sections
MORE

തലയ്ക്കു നേരേയുയർന്ന് തോക്കിൻ കുഴൽ; ആവശ്യമുള്ളത് കൊടുത്തില്ലെങ്കിൽ ഇനി...

HIGHLIGHTS
  • ജലപാലൻ തിരുവാർപ്പ് എഴുതുന്ന സൈ–ഫി–നോവൽ
  • അശോകന്റെ പടയാളികൾ – അധ്യായം 7
Ashokante Padayalikal
SHARE

രൂക്ഷഗന്ധമുള്ള ഒരു മുറിയിലാണ് ജോബിന് പ്രജ്ഞ തിരികെ കിട്ടിയത്, കൈകൾ അനക്കാൻ  ശ്രമിച്ചപ്പോള്‍ കഠിനമായി വേദനിച്ചതോടെ ആ ശ്രമം ഉപേക്ഷിച്ചു. ശക്തമായ പ്രകാശം മുഖത്തേക്ക് ‌അടിച്ചതിനാൽ കണ്ണുതുറക്കാൻ പ്രയാസപ്പെട്ടു. ജോബ് എണീക്കാൻ ശ്രമിച്ചു. വശങ്ങളിലേക്ക് ഇളകിയപ്പോള്‍ കസേര വശത്തേക്ക് മറിഞ്ഞു. തലയടിക്കാതിരിക്കാൻ ഉയർത്തിപ്പിടിച്ചെങ്കിലും ചുമൽ തറയിൽ ശക്തമായി ചെന്നിടിച്ചു. കാലിൽ എന്തോ തടഞ്ഞതും ജോബ് ചവിട്ടിത്തെറിപ്പിച്ചു. സ്റ്റാൻഡിൽവച്ചിരുന്ന ലൈറ്റ് നിലത്തേക്ക് വീണതോടെ ശക്തമായ പ്രകാശം ഇല്ലാതായി. 

ചുറ്റും നോക്കിയപ്പോൾ ഏതോ ആശുപത്രി ഗോഡൗൺപോലെ തോന്നിക്കുന്ന സ്ഥലമാണെന്ന് ജോബ് തിരിച്ചറിഞ്ഞു. പെട്ടെന്ന് കാൽപ്പെരുമാറ്റം കേട്ടു. ജോബ് കണ്ണടച്ച് കിടന്നു. കാൽപെരുമാറ്റം അടുത്തേക്കു വന്നു. മുഖത്തിന്റെ വശത്ത് ഒരു തണുത്ത ലോഹ സ്പർശം ജോബ് അറിഞ്ഞു.  സമ്മർദ്ദത്തിനു ശക്തി കൂടി. ജോബ് ഞരങ്ങാതെ  പല്ലു ഞെരിച്ച് കിടന്നു.  ആ ബൂട്ടുകള്‍ അകന്നുപോയി, നേവി സീൽ കമാൻഡോയെപ്പോലെ വേഷം ധരിച്ചയാളെ ജോബ് അവ്യക്തമായി കണ്ടു. അൽപ്പ സമയത്തിനുളളിൽ ജെജെയുടെ ബോധം നഷ്ടമായി.

മുഖത്തേക്ക് വെയിലടിച്ചപ്പോഴാണ് ജെജെ ഉറക്കമുണർന്നത്, ടേബിളിനടുത്തു നിന്നു ഗ്ലാസ് എടുത്തു വച്ചശേഷം ജെജെ നിലത്തേക്ക് ഇറങ്ങി, വലതുവശത്ത് കട്ടിലിനടുത്ത് ചെരുപ്പ് ഒരുക്കി വച്ചിരുന്നു. കണ്ണാടിയുടെ മുന്നിലായി കാപ്പി റെഡിയായിരിക്കുന്നു. ശീലങ്ങളെല്ലാം അറിയുന്ന ഒരാൾ ഒരുക്കി വച്ചതുപോലെ, ഭാര്യ ഉള്ളപ്പോൾ എല്ലാം ഇതുപോലെ അയിരുന്നെന്ന് ജോബ് ഓർത്തു. തലേന്ന് ഇട്ടിരുന്ന വസ്ത്രങ്ങളെല്ലാം മടക്കി ഹാങറിൽ ഭദ്രമായി ഇട്ടിരിക്കുന്നു. പുറത്തുചെന്നു നോക്കി, ഗാരേജില്‍ കാർ ഭദ്രമായി പാർക്ക് ചെയ്തിരിക്കുന്നു. ഒരു പോറൽ പോലുമില്ല. അപ്പോൾ തലേന്ന് നടന്നത് സ്വപ്നമായിരുന്നോ?, ജോബ് കണ്ണാടിയിൽ ചെന്നു ഇടതു ചെന്നിയുടെ താഴെ കവിളിൽ നോക്കി, തോക്കിൻ കുഴൽ വട്ടത്തിൽ ഒരു പാട്.

ജെജെ പെട്ടെന്ന് തന്റെ ലൈബ്രറിയിലേക്കു നടന്നു വാതായനങ്ങളെല്ലാം അടച്ചെന്നുറപ്പുവരുത്തി, ലൈബ്രറിയിലെ താഴത്തെ ഒരു നിര കബോർഡ് നിരക്കി മാറ്റി. ഒരു ചെറിയ ഇടനാഴി പ്രത്യക്ഷമായി, ജെജെ അതിലേക്ക് നൂഴ്ന്നു കടന്നു. ഒരു മുറിയിലെത്തി എണീറ്റു നിന്നു. ഒരു സേഫിന‌ടുത്തേക്കു ചെന്നു. ഐറിസ് സ്കാനറിലേക്കു മുഖം അടുപ്പിച്ചു. പെട്ടെന്ന് ലോക്കുകൾ ഓപ്പണായി, മുറിയിലാകെ പ്രകാശം പരന്നു. ജെജെ ആ ക്രിസ്റ്റൽ തലയോട് പുറത്തേക്കെടുത്തു. കൈ തൊട്ടപ്പോൾ അത് പച്ചനിറത്തിൽ അതാര്യമായി. ഒരു കോളിങ് ബെൽ ശബ്ദം പുറത്തു മുഴങ്ങി. ജെജെ തന്റെ മൊബൈലെടുത്ത് സിസിടിവിയുടെ ആപ്പ് ഓണാക്കി നോക്കി. റഷീദ്?

................

തൊമ്മന്‍കുടി ഗ്രാമം, സമയം രാവിലെ 9.

തൊമ്മൻകുടി ഫിഷ് പ്രോസസിങ് ഹബാകുന്നു

തൊമ്മൻകുടിയിലെ ഹൗറയുടെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ  ഭാഗമായി ഫിഷ് പ്രോസസിങ് ഹബാകുന്നു. ചെറുകിട മത്സ്യബന്ധകരിൽനിന്ന് മത്സ്യം നേരിട്ട് വാങ്ങി പ്രോസസ് ചെയ്ത് എക്സ്പോർട്ട് ചെയ്യാനുള്ള പദ്ധതിയാണ് ഒരുങ്ങുന്നത്. തൊമ്മൻകുടി ഗ്രാമത്തിലെ നൂറുകണക്കിന് കുടുംബങ്ങളിലുള്ളവർക്കെല്ലാം ജോലി ലഭിക്കും. കമ്പനിയുടെ ലാഭം തീരദേശ ഗ്രാമത്തിന്റെ പുനരുജ്ജീവനത്തിനായാണ് ഉപയോഗിക്കുകയെന്നും ഉത്പന്നങ്ങളുടെ വിൽപനക്കായി ഹൗറ ഗ്രീൻസ് ഔട്​ലെറ്റുകളും സർക്കാർ വിപണന കേന്ദ്രങ്ങളും ഉപയോഗപ്പെടുത്തുമെന്നും ഹൗറ ഗ്രൂപ്പ് റീജിയണൽ ഹെഡ് ആനന്ദ് മഹാദേവ്. 

ആ ചായക്കടയിൽ കൈയ്യടി ഉയർന്നു. കണ്ടില്ലേ നമ്മുടെ പാർട്ടിയുടെ ശക്തി കടിച്ച പാമ്പിനെക്കൊണ്ട് വിഷമെടുപ്പിക്കുന്നു. കഴിഞ്ഞ ഇലക്‌ഷന് നമ്മുടെ നേതാവിനെ തോൽപ്പിക്കാൻ  മറ്റേ പാർട്ടിയുമായി ചേർന്ന് ഇവരെത്ര പണം എറിഞ്ഞു നടന്നോ? ഇപ്പോ ദേ കണ്ടോ അവർതന്നെ കമ്പനിയും പണിതു ജോലിയും തന്നു,.. ഉവ്വേ..ഈ സ്ഥലമൊക്കെ എന്നാ ആ കമ്പനിക്ക് എഴുതി കൊടുക്കുന്നെന്ന് ദൈവത്തിനറിയാം. അധികാരം കിട്ടിയപ്പോ മറിഞ്ഞു അത്രേ ഒള്ളൂ..

ശ്..ശ് നമ്മുടെ മനോജ്...കാർ പാഞ്ഞുപോയപ്പോൾ ഔസേപ്പ് ചേട്ടൻ നിർത്തി. എന്നാലും അവന്റെ ഒരു ഭാഗ്യമേ. അവന്റെ പുട്ടീസും നടപ്പുമൊക്കെ കണ്ടപ്പോ പണ്ടേ തോന്നി. അവൻ രക്ഷപ്പെടുമെന്ന് കമ്പനിയുടെ ഇവിടുത്തെ മാനേജർ അവനാണത്രെ.ചെറുകിട രാഷ്ടീയ പ്രവർത്തകൻ രവി ഡയറിയും കക്ഷത്തിൽവച്ച് കയറിവന്നു.ദേ നോട്ടീസ്...ഇന്ന് കമ്യൂണിറ്റി ഹാളിൽവച്ച് സൗജന്യ പരിശോധനയും മരുന്നുവിതരണവും. പഞ്ചായത്ത് പരിപാടിയാണോടോ രവി...ഏയ് അല്ല ഹൗറയാണ്...കിടിലൻ ഡോക്ടർമാരൊക്കെയാണ് വരുന്നേ.ഡോ ചെറിയാൻ പാലക്കുന്നേലൊക്കെ ഉണ്ടാകും.‌‌

...

ഹൗറ അസോസിയേറ്റിന്റെ കൊൽക്കത്ത ഓഫീസിലെ ഹെലിപാഡിലേക്ക് ഒരു ബെൽ 525 ഹെലികോപ്റ്റർ പറന്നിറങ്ങി. ഹെലികോപ്റ്ററിനുള്ളിൽനിന്നും കാസിംഭായ് സേട്ടു ഇറങ്ങി...സേട്ടിനൊപ്പം ജനറൽ മാനേജർ നാരായണ സ്വാമിയും ഇറങ്ങി.നാരായണ സ്വാമി ഇറങ്ങാൻ പാടുപെടുന്നത് കണ്ട്.സേഫ്റ്റി ഓഫീസർ ഓടിയെത്തി. പിടിച്ചിറക്കി. മുന്നോട്ട് നടന്ന സേട്ടുവിന്റെ പാളത്താർ കാറ്റിലുലഞ്ഞു. പടികൾ ചാടിയിറങ്ങി സേട്ടു ഓഫീസിലേക്ക് നടന്നു. ലിഫ്റ്റ് ഉപയോഗിക്കാത്തയാളാണ് സേട്ടു. സ്വാമി ലിഫ്റ്റിനകത്തേക്കു കടന്ന് ചാരി നിന്ന് കിതച്ചു. 

സതീഷ് ചോപ്ര വീഡിയോ കോൺഫറൻസിലൂടെ വിദേശത്തുള്ള മനീഷുമായി സംസാരിക്കുകയായിരുന്നു.– മനീഷ്ജി കേരളത്തിൽ ഡീൽ ഫിക്സ് ചെയ്തു.  കൊച്ചിയിലേക്ക് ഷിപ്പ് പുറപ്പെടും. തൊമ്മൻകുടിയിലേക്കുള്ള വസ്ത്രങ്ങളും മറ്റുമായി, രണ്ട് കണ്ടെയ്നറുകൾ മരുന്നുകളും മറ്റുമായി കേരളപൊലീസിന്റെ അകമ്പടിയോ‌ടെ തൂത്തുക്കുടിയിൽനിന്ന് കൊച്ചിയിലേക്ക്. 

സതീഷ് ചോപ്രയുടെ മുന്നിലെ സീറ്റിൽ സേട്ടു ഇരുന്നു. തന്റെ ബ്രീഫ്കേസ് തുറന്ന് അയാൾ ഒരു സീൽഡ് കണ്ടെയ്നർ കയ്യിലെടുത്തു.. നാരായണ സ്വാമി അപ്പോഴേക്കും ചെറിയ ഒരു വിഗ്രഹവുമായി വന്നു...ആ ആൾദൈവത്തിന്റെ ചിത്രത്തിൽ തൊട്ട് ഇരുവരും വണങ്ങി.സേട്ടുവിന്റെ കൈയ്യിലേക്ക്  ബിറ്റ്കോയ്ൻ വാലറ്റിന്റെ പാസ്‌വേർഡ് അടങ്ങിയ കവർ മനീഷ് കൈമാറി..തന്റെ കൈയ്യിലുണ്ടായിരുന്ന ചെറിയ കണ്ടെയ്നർ അയാൾ ഭക്താദരപൂർവം സതീഷിന് കൈമാറി. ഒരു റിമോട്ട് പ്രസ് ചെയ്തതോടെ ആ ഫ്ളോറിലെ ചില്ലുകളെല്ലാം അതാര്യമായി.  സേട്ടു ബ്രീഫ് കേസു തുറന്നതോടെ കണ്ണഞ്ചിക്കുന്ന മരതക പ്രകാശം മുറിയിൽ പരന്നു. മേശപ്പുറത്തുള്ള ഗ്ലാസുകളൊക്കെ വിറയ്ക്കാൻ തുടങ്ങി...

English Summary : Ashokante Padayalikal - Sci-Fi-Thriller E - Novel by Jalapalan Thiruvarpu

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN E-NOVEL
SHOW MORE
FROM ONMANORAMA