ADVERTISEMENT

എന്തുകൊണ്ടോ, വെളുത്ത കുപ്പായവും മുണ്ടും ധരിച്ചാണ് ഞാൻ രണ്ടാം തവണ പത്തേക്കറിലെ വീട്ടുമുറ്റത്തേക്കു കയറിച്ചെന്നത്. എന്നെക്കണ്ട് കുഞ്ഞാത്തയുടെ മരിച്ച കണ്ണുകളിൽ പരിഹാസക്കൊടി പാറിയതുപോലെ തോന്നി. യന്ത്രമനുഷ്യനെ അനുകരിക്കുന്ന ചലനങ്ങളോടെ അവർ വാതിൽ തുറന്നുപിടിക്കുകയും ഞാൻ കയറിയതിനു പിന്നാലെ അടച്ചു മുദ്രവയ്ക്കുകയും ചെയ്തു. മുന്നിലുള്ളത് ഒരു മനുഷ്യജീവിയാണെന്ന കരുതലേ അവരുടെ ചലനങ്ങളിലുണ്ടായിരുന്നില്ല. എന്തൊരു സ്ത്രീയെന്ന് ഞാൻ ഒരിക്കൽക്കൂടി പരിഭവിച്ചു. 

 

റബേക്ക ടീച്ചറുടെ മുറിയുടെ വാതിൽക്കൽ ഞാൻ പരുങ്ങിനിന്നു. അകത്തേക്കു കയറരുതെന്ന് വിലക്കുന്ന എന്തോ ഒന്ന് വാതിൽക്കൽ അദൃശ്യമായി കാവൽ നിന്നിരുന്നു. അകത്ത് ടീച്ചറുണ്ടെന്നു തോന്നിയില്ല. കുഞ്ഞാത്ത വന്ന് വാതിൽ തുറന്നുവച്ചു. മുറിയുടെ മൂലയിൽ ജനാലയോടു ചേർന്ന് വെളുത്ത വിരിപ്പണിയിച്ച ഒരു മേശയും കസേരയും പുതുതായി ഇടംപിടിച്ചിരുന്നു. അതെനിക്കുള്ളതാണെന്നു സൂചിപ്പിച്ച് കുഞ്ഞാത്ത, കസേര എനിക്കരികിലേക്കു നീക്കിയിട്ടു.

 

‘‘ടീച്ചർ കുളിക്കുവായിരിക്കും അല്ലേ?’’

 

അവരെക്കൊണ്ട് എന്തെങ്കിലും പറയിക്കാൻ വേണ്ടി ഞാൻ ചോദിച്ചു. ചോദ്യം കേട്ടതേയില്ലെന്നമട്ടിൽ അവർ എനിക്കു പുറംതിരിഞ്ഞുനിന്ന് മേശപ്പുറത്തെ വെളുത്തവിരിപ്പിൽ പറ്റിപ്പിടിച്ച കറുത്ത പൊട്ട് പരിഭ്രാന്തിയോടെ ചുരണ്ടിമാറ്റുകയും അരയിൽ സൂക്ഷിച്ചിരുന്ന വെളുത്ത തൂവാലകൊണ്ട് മേശപ്പുറം പലതവണ തുടയ്ക്കുകയും ചെയ്തശേഷം പുറത്തേക്കുപോയി. ഒരുദിവസം ഇവരെക്കൊണ്ട് കലപിലാ സംസാരിപ്പിക്കും എന്നു ഞാൻ മനസിൽ ശപഥം ചെയ്തു. എന്തുകൊണ്ടാണ് ഒരാൾ സംസാരിക്കാൻ മടിക്കുന്നത്? ഭയം, മടുപ്പ്  അല്ലെങ്കിൽ നിരർഥകത-വാക്കുകളെ അപ്രസക്തമാക്കുന്നത് ഇതിലൊന്നാകാം. കുഞ്ഞാത്തയുടെ മുഖം കണ്ടാൽ ഇതൊന്നുമല്ലാതെ മറ്റെന്തോകൂടി വായിക്കാം. പക്ഷേ, അതെന്തെന്നു തിരിച്ചറിയാൻ എനിക്കാവുന്നില്ല.

ചാരുമ്പോൾ പിന്നിലേക്ക് സുഖകരമായി വഴങ്ങിത്തരുന്നതരം കസേരയായിരുന്നു എനിക്ക് അനുവദിച്ചിരുന്നത്. അതിലിരുന്ന് ജനാലിലൂടെ ഞാൻ പുറത്തേക്കു നോക്കി. പൂത്തുലഞ്ഞ ഗന്ധരാജൻ ചെടിയും വെള്ള മന്ദാരവും മരിച്ചവന്റെ കുപ്പായത്തിലെ അലങ്കാരം പോലെ നിരർഥകമായി തോന്നി. മന്ദാരച്ചെടിയിലിരുന്ന് ഒരു അടയ്ക്കാക്കുരുവി ചടുലമായി തലവെട്ടിച്ച് എന്നെ നോക്കി. ആ നിമിഷം, ഒരു തടങ്കലിനുള്ളിൽനിന്നു പുറത്തേക്കു നോക്കുന്നതുപോലെ എനിക്കുതോന്നി. ചുമലുകൾ അരികിലേക്ക് നിരങ്ങിവരുന്നതുപോലെ.... എന്റെ ഉടൽ പിടഞ്ഞു. കസേരയിൽനിന്ന് ഞാൻ ചാടിയെഴുന്നേറ്റു.

 

‘‘ആഹാ... കൊള്ളാമല്ലോ താൻ...’’

 

പിന്നിൽനിന്നു റബേക്ക ടീച്ചറുടെ ശബ്ദം പരിഹാസത്തോടെ എന്നെ വന്നു തൊട്ടു. ഞെട്ടിത്തിരിയുമ്പോൾ, കാലങ്ങളായി അവിടെയുണ്ട് എന്ന മട്ടിൽ അവർ ആ കസേരയിൽ ചാരിയിരിപ്പുണ്ട്. ദൈവമേ, അവരിവിടെയിരുന്ന് എന്നെ നിരീക്ഷിക്കുകയായിരുന്നോ ഇതുവരെ? ഞാൻ ലജ്ജിച്ചു. തൂവെള്ളയിൽ ഇളംനീല ഇരട്ടവരകൾ അതിരിട്ട സാരിയും അതേ വരകൾ കൈമുട്ടിനോളം ഒഴുകിയിറങ്ങുന്ന വെളുത്ത ബ്ലൗസുമായിരുന്നു അവരുടെ വേഷം. 

 

‘‘എന്നെ ഇംപ്രസ് ചെയ്യാനാണോ മോഹനൻ വൈറ്റ് ഡ്രസ് ഇട്ടത്?’’ ടീച്ചറുടെ ചോദ്യം കേട്ടപ്പോഴാണ് ധരിച്ചിരിക്കുന്നത് വെളുത്ത ഉടുപ്പാണെന്നതു ഞാൻ ശ്രദ്ധിച്ചത്. 

 

‘‘തനിക്കിതു നന്നായി ചേരുന്നുണ്ടു കേട്ടോ... ഇവിടേക്കുവരുമ്പോൾ ഇനി എന്നും ഇങ്ങനെ മതി.’’

റബേക്ക ടീച്ചർ തെളിഞ്ഞുചിരിച്ചു. ദൈവമേ, ഈ പ്രായത്തിലും ഒരു സ്ത്രീക്ക് ഇത്ര ഭംഗിയോടെ ചിരിക്കാനാവുമോ എന്നു ഞാൻ വിസ്മയിച്ചു.

 

‘‘മോഹനൻ ആ മേശ തുറന്നേ.’’

 

ടീച്ചർ കൽപിച്ചു. ക്ഷണിക്കും മുൻപേ കൈയിൽതൂങ്ങുന്ന കുഞ്ഞുങ്ങളെപ്പോലെ, മേശ അനുസരണയോടെ തുറന്നുവന്നു. അതിലൊരു ലാപ് ടോപ് ഒളിച്ചിരിപ്പുണ്ടായിരുന്നു.

 

‘‘നമ്മുടെ ആവശ്യത്തിന് ഇതു മതിയാവില്ലേ?’’

ടീച്ചർ ചോദിച്ചു. കുറിപ്പെടുത്ത് പിന്നീട് വിശദമായി നോട്ട് ബുക്കിൽ പകർത്താമെന്നാണു ഞാൻ വിചാരിച്ചിരുന്നത്. അതറിഞ്ഞിട്ടെന്നവണ്ണം റബേക്ക ടീച്ചർ ഇടപെട്ടു.

 

‘‘കടലാസിൽ എഴുതുക. പിന്നെ പകർത്തുക... അതൊക്കെ വലിയ മെനക്കേടാണ്. ഇതാവുമ്പോൾ എന്തും ഏതുരീതിയിലും മാറ്റുകയും കൂട്ടിച്ചേർക്കുകയുമൊക്കെ ചെയ്യാമല്ലോ. തന്നെയുമല്ല, മറ്റേത് കംപോസ് ചെയ്യാൻ മറ്റൊരാളുടെ സഹായം തേടണം. പുസ്തകമായിട്ടല്ലാതെ മറ്റാരും ഇതുവായിക്കുന്നത് എനിക്കിഷ്ടമല്ല. മലയാളം ഫോണ്ട് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. ടൈപ്പ് ചെയ്തുനോക്കൂ...’’

 

ആരുടെ സഹായത്താലാണ് ടീച്ചർ ഇതൊക്കെ ചെയ്തതെന്ന് ഞാൻ ആലോചിച്ചു കുഴങ്ങി. പത്രോസ് മാഷല്ലാതെ പുഞ്ചക്കുറിഞ്ചിയിൽ ഒരാളും ഈ ഈ വീടിന്റെ പടികയറാറില്ലെന്നത് രഹസ്യമല്ല. അച്ഛൻ പറയുന്നതുപോലെ വീടിന്റെ നിലവറയിലെ ചെകുത്താന്റെ കൈകളായിരിക്കുമോ ഇതിനുപിന്നിൽ? 

 

‘‘മോഹനൻ ഇതു വായിച്ചതാണോ?’’

 

റബേക്കടീച്ചർ മാന്ത്രികനെപ്പോലെ എവിടെനിന്നോ ഒരു പുസ്തകമെടുത്ത് എനിക്കു നീട്ടി. ‘തസ്കരൻ: മണിയൻപിള്ളയുടെ ആത്മകഥ’ എന്ന പുസ്തകമായിരുന്നു അത്. പണ്ട്, എന്റെ ഒരു രാത്രിയെ അപ്പാടെ അപഹരിച്ച പുസ്തകമാണത‌്.

‘‘അറിയുമോ ആളെ?’’ ടീച്ചർ ചോദിച്ചു.

‘‘ആരെ?’’

‘‘ഈ പുസ്തകമെഴുതിയ ആളെ... കൊള്ളാം. ഇതുപോലെ വേണം നീയും എഴുതാൻ. വായിക്കുന്നവർ വിശ്വസിക്കണം.’’

‘‘പക്ഷേ, ആത്മകഥ സത്യസന്ധമായിരിക്കണ്ടേ?’’

ടീച്ചർക്കെതിരെ ഒരു പന്തു തട്ടി ഞാൻ കള്ളച്ചിരിയോടെ ചോദിച്ചു.

‘‘തീർച്ചയായും. പക്ഷേ, മറ്റൊരാൾ വിശ്വസിക്കാനിടയില്ലാത്ത സത്യങ്ങൾ തുറന്നുപറഞ്ഞിട്ടു കാര്യമില്ല. ഉണ്ടോ?’’

റബേക്ക ടീച്ചർ പന്ത് എനിക്കുനേരേ കൂടുതൽ ഊക്കോടെ അടിച്ചുതെറിപ്പിച്ചു.

‘‘നമ്മുടെ കാര്യങ്ങൾ മറ്റുചിലർകൂടി അറിയണമെന്നു തോന്നുമ്പോഴാണല്ലോ ആത്മകഥ എഴുതാൻ തോന്നുന്നത്. അങ്ങനെ ചിലത് എനിക്കു പറയാനുണ്ട്. ചിലപ്പോൾ പൂർത്തിയായിക്കഴിഞ്ഞ് ഞാനിതു പുസ്തകമാക്കിയേക്കാം. അല്ലെങ്കിൽ ആരെയും കാണിക്കാതെ അലമാരയിൽവച്ചു പൂട്ടിയേക്കാം. അതൊക്കെ എന്റെ ഇഷ്ടം. പക്ഷേ, പറയാനുള്ളത് രേഖപ്പെടുത്തി വയ്ക്കുകതന്നെ ചെയ്യും.’’

 

എനിക്കുപുറമേ വേറാരോകൂടി മുറിയിലുണ്ടെന്നമട്ടിൽ എവിടെയൊക്കെയോ നോക്കിയാണ് ടീച്ചർ സംസാരിച്ചത്. ആത്മകഥയെപ്പറ്റി പറയുമ്പോളെല്ലാം അവർ അസ്വസ്ഥയാണെന്നു തോന്നി. തന്നെയുമല്ല, അതിനെപ്പറ്റി അവർക്കു കൃത്യമായൊരു കാഴ്ചപ്പാടുമില്ല. വേണമെങ്കിൽ പ്രസിദ്ധീകരിക്കാം എന്ന മട്ട് ഒരു വൃഥാവ്യായാമത്തിലേക്കുള്ള ചൂണ്ടുപലകയാണ്. അവരുടെ മാത്രമല്ല, എന്റെകൂടി സമയമാണ് നഷ്ടപ്പെടുന്നത്.

‘‘അതെന്തായാലും താൻ പേടിക്കണ്ട,’’ എന്റെ ചിന്ത വായിച്ച മട്ടിൽ അവർ ചിരിച്ചുകൊണ്ടു പറഞ്ഞു, ‘‘പറഞ്ഞ കാശു കൃത്യമായിത്തരും. താനീ പുസ്തകം വാങ്ങൂ.’’

 

അത്രയും നേരം പുസ്തകം നീട്ടിപ്പിടിച്ചിരിക്കുകയാണെന്നത് അപ്പോഴാണ് ശ്രദ്ധിച്ചത്.

 

‘‘വായിച്ചതാണെങ്കിലും ഒരിക്കൽക്കൂടി വായിക്കൂ. പ്രയോജനപ്പെടും.’’ ഞാനാ പുസ്തകം വാങ്ങി മേശപ്പുറത്തുവച്ചു.

‘‘നമുക്കു തുടങ്ങിയാലോ?’’ റബേക്ക ടീച്ചർ കസേരയിൽ ഇളകിയിരുന്നു, ‘‘എവിടെനിന്നാണ് തുടങ്ങേണ്ടത്? തുടക്കം നന്നായാൽ എല്ലാം നന്നായി എന്നല്ലേ? എന്റെ ജീവിതത്തിന്റെ തുടക്കം നന്നായില്ല. അതുകൊണ്ട് എല്ലാം നന്നാക്കിയെടുക്കേണ്ടത് എന്റെ മാത്രം ബാധ്യതയായി മാറി. ഇപ്പോഴും അതങ്ങനെയാണു കേട്ടോ... ഈ ആത്മകഥയെഴുത്തുപോലും അതിന്റെ ഭാഗംതന്നെ.’’

 

ടീച്ചർ കണ്ണടച്ച് കസേരയിൽ ചാരിക്കിടന്നു. എന്നോടല്ല, ഇപ്പോൾ അവരോടുതന്നെയാണ് സംസാരിക്കുന്നതെന്നു തോന്നി. മനസിലെ തിരശ്ശീലയിൽ ഒരു പാവാടക്കാരി പാടവരമ്പിലൂടെ ഓടുന്നുണ്ടാകാം. ആർക്കറിയാം, കാട്ടിലഞ്ഞിക്കപ്പുറം അവളെ കാത്ത് രണ്ടു കണ്ണുകൾ അലയുന്നുമുണ്ടാകാം.

 

‘‘കുഞ്ഞാത്തേ...’’

 

ടീച്ചർ നീട്ടിവിളിച്ചു. അതു കാത്തുനിന്നിട്ടെന്നപോലെ അടുത്ത നിമിഷം ഒരു താലത്തിൽ രണ്ടു ഗ്ലാസ് നാരങ്ങാവെള്ളവുമായി അവർ പ്രത്യക്ഷപ്പെട്ടു. വന്നതുപോലെ നിമിഷനേരംകൊണ്ടു മറയുകയും ചെയ്തു. ഒരിക്കൽപ്പോലും ടീച്ചറും അവരും മുഖാമുഖം നോക്കിയില്ലെന്നതു ഞാൻ ശ്രദ്ധിച്ചു. ടീച്ചറിന്റെ കൈയിലെ അദൃശ്യമായ ചരടിന്റെ അറ്റത്താണ് താനെന്നു തോന്നിപ്പിക്കുന്നതരം ചലനങ്ങളായിരുന്നു അവരുടേത്. രണ്ടുകാലുള്ള ഒരു ഐറിഷ് വുൾഫ് ഹൗണ്ട്!

 

റബേക്ക ടീച്ചർ കണ്ണടച്ചുതന്നെ ഇരിപ്പായിരുന്നു. ഞാൻ ലാപ്ടോപ് തുറന്ന് ‘വിശുദ്ധ റബേക്ക’ എന്നു ടൈപ്പ് ചെയ്ത് മായിച്ചുകളഞ്ഞു. അധികം പഴക്കമില്ലാത്തൊരു ലാപ് ടോപ് ആയിരുന്നു, അത്. ആരോ ഉപയോഗിച്ചതാണെന്നു വ്യക്തം.

 

‘‘കൊച്ചോം എന്നു പറയുന്ന സ്ഥലം കേട്ടിട്ടുണ്ടോ മോഹനൻ?’’ കണ്ണുതുറക്കാതെതന്നെ ടീച്ചർ ചോദിച്ചു. ഇല്ലെന്നു ഞാൻ പറഞ്ഞു. 

‘‘വയനാടിന്റെ വടക്കേയറ്റത്തുള്ള നാട്ടിൻപുറമാണ്. അവിടെയായിരുന്നു എന്റെ വീട്.’’

ഒരു ഓറഞ്ചു തൊലിനീക്കി, അല്ലിയടർത്തുന്നമട്ടിൽ ആത്മകഥയുടെ  അടരുപൊളിച്ച് ടീച്ചർ അനായാസം ഓർമകളിലേക്കു മുങ്ങാംകുഴിയിട്ടു.

 

നിരവിൽപുഴയിൽ നിന്നു മൂന്നുമൈൽ സഞ്ചരിച്ചാൽ കൊച്ചോമിലെത്താം. കൊച്ചോം ഒരു കുടിയേറ്റഗ്രാമമായിരുന്നു. കൊച്ചുജീവിതവും കൊച്ചുകാര്യങ്ങളും കൊച്ചു സ്വപ്നങ്ങളും മാത്രമുള്ള മനുഷ്യരുടെ ഗ്രാമം. പഴയകാലത്തെ വീടുകളിലെ ഇരുട്ടുമണക്കുന്ന ചെറിയ മുറികളെ സൂചിപ്പിക്കുന്ന വാക്കാണ് കൊച്ചകം. നാദാപുരത്തുനിന്നു വയനാട്ടിലേക്കു കുടിയേറിയെത്തിയവരോടൊപ്പം ആ വാക്കും ചുരം കയറിയെത്തിയതാവണം. ജീവിതത്തിലെ വിലപ്പെട്ട നിധികളെല്ലാം സൂക്ഷിച്ചുവച്ച കൊച്ചകം അത്രത്തോളം പ്രധാനമായിരുന്നു ആ മനുഷ്യർക്ക്.  

 

വനത്തിനു തൊട്ടടുത്തുള്ള കുഞ്ഞിടമായിരുന്നു, കൊച്ചോം. കുടിയേറ്റജനത വെട്ടിത്തെളിച്ചെടുത്ത മണ്ണ്. എപ്പോഴും കോടമഞ്ഞും നൂൽമഴയും. സൂര്യവെളിച്ചത്തിൽ, നോക്കുന്നിടത്തൊക്കെ മഴവില്ലു തിളങ്ങും. കാണായദൂരത്തെല്ലാം പച്ചത്തഴപ്പുള്ള മലനിരകൾ. ഒറ്റുപാറ, തലക്കര, മുടിയൻകുന്ന്, പാറപ്പള്ള, ഓടംവട്ടി, തെയ്യത്താൻകുന്ന് എന്നിങ്ങനെ പലപേരുകളായിരുന്നെങ്കിലും അവയ്ക്കെല്ലാം പൊതുവേ ഒരേ സ്വഭാവമായിരുന്നു. പാറപ്പള്ളയിൽ കയറിയാൽ ദൂരെ കോഴിക്കോടിന്റെയും മലപ്പുറത്തിന്റെയും മങ്ങിയ കാഴ്ചകൾ വരച്ചെടുക്കാം. പണ്ട് പഴമക്കാർ മാസപ്പിറവി കണ്ടിരുന്നത് പാറപ്പള്ളയിൽ കയറിയായിരുന്നു. നീളൻ പുഴുക്കളെ കുത്തിനിറുത്തിയമട്ടിലുള്ള കാട്ടുപുല്ലുകളും ഈന്തുകളും നിറഞ്ഞ അവിടം ശൂന്യാകാശത്തുനിന്ന് അടർന്നുവീണ അപൂർവമായൊരു തുണ്ടു പോലെ മനോഹരമായിരുന്നു. അത്ഭുതങ്ങൾക്കായും ചിറകുവച്ച സ്വപ്നങ്ങൾക്കായും കൊച്ചോംകാർ അവിടെവന്ന് ആകാശങ്ങളുടെ അതീതങ്ങളിലേക്കുനോക്കി കണ്ണടച്ചു. ഉയരം അവരെ വിഭ്രമിപ്പിച്ചു.

 

ഒരുപാട് അത്ഭുതങ്ങളെ ഒളിപ്പിച്ചുവച്ചതായിരുന്നു കൊച്ചോമിന്റെ മണ്ണ്. ആയിരത്തോളം വർഷങ്ങൾ പഴക്കമുള്ള മുസ്ലിംപള്ളിയും ശൈഖിന്റെ കബറിടവും ആയിരുന്നു അവയിൽ പ്രധാനം. മലമ്പനിയും മലമ്പാമ്പും ജീവിതത്തിനു കുറുകേ വന്നപ്പോഴെല്ലാം നിരാശ്രയരായ പാവം മനുഷ്യർ ശൈഖിനു മുൻപിൽ അകമഴിഞ്ഞു പ്രാർഥിച്ചു. ഒരിക്കലും വറ്റാത്ത തെളിനീരുറവയുള്ള തുമ്പിച്ചിറയായിരുന്നു മറ്റൊരു വിസ്മയം. നൂറ്റാണ്ടുകൾക്കുമുൻപ് താഴ്‌വരയിൽനിന്നു കൊടുമലയിലേക്കുള്ള യാത്രയ്ക്കിടെ നാടുവാഴിയുടെ മകൾ കുറുമ്പി നിർമിച്ചതാണതെന്ന് ഐതിഹ്യം. കുളം മാത്രമല്ല, ഇളവേൽക്കാനൊരു കൊട്ടാരവും അവിടെ പണിതീർത്തിരുന്നത്രേ. കുളത്തിനുനടുവിലെ ഒറ്റക്കൽത്തൂണിൽ കുറുമ്പി വിളക്കുവച്ചു. പഴശ്ശിരാജാവിന്റെ പട ദാഹം തീർത്തത് ഈ ചിറയിൽനിന്നായിരുന്നു. ചിറയ്ക്കു സമീപത്തെ വനത്തിൽ പഴശ്ശിയെ ഒറ്റുകൊടുത്ത ഒറ്റുപാറയുണ്ട്. കിഴക്കോട്ടും പടിഞ്ഞാട്ടും ഒഴുക്കുള്ള ചിറ മൂന്നേക്കറോളം സ്ഥലത്തു വ്യാപിച്ചുകിടക്കുന്നു. ടിപ്പുവിന്റെ പടയോട്ടത്തിനും കൊച്ചോം സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് പഴമക്കാർ പറയാറുണ്ട്.

കുറുമ്പിച്ചിറയിൽനിന്നു വനത്തിലൂടെ കുറെ നടന്നാൽ മറ്റൊരു അത്ഭുതമുണ്ട്. ഊറ്റുകണ്ടം എന്നും ചുട്ട്യാൻകണ്ടം എന്നും അതിനുപേര്. അറുത്തുമുറിച്ച് താലത്തിൽവച്ചപോലെ, നിബിഡവനത്തിനു നടുവിൽ പുൽത്തകിടിനിറഞ്ഞ ഇരുപത്തഞ്ച് ഏക്കറോളം വരുന്ന വലിയൊരു മൈതാനം. പണ്ട് ചന്തനടന്ന സ്ഥലമാണിതെന്നാണ് പറയപ്പെടുന്നത്. കൊച്ചോമിലെ ആണും പെണ്ണും ചുട്ട്യാൻകണ്ടത്തിൽ കളിച്ചുവളർന്നവരാണ്.

 

ടൈപ്പ് ചെയ്യാൻപോലും മറന്ന് ഞാൻ അത്ഭുതത്തോടെ റബേക്കടീച്ചറെ കേട്ടിരുന്നു. അവർ നല്ലൊരു കഥപറച്ചിലുകാരിയായിരുന്നു. അച്ചടിവടിവൊത്ത ഭാഷയിൽ ടീച്ചർ സ്വന്തം നാടിനെ വർണിച്ചപ്പോൾ ശരിക്കും ഞാനവിടെയെത്തി. പാറപ്പള്ളയിലെ കാട്ടുപുല്ല് കാലിലുരഞ്ഞ് എനിക്കു ചൊറിഞ്ഞു. കുറുമ്പിച്ചിറയിലെ വെള്ളത്തണുപ്പ് മുഖത്തു തെറിച്ചു. നിബിഡവനത്തിന്റെ ഓരത്തുകൂടി പിച്ചവച്ചുനടന്ന കഥ പക്ഷേ, പൊടുന്നനെ കാട്ടിനുള്ളിലേക്കു കയറി. പച്ചത്തഴപ്പുകൾ ചവിട്ടിയൊടിച്ച്, മുളംകാടുകൾ പിഴുതെറിഞ്ഞ് കൊലകൊമ്പനെപ്പോലൊരാൾ മുന്നിലെത്തിയപ്പോൾ എനിക്കു നെഞ്ചുപിടച്ചു.  കുറുമ്പിച്ചിറയുടെ കാരുണ്യവും ശൈഖിന്റെ അത്ഭുതങ്ങളും നിറഞ്ഞ ആകാശത്ത് ഇരുട്ടുകോരിയൊഴിച്ച് കഥ പൊടുന്നനെ മറ്റൊരു ലോകത്തേക്കു കൂപ്പുകുത്തി. ടീച്ചറുടെ ഓരോ വാക്കിലും ഞാൻ കിതച്ചു. ശ്വാസം കിട്ടാതെ പിടഞ്ഞു. അപ്പോഴെല്ലാം കാട്ടുമുളയുടെ കൂർപ്പ് കണ്ണിനുനേരേ ചൂണ്ടി എന്നെ ആരോ നിശബ്ദനാക്കി. 

 

അവിശ്വസനീയമായ കഥയുടെ മലവെള്ളപ്പെയ്ത്തുകഴിഞ്ഞ് പൊടുന്നനെ റബേക്ക ടീച്ചർ നിശബ്ദയായി. വിയർപ്പിൽ കുളിച്ച എനിക്കുമുന്നിൽ കുഞ്ഞാത്ത വീണ്ടും നാരങ്ങാവെള്ളവുമായി വന്നു. അവരുടെ മുഖം അപ്പോൾ കൂടുതൽ പരിഹാസ്യമായിത്തോന്നി. ഞാനതു പരവേശത്തോടെ കുടിച്ചു. ടീച്ചർ അപ്പോഴും കണ്ണടച്ചു ചാരിക്കിടക്കുകയായിരുന്നു. ഒറ്റുപാറയുടെ പിന്നിൽനിന്ന് ഓർമകളുടെ കൂർത്ത കാട്ടുമുള അവർക്കുനേരേ ഉയരുന്നതു ഞാൻ കണ്ടു.

 

‘‘ഇന്നത്തേക്ക് ഇതുമതി.’’

 

ടീച്ചർ പിറുപിറുത്തു. ഞാനും അതുതന്നെ പറയാൻ തുടങ്ങുകയായിരുന്നു. ഒരുവാക്കുപോലും ഇനി കേൾക്കാനാവാത്തവണ്ണം എന്റെ കാതുകൾ ഈയംകോരിയൊഴിച്ച മട്ടിൽ അടഞ്ഞുപോയിരുന്നു. 

‘‘മോഹനൻ പൊയ്ക്കോളൂ...’’

 

കണ്ണുതുറക്കാതെതന്നെ ടീച്ചർ ആജ്ഞാപിച്ചു. ഞാൻ ലാപ്ടോപ് അണച്ചു മേശയിൽവച്ച് എഴുന്നേറ്റു.

 

‘‘കഴിഞ്ഞദിവസം പറഞ്ഞത് ഓർമയുണ്ടല്ലോ. ഇവിടെനിന്ന് ഒന്നും പുറത്തേക്കു കൊണ്ടുപോകാൻ പാടില്ല. വാക്കോ ചിന്തയോ ഒന്നും. കേട്ടതും കണ്ടതുമെല്ലാം ആ പടിയ്ക്കിപ്പുറം കുടഞ്ഞിട്ടിട്ടുവേണം പോകാൻ. പുറത്തൊരാളോട് ഒരക്ഷരം പറഞ്ഞാൽ....’’

 

ടീച്ചർ കണ്ണുതുറന്നു. അതു തീക്കനൽപോലെ എരിയുന്നുണ്ടായിരുന്നു. ആ നിമിഷം വീടിനുപിന്നിൽ ഐറിഷ് വുൾഫ് ഹൗണ്ടിന്റെ മുരളൽ ഞാൻ കേട്ടു. യജമാനന്റെ മനസ്സുപോലും മണത്തറിയാൻ അവയ്ക്കു കഴിയുന്നല്ലോ എന്ന് ഞാൻ പരവേശപ്പെട്ടു.

‘‘മോഹനനെ പൂർണമായും വിശ്വസിക്കാമല്ലോ അല്ലേ?’’

‘‘ഉവ്വ്.’’

‘‘പക്ഷേ, എനിക്കങ്ങനെ തോന്നുന്നില്ല.’’

റബേക്ക ടീച്ചർ എഴുന്നേറ്റു. നായ ഒരിക്കൽക്കൂടി മുരണ്ടു. ഇത്തവണ കുറേക്കൂടി ഉച്ചത്തിലായിരുന്നു അത്.

‘‘മോഹനൻ എന്നോടു ചിലത് ഒളിച്ചുവയ്ക്കുന്നില്ലേ?’’

‘‘ഞാനോ?’’

‘‘അതേ. കഴിഞ്ഞദിവസം ആരെങ്കിലും മോഹനനെ വന്നുകണ്ടിരുന്നോ? ഒരു അ‍ഡ്വക്കേറ്റ്?’’

ഞാൻ തലകുനിച്ചു.

‘‘എന്താ എന്നോടു പറയാഞ്ഞത്? എന്താ അയാൾ പറഞ്ഞത്?’’

ഞാൻ മിണ്ടിയില്ല.

‘‘എഴുതാതിരുന്നാൽ എത്രപണം തരാമെന്നാണു പറഞ്ഞത്?’’

ഞാൻ ഉമിനീരിറക്കി.

‘‘മോഹനൻ എന്തുപറഞ്ഞു? അതോ അഡ്വാൻസ് വാങ്ങിയോ?’’ടീച്ചർ ഒറ്റക്കണ്ണടച്ചു ചിരിച്ചു. ‘‘കിട്ടുന്നതു വാങ്ങിക്കോണമെന്നേ ഞാൻ പറയൂ. അവസരം എപ്പോഴും കിട്ടില്ല. കിട്ടുമ്പോൾ അതു മുതലാക്കണം. അതെന്തുതന്നായാലും....’’

ടീച്ചർ  അടുത്തുവന്ന് വലംകൈയുടെ ചൂണ്ടുവിരൽകൊണ്ട് എന്റെ താടിയുയർത്തിയപ്പോൾ കൈതപ്പൂവിന്റെ തുളച്ചുകയറുന്ന ഗന്ധം ആഞ്ഞു കൊത്തി.

‘‘ഇതു തുടക്കം മാത്രമാണ്. ഇനിയും വരും പലരും. പല രൂപത്തിൽ... പല ദേശത്തുനിന്ന്... വഴങ്ങിക്കൊടുക്കരുത്. പണം എത്രവേണമെങ്കിലും ഞാൻ തരും. അതുകൊണ്ടു പണത്തിനുവേണ്ടി ഒറ്റിക്കൊടുക്കരുത്. ഒറ്റിക്കൊടുത്തവരുടെ കഥകൾ ഒരുപാടു പറയാനുണ്ടെനിക്ക്. അത്തരക്കാരെ കണ്ടാൽ ഇപ്പോൾ എനിക്ക് ഒറ്റനോട്ടത്തിൽ തിരിച്ചറിയാം. മോഹനൻ എന്തായാലും അക്കൂട്ടത്തിൽ പെടുന്നില്ല. എന്നും ഇങ്ങനെതന്നെയായിരിക്കണം. കേട്ടല്ലോ... ഇപ്പോൾ പൊയ്ക്കോളൂ...’’

 

കെട്ടിയിട്ടിരുന്ന ആത്മാവിനെ മോചിപ്പിച്ചപ്പോഴെന്നപോലെ ഞാൻ ദീർഘനിശ്വാസം വിട്ടു. കുഞ്ഞാത്ത തുറന്നുപിടിച്ച വാതിലിലൂടെ പുറത്തേക്കു നടക്കുമ്പോൾ ഏറെക്കുറെ അബോധാവസ്ഥയിലായിരുന്നു ഞാൻ. വെയിലും പകലും കാലവും എന്നിൽനിന്ന് എന്തൊക്കെയോ പൊതിഞ്ഞുപിടിക്കുന്നതുപോലെ. 

 

വീട്ടിൽ വന്നപാടെ ഞാൻ കട്ടിലിൽ വീണു. നോക്കുന്നിടത്തെല്ലാം റബേക്കടീച്ചറുടെ വൈരക്കൽ മൂക്കുത്തിയുടെ തിളക്കം. തലയ്ക്കുമുകളിൽനിന്ന് രണ്ടു തീക്കണ്ണുകൾ ഉറ്റുനോക്കുന്നു. തീർച്ചയായും അവരുടെ നിലവറയിൽ ചെകുത്താനുണ്ട്. അവരതിനെ അടിമയാക്കി വച്ചിരിക്കയാണ്. എന്റെ ഓരോ ചലനവും അതേപടി അത് യജമാനത്തിയെ അറിയിക്കുന്നുണ്ട്. അല്ലെങ്കിൽ അഡ്വക്കേറ്റ് തമ്പാൻമാത്യു വന്നത് എങ്ങനെയാണ് മരണപടംപോലെ വെളുത്ത പത്തേക്കറിലെ ചുമരുകൾക്കപ്പുറമിരുന്ന് റബേക്കടീച്ചർ അറിഞ്ഞത്? അതോ, എന്റെ വിശ്വാസ്യത പരീക്ഷിക്കാൻ അയാളെ ടീച്ചർതന്നെ പറഞ്ഞയച്ചതാണോ? ഓർക്കുന്തോറും എനിക്കു വിമ്മിട്ടം കൂടി. ശ്വാസം കുറുകി. ഉടൽ പൊള്ളിത്തുടങ്ങി. മൂന്നുനാൾ ഞാൻ പനിച്ചുകിടന്നു. നാലാം നാൾ പാതിയുറക്കത്തിൽ എഴുതിപ്പൂർത്തിയാക്കിയ എന്റെ നോവലിന്റെ ഒന്നാമധ്യായം ഞാൻ സ്വപ്നംകണ്ടു. ‘ഗോപ്യം– അധ്യായം ഒന്ന്’ എന്നെഴുതി വയലറ്റ് മഷികൊണ്ട് അടിവരയിട്ടിരുന്നു. ഒരിക്കലും വലയറ്റ് മഷി ഉപയോഗിക്കാറില്ലായിരുന്നതിനാൽ ആ ഇരട്ടവരകൾ എന്ന വല്ലാതെ പരിഭ്രമിപ്പിച്ചു. ഒറ്റുപാറയ്ക്കു പിന്നിലെ മുളക്കൂർപ്പുപോലെ അവ കണ്ണുകളിലേക്കു തുളച്ചുകയറി. പനിയുടെ തളർച്ച മാറുംമുൻപേ ഞാൻ ചാടിയെഴുന്നേറ്റ് എഴുതാൻ തുടങ്ങി. എനിക്കു പകർത്തിയെഴുതാൻ പാകത്തിൽ ഓർമ ആ പുസ്തകം മലർത്തിവച്ചിരുന്നു. 

(തുടരും)

 

English Summary: Rabecca E-novel written by Rajeev Sivasankar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com