ADVERTISEMENT

ഫ്യൂച്ചർ ടെക്നോളജീസിന്റെ ബഹുനില മന്ദിരം. പൊലീസ് കാവലൊക്കെ പിൻവലിച്ചിരിക്കുന്നു.  പത്തുമണിയോടെ ഡേവിഡ്  ഓഫീസിനു മുന്നിലെ സെക്യൂരിറ്റി ഓഫീസിലെത്തി.  മാനേജരെ കാണണമെന്നാവശ്യപ്പെട്ടപ്പോള്‍ സെക്യൂരിറ്റി ഇന്റര്‍കോമിലൂടെ സമ്മതം ചോദിച്ചു.  ഡേവിഡ് മുറിയിലേക്കു കയറിച്ചെന്നു.  സ്വാമി കണ്ണടയുടെ മുകളിലൂടെ നോക്കി. എന്തെങ്കിലും തുമ്പ് കിട്ടിയോ ഡിറ്റക്ടീവ്?. ആ ശബ്ദത്തിലെ പരിഹാസചുവ ഡേവിഡ് ശ്രദ്ധിച്ചു. പണം വാങ്ങാൻ ഭയന്നു വിറച്ചെത്തിയ സ്വാമിയല്ല, ആകെപ്പാടെ ഒരു മാറ്റം

ഇല്ല സ്വാമീ, കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പമാവുകയാണ്.  ആദ്യമായാണ് ഇത്തരമൊരു കേസ്. ഡേവിഡ് കസേര അടുത്തേക്ക് വലിച്ചിട്ടു. പരിഭ്രമിച്ച രീതിയിൽ തുവാലയെടുത്ത് മുഖം ഒപ്പി.  കല്യാണക്കേസൊക്കെ അന്വേഷിക്കുന്നതിനിടയ്ക്ക് ആദ്യമായി ആയിരിക്കുമല്ലേ കൊലപാതകവും മോഷണവുമൊക്കെ അന്വേഷിക്കുന്നത്. സ്വാമി തന്റെ മുന്നിലിരുന്ന ചായ ഗ്ളാസ് ഡേവിഡിന്റെ മുന്നിലേക്കു നീക്കി വച്ചു. ഇതാ കുടിച്ചോളൂ സാർ ക്ഷീണം മാറട്ടെ.  

സ്വാമിയുടെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി ഡേവിഡ് അൽപ്പം വിനയസ്വരത്തിൽ ചോദിച്ചു. 

ഞാനിപ്പോ വന്നിരിക്കുന്നത് മറ്റൊരു സഹായം ചോദിക്കാനാണ്, ഈ കമ്പനിയുടെ ഡയറക്ടര്‍മാരാരൊക്കെയാണെന്നറിഞ്ഞാൽ കൊള്ളാം. സ്വാമി കസേരയിൽ പുറകോട്ട് ആഞ്ഞു,  കൈകൾ നെഞ്ചിലേക്കു കെട്ടിയിരുന്നു–  മിസ്റ്റർ ഡേവിഡ്... ഫ്യൂച്ചറിന് ഐടി മാത്രമല്ല റിയല്‍ എസ്റ്റേറ്റും ഹോട്ടലുമൊക്കെ ഉണ്ട്. സ്ഥാപകനായ ഫ്രാന്‍സിസ് സാറും കൂടാതെ ആറ് ഓഹരി ഉടമകളും. ഈ കമ്പനി, ​ഫ്യൂച്ചർ ടെക്നോളജീസ് മാത്രം മകനായ റോബർട്ടിന്റെ പേരിലാണ്. 

റോബര്‍‌ട്ട് ഇല്ല?,അപ്പോൾ ഇനി?

അന്നാമ്മ...ഫ്രാന്‍സിസ് സാറിന്റെ വൈഫ്

ഓഹോ,  റോബര്‍ട്ടിന്റെ അമ്മ ജീവിച്ചിരിപ്പില്ലെന്നാണല്ലോ പോലീസ് റിക്കാര്‍ഡ്സില്‍.  രണ്ടാം ഭാര്യയാണ് അന്നാമ്മ.

ഒരു വല്ലാത്ത കഥാപാത്രമാണല്ലോ ഈ റോബര്‍ട്ട്. പഴയ മലയാള പടങ്ങളിലെപ്പോലെ,   സകലവിധ കുരുത്തക്കേടുകളും കൈയ്യിലുണ്ട്.  വീട്ടിലും നാട്ടിലും ചീത്തപ്പേരും.  അച്ഛന്റെ കമ്പനികളിലൊക്കെയാണെങ്കിൽ പേരിന് അവകാശം മാത്രം, പവർ ഓഫ് അറ്റോർണിയൊക്കെ അന്നാമ്മയ്ക്കും, ഒരു കാര്യവുമില്ലാത്ത ഒരു ജന്മം. സിനിമയുടെ ഫസ്റ്റ് ഹാഫിൽത്തന്നെ,  കുത്തുകൊണ്ട് മരിക്കേണ്ടവനാണെന്ന്  തോന്നും അല്ലേ? ഡേവിഡ് ചോദിച്ചു സ്വാമിയുടെ മുഖം വിവര്‍ണമായി . അപ്പോള്‍ വീണ്ടും കാണാം. ഡേവിഡ് എണീറ്റു.

പുറത്തേക്കിറങ്ങിയപ്പോള് ദീപ കാത്തുനില്‍പ്പുണ്ടായിരുന്നു. സ്വാമി സാര്‍ എന്ത് പറഞ്ഞു?. കാര്യമായിട്ട് വിവരമൊന്നും കിട്ടിയില്ല. കുട്ടിയെപ്പോഴാ ഫ്രീയാകുന്നത്,  എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്.  ഞാന്‍ വൈകുന്നേരം എത്താം സാര്‍ എവിടെയാണ് വരേണ്ടത്. നമ്മള്‍ അന്ന് കണ്ട റെസ്റ്ററന്റ്– സീഗേറ്റ് അവിടെ വരാമോ? ദീപ ചിരിച്ചു ഓകെ സാര്‍.

ഡേവിഡ് പുറത്തേക്കിറങ്ങി നടന്നു. സെക്യൂരിറ്റി ഗേറ്റിലേക്കു തിരിയാതെ സർവീസ് ലിഫ്റ്റിലേക്കു കയറി. ലിഫ്റ്റിലെ ബട്ടണിൽ ബി വൺ പ്രസ് ചെയ്തു. ലിഫ്റ്റ് ബേസ്മെന്റിലേക്കു പോയി. വാഹനങ്ങൾ പാർക്കു ചെയ്തിരിക്കുന്നതിനിടയിലൂടെ ഡേവിഡ് നടന്നു. സ്കൂട്ടറുകൾ വച്ചിരിക്കുന്ന ഭാഗത്തെത്തി ഡേവിഡ് ചുറ്റും പരിശോധിച്ചു. ഒരു മൂലയിൽ കുറച്ചു പേപ്പറുകള്‍ വാരിവലിച്ചിട്ടിരിക്കുന്നു. കാലുകൊണ്ട് പരതുന്നതിനിടെ ഒരു വസ്തു വശത്തേക്കു തെറിച്ചു. ഡേവിഡ് അതെടുത്തു നോക്കി– സ്പാർക്ക് പ്ളഗ്, ഡേവിഡ് വേഗം പുറത്തേക്കു നടന്നു. എല്ലാ കുറ്റകൃത്യങ്ങളിലും ദൈവം ഒരു തെളിവ് ബാക്കി വയ്ക്കുമെന്നൊരു ക്ളിഷേ ഡയലോഗുണ്ട്. പക്ഷേ ഇവിടെ അത് സംഭവിച്ചിരിക്കുന്നു. ഡേവിഡിന്റെ ചുമലുകൾ വിരിഞ്ഞു. ആത്മവിശ്വാസത്തോടെ അയാൾ ലിഫ്റ്റിലേക്കു തിരികെ കയറി. ഗ്രൗണ്ട് ഫ്ളോർ.....

(തുടരും)

English Summary : Third Eye Chapter 7 - Detective Novel by Jalapalan Thiruvarpu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com