ADVERTISEMENT

റെജി ചന്ദ്രശേഖരൻ എന്ന പേര് മാത്രമാണിപ്പോൾ ഉറക്കം കെടുത്തുന്നത്. എത്രയോ കേസുകൾ കൈകാര്യം ചെയ്തിരിക്കുന്നു, എത്രയോ കേസുകൾ തെളിയിച്ചിരിക്കുന്നു, എന്നാലും ഇതുപോലെ ഭീകരമായ, മിസ്റ്റീരിയസ് ആയ ഒരു കേസ് ആദ്യമായാണ്. ഒരു പെൺകുട്ടിക്ക് തികച്ചും നിഗൂഢമെന്നു തോന്നിക്കുന്ന ഇടത്ത് നിന്നും കുറെ സമ്മാനങ്ങൾ ലഭിക്കുന്നു, അത് മനുഷ്യരുടെ ശരീര അവയവങ്ങളാകുന്നു. ഇതിലെ വിക്‌ടിംസ് കൊല്ലപ്പെട്ടോ എന്ന് പോലും അറിയാനാകുന്നില്ല. 

 

എഫ് ഐ ആറിൽ ഓരോ കാര്യങ്ങളും അപ്‌ഡേറ്റ് ചെയ്യുമ്പോൾ അനിൽ മാർക്കോസിന് എമ്മ കേസിലെ നിഗൂഢത ഓർത്തിട്ട് ഒരു തണുപ്പരിച്ചു കയറി. കമ്മീഷണർ അശോക് മാത്യു ഇതുവരെയുള്ള അപ്‌ഡേഷൻ വായിക്കുകയായിരുന്നു.

 

- നാടക നടിയായ എമ്മ ജോൺ എന്ന പെൺകുട്ടി, വയസ്സ് 25, താമസം കലൂർ സ്റ്റേഡിയത്തിനരികിൽ.

അവർക്ക് കഴിഞ്ഞ ബുധനാഴ്ച (12 / 9 /2020) ആദ്യമായി ഒരു അപരിചിതനിൽ നിന്നു സമ്മാനം ലഭിച്ചു. അവർ താമസിച്ച വീടിന്റെ പൂമുഖത്ത് ആരോ കൊണ്ട് വച്ച നിലയിലായിരുന്നു ചതുരത്തിലുള്ള പെട്ടി. അതിനു മുകളിൽ അവരുടെ പേര് സ്റ്റിക്കറുകൾ വച്ച് ഒട്ടിച്ചിരുന്നു. എമ്മ താമസിക്കുന്ന വീടിന്റെ ഉടമസ്ഥ (ഹോം സ്റ്റേ നടത്തുന്ന മാനസി)യാണ് പ്രസ്തുത ബോക്സ് ആദ്യം കണ്ടതും അവകാശിക്ക് നൽകിയതും. അതിനുള്ളിൽ നിന്നു ലഭിച്ച മുറിഞ്ഞ തള്ള വിരൽ നിമിഷ് എബ്രഹാം എന്ന വാടക ഗുണ്ടയുടേതാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. (അതിന്റെ രേഖകൾ ഇതിനോടൊപ്പം ഹാജരാക്കിയിട്ടുണ്ട്)

 

രണ്ടാമതായി എമ്മാ ജോണിന് ലഭിച്ച മുറിഞ്ഞ നാവു കോട്ടയത്ത് നിന്നു കാണാതായ തോമസ് അലക്സ് എന്ന വ്യക്തിയുടേതാണ് എന്ന് അയാളുടെ രക്ത ഗ്രൂപ്പ് പരിശോധനയിൽ സംശയിക്കപ്പെട്ടിരിക്കുന്നു. വ്യക്തമായി അത് ഉറപ്പിക്കാൻ ടിയാന്റെ ശരീരം ഇതുവരെ കണ്ടു കിട്ടുകയോ ടിയാൻ ജീവിച്ചിരിക്കുന്നുവോ മരിച്ചുവോ എന്ന് അടയാളപ്പെടുത്തുകയോ ചെയ്തിട്ടില്ലാത്തതാകുന്നു. എമ്മ ജോൺ എന്ന ടി കക്ഷിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകൾ അനുസരിച്ചാണ് മുകളിൽ രേഖപ്പെടുത്തിയ കുറ്റകൃത്യങ്ങൾ നടത്തപ്പെട്ടതെന്നു സംശയിക്കുന്നു. വ്യക്തമായ രേഖകൾക്കായി അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ടി കക്ഷിയിൽ ഒരാളായ ഹോം സ്റ്റേ ഉടമസ്ഥ മാനസിയുടെ ഭർത്താവ് റെജി ചന്ദ്രശേഖരൻ ഞങ്ങളുടെ നിരീക്ഷണത്തിൽ വന്നിരിക്കുകയാണ്. കുറ്റകൃത്യം നടന്ന സമയങ്ങളിൽ ടി പ്രതിയെന്നു ആരോപിക്കപ്പെടുന്നയാൾ കൃത്യം നടന്ന സ്ഥലങ്ങളിൽ ഹാജരായിരുന്നുവെന്നതിനു അയാളുടെ മൊബൈൽ ടവർ ലൊക്കേഷൻ തെളിവായി എടുത്തിരിക്കുന്നു. -

 

‘‘അനിൽ, അപ്പോൾ ഇയാൾക്കെതിരെയുള്ള അന്വേഷണങ്ങളെങ്ങനെയാണ്?’’

 

‘‘ഒരു രഹസ്യ വിവരം കിട്ടിയിരുന്നു സാർ, നമ്മുടെ സ്ഥിരം ഇൻഫോർമറാണ് വിവരം തന്നത്. ഇയാളുൾപ്പെടെയുള്ള ഗ്യാങ് കഴിഞ്ഞ ദിവസം നടത്തിയ കൊട്ടേഷനെക്കുറിച്ച്. അതും നമ്മളന്വേഷിച്ച കേസാണ് സാർ. ആ ഡോക്ടറിന്റെ മരണം. ക്ലിയർ കേസ് ഓഫ് മർഡർ, പക്ഷേ അന്വേഷിച്ച് തുടങ്ങിയപ്പോഴേ വിളി വന്നിരുന്നു സാറുൾപ്പെടെയുള്ളവരുടെ. ഇപ്പൊ കിട്ടിയ ഇൻഫോർമേഷൻ അനുസരിച്ച് അവരുള്ള സ്ഥലം ലൊക്കേറ്റ് ചെയ്തിട്ടുണ്ട്. സ്ഥിരം വിവരങ്ങളൊക്കെ കിട്ടാറുണ്ട്, സാർ എന്നാൽ കസ്റ്റഡിയിൽ എടുക്കും ഉടനെ വിട്ടയക്കും അതാണല്ലോ നമ്മുടെ പതിവ്’’

 

അനിൽ മാർക്കോസിന്റെ പരിഹാസത്തിന്റെ ചൂട് അശോക് മാത്യുവിന്റെ ചങ്കിൽ തന്നെ തുളച്ചു കയറി. 

 

‘‘ഞാനെന്തു ചെയ്യണം അനിൽ, ജോലി വേണമെങ്കിൽ മുകളിലോരോരുത്തരുടെ വാക്കുകൾക്ക് പൊന്നിന്റെ വില കൊടുക്കണം.’’

 

‘‘അതെ സാർ, അറിയാം. കഷ്ടപ്പെടുന്നത് ഞങ്ങളാണ്. ഇത്തവണ എന്തായാലും അവന്മാരെ കയ്യിൽ കിട്ടിയാൽ ആരെ വിട്ടാലും റെജി ചന്ദ്രശേഖരനെ വിടുന്നില്ല. എമ്മ കേസുകൂടി എടുത്തിടാമല്ലോ അവന്റെ പേരിൽ. സാറായി ഒന്നും പറയാതിരുന്നാൽ മതി’’

 

‘‘ഈ കേസ് മീഡിയ വാർത്തയാക്കിയാലുള്ള കാര്യമോർത്താൽ അവനൊരുത്തനെ കുരുതി കൊടുത്താലും അവന്മാർക്കൊന്നും സംഭവിക്കാൻ പോകുന്നില്ല, താനെന്താണെന്നു വച്ചാൽ ചെയ്യ് ’’

 

പിന്നത്തെ കാര്യങ്ങൾ വളരെ വേഗത്തിലായിരുന്നു. സ്ഥിരം ഇൻഫോമറേ വിശ്വസിക്കാതെ വയ്യ. അയാൾ പറഞ്ഞ വഴിയിലൂടെ വളരെ വേഗത്തിൽ അനിൽ മാർക്കോസ് ഉൾപ്പെടെയുള്ള പൊലീസ് സന്നാഹം സ്ഥലത്തെത്തി. നാല് പേര് താമസിക്കുന്ന ലോഡ്ജിന്റെ പറ്റാവുന്ന വഴികളിലൂടെയൊക്കെ പൊലീസ് വളഞ്ഞു. ഒടുവിൽ രക്ഷപെടാൻ പറ്റാതെയായപ്പോൾ നാല് പേരും പൊലീസിന് കീഴടങ്ങി. ബാക്കി മൂന്ന് പേരും രക്ഷപ്പെട്ടാലും റെജി ചന്ദ്രശേഖരൻ കൈവിട്ടു പോകരുതെന്ന് അനിൽ മാർക്കോസിന് നിർബന്ധമുണ്ടായിരുന്നു. അര മണിക്കൂറിന്റെ ബഹളത്തിനൊടുവിൽ ലോഡ്ജിനു മുന്നിലെ ജനക്കൂട്ടത്തിന്റെ മുന്നിലൂടെ കൈ വിലങ്ങുകൾ വച്ച് നാല് പേരെയും പൊലീസ് വണ്ടികളിൽ കയറ്റി. എതിർക്കാൻ പരമാവധി ശ്രമിച്ചെങ്കിലും നാണക്കേടിന്റെ മുഖാവരണമണിഞ്ഞു അവർക്ക് നടു റോഡിലൂടെ നടക്കേണ്ടി വന്നു. 

 

‘‘നീ കഴിഞ്ഞ പന്ത്രണ്ടാം തീയതി എവിടെയായിരുന്നു റെജി? ’’

 

അനിൽ മാർക്കോസ് ചോദ്യങ്ങൾ ചോദിക്കുമ്പോൾ റെജിയുൾപ്പെടെയുള്ള നാല് പേരും ആശങ്കയോടെ അനിലിന്റെ മുഖത്തേയ്ക്ക് നോക്കി. അവർ കൊലപാതകം നടത്തിയത് പതിനാലിന് ആയിരുന്നു, അന്നേ ദിവസത്തെ വിവരത്തിനു പകരം പന്ത്രണ്ടിന് എന്താണ് പുതിയ കേസെന്ന് അവർക്ക് മനസ്സിലായില്ല. 

 

‘‘പന്ത്രണ്ടിന് ഞാൻ ടൗണിൽ ഉണ്ടായിരുന്നു സാറെ’’ കൂട്ടത്തിൽ താനാണ് ഏറ്റവും വലിയ നിഷ്കളങ്കനെന്നതു പോലെ റെജി പറഞ്ഞു.

 

‘‘തന്റെ ഭാര്യ ഇപ്പോൾ താമസിക്കുന്ന വീട്ടിൽ എന്തിനാ പോയത്? ’’ റെജി പെട്ടെന്ന് എന്താണ് കേട്ടതെന്നു ഒന്ന് കൂടി ശ്രദ്ധിച്ചു. അനിലിന് ദേഷ്യം വന്നു റെജിയുടെ കവിളില് ഒന്ന് പൊട്ടിച്ചു. 

‘‘പന്ത്രണ്ടിന് രാത്രി നീയെന്തിനാ അവളുടെ വീട്ടിൽ പോയതെന്ന്?’’

 

‘‘അയ്യോ സാറേ ഞാൻ പോയിട്ടില്ല’’

അടി കിട്ടിയ കവിളിൽ കൈ വച്ച് റെജി ശബ്ദമുയർത്തി. അയാളുടെ ഒച്ച ആട്ടിൻകുട്ടികൾ കരയും പോലെ വിറച്ചിരുന്നു.

 

‘‘പിന്നെ നീയെന്തിനാ അവിടെ പോയത്?’’

 

‘‘ഞാൻ അനിരുദ്ധന്റെ വീട്ടിലാരുന്നു എന്ന് തോന്നുന്നു. അവിടെ ആ ഭാഗത്താ അവന്റെ വീട്.’’

 

‘‘ഏത് അനിരുദ്ധൻ?’’

 

റെജിയുടെ മുഖം കൂടെ നിന്ന മൂവരിൽ ഒരുവന്റെ നേരെ തിരിഞ്ഞു. അവൻ മുഖം താഴ്ത്തി. 

അനിൽ മാർക്കോസ് അവനെ നോക്കി,

 

‘‘നിന്റെ വീടെവിടാ?’’

 

‘‘സാർ കലൂർ, സ്റ്റേഡിയത്തിന്റെ അരികിലായി’’

അനിൽ മാർക്കോസ് വീണ്ടും റെജിയുടെ നേരെ തിരിഞ്ഞു.

‘‘അപ്പോൾ നീ മാനസിയെ കാണാൻ പോയിട്ടില്ലെന്നാണോ?’’

 

‘‘സത്യമായിട്ടും ഇല്ല സാറേ.’’

 

‘‘അപ്പോൾ നീ എമ്മ ജോണിനെ അറിയില്ല’’

 

റെജിയുടെ മുഖത്ത് മാത്രമല്ല മറ്റു മൂന്നു പേരുടെ മുഖത്തും അമ്പരപ്പ് ദൃശ്യമായിരുന്നു. മഹേഷ് അനിൽ മാർക്കോസിന്റെ അടുത്ത് വന്നു. അയാളുടെ ചെവിയിൽ രഹസ്യം പറഞ്ഞു.

 

‘‘സാർ ഇവനെ കണ്ടിട്ട് ഫെയ്‌സ്ബുക്ക് ഒക്കെ ഉള്ളവനാണെന്നു തോന്നുന്നില്ല’’

 

അനിൽ മാർക്കോസ് വീണ്ടും റെജിയുടെ നേരെ നോക്കി,

‘‘നിനക്ക് ഫെയ്ബുക്കിൽ അക്കൗണ്ട് ഉണ്ടോടാ?’’

 

‘‘ഓഹ്, ഇല്ല സാറെ. ഉണ്ടായിരുന്നു. ഞാനതങ്ങു കളഞ്ഞു. ചുമ്മാ, ഇപ്പോൾ പബ്‌ജി ആണ് രസം. പിന്നെ വാട്സാപ്പൊണ്ട്. മറ്റെതൊന്നും എനിക്കിഷ്ടപ്പെട്ടില്ല’’

 

ഇതുവരെ സംശയിച്ചു വന്ന തെളിവുകളൊക്കെയിതാ ഇയാളുടെ മുന്നിൽ വീണു ചിതറിപ്പോയിരിക്കുന്നു. വീണ്ടും ആദ്യമുണ്ടായിരുന്ന അതെ അവസ്ഥയിലേയ്ക്ക് മാറപ്പെട്ടു പോയിരിക്കുന്നു. അശോക് സാറിനോട് എന്ത് പറയും, എമ്മയോട് എന്താണ് പറയേണ്ടത്. ഭർത്താവിനെ സംശയിച്ചതുകൊണ്ട് മാനസിയോട് എന്ത് മറുപടി പറയും...  അനിൽ മാർക്കോസിന് ദേഷ്യത്തെക്കാളുപരി സങ്കടമാണ് വന്നത്. അത് പുറത്തു കാണിക്കാനാകാതെ അയാൾ ചീറി. റെജിയുടെ കോളറിൽ പിടിച്ച് ഭിത്തിയുടെ നേർക്ക് വലിച്ചെറിഞ്ഞു. അയാൾ ഭിത്തിയിലിടിച്ച് നിലത്തേക്ക് വീണു. 

 

‘‘ മഹേഷേ, ഇവന്മാരെ പൂട്ടിക്കൊ, എഫ് ഐ ആർ ഏതാണെന്നു മനസ്സിലായല്ലോ. എങ്ങനെയാണ് ആ ഡോക്ടറെ കൊലപ്പെടുത്തിയതെന്നുള്ള സർവ്വ ഡീറ്റെയ്ൽസും എടുത്തോ, മോളിൽ നിന്നു ആരെങ്കിലും വിളിക്കും മുൻപ് പൂട്ടിക്കൊ. ഒരു കൊലപാതകം ചെയ്തിട്ട് ഒളിച്ചിരിക്കാമെന്നു വിചാരിച്ചു അല്ലേടാ..’’

അനിൽ റെജിയുടെ മുഖത്തേയ്ക്ക് നോക്കി മുരണ്ടു.

 

‘‘സാർ’’

മഹേഷ് ഉത്സാഹത്തോടെ നാല് പേരെയും സെല്ലിലേക്ക് തള്ളിയിട്ടു.

 

**************

 

‘‘എടീ നാളെയല്ലേ നിനക്ക് കോഴിക്കോട് പോകേണ്ടത്? നിന്റെ രണ്ടാമത്തെ പ്ലേ..’’

 

മീരയ്ക്ക് ചിരിക്കാൻ അല്ലെങ്കിലും അധികം കാരണങ്ങളൊന്നും വേണ്ട. ഇതുവരെ ഉണ്ടായതൊക്കെ മറന്ന പോലെ അവൾ തെളിഞ്ഞു ചിരിച്ചു. നടാഷ മൊബൈലിൽ കളിച്ചുകൊണ്ടിരുന്നെങ്കിലും നാടകത്തിന്റെ കാര്യം കേട്ട് അവളും ഉത്സാഹത്തോടെ വന്നെത്തി നോക്കി.

 

‘‘ആടി, മറ്റന്നാൾ അല്ലെ, ലാബിൽ നിന്നു വണ്ടി പോണുണ്ട്. നീയെങ്ങാനും വരുന്നുണ്ടോ?’’

 

‘‘അയ്യോ എനിക്ക് നാളെ ഓഡിറ്റുണ്ട് മോളെ...’’ നടാഷയുടെ മുഖം നിരാശ കൊണ്ട് ഇരുണ്ടു.

 

‘2സാരമില്ല, നിന്നെ ഒറ്റയ്‌ക്കെന്തായാലും വിടുന്നില്ല, ഞാൻ വരാം. നാളെ വൈകുന്നേരം പോയാ പോരെ, നാളെ ഹാഫ് ഡേ ലീവ്, മറ്റന്നാൾ ഫുൾ ഡേ, സാരമില്ല എനിക്ക് ലീവുണ്ട്.’’

 

അത് കേട്ടപ്പോൾ നടാഷയ്ക്ക് അസൂയ കനത്തു.

‘‘അപ്പൊ നിങ്ങള് രണ്ടും കോഴിക്കോട്. ഞാനൊറ്റയ്ക്കെങ്ങനെ...’’

 

‘‘നിന്റെ ഓഡിറ്റ് പ്രശ്നമല്ലേ, ഞങ്ങള് മറ്റന്നാൾ രാത്രി തന്നെ ഇങ്ങു പോരും പെണ്ണെ.’’

 

‘‘എനിക്കൊറ്റയ്ക്ക് ഇവിടെ പേടിയാ എമ്മാ’’

എനിക്ക് അവളുടെ ആവലാതികൾ മനസ്സിലാവുന്നുണ്ട്, എന്നാൽ എന്ത് ചെയ്യും. അവളുടെ ജോലിയെ ബാധിക്കുന്ന നിലയിൽ ഒന്നും ചെയ്യാൻ വയ്യ. 

 

‘‘ജോലി കളയാൻ പറ്റുമോ നിനക്ക്. ഞാൻ മാനസി ചേച്ചിയോട് പറയാം. നീ പേടിക്കണ്ട. ഞങ്ങള് പോയിട്ട് മറ്റന്നാൾ തന്നെയിങ് വരാം’’

എന്റെ വാക്കുകൾ അവളെ കുറച്ചൊന്നു ആശ്വസിപ്പിച്ചെന്നു തോന്നി. 

 

‘‘അയാൾ കോഴിക്കോട് വരുമോ എമ്മാ?’’

മീരയുടെ ആ ചോദ്യം എന്നെ തളർത്തി. അയാൾ വരുമോ? ലാബിലെ വണ്ടിയിലാണ് യാത്ര, അപകടമൊന്നുമില്ല. നേരെ ചെല്ലുക, രാത്രിയിൽ ഹോട്ടലിൽ താമസിക്കുക, പിറ്റേന്ന് ഒരു റിഹേഴ്‌സൽ നോക്കുക, വൈകുന്നേരം അരങ്ങിൽ കയറുക, ഭയക്കാനൊന്നുമില്ല. അല്ലെങ്കിലും ഇനി പേടിച്ചിരിക്കാൻ എന്നെ കിട്ടില്ല. അതയാൾക്ക് ബോധ്യപ്പെടുത്തി കൊടുക്കുകയും വേണം. 

 

ഞാനും മീരയും പിറ്റേ ദിവസം കോഴിക്കോടിന് പോകാൻ തീരുമാനിച്ചു. 

അയാളും ഒരുപക്ഷേ ഞങ്ങൾക്കൊപ്പം കോഴിക്കോട് വന്നേക്കാം. എന്തും നേരിടാൻ തന്നെയായിരുന്നു എന്റെ തീരുമാനം. എന്തൊക്കെയാണ് ഇനിയും എന്റെ ജീവിതത്തിൽ സംഭവിക്കാനുള്ളത്? അടുത്തതായി അയാളെന്താണ് എനിക്ക് വേണ്ടി കരുതി വയ്ക്കുന്നത്? അയാളെന്റെ ശത്രുവോ അതോ മിത്രമോ? ഒന്നും മനസ്സിലാവുന്നില്ലല്ലോ... വല്ലാതെ ശൂന്യമായിരുന്നു എന്റെ മനസ്സ്. വികാരങ്ങളൊന്നുമില്ലാതെ, കാത്തിരിക്കാൻ പോലും തോന്നാതെ തീർത്തും നിസംഗമയൊരു അവസ്ഥ...

 

അയാൾ എന്റെ നാടകം കാണാൻ കോഴിക്കോട് വരും... – എനിക്ക് തോന്നി. അല്ല ഞാനത് ഉറപ്പിച്ചു. 

 

English Summary : Njan Emma John, Chapter- 12, E-Novel By Sreeparvathy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com