ADVERTISEMENT

വേണിയെ മോഹിനി യക്ഷിയായി സങ്കൽപ്പിച്ച് പൂജ പൂർത്തിയാക്കുകയായിരുന്നു ഭദ്രന്‍.  അനുസരണക്കേടിന്റെയും വെറുപ്പിന്റെയും മൂർധന്യത്തിലിരിക്കുമ്പോളും, അവൾ മന്ത്രമുഗ്ദയാകുമ്പോളുള്ള മാറ്റം മഹാമാന്ത്രികനായ ഭദ്രനെ വരെ അമ്പരപ്പിച്ചു. കൊടുങ്കാറ്റു പിടിച്ചപോലെ കളമാകെ ആടി ഉലഞ്ഞിട്ടും അയാൾ അക്ഷോഭ്യനായിരുന്നു. ബോധമറ്റ അവൾ കളത്തിലേക്കു മലർന്നു വീണു. ഇനി 45 ദിവസം കൂടി യക്ഷിയുടെ അധിനിവേശം ഏറ്റുവാങ്ങാനുള്ള കരുത്ത് ആ ശരീരത്തിനുണ്ടോയെന്നയാൾ ശങ്കിച്ചു. 

 

വേണിയുടെ ചതഞ്ഞു കരിനീലിച്ച ഉടലിൽ രേവമ്മ കുഴമ്പു പുരട്ടി തടവി. അവൾ പുളഞ്ഞു. ദുഷ്ടൻ, ഈ കൊച്ചിനോടു ഇങ്ങനെ ക്രൂരത കാണിച്ചല്ലോ? വേണിയുടെ കണ്ണുകളിൽ കോപവും വെറുപ്പും നിറഞ്ഞു. ജന്മം തന്ന മാതാപിതാക്കൾക്കില്ലാത്ത വേദന നിങ്ങക്കെന്തിനാ രേവമ്മേ. എന്റെ വിധിയാ ഇത്. ഇനിയൊരു മടങ്ങിപ്പോകില്ല. ഇനി 45 ദിവസം. എന്തു സംഭവിക്കുമെന്നു അയാൾക്കുതന്നെ അറിയാമോയെന്നു സംശയമാണ്. അറുക്കാൻ വച്ചിരിക്കുന്ന മാടാണ് ഞാൻ. നെലവിളിച്ചിട്ടും കുതറിയിട്ടും കാര്യമില്ല. 

 

കുളികഴിഞ്ഞു വന്ന അവളെ രേവമ്മ പട്ടുടയാടകൾ അണിയിച്ചു. സൗരഭ്യതൈലം പൂശി രേവമ്മ അവളെ അണിയിച്ചൊരുക്കി. ഇടയ്ക്കവർ സ്വന്തം കണ്ണീരു തുടച്ചു. പക്ഷേ വേണിയുടെ മുഖം അക്ഷോഭ്യമായിരുന്നു. തീക്കനൽപോലെ അവളുടെ കണ്ണുകൾ തിളങ്ങി. ഉറച്ച കാൽ വയ്പോടെ മച്ചിലേക്കു കയറി, മാന്ത്രിക കളത്തിലേക്കിറങ്ങി അവൾ ചമ്രം പടിഞ്ഞിരുന്നു. അവളുടെ ചെവിയിൽ അടുത്തുവരുന്ന കാൽപെരുമാറ്റം മുഴങ്ങി. മച്ചിന്റെ വാതിൽ പിന്നിലായി കൊട്ടിയടയ്ക്കപ്പെട്ടു.

...............

 

വരണം.. ഇരിക്കണം... പൊലീസ് സ്റ്റേഷന്റെ മുന്നിലായി മേശമേലിരുന്ന ഉദ്യോഗസ്ഥൻ ക്ഷണിച്ചപ്പോൾ വിഷ്ണു അമ്പരന്നു. ആദ്യമായാണ് സിനിമയിലല്ലാതെ ഒരു പൊലീസ് സ്റ്റേഷനകം കാണുന്നതുതന്നെ, ആ കാഴ്ചകൾ‌വച്ച് ഇത്തരമൊരു സ്വീകരണമല്ല പ്രതീക്ഷിച്ചിരുന്നത്. ഒരു പരാതി നൽകാനാണ് എസ്ഐയെ കാണണം.

എസ്ഐ ഒരു കേസിന്റെ ആവശ്യത്തിനു പുറത്തു പോയിരിക്കുന്നു. പരാതി പറ‍ഞ്ഞാട്ടെ എഴുതി എടുക്കാം. അയാൾ പേപ്പറും പേനയുമെടുത്തു. എന്റെ പേര് വിഷ്ണു. ഞാൻ തെക്കേടത്തു മനയിൽ നിന്നു വിവാഹം കഴിക്കാനൊരുങ്ങുന്നു. ഭദ്രനെന്ന മന്ത്രവാദി അവരുടെ കുടുംബത്തിനെതിരെ.... വിഷ്ണു ബാക്കി പറഞ്ഞു പൂർത്തിയാക്കുന്നതിനിടെയിൽ ആ പൊലീസ് ഉദ്യോഗസ്ഥന്റെ മുഖത്തെ ഭാവം കണ്ടതോടെ നിർത്തി ഒന്നു പരുങ്ങി. അയാൾ പേനയുടെ ക്യാപ്പ് ഇട്ട് വിഷ്ണുവിനെ നോക്കി ഇരിക്കുന്നു.

 

മിസ്റ്റർ, നിങ്ങളുടെ ഈ ഗ്രാമത്തെക്കുറിച്ച് ഞാൻ വന്നപ്പോഴേ കേട്ടിട്ടുണ്ട്. നിങ്ങൾ വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരും ഇത്തരത്തിൽ ചിന്തിക്കുന്നത് കഷ്‌ടമാണ്. കൂടോത്രവും മന്ത്രവാദവും. ഇതിനൊക്കെ ഞങ്ങൾ എന്തു പറഞ്ഞു കേസെടുക്കും. വാക്കാലോ പ്രവർത്തിയാലോ അയാൾ നിങ്ങളെ ഭീഷണിപ്പെടുത്തിയെങ്കിൽ ദേ ഇപ്പം കൂടെ വരാം. ഇത്... 

 

വിഷ്ണുവിന്റെ മുഖം വിളറി.. സർ ഞാൻ ഒരു മന്ത്രവാദിയെക്കണ്ട് പ്രതിവിധി തേടാതെ ഇവിടേക്കു വന്നത് എനിക്ക് വിദ്യാഭ്യാസമുള്ളതുകൊണ്ടുതന്നെയാണ്. പിന്നെ അവിടെ നടക്കുന്ന കാര്യങ്ങൾ... പറയുന്ന ആർക്കും വിശ്വസിക്കാനാകില്ല.

 

ഏതായാലും ഇപ്പറഞ്ഞ ഭദ്രനോ ദേവനോ അയാളെക്കുറിച്ചും പലരും പറഞ്ഞുകേട്ടിട്ടുണ്ട്. ഒന്നു കാണാൻ പോകണമെന്നു ഞാൻ എസ്ഐ വരുമ്പോൾ പറയാം.. തത്കാലം പരാതിയൊന്നും രജിസ്റ്റര്‍ ചെയ്യുന്നില്ല... വിഷ്ണു എണീറ്റു പുറത്തേക്കു ന‌ടന്നു.. ബൈക്കില്‍ കയറുന്നതിനു മുൻപ് തിരിഞ്ഞു നോക്കിയപ്പോൾ എഎസ്ഐ എണീറ്റു എളിയിൽ കൈകുത്തി അയാളെ പുഞ്ചിരിയോടു നോക്കി നിൽക്കുന്നു... പൊലീസ് സ്റ്റേഷനെന്നെഴുതിയ ബോർഡിലേക്കു നോ‌ട്ടമെത്തിയതോടെ വിഷ്ണു ഞടുങ്ങി. അസാധാരണ വലിപ്പമുള്ള ഒരു വെളുത്ത പൂച്ച ആ ബോർഡിനു ചുവട്ടിൽ ഇരിക്കുന്നു. വിഷ്ണു ബൈക്ക് സ്റ്റാർട്ടാക്കി തിരിച്ചു...

 

...........

 

മന്ത്രോച്ചാരണത്തോടെ തോണിയിൽ കിടക്കുന്ന രൂപത്തിന് തൈലാലേപം നടത്തുന്ന ഭദ്രന്റെ ശിഷ്യൻമാരെ നോക്കി രാമനാഥൻ കുഴിക്കളരിയുടെ പടികളിൽ ഇരുന്നു. അസ്ഥികഷ്ണങ്ങൾ ശേഖരിച്ചു എണ്ണത്തോണിയിൽ നിക്ഷേപിച്ചിട്ടു ഇന്നു മുപ്പത്തിയൊമ്പതാം ദിനം. ഒരു ശിശുവിനെപ്പോലെ തൈലത്തിൽ പൊതിഞ്ഞിട്ട അസ്ഥി കഷ്ണങ്ങൾ ഇടയ്ക്കിടെ പുളയുന്നത് രാമനാഥൻ അമ്പരന്നു കണ്ടു നിന്നു. മഹേന്ദ്രനെന്ന മാന്ത്രികൻ ഏതാനും അസ്ഥി കഷ്ണത്തിൽനിന്നു പുനർജനിക്കുമ്പോളുള്ള രൂപമെന്തായിരിക്കും. 

 

എണ്ണത്തോണിയ്ക്കുള്ളില്‍ കിടന്ന് ആ തുണിക്കെട്ടൊന്നിളകി. തിളച്ച എണ്ണ ശരീരത്തു വീണ ശിഷ്യൻമാർ അകലേക്കു മാറി. എണ്ണയിൽ നനഞ്ഞു പിഞ്ചിയ ശീല കീറി എണ്ണത്തോണിയുടെ വശങ്ങളിൽ ഒരു കൈപ്പത്തി അമർന്നു. സർപ്പശരീരം പോലെ ശൽക്കങ്ങളും മുതലയുടെ പോലെയുള്ള നഖങ്ങളുമുള്ള വിചിത്രാകൃതിയിലുള്ള കൈപ്പത്തി കണ്ടപ്പോള്‍ത്തന്നെ ഭീതിയിൽ രാമനാഥൻ പിന്നാക്കം മാറി. പെട്ടെന്ന് ഒരു മുഖം എണ്ണത്തോണിയിൽനിന്നും തല പുറത്തേക്കു നീട്ടി അലറി....

 

(തുടരും)

 

English Summary : Aryankavu Horror Novel By Jalapalan Thiruvarppu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com