലാലിന്റെ പുതിയ നോവൽ. തിരുവിതാംകൂറിലെ മനുഷ്യരുടെ 300 വർഷത്തെ കഥ പറയുന്ന നോവൽ. സി.വി.രാമൻപിള്ളയുടെ മാർത്താണ്ഡവർമയിലെ മൗനം പൂരിപ്പിക്കുക കൂടിയാണ് എഴുത്തുകാരൻ. 

രാമവർമ മഹാരാജാവിന് രോഗം കൂടിയതറിഞ്ഞ് തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു മാർത്താണ്ഡവർമ യുവരാജാവ്. ചാരോട്ട് കൊട്ടാരത്തിൽ വിശ്രമിക്കുകയായിരുന്ന അദ്ദേഹത്തെ തമ്പിമാരുടെ വിശ്വസ്ത അനുചരനായ വേലുക്കുറുപ്പും പടയാളികളും കൂടി ആക്രമിക്കുന്നു. യുവരാജാവ് കാടുമേടുകളിലൂടെ ഓടി രക്ഷപ്പെടുന്നു. വഴിയിൽ ഒരു ചാന്നാൻ അമ്മച്ചിപ്ലാവിന്റെ പോടിനുള്ളിൽ കയറി ഒളിക്കാൻ സഹായിക്കുന്നു. അതിനു ശേഷമുള്ള ചില ദിവസങ്ങളെക്കുറിച്ച് സിവി പാലിച്ച മൗനത്തെയാണ് ഷിനിലാൽ പൂരിപ്പിക്കാൻ ശ്രമിക്കുന്നത്.  ഈ ആഖ്യാനത്തിലൂടെ മലയാളത്തിലെ രണ്ടു ഗോത്ര ജനവിഭാഗങ്ങൾ ഇതാദ്യമായി സാഹിത്യത്തിന്റെ മുഖ്യധാരയിലേക്ക് പ്രവേശിക്കുക കൂടിയാണ്. 

പുതിയ കാലത്തിൽ തുടങ്ങി തിരുവിതാംകൂറിലെ ഇനിയും പുറത്തുവന്നിട്ടില്ലാത്ത ചരിത്രത്തെ പുനരാനയിച്ച് വീണ്ടും പുതിയ കാലത്തിൽ എത്തുന്ന കൃതി, ചരിത്രത്തെ മുഖാമുഖം നിർത്തി വർത്തമാനകാലത്തിന്റെ രോഗങ്ങളും ശമനൗഷധങ്ങളും കണ്ടെത്തുന്നു. 

കൃത്യമായ രാഷ്ട്രീയ ബോധം പുലർത്തുന്ന എഴുത്തുകാരനാണ് ഷിനിലാൽ. 124 ഉൾപ്പെടെയുള്ള നോവലുകളിൽ അതദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്. ഒളിവും മറയുമില്ലാതെ. പ്രത്യക്ഷത്തിലെ രാഷ്ട്രീയത്തിനപ്പുറം ചരിത്രത്തിന്റെ ഇരുളിലേക്ക് സഞ്ചരിച്ച് കാലത്തിന്റെ മുറിവുകൾക്കു പിന്നിലെ കാരണം കണ്ടെത്താനുള്ള ശ്രമം കൂടിയാണ് ഇരു. 

എന്നാൽ, ചരിത്രത്തിൽ ഉൾപ്പെടെ സവിശേഷ താൽപര്യമുള്ളവർക്കു മാത്രമേ ഇരു മികച്ച വായനാനുഭവം പ്രദാനം ചെയ്യാൻ സാധ്യതയുള്ളൂ. പരസ്പര ബന്ധമില്ലാത്തതെന്നു തോന്നുന്ന ആദ്യ ഭാഗങ്ങൾ വിട്ട് കഥയിലേക്ക് പ്രവേശിക്കുമ്പോഴും വായന ബുദ്ധിമുട്ടിക്കുന്നതാണ്. നോവലിസ്റ്റിന്റെ മുൻകൃതികളിൽ കാണുന്ന ചടുലത, വേഗം, നിരീക്ഷണങ്ങളിലെയും അവതരണത്തിലെയും മൗലികതയുടെ കാന്തിയും എന്നിവ ഇരു അപൂർമായി മാത്രമേ പ്രകടിപ്പിക്കുന്നുള്ളൂ. 

മനുഷ്യനോളം പഴക്കമുള്ള ഒരു കഥയാണ് ഞാൻ. എന്റെ ഉൽപത്തിയുടെ കഥ എന്നാൽ രണ്ടു വർഗങ്ങളുടെ സംഗമത്തിന്റെ ചരിത്രമാണ്. ജീവിതത്തിൽ കഥയും കഥയിൽ ജീവിതവും അന്വേഷിക്കുന്ന മനുഷ്യർക്ക് അത് കൗതുകകരമാവും. കായനദിയുടെ കരയിൽ ജീവിച്ചുമരിച്ച മനുഷ്യരുടെയും അവരുടെ ആസക്തികളുടെയും ഹിംസയുടെയും കഥയാണത്. മനുഷ്യോൽപത്തിയോളം പഴക്കമുള്ള ആ കഥ പക്ഷേ ഞാൻ ആരംഭിക്കുന്നത് രണ്ടു മാതാക്കളിൽ നിന്നാണ്. ആദിമാതാക്കൾ. 

ഇരു 

വി. ഷിനിലാൽ 

ഡിസി ബുക്സ് 

വില 470 രൂപ 

English Summary:

Book Review of Iru malayalam novel written by Shinilal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com