ADVERTISEMENT

പല തരത്തില്‍ ശല്യം തുടങ്ങിയിരുന്നു കുറുപ്പും കൂട്ടരും. പാടത്തെ പണിക്ക് വിളിക്കാതായി. കൃഷി ചെയ്തു ജീവിക്കാമെന്നു വിചാരിച്ചാൽ രാത്രിയുടെ മറവിലെത്തി പറമ്പിലെ കപ്പയും വാഴയും നശിപ്പിക്കും. മുഴുപ്പട്ടിണിയുടെ നാളുകള്‍. ചങ്കരാ...നീ ഇങ്ങ് വന്നേ... വിശക്കുന്ന വയറിന്റെ ഞരക്കവും മൂളലും കേട്ടുകിടന്ന ഒരു രാത്രി അച്ഛന്‍ വിളിച്ചു. എന്താ..അപ്പാ.. നീ ഇവിടുന്നു പോണം. രണ്ട് നാള്‍ യാത്രയുണ്ട് മുക്കം കാട്ടിലേക്ക്... അവിടെ നമ്മുടെ ആൾക്കാരുണ്ട് അവര്‍ നിന്നെ നോക്കിക്കോളും. ഞങ്ങളും നിന്റെ കൂടെ വന്നാല്‍ ഈ മണ്ണ് നമുക്ക് അന്യാധീനമാകും. ഇതാ ഈ പെട്ടിയും നീ കൊണ്ടുപോണം. എന്നെങ്കിലും ഇത് ഭാഗ്യം കൊണ്ട് വരുമെന്ന് അപ്പൂപ്പൻ  പറയുമായിരുന്നു.അപ്പുപ്പന്റെ ആ പെട്ടി ഞാന്‍ അത് കയ്യില്‍ വാങ്ങി.

 

രാത്രിമുഴുവന്‍ അമ്മയുടെയും അച്ഛന്റെയും തര്‍ക്കവും കരച്ചിലും കേട്ടു. അമ്മ അകത്ത് എന്തെക്കെയോ എടുത്ത് വയ്ക്കുന്നു. കിഴക്ക് വെളളകീറിയപ്പോള്‍ നടക്കാന്‍തുടങ്ങി. ഇടയ്ക്ക് വൃക്ഷചുവട്ടിലിരുന്ന് വിശ്രമിച്ച് യാത്രതുടര്‍ന്നു. ഭൂപ്രകൃതിയുടെ മാറ്റം അത്ഭുതപ്പെടുത്തി. കാലില്‍ സ്നേഹത്തോടെ പുണരുന്ന പശിമയുള്ള മണ്ണല്ല, അല്‍പം വേദനിപ്പിക്കുന്ന ഇക്കിളിപ്പെടുത്തുന്ന മണൽത്തരികളാണ്. 

 

ഒടുവില്‍ രണ്ടാംദിനം. ജനവാസമില്ലാത്ത ഒരു പ്രദേശത്തെത്തി. കുന്നിന്‍മുകളില്‍ കയറിനിന്ന് നോക്കി. കോടമഞ്ഞ് കയറിമൂടിക്കിടക്കുന്ന പെരുംകാട് മുന്നില്‍. ഈ വനത്തെക്കുറിച്ച് അപ്പൂപ്പൻ പറഞ്ഞു കേട്ടിട്ടുണ്ട്. പട്ടാപ്പകല്‍ പോലും ഈ പരിസരത്തുകൂടി ആരും സഞ്ചരിക്കില്ല. പെട്ടെന്ന് കഴുത്തിന് പിന്നില്‍ ഒരു തണുപ്പ്. ഞെട്ടിത്തിരിഞ്ഞു നോക്കി.

 

കഴുകന്റെ മുഖമുള്ള ഒരു കിഴവന്‍. കയ്യില്‍‌ പക്ഷിമുഖമുള്ള വടി. എന്താ കുട്ടി ഇവിടെ?. ഞാന്‍ ഭൈരവന്‍മുടി ഗുഹാക്ഷേത്രം തിരക്കി വന്നതാണ്. എനിക്ക് മുക്കം കാട്ടിലേക്ക് പോകണം?. എന്റെ ബന്ധുക്കള്‍ അവിടെയാണ്. അവിടെ മുഴുവന്‍ പ്രേതങ്ങളും കൊള്ളക്കാരുമാണുളളത്. ആളുകളെ തലവെട്ടി, മരത്തില്‍ തലകീഴായി തൂക്കും. രാജസൈന്യം നോക്കിയിട്ട് പോലും അവരെ പിടിക്കാന് കഴിഞ്ഞിട്ടില്ല. കൊടും പ്രേതങ്ങളാണവര്‍ക്ക് ശക്തി നല്‍കുന്നത്. നീ എന്തിനാണ് അവിടെ പോകുന്നത് എന്റെ കൂടെ വാ... അയാളുടെ തണുത്ത കൈകള്‍‌ കഴുത്തില്‍ മുറുകി. പിടിവിടീച്ച് കുന്നിറങ്ങി ഓടി. 

 

അച്ഛന്‍ പറഞ്ഞ ഗുഹാക്ഷേത്രം കണ്ടെത്തണം. ഏതുമലയില്‍നിന്ന് നോക്കിയാലും അവിടുത്തെ കെടാവിളക്ക് കാണാമത്രെ. ചുറ്റും നോക്കി. ഇരുട്ട് പരക്കാന്‍ തുടങ്ങിയിരുക്കുന്നു. കാട് ഭീകരശബ്ദത്തില്‍ വിളിക്കാൻ തുടങ്ങി. അല്‍പ്പസമയത്തിനുളളില്‍ കിഴക്കെ അതിരിലെ ഒരു മേട്ടില്‍ ഒരു പ്രകാശം തെളിഞ്ഞു. കയ്യിലെ വടികൊണ്ട് പുല്ലുവകഞ്ഞുമാറ്റി അവിടേക്ക് നടന്നു. വിചാരിച്ചതുപോലെ എളുപ്പമായിരുന്നില്ല യാത്ര. ഒരാള്‍പ്പൊക്കത്തില്‍ വളര്‍ന്ന പുല്ലിന്റെ വാള്‍ത്തല പോലുള്ള അഗ്രമേറ്റ് ദേഹമാസകലം മുറിഞ്ഞു. കയറ്റംകേറി ആ ക്ഷേത്രകവാടത്തിലെത്തിയത് മാത്രം ഓര്‍മ്മയുണ്ട്. ക്ഷീണം കാരണം ക്ഷേത്രത്തിന്റെ പടിയിൽ തലവച്ച് കിടന്നു, അല്ല വീണു. 

 

ഒരു പരുക്കന്‍ കൈത്തലത്തിന്റെ സ്പര്‍ശം നെറ്റിയിലേറ്റാണ് ഉണര്‍ന്നത്. അമ്പരന്നുപോയി മുന്നിൽ അപ്പൂപ്പന്‍!, അല്ല.. അതെ മുഖം.. പക്ഷേ കുറച്ചുകൂടി ചെറുപ്പം. അധികം സംസാരിക്കേണ്ട, ആരാണെന്ന് മനസ്സിലായി. ഈ പെട്ടി നമ്മുടെ തലമുറയുടെ സ്വത്താണ്. പക്ഷേ നിന്നെ തിരിച്ചറിയാന്‍ എനിക്കു ഒന്നുംവേണ്ട... എന്റെ ചേട്ടന്റെ അതേ മുഖമാണ് നിനക്ക്. സന്തോഷം കൊണ്ട് അയാൾ ശങ്കരനെ മാറോടണച്ചു. പിന്നെ ചെറിയപ്പാപ്പന്റെ കൂടെയായിരുന്നു. ഭയങ്കരന്മാരായ കൊള്ളക്കാരെ പലതവണ കണ്ടു. ക്ഷേത്രത്തിലേക്ക് വീതം തരാന്‍ അവര്‍ എത്തും. കഥകളില്‍കേട്ട പോലെയല്ല പലരുടെയും കഥകള്‍ ജന്മിമാരില്‍നിന്ന് രക്ഷപ്പെട്ട അഭയംതേടിയവരാണ് ചിലര്‍. ക്രൂരന്‍മാരും അവിടെയുണ്ട്.

 

പലരിൽനിന്നും അപ്പാപ്പനെപ്പറ്റി നിരവധി കഥകളാണ് കേട്ടത്. അപ്പാപ്പന് രൂപം മാറാനുള്ള കഴിവുവരെയുണ്ടത്രെ. കൂടുവിട്ട് കൂടുമാറുകയെന്നാണ് അതിന് പറയുക. അപ്പുപ്പനെപ്പോലെ തന്നെ അപ്പാപ്പനുചുറ്റും കഥകളുടെ ഒരു അദൃശ്യകവചം ഉണ്ടെന്ന് തോന്നിച്ചു. എല്ലാവരും ബഹുമാനിക്കുന്ന കഥകളുടെ മഹത്തായ കവചം. അപ്പാപ്പന്‍ പല പാഠങ്ങളും പഠിപ്പിച്ചു. പെട്ടെന്നുപഠിച്ചെടുക്കുന്നതിനാല്‍ അപ്പാപ്പനും പഠിപ്പിക്കാന്‍ ആവേശമായിരുന്നു. ദിവസങ്ങള്‍ കൊഴിഞ്ഞുപോയത് പെട്ടെന്നാണ്. അപ്പാപ്പന്റെ സ്ഥാനം അവരുടെയിടെയില്‍ വലുതായിരുന്നു. ആ ബഹുമാനം എനിക്കും കിട്ടി.

 

പക്ഷേ.. ആ ദിവസം.

 

തുടി കൊട്ടി ഉറഞ്ഞു തുള്ളുന്ന അപ്പാപ്പൻ. പെട്ടെന്ന് വെട്ടിയിട്ട വാഴ പോലെ നിലത്തേക്ക് വീണു. പിന്നെയാണ് അത്ഭുതം തൊട്ടടുത്ത താലത്തിലിരുന്ന ആ മൃഗ ശിരസ്സ് സംസാരിക്കാൻ തുടങ്ങി. അപ്പൂപ്പന്‍ പറയുന്ന കൂടുവിട്ട് കൂടുമാറല്‍. എല്ലാവരും അപ്പാപ്പന്റെ മുന്നില്‍ മുട്ടുകുത്തി ദൈവമായി ആരാധിക്കുന്നത് കണ്ട് ഞാന്‍ അമ്പരന്നുനിന്നു. അപ്പാപ്പനോടുള്ള സ്വാതന്ത്രം എനിക്ക് നഷ്ടപ്പെട്ടു പേടിയാണ് തോന്നിയത്. ഈ മാറ്റം അപ്പാപ്പനും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഒരുദിവസം അകലെ ഒരു കുന്നിലേക്ക് ഞങ്ങള്‍ പോയി.

 

കുറെ കാട്ടാടുകള്‍ അവിടെ മേയുന്നുണ്ടായിരുന്നു. തന്റെ ദണ്ഡ് കൊണ്ടു പുല്ലുനിരപ്പാക്കി അദ്ദേഹം അവിടിരുന്നു. നിന്നെ തിരികെ വീട്ടിലേക്ക് അയക്കാറായെന്ന് എന്റെ മനസ്സ് പറയുന്നു. പോകുന്നതിന് മുമ്പ് കുറച്ചുകൂടി പഠിപ്പിക്കാനുണ്ട് ചേട്ടനാണ് എന്റെ ആദ്യ ഗുരു. അദ്ദേഹം ഈ വിദ്യകളൊന്നും തട്ടിപ്പിന് ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ ഞാന്‍ ഒരുകണക്കിന് തട്ടിപ്പാണ് നടത്തുന്നത്.

 

അപ്പോള്‍ അതൊന്നും മന്ത്രവാദം അല്ലാരുന്നോ ഞാന്‍ ചോദിച്ചു. എടാ നല്ല തന്ത്രങ്ങള്‍ അറിയാവുന്ന ആളാണ് മന്ത്രവാദി. നിന്നെ എന്റെ അറിവുകള്‍ ഞാന്‍ തരികയാണ് നേരായ കാര്യത്തിനേ ഇത് ഉപയോഗിക്കാവൂ, നീ സത്യം ചെയ്യ്. എന്റെ കൈയ്യിലെ ഈ ദണ്ഡ് കണ്ടോ?  ഇതില്‍പിടിച്ച് സത്യം ചെയ്യ്... ഞാന്‍ ചെയ്തു.. അപ്പാപ്പന്‍ പറയാന്‍ തുടങ്ങി. നമ്മുടെ ജീവിതശൈലിയില്‍ മാറ്റംവരുത്തി വ്യത്യസ്തനാണെന്ന തോന്നല്‍ ആദ്യംതന്നെ ആളുകള്‍ക്കിടയിലുണ്ടാക്കണം. പിന്നെ ചെറിയ സൂത്രങ്ങൾ പോലും  കണ്ട് സന്തോഷിക്കുന്ന കൊച്ചുകുട്ടിയുടെ മനസ്സാവണം നമ്മുടേത് അല്ലെങ്കില്‍ ഈ സൂത്രങ്ങള്‍ പരാജയപ്പെടും.

 

നീ ഇപ്പോള്‍ എന്നെ പേടിക്കുന്നില്ലേ അതിന്റെ കാരണം ഞാന്‍ അന്ന് കാണിച്ച വേലകളാണെന്നെനിക്കറിയാം. ശ്രദ്ധിച്ച് കേൾക്കു ഞാന്‍ പറയാം. മനുഷ്യന്റെ പഞ്ചേന്ദ്രിയങ്ങളും ദൈവത്തിന്റെ ദാനമാണ്. പക്ഷേ അവയെ നമുക്ക് കബളിപ്പിക്കാം. ഉദാഹരണത്തിന് അപ്പാപ്പന് ദണ്ഡ് എന്റെ നെറ്റിയിലമര്‍ത്തി കണ്ണടയ്ക്കാൻ പറഞ്ഞു. അല്‍പ്പസമയം കടന്നു. ഇപ്പോ ദണ്ഡ് നിന്റെ നെറ്റിയിലുണ്ടോ?'

 

ഉണ്ട്... ഞാന്‍ പറഞ്ഞു. കൈ തൊട്ടുനോക്ക്. ഇല്ല ഞാന്‍ അത്ഭുതപ്പെട്ട് കണ്ണുതുറന്നു. അതെ ഇതാണ് നിന്റെ നെറ്റിയുടെ സ്പര്‍ശനശേഷി കബളിപ്പിക്കപ്പെട്ടു. പക്ഷേ അത്രയുംപേര്‍ നോക്കി നില്‍ക്കെ ആ അറുത്തെടുത്ത തല സംസാരിച്ചതോ? നീ ആ ആടിനെ നോക്ക്... ശ്രദ്ധിച്ച് നോക്കിയിരിക്ക്.. അപ്പാപ്പന്‍ ധ്യാനത്തിലേക്ക് ആഴ്ന്നു. ആട് തലകുടഞ്ഞ് പുല്ലുതിന്നുകയാണ്. ചങ്കരാ... ങേ അപ്പാപ്പനെ നോക്കി. അല്ല അപ്പാപ്പൻ മിഴിപൂട്ടി ഇരിക്കുകയാണ്. വീണ്ടും വിളി...

 

ചുറ്റുംനോക്കി ആട് തലയുയര്‍ത്തി നോക്കുന്നു. ആടിലേക്ക് ജീവന്‍ സന്നിവേശിപ്പിച്ചിരിക്കുകയാണ് അപ്പാപ്പന്‍. ഞാന്‍ ആ ആടിനു മുന്നില്‍ ഭക്തിപുരസരം പ്രണമിച്ചു. ആടിന്റെ തലകൊണ്ടു നല്ലൊരു ഇടിയാണ് കിട്ടിയത്. ഞാൻ പിന്നാക്കം മറിഞ്ഞു വീണു. അപ്പൂപ്പന്‍ പൊട്ടിച്ചിരിക്കുന്നു. എടാ മരമണ്ടാ.. നീ എന്റെ മുഖത്തേക്ക് നോക്കിയിരിക്ക് അപ്പാപ്പന്‍ ചുണ്ടുപൂട്ടി. ചങ്കരാ... വിളിയുയര്‍ന്നു. അപ്പാപ്പന്‍ മോണയല്‍പ്പം ഉയര്‍ത്തി. ഇപ്പം പിടികിട്ടി. ഞാൻ പൊട്ടിച്ചിരിച്ച് പോയി. എടാ പല്ലുകടിച്ച് പിടിച്ച് ചുണ്ടുകൂട്ടിയാലും സംസാരിക്കാന്‍ പറ്റും. അന്യദേശങ്ങളില്‍ ആളുകള്‍ പാവകളെക്കൊണ്ട് ഇങ്ങനെ സംസാരിപ്പിക്കാറുണ്ട്. നീ പരിശ്രമിച്ചാല്‍ നിനക്ക് പറ്റും. ദേ ഇങ്ങനെ കുറച്ച് കഴിഞ്ഞാല്‍ ഈ സംസാരം അല്‍പ്പം ക്രമീകരിച്ചാല്‍ അകലെ നിന്ന് വരുന്നതായി തോന്നുന്ന വിധമാക്കാം.

 

നീ തന്നെ പരിശീലിക്ക്. ഇത് മാത്രമല്ല ഇനിയും വിദ്യകളുണ്ട്. പഠിപ്പിക്കാം.അപ്പാപ്പാ അന്ന് ആ ആടിന്റെ തല വായ അനക്കിയതോ... എടാ അത് പുകയിലക്കഷായം കുടിപ്പിച്ച ഒരു തവളയെ ആ മൃഗശിരസ്സിന്റെ വായിനുള്ളിൽ ബന്ധിച്ചിട്ടിരുന്നു. ഞാൻ തണുത്തവെള്ളമൊഴിച്ചപ്പോൾ‌ തവള കിടന്നു ചാടി. അപ്പോൾ‌ സംസാരിക്കുന്നതുപോലെ ചലിച്ചു. അപ്പോ ഞാന്‍ ഇത്തരത്തിൽ സംസാരിച്ചു. അത്രേ ഉള്ളൂ. വളരെ രസകരമായിത്തോന്നി. അത്തരം പല പല വിദ്യകള്‍. ദിവസങ്ങള്‍ കഴിഞ്ഞു. വളരെ രസകരമായിരുന്നു ആ നാളുകള്‍. കാടും മേടു കേറിമറിഞ്ഞ് അങ്ങനെ നടന്നു. അപ്പോഴേക്കും നാട്ടിലേക്ക് പോണമെന്നും. എല്ലാവരെയും കാണണമെന്നുമൊക്കെ ആഗ്രഹം തോന്നിത്തുടങ്ങി.

English Summary : Neelakkoduveli Chapter 3 Novel By Jalapalan Thiruvarppu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com