ADVERTISEMENT

‘‘സത്യത്തിൽ ഈ ജീവിതംന്നു പറേന്നതെന്താ? മാലപ്പടക്കംപോലെ കൊറെ സംഭവങ്ങളിങ്ങനെ കൊരുത്തിട്ടിരിക്കുന്നതല്ല്യോ? ചിലത് ഉച്ചത്തിൽ പൊട്ടും, ചിലത് പൊട്ടില്ല, പൊട്ടില്ലാന്നു കരുതിയത് ചിലപ്പോൾ വിചാരിക്കാത്ത നേരത്ത് പൊട്ടി നമ്മളെ പേടിപ്പിക്കും... അങ്ങനങ്ങനെ...നമ്മളൊരിടത്തുനിന്നു തിരിഞ്ഞുനോക്കുമ്പോൾ ഉച്ചത്തിൽ പൊട്ടിയതും ചീറ്റിപ്പോയതും പേടിപ്പിച്ചതുമൊക്കെയേ തിരിച്ചറിയൂ. സാധാരണപോലെ പൊട്ടിയതൊന്നും ഓർത്തിരിക്കാൻവേണ്ടി ഒരു പ്രത്യേകതയും നമ്മുടെ മനസ്സിൽ ഉണ്ടാക്കീട്ടുണ്ടാവൂല്ല. പക്ഷേ, അവയൊക്കെയായിരുന്നു ജീവിതത്തെ നിർണയിച്ചത്.  അവയായിരുന്നു പ്രധാനം...’’

രശ്മി ഹോട്ടലിലെ മാധവനുണ്ടാക്കിയ സ്പെഷൽ ചൂടുചായ മൊത്തിക്കുടിച്ച് പഴന്തോട്ടിലെ രമേശൻചേട്ടൻ എന്നോടു പറഞ്ഞു.

‘‘കടുപ്പം പാകത്തിനല്ലേ രമേശാ...’’

വലം ചുമലിലെ ഈരിഴത്തോർത്ത് ഇടം ചുമലിലേക്കു മാറ്റി, മാധവൻ ചിരിയോടെ ചോദിച്ചു. രമേശൻ ചേട്ടന് ഡബിൾ സ്ട്രോങ് ചായ വേണം. ചായയുടെ കടുപ്പം കൃത്യമായിരിക്കുമെങ്കിലും  ഈ ചോദ്യവും മറുപടിയായി കടുപ്പത്തിലൊരു ചിരിയും പതിവാണ്. പുഞ്ചക്കുറിഞ്ചിയിൽ കാര്യബോധത്തോടെ എന്തെങ്കിലും ചർച്ച ചെയ്യണമെങ്കിൽ എനിക്കു രമേശൻ ചേട്ടനേയുള്ളൂ. ആയകാലത്ത് ഡൽഹിമുതൽ കന്യാകുമാരിവരെ സഞ്ചരിച്ച ആളാണ്. കാണാത്ത ലോകവും ദേശവുമില്ല. താത്വികമായ ഏതു പ്രശ്നത്തെയും നേർമയുള്ളൊരു ഫലിതംകൊണ്ടോ വേറിട്ടൊരു ഉദാഹരണംകൊണ്ടോ പരിഹരിക്കാൻ രമേശൻ ചേട്ടനു പറ്റും. ഞാൻ മാത്രമല്ല, എന്റെ ചേട്ടനും പ്രതിസന്ധിഘട്ടങ്ങളിൽ രമേശൻ ചേട്ടന്റെ സഹായമാണു തേടാറുള്ളത്. ഒരേസമയം ചേട്ടനോടും എന്നോടും വിശ്വാസ്യത പുലർത്താൻ രമേശൻ ചേട്ടനു കഴിയുന്നു എന്നുള്ളതാണ് പ്രധാനകാര്യം. അതുകൊണ്ടുതന്നെ എന്തും വിശ്വസിച്ചു പറയാം. തടിച്ചുകുറുകിയ  കാതുകൾക്കുള്ളിലേക്കു കയറിപ്പോകുന്നത് അവിടെത്തന്നെ കൂടുകെട്ടിക്കഴിഞ്ഞോളും.

‘‘ഞാൻ പറഞ്ഞുവരുന്നതെന്താന്നു മോഹനന് മനസ്സിലാവുന്നുണ്ടോ?’’

ചായഗ്ലാസ് നീക്കിവച്ച്, കണ്ണട താഴ്ത്തി മൂക്കിന്റെ പാതിയിൽവച്ച് രമേശൻ ചേട്ടൻ എന്നെ നോക്കി. അനുപാതബോധത്തെക്കുറിച്ചു മറന്ന നേരത്ത് ദൈവം സൃഷ്ടിച്ച ആ ഉടലിലേക്ക് ഞാൻ സങ്കടത്തോടെ നോക്കി. രണ്ടുവഴിയേ സഞ്ചരിക്കുന്ന കണ്ണുകൾ, ഒരു കൈ കുറുകിയതെങ്കിൽ മറ്റേ കൈ വള്ളിപോലെ നീണ്ടത്. പാദങ്ങളുടെ പത്തി അടിച്ചുമടക്കിയപോലെ പുറകോട്ടു തിരിഞ്ഞത്. പക്ഷേ, എല്ലാ വൈരൂപ്യങ്ങളെയും അപ്രസക്തമാക്കുന്ന ചിന്തയുടെ കരുത്തുണ്ട് രമേശൻ ചേട്ടന്. മറ്റുള്ളവർക്കു കാണാനാവാത്തതു കണ്ടുപിടിക്കുന്ന എക്സ്റേക്കണ്ണുകളും, കേൾക്കാനാവാത്തതു പെറുക്കിയെടുക്കുന്ന കാതുകളും. 

‘‘ഒരാള് അവന്റെ ജീവിതത്തിലേക്കു തിരിഞ്ഞുനോക്കുമ്പോ വലിയ കാര്യങ്ങളാവും കാണുക,’’ ലോഹക്കുഴലിൽനിന്നു പുറപ്പെടുന്നതരം ചിലമ്പിച്ച സ്വരത്തിൽ രമേശേട്ടൻ പറഞ്ഞു, ‘‘മലകയറി മുകളിലെത്തിക്കഴിഞ്ഞു തിരിഞ്ഞുനോക്കിയാൽ വലിയ മരങ്ങളുമാത്രം കാണുമ്പോലെ. പക്ഷേ, നമ്മളു കയറ്റം കയറിയപ്പോൾ കൈനീട്ടിത്തന്ന വേര്, വീഴാൻപോയപ്പോൾ പിടിമുറുക്കിയ കാട്ടുവള്ളി...ഒക്കെ അതിനിടയിലുണ്ട്. അതൊക്കെ വീണ്ടെടുക്കാൻ ജീവചരിത്രകാരനു കഴിയണം. ഓരോ ചെറിയ സംഭവങ്ങൾ, അപ്രധാനമെന്നു തോന്നിയ തീരുമാനങ്ങൾ, കണ്ടുമുട്ടിയ ചെറിയ മനുഷ്യർ ഇവരൊക്കെ  ജീവിതത്തെ എത്രത്തോളം സ്വാധീനിച്ചു എന്നത് അളന്നുതൂക്കിയെടുക്കണം. മോഹനന് അതു പറ്റില്ലേ?’’

‘‘ശ്രമിക്കാം.’’

‘‘ഞാന്‍ മനസ്സിലാക്കിയിടത്തോളം റബേക്ക ടീച്ചർ വ്യത്യസ്തമായൊരു കഥാപാത്രമാണ്. ഒന്നാലോചിച്ചാൽ എല്ലാവരും അങ്ങനൊക്കെത്തന്നെയായിരിക്കും. എങ്കിലും ടീച്ചർക്ക് പ്രത്യേകത ഇത്തിരി കൂടുതലുണ്ട് എന്നു പറയാതെവയ്യ. എന്നെ പഠിപ്പിച്ചിട്ടില്ലെങ്കിലും ടീച്ചർ പഠിപ്പിക്കുന്ന കാലത്ത് ഞാനാ സ്കൂളിലുണ്ടായിരുന്നു. അടിസ്ഥാനപരമായി ഒരു ടീച്ചർക്കുവേണ്ട ഗുണങ്ങളൊന്നും അവർക്കുള്ളതായി  പണ്ടും എനിക്കു തോന്നിയിട്ടില്ല. അടിമുടി അണിഞ്ഞൊരുങ്ങി സിനിമാതാരത്തെപ്പോലെയായിരുന്നു വരവ്.  പൊതുവെ മക്കളില്ലാത്തവർക്ക് കുട്ടികളെ വളരെ ഇഷ്ടമാണെങ്കിലും ടീച്ചർ മറിച്ചായിരുന്നു. കുട്ടികളോട്  അടുപ്പമില്ലെന്നു മാത്രമല്ല, പലപ്പോഴും പകയോടെ പെരുമാറുകയും ചെയ്തിരുന്നു. പെൺപിള്ളേരോടായിരുന്നു കൂടുതൽ ശത്രുത. ആൺകുട്ടികളോട് കിന്നാരം പറയുന്നതു കണ്ടിട്ടുണ്ട്. സ്കൂളിലെ കാര്യത്തേക്കാൾ പുറംകാര്യങ്ങളിലായിരുന്നു താൽപര്യം. ആളാകാനുള്ള ഒരവസരവും നഷ്ടപ്പെടുത്തില്ല. സ്കൂൾ വാർഷികത്തിനൊക്കെ മുൻപന്തിയിലുണ്ടാകും. നാട്ടിൽ ചങ്ങാത്തമില്ലെങ്കിലും ടൗണിൽ ചില ആൺ സുഹൃത്തുക്കളൊക്കെ ഉണ്ടായിരുന്നു. 

മോഹനൻ അവരുടെ കണ്ണു ശ്രദ്ധിച്ചിട്ടുണ്ടോ? പുറത്തുകാണുന്നതൊന്നുമല്ല അവരെന്ന് ഉറപ്പിച്ചുപറയുന്നത് ആ കണ്ണുകളാണ്. ദുരൂഹതകൾ ചേർത്തു തുന്നിയെടുത്തതാണ് അവരെന്നു പറയാൻ എന്നെ പ്രേരിപ്പിക്കുന്നത് ആ കണ്ണുകളാണ്. പണ്ട് കുട്ടികളുടെ ഏതോ വാരികയിൽ ലോകത്തെ ഏറ്റവും വലിയ കൗശലക്കാരനായ കൊള്ളക്കാരനെപ്പറ്റി ഒരു ലേഖനമുണ്ടായിരുന്നു.  ടീച്ചറുടെ കണ്ണുകൾ കാണുമ്പോൾ ഞാൻ ആ ചിത്രമോർക്കും. എന്തായാലും മോഹനൻ അവരുടെ കണ്ണിലേക്കു നോക്കണ്ട. അവർ നിന്നെ ഹിപ്നോട്ടൈസ് ചെയ്തുകളയും.’’

രമേശൻ ചേട്ടൻ ചിലമ്പിച്ച ചിരിയുടെ അലകൾ ഇളക്കിവിട്ടു. ഇനി അത് കുറേനേരത്തേക്കു തുടരും. വയറുകളിൽ മടക്കുവീഴ്ത്തി, കൈകളെ വിശറിപോലെ  ചലിപ്പിച്ച് വൈദ്യുതി സഞ്ചാരംപോലെ ഉടലിലൂടെ മുഴുവൻ സഞ്ചരിക്കും. 

‘‘ഞാനൊരു കഥപറയാം. നിനക്ക് എപ്പോഴെങ്കിലും എഴുത്തിൽ പ്രയോജനപ്പെടും.’’ 

രമേശൻ ചേട്ടൻ ബെഞ്ച് മേശയോടു കുറെക്കൂടി അടുപ്പിച്ചിട്ട് ചമ്രം പടിഞ്ഞിരുന്നു. ഇത്തരം കഥകൾ കേൾക്കാൻ എനിക്കിഷ്ടമാണെന്ന് രമേശൻ ചേട്ടനറിയാം.

‘‘ഒരു ചായകൂടി ആവാം ല്ലേ?’’

കഥപറച്ചിലിൽ രമേശൻ ചേട്ടൻ രസംപിടിക്കുന്നതു കണ്ട്, ഗ്ലാസെടുക്കാൻ വന്ന മാധവൻ ചോദിച്ചു. ആകാമെന്ന് രമേശൻ ചേട്ടൻ തലകുലുക്കി. പുലരിവെയിൽ ചൂടുപിടിച്ചുതുടങ്ങി. പ്രഭാതത്തിരക്കുകഴിഞ്ഞാൽ മാധവന്റെ കട ഏറെക്കുറെ ശൂന്യമാണ്. ഉച്ചയൂണില്ലാത്തതിനാൽ വല്ലപ്പോഴുമാരെങ്കിലും ചായയ്ക്കോ നാട്ടുവിശേഷം പങ്കുവയ്ക്കാനോ വന്നെങ്കിലായി. കടം പറയാൻ അനുവദിക്കാത്തതുകൊണ്ടും  താൽപര്യമില്ലാത്തവർ കടയിൽ വന്നിരുന്നാൽ മുഖം കറുപ്പിക്കുന്നതുകൊണ്ടും ഏറെ അടുപ്പമുള്ളവരേ ഇവിടേക്കു വരാറുള്ളൂ. പണ്ട് ഏതു നേരത്തും പുഞ്ചക്കുറിഞ്ചിക്കാർക്കായി വാതിൽ തുറന്നിട്ടിരുന്നു രശ്മി ഹോട്ടൽ. ആവശ്യക്കാർക്കെല്ലാം കടവും കൊടുത്തിരുന്നു. താഴത്തെ കടവിലെ പാലത്തിന്റെ പണിക്കുവന്ന തമിഴനോടൊപ്പം മൂത്തമകൾ രശ്മി ഒളിച്ചോടിയതോടെയാണ് മാധവനും രശ്മി ഹോട്ടലും ലോകത്തിനുനേരെ മുഖം വീർപ്പിച്ചുതുടങ്ങിയത്. 

‘‘പണ്ട് ഞാനൊരു ദിവസം ചേച്ചീടെ മകന്റെ അസുഖത്തിന് കോട്ടയം മെ‍ഡിക്കൽ കോളജിലെ ഒരു ഇഎൻടി ഡോക്ടറെ കാണാൻപോയി.’’

രമേശൻ ചേട്ടൻ കഥ പറഞ്ഞുതുടങ്ങി. അതൊരു വല്ലാത്ത കഥയായിരുന്നു. ആത്മാവിനെ പൊള്ളിക്കുന്ന കഥ!

രമേശൻ ചേട്ടൻ കാണാൻ ചെന്ന ഡോക്ടറുടെ മേശപ്പുറത്ത് ഒരു  പെൻഹോൾഡറുണ്ടായിരുന്നു. കഥയിലേക്കു കുടുക്കിട്ടുപിടിക്കാനായി അതു രമേശൻ ചേട്ടനെ കാത്തിരിക്കുയായിരുന്നിരിക്കണം.  കുഞ്ഞു തലയോട്ടിയുടെ രൂപമായിരുന്നു അതിന്. രമേശൻചേട്ടൻ കൗതുകത്തോടെ അതു നോക്കുന്നതുകണ്ട് ഡോക്ടർ ചോദിച്ചു, ‘എന്താണു നോക്കുന്നത്? പ്ലാസ്റ്റിക്ക് ആണെന്നു വിചാരിച്ചാണോ?’ രമേശൻ ചേട്ടൻ ചിരിച്ചു.  പെൻഹോൾഡർ എന്നു കരുതിയത് എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ തലയോട്ടിയാണെന്നു ഡോക്ടർ പറഞ്ഞപ്പോൾ രമേശൻ ചേട്ടൻ ഞെട്ടി. അതിൽ തൊട്ടിരുന്ന  വിരലുകൾ പൊള്ളലേറ്റതുപോലെ പിൻവാങ്ങി. ആദ്യമായി ഡോക്ടറോട് ദേഷ്യം തോന്നി. രമേശൻ ചേട്ടന്റെ ഭാവമാറ്റം ഡോക്ടർ ആസ്വദിച്ചു. അദ്ദേഹം പേനകൾ കുടഞ്ഞിട്ട് തലയോട്ടി കൈയിലെടുത്തു. 

‘ഇത് ആണിന്റെയോ പെണ്ണിന്റെയോ എന്നു പറയാമോ?’

ക്വിസ് മാസ്റ്ററെപ്പോലെ ചോദ്യമെറിഞ്ഞ് ഡോക്ടർ ഒറ്റക്കണ്ണടച്ചു ചിരിച്ചു. അറിയില്ലെന്നു രമേശൻ ചേട്ടൻ പറഞ്ഞപ്പോൾ ഡോക്ടർ തലയോട്ടിയിലെ ഓരോ ഭാഗങ്ങളായി തൊട്ടുകാണിച്ച് അതിന്റെ പ്രത്യേകതകൾ വിവരിച്ച് ആണിനെയും പെണ്ണിനെയും എങ്ങനെ വേർതിരിച്ചറിയാമെന്നു പഠിപ്പിച്ചു. അപ്പോഴെല്ലാം രമേശൻ ചേട്ടൻ കാണാമറയത്തെവിടെയോ ഒരു കുഞ്ഞിന്റെ നിലവിളി കേട്ട് വീർപ്പുമുട്ടുകയായിരുന്നു. വിശദീകരണം അവസാനിപ്പിച്ച് ഡോക്ടർ പേനകൾ വീണ്ടും തലയോട്ടിവട്ടത്തിലേക്കിട്ട് അതിനെ പെൻഹോൾഡറായി പുനപ്രതിഷ്ഠിച്ചിട്ടു പറഞ്ഞു:

‘ആണിന്റെയും പെണ്ണിന്റെയും തലയോട്ടികൾ തമ്മിലുള്ള വ്യത്യാസം ഞാനിപ്പോൾ ഇത്ര ലളിതമായി പറഞ്ഞെങ്കിലും പഠിക്കുന്ന കാലത്ത് ഇത്  എളുപ്പമായിരുന്നില്ല. അന്നു പ്രാക്ടിക്കൽ പരീക്ഷയ്ക്ക് മുൻപിൽ വരാറുള്ള ഒരു തലയോട്ടി ഞങ്ങളെയെല്ലാം വലച്ചിരുന്നു. പഠിച്ചുവച്ചതനുസരിച്ച് അതു പുരുഷന്റേതാണെങ്കിലും ശരിക്കും ഒരു സ്ത്രീയുടേതായിരുന്നു. വെറുമൊരു സ്ത്രീയുടേതല്ല. മലയാളത്തിലെ പ്രമുഖയായ ഒരു നടിയുടേത്.’

ഡോക്ടർ ആ നടിയുടെ പേരുപറഞ്ഞപ്പോൾ രമേശൻ ചേട്ടന്റെ മാത്രമല്ല, എന്റെയും നട്ടെല്ലിലൂടെ ആയിരം വാട്ട് വൈദ്യുതി മിന്നിക്കടന്നുപോയി. ഇരിപ്പുറയ്ക്കാതെ ഞാൻ പുളഞ്ഞു. ആദ്യകാല മലയാളസിനിമകളിലെ സൗന്ദര്യത്തിടമ്പായി എല്ലാവരും ആരാധിച്ചിരുന്ന നടി! പ്രണയവിവാഹത്തിലൂടെയും പിന്നീട് ദുരൂഹമരണത്തിലൂടെയും വാർത്തകളിൽ നിറഞ്ഞ വ്യക്തിത്വമായിരുന്നു അവരുടേത്. മരണത്തിൽ സംശയമുയർന്നപ്പോൾ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്തു. തലയോട്ടിയുടെ പ്രത്യേകത ശ്രദ്ധയിൽപെട്ടപ്പോൾ സർക്കാരിന്റെ അനുമതിയോടെ പിൽക്കാലത്തെ വൈദ്യശാസ്ത്രവിദ്യാർഥികൾക്കു പഠിക്കാനായി അത് മെഡിക്കൽകോളജിന്റെ ലാബിനു കൈമാറുകയായിരുന്നുവത്രേ. 

ഡോക്ടറുടെ കഥ രമേശൻ ചേട്ടന്റെ ഹൃദയത്തെ എങ്ങനെ തച്ചുതകർത്തോ അതേ വേദന എന്നെയും വിഴുങ്ങി. രമേശൻചേട്ടനെപ്പോലെ എനിക്കും അത്രത്തോളം പ്രിയപ്പെട്ടവളായിരുന്നു ആ നടി. അവരുടെ നുണക്കുഴിക്കവിളുകൾ, പാതിക്കണ്ണടച്ചുള്ള കുസൃതിച്ചിരി,  തലവെട്ടിക്കൽ എല്ലാം ഞാനോർത്തു. പിന്നീട് അവരുടെ സിനിമകൾ വീണ്ടും കണ്ടപ്പോൾ രമേശൻ ചേട്ടൻ സസൂക്ഷ്മം ശ്രദ്ധിച്ചെന്നും പുരുഷഹൃദയങ്ങളിൽ ആലിപ്പഴം പൊഴിയിക്കുന്ന അവരുടെ നോട്ടത്തിലും ഭാവത്തിലും ആണത്തത്തിന്റെ അദൃശ്യമായൊരു അടര് വായിച്ചെടുക്കാൻ കഴിഞ്ഞുവെന്നും പറഞ്ഞത് എന്നെ കൂടുതൽ വേദനിപ്പിച്ചു. 

‘‘നോക്കൂ മോഹനാ, ഒരു കാലത്ത് കേരളത്തിലെ പുരുഷപ്രജകൾ മുഴുവൻ മനസ്സിൽ വച്ചാരാധിച്ചിരുന്ന ഒരു പെണ്ണിന് ജൈവശാസ്ത്രപരമായി ആണിന്റെ ലക്ഷണമായിരുന്നു എന്നു പറയുമ്പോൾ മറ്റു ചില സംശയങ്ങൾകൂടി അതിനോടു ചേർത്തുവച്ച് പരിശോധിക്കേണ്ടതില്ലേ?. ജീവിതത്തിൽ അവരെങ്ങനെയായിരുന്നു? സിനിമയിലെപ്പോലെ ജീവിതവും അഭിനയമായിരുന്നുവോ? അവരുടെ ദാമ്പത്യം തകർന്നത് ഈ പ്രശ്നം കൊണ്ടായിരിക്കുമോ? ഇത്തരം ചോദ്യങ്ങളൊന്നും അന്ന് കേസന്വേഷിച്ചിരുന്ന പോലീസുകാരുടെ മനസ്സിൽ മുളപൊട്ടാഞ്ഞതെന്തുകൊണ്ടാവും? എനിക്കറിയില്ല. പറഞ്ഞുവന്നത്, നമ്മൾ കാണുന്നതായിരിക്കില്ല യാഥാർഥ്യം എന്നതാണ്. അഥവാ കണ്ണുകൾ കാട്ടിത്തരുന്നതല്ല ശരിയായ കാഴ്ച. റബേക്ക ടീച്ചറുടെ കാര്യത്തിലും കണ്ണുകൾ നമ്മളെ വഞ്ചിക്കുകയാണെന്നാണ് എന്റെ തോന്നൽ.’’

റബേക്ക ടീച്ചറുടെ ജീവിതത്തോട് താരതമ്യപ്പെടുത്താൻ എത്രവേഗം ഓർമയിൽനിന്ന് രമേശൻചേട്ടൻ ഒരുദാഹരണം പിഴുതെടുത്തുകൊണ്ടുവന്നു എന്നു ഞാൻ അത്ഭുതപ്പെട്ടു. ഇനി മുതൽ റബേക്ക ടീച്ചറെ എക്സ്റേക്കണ്ണുകൊണ്ട് നോക്കാൻ ഞാൻ തീർച്ചപ്പെടുത്തി. 

കഥയും വേറിട്ട കാഴ്ചയും സമ്മാനിച്ചതിനു പ്രതിഫലമായി രമേശൻ ചേട്ടന്റെ രണ്ടു ചായയുടെയും കാശു മേശയിൽ വയ്ക്കുമ്പോൾ മാധവൻ ചിരിച്ചു.

‘‘ഗൗരവമുള്ള കാര്യങ്ങളാണല്ലോ ചർച്ച ചെയ്യുന്നേ. വല്യ എഴുത്തുകാരനാവുമോ?’’

‘‘ആയിക്കൂടെന്നില്ല,’’ മറുപടി പറഞ്ഞത് രമേശൻ ചേട്ടനായിരുന്നു, ‘‘ആത്യന്തികമായി സാഹിത്യം എന്നു പറഞ്ഞാൽ മറ്റുള്ളവരുടെ ജീവിതം കൊള്ളയടിക്കലാണ്. നേരിട്ടുള്ള കൊള്ളയും മറഞ്ഞിരുന്നുള്ള കൊള്ളയും എന്ന വ്യത്യാസമേയുള്ളൂ സാഹിത്യവും ജീവചരിത്രവുമായി. അടിസ്ഥാനപരമായി നീ നല്ലൊരു കൊള്ളക്കാരനാണല്ലോ...നിനക്കു പറ്റും...’’

എന്നെനോക്കി രമേശൻ ചേട്ടൻ വീണ്ടും ചിരിച്ചങ്ങല കിലുക്കിയപ്പോൾ ഞാൻ പുറത്തിറങ്ങി. 

‘‘നീ പിണങ്ങിയോടാ,’’ ഒപ്പം തുഴഞ്ഞെത്തിയ രമേശൻ ചേട്ടൻ എന്നെ തോണ്ടിവിളിച്ചു, ‘‘ഞാൻ പരമമായ സത്യം പറഞ്ഞെന്നേയുള്ളൂ.’’

‘‘ഞാനെന്തിനാ പിണങ്ങുന്നേ?’’

‘‘ശരി. എങ്കിൽ ഞാനൊരു കാര്യം പറയട്ടെ. നീ എന്തായാലും ഒരു നോവലെഴുതാൻ ഏറെക്കാലമായി ആഗ്രഹിക്കുന്നതല്ലേ....ജീവചരിത്രം എഴുതുന്നതിനു സമാന്തരമായി നിനക്കൊരു നോവൽകൂടി ആലോചിച്ചുകൂടേ? റബേക്ക ടീച്ചറെപ്പറ്റി പുഞ്ചക്കുറിഞ്ചി മോഹനൻ എഴുതുന്ന നോവൽ. അവരെ ഒരു മോഡലാക്കിയാൽ മാത്രം മതി. കഥയും പരിസരവുമൊക്കെ എങ്ങനെയും വികസിപ്പിക്കാം. ജീവിതത്തിൽ ഇല്ലാത്ത സ്വാതന്ത്ര്യമെല്ലാം കഥ തരും. അത് ആസ്വദിക്ക്...എന്നിട്ടെഴുത്.’’

എന്റെ ചുവടുകൾ നിലച്ചു. രമേശൻ ചേട്ടന്റെ തടിച്ചുകുറുകിയ വിരലുകൾ എന്റെ കൈയിൽ മുറുക്കി.

‘‘ഞാൻ പറയുന്നതെന്താന്നുവച്ചാൽ, അവരുടെ ജീവചരിത്രമെഴുതുമ്പോൾ നീ വെറും കേട്ടെഴുത്തുകാരൻ മാത്രമാണ്. അവരുടെ ജീവിതത്തിൽ ഇടപെടാൻ നിനക്കു യാതൊരു അർഹതയുമില്ല. ജനാലയിലൂടെ ടിവിയിലെ സിനിമ കാണുന്നതുപോലെയാണത്. നിർത്താനൊക്കില്ല. ചാനൽ മാറ്റാനുമാവില്ല. പക്ഷേ, നോവലിൽ നിനക്ക് എല്ലാത്തിനും സാധ്യതകളുണ്ട്. ജീവിതം മാറ്റിപ്പണിയാം. കഥാപാത്രത്തിലൂടെയോ സാങ്കൽപിക സന്ദർഭങ്ങളിലൂടെയോ കയറി ഇടപെടാം. ജീവിതം മാറ്റിമറിക്കാം. തെരുവുവേശ്യയെ വിശുദ്ധയാക്കാനും ദൈവത്തെ യാചകനാക്കാനും എഴുത്തുകാരനു കഴിയും. അവനേ കഴിയൂ. അതുകൊണ്ട് നീ എഴുതിത്തുടങ്ങുക. ഇത് അതിനു പറ്റിയ സമയമാണ്. നിന്റെ സംശയങ്ങൾ, ആശങ്കകൾ, അവരുടെ ജീവിതത്തിലെ മൗനങ്ങൾ, വിട്ടുപോയ കണ്ണികൾ എല്ലാം ആയുധമാക്കാം. വിശുദ്ധ റബേക്കയെക്കുറിച്ചുള്ള നോവലിന് ഞാനൊരു പേരും നിർദേശിക്കട്ടെ-ഗോപ്യം.’’

ഒരിക്കൽക്കൂടി ചിരിക്കാനാഞ്ഞെങ്കിലും എന്തുകൊണ്ടോ രമേശൻ ചേട്ടൻ അത് പാതിവഴിയിൽ അവസാനിപ്പിച്ചു. ‘ഗോപ്യം’ എന്ന വാക്ക് പലതവണ ഉരുവിട്ട് ഞാൻ അളവറ്റ ആദരവോടെയും തെല്ല് അസൂയയോടെയും രമേശൻ ചേട്ടനെ നോക്കി. 

എന്നെ വെട്ടുവഴിയിൽ ഉപേക്ഷിച്ച്, നിഴൽവരയ്ക്കാൻ ശ്രമിച്ച വെയിലിനോടു കലഹിച്ച് അനുപാതബോധമില്ലാത്ത ആ ഉടൽ നടന്നകലുന്നതു നോക്കിനിൽക്കെ പിന്നിൽ ബൈക്കിന്റെ ഇരമ്പം. പുഞ്ചക്കുറിഞ്ചിയുടെ നാട്ടുവഴികൾക്കു പരിചയമില്ലാത്ത ഇടിമുഴക്കമായിരുന്നു അതിന്. തിരിഞ്ഞുനോക്കുമ്പോൾ ദൂരെ രശ്മി ഹോട്ടലിനുമുന്നിൽ ഒരു ബുള്ളറ്റ് വന്നുനിൽക്കുന്നതുകണ്ടു. തൂവാലകൊണ്ടു കഷണ്ടിത്തല മറച്ച ഒരാൾ കടയിലേക്കു കയറിപ്പോയി. ഞാൻ നടന്നു. വീട്ടിലേക്കുള്ള കവല തിരിയുമ്പോൾ പിന്നിൽ ഇടിമുഴക്കം വീണ്ടും. തലതിരിക്കും മുൻപേ ബുള്ളറ്റ് എനിക്കരികിൽവന്നു നിന്നു.

‘‘മോഹനൻ സാറല്ലേ? എഴുത്തുകാരൻ?’’

കട്ടിമീശയ്ക്കു താഴെയുള്ള ചുണ്ടുകൾ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു. ‘സാർ’ എന്ന് എന്നെ വിളിക്കുന്ന രണ്ടാമത്തെ മനുഷ്യനെന്ന നിലയിൽ ഈ ശബ്ദത്തിന്റെ ഉടമയോടു ഞാൻ കടപ്പെട്ടിരിക്കുന്നു. മൊബൈൽ കണക്ഷൻ എടുക്കാൻ ചെന്നപ്പോളാണ് ഇതിനുമുൻപ് ‘സാർ’ വിളി കേട്ടത്.  പെട്ടിക്കട നടത്തുന്ന പോക്കറെയും കടക്കാരൻ ‘സാറേ’ എന്നു വിളിക്കുന്നതു കേട്ടതോടെ ആദ്യം തോന്നിയ അഭിമാനം, ആവിയായി. സത്യത്തിൽ ഇപ്പോൾ ‘എഴുത്തുകാരൻ’ എന്ന സംബോധനയാണ് എന്നെ കൂടുതൽ തരളിതനാക്കിയത്. ഭൂമി തുരക്കുന്ന യന്ത്രംപോലെ അത് ഹൃദയം തുരന്ന് അകത്തേക്കു കയറി എവിടെയോ ഉടക്കിനിന്നു.

‘‘ആരാണ്?’’

‘‘പറയാം. എനിക്കിത്തിരി സംസാരിക്കാനുണ്ട്. വീട്ടിലേക്കു വരാമല്ലോ? കയറിക്കോളൂ...’’

എനിക്കു കയറാൻ പാകത്തിൽ അയാൾ വണ്ടി ചരിച്ചു. പക്ഷേ, അപരിചിതനായ ഒരാളുടെ കൂടെ കയറാൻ മടിച്ച് ഉടൽ പിന്നോട്ടുവലിഞ്ഞു.

‘‘ഞാൻ നടന്നോളാം. അതാ, ആ കാണുന്ന വഴിയേ വലത്തോട്ടു തിരിഞ്ഞാൽ രണ്ടാമത്തെ വീടാണ്.’’

നിർബന്ധിക്കാൻ നിൽക്കാതെ ഇടിമുഴക്കം എനിക്കു മുൻപേ സഞ്ചരിച്ചു. ശീമക്കൊന്നയുടെ അതിരിനപ്പുറം കോഴിക്കൂട്ടങ്ങൾ കൊക്കി പരക്കം പായുന്നതും അയൽപക്കങ്ങളിലെ ജാലകത്തിരശ്ശീലയ്ക്കപ്പുറം നിന്നു ചില കണ്ണുകൾ പുറത്തേക്കു തുറിക്കുന്നതും ഞാൻ കണ്ടു. ഞാൻ ചെല്ലുമ്പോൾ വീട്ടുമുറ്റത്തെ അശോകത്തെറ്റിക്കു ചാരെ ശിരസ്സ് ഒടിച്ചിട്ട ബൈക്കുമായി അയാൾ എന്നെ കാത്തിരിക്കുകയായിരുന്നു. 

‘‘ആരാ...’’

ഞാൻ ചോദിച്ചു.

‘‘കയറി ഇരുന്നിട്ടു സംസാരിച്ചാൽ പോരേ, എഴുത്തുകാരാ?’’

തലയിൽ കെട്ടിയിരുന്ന തൂവാല അഴിക്കുന്നതിനിടയിൽ അയാൾ ചിരിയോടെ ചോദിച്ചു. ‘എഴുത്തുകാരാ’ എന്ന വിളി ഒരിക്കൽക്കൂടി എന്റെ ഹൃദയം തുരക്കാൻ ശ്രമിച്ചെങ്കിലും ആ വിളിയിലൊരു പരിഹാസച്ചുവയുണ്ടോ എന്ന സംശയം അതിനെ പരാജയപ്പെടുത്തി. കഷണ്ടി മറയ്ക്കാൻ വേണ്ടിമാത്രമാണ്  തൂവാല തലയിൽ കെട്ടിയിരിക്കുന്നതെന്നും വിചാരിച്ചതിനേക്കാൾ ചെറുപ്പമാണ് അയാൾക്കെന്നും കൗതുകത്തോടെ ശ്രദ്ധിച്ച് ഞാൻ അകത്തേക്കുനടന്നു. അയാൾ പിന്നാലെയുണ്ടെന്ന് ചരൽമണ്ണ് കിരുകിരുത്തു. ഇലയിലൊന്നു വെറുതേ നുള്ളിയെറിഞ്ഞെന്ന് കൃഷ്ണതുളസി പരിഭവിച്ചു.

‘‘ഇരുന്നാട്ടെ.’’

ഞാൻ കസേര നീക്കിയിട്ടു. മുറിയിലൂടെ ഓട്ടപ്രദക്ഷിണം നടത്തുന്ന കണ്ണുകളെ പിൻവലിച്ച് എന്റെ നേരെയുറപ്പിച്ച് അയാളിരുന്നു.

‘‘ഞാൻ ടൗണിൽനിന്നു വരികയാണ്. അഡ്വക്കറ്റാണ്. പേര് തമ്പാൻ മാത്യു. കാര്യത്തിലേക്ക് നേരേ കടക്കാം.’’

കളവു കണ്ടുപിടിക്കപ്പെട്ട കുട്ടിയുടേതുപോലെ അയാളുടെ മുഖം പെട്ടെന്നു ഗൗരവമായി.

‘‘പുതുതായി എന്തോ എഴുതുന്നു എന്നു കേട്ടു.’’

‘‘ഞാനോ? ആരു പറഞ്ഞു’’

‘‘മോഹനൻ സാർ എഴുതുന്നതിൽ താൽപര്യമുള്ള ഒരാൾ. അദ്ദേഹത്തിന്റെ പ്രതിനിധിയായാണ് ഞാൻ വന്നിരിക്കുന്നത്.’’

അതാരെന്ന് ഞാൻ അന്തിച്ചു. 

‘‘കാര്യം തുറന്നുപറയാം. താങ്കൾ ഏറ്റെടുത്ത ദൗത്യം ഉപേക്ഷിക്കണം.’’

അയാളുടെ ശബ്ദം ഉയർന്നു.

‘‘ഏത്?’’

‘‘ഒരാളുടെ ജീവചരിത്രം എഴുതാമെന്ന് ഏറ്റിട്ടില്ലേ? അത്....പണം എത്രവേണമെങ്കിലും തരാമെന്നാണ് എന്റെ പ്രതിനിധി പറഞ്ഞിരിക്കുന്നത്.’’

‘‘ആരാണ് നിങ്ങളുടെ പ്രതിനിധി? അയാൾക്കെന്താണ് ഇതിൽ താൽപര്യം?’’

‘‘സോറി എഴുത്തുകാരാ. അതു വെളിപ്പെടുത്താൻ എനിക്ക് അധികാരമില്ല. ഞാനൊരു ഇടനിലക്കാരൻ മാത്രമാണ്. അദ്ദേഹം കുറെ ദൂരെയാണ്. അതുമാത്രം പറയാം.’’

‘‘നോക്കൂ,’’ ഞാൻ ശ്വാസം വലിച്ചുവിട്ട് ശാന്തനാകാൻ ശ്രമിച്ചു, ‘‘ഞാൻ എഴുത്തുകാരനൊന്നുമായിട്ടില്ല. അതുകൊണ്ട് എന്നെ അങ്ങനെ വിളിച്ചു പരിഹസിക്കേണ്ടതില്ല. പിന്നെ, ഞാൻ ഒരാളുടെ ജീവചരിത്രം എഴുതാമെന്ന് ഏറ്റെങ്കിലും ഇതുവരെ അതിൽ വ്യക്തമായൊരു തീരുമാനമെടുത്തിരുന്നില്ല. പക്ഷേ, ഇപ്പോൾ തീരുമാനിച്ചു. ഞാനതെഴുതുകതന്നെ ചെയ്യും.’’

എന്റെ ശബ്ദവും അളവിലേറെ ഉയർന്നു.

‘‘ഒന്നൂടെ ആലോചിച്ചിട്ടുപോരേ? അവർ തരുന്നതിന്റെ ഇരട്ടിപ്പണമാണ് എന്റെ കക്ഷി വാഗ്ദാനം ചെയ്തിരിക്കുന്നത്.’’

‘‘പണത്തിനുവേണ്ടി മാത്രമല്ലല്ലോ തമ്പാൻസാറേ നമ്മളൊക്കെ ജീവിക്കുന്നേ. പിന്നെ, താങ്കൾ ഇങ്ങനൊരു ആവശ്യം മുന്നോട്ടുവയ്ക്കുമ്പോൾ മിനിമം പറഞ്ഞയച്ചതാരെന്നെങ്കിലും വെളിപ്പെടുത്തണ്ടേ?’’

‘‘സോറി. അതു പറയാൻ അനുവാദമില്ലാത്തതുകൊണ്ടാണ്. അക്കാര്യം അദ്ദേഹവുമായി സംസാരിക്കാം.  എന്തായാലും, നമ്മൾ ഇനിയും കാണും.’’

അഡ്വ. തമ്പാൻ മാത്യു എഴുന്നേറ്റ് തൂവാലകൊണ്ട് കഷണ്ടിത്തലയിൽ കെട്ടിട്ടു. അയാളുടെ വാക്കുകളിൽ ഭീഷണിമണമുണ്ടോ എന്നു ഞാൻ സംശയിച്ചു.

‘‘ഇനിയും കാണുന്നതിൽ കുഴപ്പമില്ല. പക്ഷേ, ഇതൊരു പോലീസുകാരന്റെ വീടാണെന്നതു മറക്കേണ്ട.’’

വേണ്ട സമയത്തു ചതിക്കാറുളള നാവ് അപ്രതീക്ഷിതമായി കുടഞ്ഞിട്ട വാക്കുകളുടെ കരുത്ത് എന്നെത്തന്നെ ഞെട്ടിച്ചു. ബുള്ളറ്റ് അകന്നുപോയിട്ടും ഇടിമുഴക്കം കാതിൽനിന്നു മാഞ്ഞില്ല. എന്റെ നെഞ്ചിൽനിന്നാണതെന്നു മനസ്സിലാക്കിയത് വൈകിയാണ്.

(തുടരും)

English Summary: Rabecca E-novel written by Rajeev Sivasankar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com