ADVERTISEMENT

വറുത്ത ബ്രാലിൻ കഷണം 

ടാര്‍ റോഡിന് കീഴ്​പ്പെട്ട്‌ കനാലിന്‍റെ മണല്‍വഴി അപ്പുറത്തേക്കു നീണ്ടു കിടന്നു. കിടയ്ക്കാടിനെ പട്ടണത്തിലേക്ക് കൊണ്ടുപോകുന്ന ടാര്‍ റോഡ് ഒരു പാലമിട്ട് തലയും വാലും കാണിക്കാതെ ഇഴഞ്ഞുകിടന്നു. അതിലൂടെ തിരക്കുള്ള ഒരു ബസ്സ് ഇരമ്പിപോയി. 

‘‘കനാല്മ്ക്കൂടെയുള്ള ഈ വഴീണ്ടല്ലോ. അത് നേരെ ഡാമിലേക്കാ. ഡാമിലേക്കുള്ള എളുപ്പവഴ്യാണ്. ഡാമ് കാണണ്ടെ...’’

‘‘ഡാമ് കാണണം. നമുക്ക് ഈ വഴിക്ക് പോയാല്ലോ...’’

‘‘അത് വേണ്ടാ അതാകെ കാടും മൊന്തേം പിടിച്ച് കിടക്ക്വാ. ചിലേടത്ത് സൈക്കിളുപോലും പൂവ്വില്ല. അതൊരൊറ്റ വഴ്യാ. കുഞ്ഞിന് ഒരൊറ്റ ദെവസം കൊണ്ട് കിടയ്ക്കാട്ട് ആകെ ഒന്നു കാണണേ... ആ വഴി പോയാ നടക്കില്ല്യാ.’’

സിദ്ദുവിന്‍റെ മറുപടിക്കു കാക്കാതെ മാധവേട്ടന്‍ സൈക്കിള്‍ ചവിട്ടിക്കൊണ്ടിരുന്നു.

 

‘‘കിടയ്ക്കാട്ന്ന് പറഞ്ഞാ ഇപ്പൊ കണ്ടതുപോലെന്നേ. കാടും മൊന്തേക്കെ തന്ന്യാ കൂടുതല്. ന്നാലും ഇതൊന്നും അല്ലാണ്ട് വേറെം ചില കാര്യങ്ങളൊക്കെ ഇവിടേണ്ട്. അതും കാണേണ്ടതന്നെ.’’

 

സൈക്കിള്‍ ആദ്യം തിരിച്ച കവലയില്‍ വന്നുനിന്നു. സമയം അപ്പോള്‍ ഉച്ച കഴിഞ്ഞിരുന്നു. സിദ്ദുവിന് വിശന്നു തുടങ്ങിയിരുന്നു. വീട്ടില്‍ പോയി ഭക്ഷണം കഴിച്ച് വരാമെന്ന് വെച്ചാല്‍ വൈകുമെന്നുമാത്രമല്ല, ചിലപ്പോള്‍ പ്രകൃതമനുസരിച്ച് മാധവേട്ടന്‍ ഇട്ടെറിഞ്ഞ് പോകാനുംമതി. അതിനേക്കാള്‍ പറ്റിയ ഒരാളെ കിട്ടില്ലെന്നറിയാമായിരുന്നതിനാല്‍ തല്‍ക്കാലം വിശപ്പടക്കാന്‍ തീരുമാനിച്ചു. കവലയില്‍ എത്തിയപ്പോള്‍ സൈക്കിള്‍ നേരെ ചായക്കടയുടെ അരികില്‍ നിര്‍ത്തി.

 

‘‘കുഞ്ഞേ വാ, നല്ലൊരൂണ് കഴിച്ചിട്ടാവാം ഇനീത്തെ പരിപാടികള്.’’

 

സിദ്ദുവിന് മടിതോന്നിയെങ്കിലും മറ്റുവഴികളൊന്നുമില്ലായിരുന്നു. ദീര്‍ഘ ചതുരത്തിലുള്ള വലിയ ഒരൊറ്റ മുറിയായിരുന്നു ആ ചായക്കട. മറയായി ചുമരോ പനമ്പോ ഒന്നുമില്ല. ചായയും പലഹാരങ്ങളും ഉണ്ടാക്കുന്നത് ഒരു മൂലയില്‍. നാലഞ്ചു നീളന്‍ മേശകളും അതിനൊത്ത ബെഞ്ചുകളുമുള്ള ചില്ലലമാരയില്‍ പരിപ്പുവട, സുഖിയന്‍, ഉണ്ട തുടങ്ങിയ എണ്ണ പലഹാരങ്ങള്‍ കുന്നുകൂടി കിടക്കുന്നു. അടിയിലെ തട്ടില്‍ പൊറോട്ട മീതേയ്ക്കുമീതെ അടുക്കിവെച്ച് ഒരു മൊട്ടക്കുന്നായിരിക്കുന്നു. കടയ്ക്കകത്ത് സാമാന്യം തിരക്കുണ്ട്. അല്പം സ്ഥലമുള്ള ഒരു ബെഞ്ചില്‍ അവര്‍ ചെന്നിരുന്നു. അപ്പോള്‍ ഊണിന്‍റെ സമയമായിരുന്നു. ഉള്ളവരെല്ലാം ഊണുകഴിച്ചുകൊണ്ടിരുന്നു. ചോദിക്കാതെ തന്നെ മുന്നിൽ ഒരിലകൊണ്ടു വെച്ചു. കുടിക്കാന്‍ ഒരു ഗ്ലാസ്സില്‍ വെള്ളം. ഒരു സ്ത്രീയും രണ്ടുപുരുഷന്മാരുമാണ് സപ്ലേയ്ക്കുള്ളത്. ഇല കഴുകിവെക്കുമ്പോഴേക്കും ചെത്തുമാങ്ങക്കറി, പപ്പടം, പയറുപ്പേരി, തക്കാളിക്കറി എന്നിവ വന്നുവീണു. ‘മതി’ എന്നു കയ്യാംഗ്യം കാണിക്കുമ്പോഴേക്കും ലോറിയില്‍നിന്നും ലോഡ് തട്ടിയ പോലെ ചോറും. സിദ്ദു അമ്പരന്നിരിക്കുന്നതിനിടയില്‍ അയാള്‍ ചോദിക്കുന്നതുകേട്ടു.

‘‘മീന്‍ കറ്യോ? സാമ്പാറാ?’’

‘‘മീന്‍ കറീന്നെ ആയ്ക്കോട്ടെ. കിടയ്ക്കാട്ടെ മീനിന്‍റെ സ്വാദൊന്നറിയണല്ലൊ...’’

 

ചോറിനു മീതെയുണ്ടാക്കിയ കുഴിയില്‍ മീന്‍കറി നിറഞ്ഞു. പച്ചമാങ്ങയിട്ട്, നാളികേരമരച്ചുചേര്‍ത്ത ഇളം മഞ്ഞനിറത്തിലുള്ള മീന്‍കറി വെട്ടിയാലും മുറിയാത്തമട്ടില്‍ ചോറു കിണറില്‍ തളംകെട്ടി. കൂട്ടത്തില്‍ പരിചയമില്ലാത്ത ഒരു നടുകഷണം മീനും. ചോദിക്കുകപോലും ചെയ്യാതെ മുളകും ഉള്ളിയും അരച്ച് വറുത്തെടുത്ത രണ്ട് കഷണം മീന്‍ അയാള്‍ ഇലയുടെ ഒരു ഭാഗത്തിട്ടു. ഓരോ ഉരുള വായില്‍ വെക്കുമ്പോഴും അതുവരെയുണ്ടായിരുന്ന ലജ്ജയും മടിയും സിദ്ദുവിനെ വിട്ടുപോയിക്കൊണ്ടിരുന്നു. അവന്‍ മാധവേട്ടനെ ഇടക്കണ്ണിട്ട് നോക്കി. എങ്ങും ശ്രദ്ധിക്കാതെ, പപ്പടം ചോറില്‍ കുഴച്ച്, ചെറിയ ഉരുളകളാക്കി അയാള്‍ കഴിക്കുന്നതു കണ്ടപ്പോഴാണ് തങ്ങള്‍ക്കു വിളമ്പിയിരിക്കുന്നത് അത്രക്കൊന്നും അധികമില്ലെന്ന് അവന്‍ തിരിച്ചറിഞ്ഞത്. 

വട്ടനെയുള്ള ഒരു കേക്കിന്‍ കഷണംപോലെയായിരുന്നു വറുത്തമീന്‍ കഷണം. മുളകരച്ച് പുരട്ടി എണ്ണയില്‍ വറുത്തെടുത്ത ആ കഷണം ചെമന്ന് കിടന്നു. പൊട്ടിച്ചെടുക്കുമ്പോള്‍ ഉള്ളില്‍നിന്നും വെളുത്ത നാരുകള്‍ നീണ്ടുവന്നു. ഉരുളയില്ലാതെ അതിന്‍റെ സ്വാദ് തനിച്ചൊന്നറിയാനായി നാവിൽ വെച്ചപ്പോഴാണ് എത്രമാത്രം രുചികരമാണതെന്ന് തിരിച്ചറിഞ്ഞത്. അത്തരം മീന്‍ അതേവരെ അവന്‍ കഴിച്ചിരുന്നില്ല. ആ ഹോട്ടലില്‍ ഊണു കഴിക്കുന്നവരുടെ ഇലയിലെല്ലാം അത്തരം മീന്‍ കഷണങ്ങള്‍ പാതിപൊളിഞ്ഞ് വെളുത്ത നാരോടെ കിടപ്പുണ്ടായിരുന്നു.

‘‘ഇതാണ് കിടയ്ക്കാട്ടെ മീന്‍. വേണെങ്കി ബ്രാലേന്ന് പറയാം. ഇവിടത്തെ തോട്ടിലും ചേറ്റിലും പുളക്കണ ബ്രാലിന്‍റെ സ്വാദ് വേറൊരു മീനിലും കിട്ടില്ല. ’’

 

സിദ്ദുവിന് തല കുലുക്കാന്‍ ആലോചിക്കേണ്ടതുണ്ടായിരുന്നില്ല. ‘‘ചാവക്കാട് കടപ്പുറത്ത്ന്ന് ചാളേം അയിലേം തൂടപ്പൊട്യൊക്കെ ഇവടെ വരും. ഏതു കടലിലെ മീനായാലും നമ്മ്ടെ പാടത്ത്ന്നും തോട്ട്ന്നും കിട്ടണ ബ്രാലിന്‍റെ അടുത്തുപോലും എത്തില്ല’’

 

മാധവേട്ടനൊപ്പം സിദ്ദുവും രണ്ടാം ചോറ് പറഞ്ഞു. ഊണു കഴിക്കുന്നതിനിടയില്‍ അവന്‍ ശ്രദ്ധിച്ചു. മിക്കവരും ഇലകഴുകി തുടച്ചാലെന്നപോലെ വെച്ചിരിക്കുന്നു. പോരാത്തതിന് കൈവിരലുകള്‍ ഓരോന്നായി വായിലിട്ട് ഈമ്പി വലിക്കുന്നുമുണ്ട്. വീട്ടില്‍ കൈ നക്കുമ്പോള്‍ അരുതെന്ന് അമ്മ ശാസിക്കും. ഭക്ഷണശേഷം കൈവിരലുകള്‍ നക്കുന്നത് തറവാട്ടില്‍ പിറന്നവര്‍ ചെയ്യുന്നതല്ല എന്നാണ് അമ്മയുടെ പക്ഷം. വീട്ടില്‍ വെച്ച് വേണമെങ്കില്‍ കൈ നക്കാം. കുഴപ്പമില്ല. പക്ഷേ ആ ശീലം അങ്ങനെതന്നെ പുറത്തും തുടരുമെന്നും അതുകൊണ്ട് വീട്ടില്‍വെച്ചുതന്നെ അത് നുള്ളിക്കളയുകയുമാണ് നല്ലതെന്നും പറഞ്ഞ് വീട്ടില്‍ വെച്ചും ആ ഒരു രസം അവന് നിഷേധിക്കപ്പെട്ടു. അവനാണെങ്കില്‍ എന്തെങ്കിലും കഴിച്ച് കൈനക്കിയാലേ തൃപ്തിയാകൂ. പലപ്പോഴും കൈകഴുകാന്‍ പോകുമ്പോള്‍ അമ്മ കാണാതെ അവന്‍ കൈ നക്കും. എന്നാല്‍ അവിടെ കൈ നക്കാതിരുന്നാല്‍ അക്കൂട്ടത്തില്‍ താന്‍ ഒറ്റപ്പെട്ടു പോയേക്കുമെന്ന് അവന് തോന്നി. അവന്‍ നോക്കുമ്പോള്‍, മാധവേട്ടന്‍ കഴുകിവെച്ചവണ്ണമിരിക്കുന്ന ഇലക്കുമുന്നില്‍ കണ്ണടച്ചിരുന്ന് പൂച്ച വിരലുകള്‍ നക്കുന്നതുപോലെ സ്വന്തം വിരലുകള്‍ നക്കി തുടച്ചുകൊണ്ടിരിക്കുന്നു. സ്വതന്ത്രനായി, ശാസനാ ദൃഷ്ടികളുടെ അലോസരതയേതുമില്ലാതെ അവനും അത് ചെയ്തു. 

 

കാശുകൊടുത്ത് പുറത്തേക്കിറങ്ങുമ്പോള്‍ അവന്‍ ഓര്‍ത്തു. വീടിനകത്തും പുറത്തും തന്നെ പൊതിഞ്ഞു നില്ക്കുന്ന നിയമങ്ങളെയും അച്ചടക്കശീലങ്ങളേയും ലംഘിക്കാനുള്ളതാണ് കിടയ്ക്കാട്. ഇവിടുത്തെ നിയമങ്ങളും അച്ചടക്കങ്ങളും ഒരിക്കലും തന്‍റെ വീട്ടിലേതുമായി ഒത്തുപോകുന്നതല്ല. ഇനിയുണ്ടാകാനിരിക്കുന്ന പൊരുത്തക്കേടുകള്‍ എവിടംവരെ എത്തുമെന്ന്  നടക്കുന്നതിനിടയില്‍ അവന്‍ ആലോചിച്ചു.

ചായക്കട നില്ക്കുന്നത് നാല്ക്കവലയുടെ ഇടതുവശത്താണ്. ചായക്കടയെ കടന്നുപോകുന്ന  വഴി കിഴക്കോട്ടാണ്. അതിനെതിര്‍വശത്തെ പടിഞ്ഞാട്ടുള്ള വഴിയിലൂടെ പോയി കറങ്ങി തങ്ങള്‍ തെക്കുവശത്തൂടെ പുറപ്പെട്ടിടത്ത് തിരികെയെത്തിയിരിക്കുകയാണ്. അവന്‍റെ സ്ഥലനാമ സൂചിക പ്രകാരം പടിഞ്ഞാറ് കരിവീടും തെക്ക് കല്ല്ട്ട്മട കോളനിയും അതിരായി നില്ക്കുന്നു. ഇനി കിഴക്കോട്ടുള്ള അതിരിലേക്കാണ് യാത്ര. ഇതുപോലെ കിഴക്കുനിന്നും വടക്കേ അതിരിലേക്കും പോകാന്‍ കഴിയുമായിരിക്കും. കിടയ്ക്കാടിന്‍റെ അതിരുകള്‍ അറിഞ്ഞിട്ടുള്ള മാധവേട്ടനെ വിടരുതെന്ന് തന്നെ അവന്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു. എത്രവൈകിയാലും, എന്തുവിലകൊടുത്തും വീട്ടില്‍നിന്നുണ്ടാകുന്ന പുകിലുകളെല്ലാം നേരിടുന്നതിനും അവന്‍ തയ്യാറെടുത്തുകഴിഞ്ഞിരുന്നു. 

 

വീതികുറഞ്ഞ മണ്ണ് വഴിയായിരുന്നു അത്. ഇരുവശവും തെങ്ങും കവുങ്ങും കലര്‍ന്ന പറമ്പുകളായിരുന്നു. അതിനിടയില്‍ നടുക്കായി ഇടയ്ക്കിടെ ഓരോവീട് കാണാം. കുറെ ചെന്നപ്പോള്‍ ഒരു ചാരായഷാപ്പും അതിനപ്പുറത്ത് ഒരു ചായക്കടയും കണ്ടു. എതിരെ കിടയ്ക്കാട് സുമ ടാക്കീസ് എന്ന വലിയ അക്ഷരത്തിനുപുറകില്‍ ഓലകൊണ്ടു കെട്ടിപൊതിഞ്ഞ ഒരു കൂര്‍മ്പന്‍ ഓലക്കൊട്ടായി. മുന്‍ഭാഗം പനമ്പുപട്ടകൊണ്ട് കെട്ടിമറച്ചിരിക്കുന്നു. അതിന്മേല്‍ ചെറുതും വലുതുമായ സിനിമാ പോസ്റ്ററുകള്‍ നിരത്തിപതിച്ചിരിക്കുന്നു. അക്കൂട്ടത്തില്‍ അപ്പോള്‍  കളിക്കുന്ന സിനിമയും വരാനിരിക്കുന്ന സിനിമകളും ഉണ്ട്. ഏതുസിനിമയാണ് അപ്പോള്‍ സുമയില്‍ ഓടുന്നതെന്ന് അവന് മനസ്സിലായില്ല. കുറച്ചുകൂടി നീങ്ങിയപ്പോള്‍ വലിയ ഒരുപാറ കഷണത്തിനു മുകളില്‍, എവിടെ നിന്നുനോക്കിയാലും കാണാൻ പാകത്തിന് ഇന്നത്തെ കളി എന്ന തലക്കെട്ടില്‍ ഒരു ബോര്‍ഡുണ്ട്. അതില്‍ മാമാങ്കം എന്ന് അകലെ നിന്ന് വരുന്ന തീവണ്ടിയെ പോലെ ഒരു തലയ്ക്കല്‍ നിന്നും ചെറുതായി തുടങ്ങി മറു തലയ്ക്കല്‍ വലുതായി അവസാനിക്കുന്നു. സുമ  ടാക്കീസിന് പുറകിലും വശങ്ങളിലും പൂളകള്‍ നിറഞ്ഞിരുന്നു. കട്ടകള്‍ ഉതിരുന്നതുപോലെ അവയില്‍ നിന്നുള്ള പഞ്ഞികള്‍ കൊട്ടകക്കും പരിസരത്തും പൊങ്ങി പറക്കുന്നുണ്ടായിരുന്നു. തൊട്ടടുത്ത്  സിനിമാ ടാക്കീസുണ്ടായത് അവന് വലിയ സന്തോഷമായി. മുന്‍പു താമസിച്ചിരുന്ന പലേടത്തും ആ സൗകര്യമുണ്ടായിരുന്നില്ല. പലപ്പോഴും രണ്ടുംമൂന്നും കിലോമീറ്റർ പോയി വേണം സിനിമകാണാന്‍. അവന്‍ ഒന്നുകൂടി സൂക്ഷിച്ചുനോക്കി. രണ്ടുകളികള്‍, ശനി, ഞായര്‍ മാറ്റിനി. അവന്‍ അത് മൈദ പശ കുറുക്കി മനസില്‍ ഒട്ടിച്ചു. 

 

‘‘ദാമോദരന്‍ കിടയ്ക്കാട്ന്ന് കേട്ടിട്ടുണ്ടോ? മൂന്നുനാല് സിനിമക്ക് കഥ എഴുതീട്ട്ണ്ട്...’’

സിദ്ദുവിന് പെട്ടെന്ന് ഓര്‍മ്മവന്നു. പലചരക്കു പീടികയില്‍ നിന്നും ഉഴുന്നുപരിപ്പ് പൊതിഞ്ഞുകൊണ്ടുവന്ന പത്ര കഷണത്തില്‍ അങ്ങനെയൊരു പേര് വായിച്ചിട്ടുണ്ടെന്ന് അവന് തോന്നി.

‘‘ദേ ഈ കാണുന്നത് തന്ന്യാവീട്. പാരമ്പര്യായിട്ടൊന്നുംല്ല്യാ. വിളിച്ചാ വിളികേക്കണ ദൂരത്തല്ലേ ടാക്കീസ്. സിനിമ മാറ്യാ വെള്ളിയാഴ്ചെന്നെ അച്ഛന്‍റെ പോക്കറ്റീന്ന് കാശെടുത്ത് സിനിമക്ക് കേറും. പിന്നേള്ള ദിവസങ്ങളില് മുഴുവന്‍ സിനിമേല് നടന്മാരും നടിമാരും പറേണതും കേട്ടിരിക്കും. എഴുതാനും വായിക്കാനും തെളിഞ്ഞപ്പോ കഥകള് എഴുത്യോടങ്ങി. പഠിച്ച് പഠിച്ച് പരീക്ഷക്ക് ഇംഗ്ലീഷിലും ഹിന്ദിലും വരെ സിനിമാക്കഥകള് എഴുതി വെക്കാന്‍ തൊടങ്ങ്യപ്പൊ സ്കൂളീന്ന് പറഞ്ഞുവിട്ടു. പിന്നെ സിനിമ മാത്രമായി വിചാരം. സിനിമ കണ്ടും കേട്ടും പ്രാന്തായീന്നാ എല്ലാരും കരുതീത്. അങ്ങനെയിരിക്കുമ്പോ നാടുവിട്ടു. പിന്നൊരു സുപ്രഭാതത്തില് അറിഞ്ഞു അവന്‍ വല്യേ കഥാകാരനായീന്ന്. ഇറങ്ങ്യാ പടങ്ങള്‍ക്കൊക്കെ നല്ല കാശുകിട്ടീത്രെ. ഇനീം പടങ്ങള്ണ്ട്ന്ന്. എന്തായാലും സുമാ ടാക്കീസിന്‍റെ അടുത്ത് താമസിച്ചിട്ട് പ്രാന്ത് വന്നൂലോന്ന് പറേണേലും എത്ര്യൊ  നല്ലതാ, സിനിമാക്കാരനായീന്ന് പറേണത്. അല്ലേ...’’

 

സിദ്ദു അതും ഒരു കൗതുകത്തോടെ കേട്ടിരുന്നു. മുന്നോട്ടു നീങ്ങുംതോറും വഴി ചെറുതായി ഒരിടവഴിയായി. സൈക്കിള്‍ ഒരിടത്ത് ഒതുക്കിവെച്ച് അവരിറങ്ങി നടന്നു. ഇടവഴി നേരെ  ചെന്നുമുട്ടിയത് വലിയ ഒരു പാടവരമ്പിലേക്കായിരുന്നു. അതുവരെ തങ്ങള്‍ നടന്നതും ശ്വസിക്കുന്നതുമായ അന്തരീക്ഷത്തില്‍ നിന്നും മാറി മറ്റൊരിടത്താണ് എത്തിയിരിക്കുന്നത് എന്നുപോലും സിദ്ദു സന്ദേഹിച്ചു. 

 

കൊയ്തു കഴിഞ്ഞ പാടത്തെ ചേറില്‍ രണ്ടുമൂന്ന് ട്രാക്ടര്‍ മുരണ്ടുനീങ്ങുന്നുണ്ട്. കണ്ടത്തില്‍ ട്രാക്ടറിനു പിന്നാലെ വലുതും ചെറുതുമായി കുറേപേർ കയ്യില്‍ വടികളുമായി ഓടുന്നു. ചിലര്‍ വരമ്പില്‍ നിന്നു ചേറുവെള്ളത്തിലേക്കും ട്രാക്ടറിനു പിറകിലേക്കും ഉറ്റുനോക്കിനില്ക്കുന്നുണ്ട്. സിദ്ദുവിന് അവര്‍ ചെയ്യുന്നതെന്തെന്ന് മനസ്സിലായില്ല. 

 

‘‘ഡാമ്ന്ന് തോട്ടിലൂടെ വെള്ളം വിട്ട്ണ്ടായിരുന്നു. അതോണ്ട് ഇഷ്ടംപോലെ മീനോള് എറങ്ങീട്ട്ണ്ടാവും. ട്രാക്ടറിന്‍റെ പിന്നാലെ നോക്കി നടന്നാ എളുപ്പത്തിലവയെ കിട്ടും. കരി വലിച്ചുകൊണ്ടോണ വെള്ളത്തിന്‍റേം ചേറിന്‍റേം അടിയില്‍പ്പെട്ട് പിടയണ ബ്രാലോളെ പിടിക്കാന്‍ ആര്‍ക്കും പറ്റും. മീന്‍ പിടിക്കാന്‍ അറ്യോണോരും അറ്യോത്തോരും ഒക്കെണ്ടാവും...’’

 

പലരും സ്കൂളില്‍ പോകുന്നവരാണ്. അവര്‍ ഷര്‍ട്ടെല്ലാം അഴിച്ച് ഭദ്രമായി ഒരിടത്തുവെച്ച് വടിയും പിടിച്ചിറങ്ങിയിരിക്കുകയാണ്. ചേറില്‍ നനഞ്ഞ കാരണം ആരും വ്യക്തരല്ല. ട്രാക്ടറിന്‍റെ പിന്നാലെ ഓടിയ ഒരു ചെറുപയ്യന്‍ കരിക്കൊപ്പം പൊന്തിയ വെള്ളത്തിനും ചെളിക്കുംഅടിയില്‍നിന്നും പുറത്തുവന്ന വലിയൊരു മീനിനുമീതെ മൂന്നാലടി ഒന്നിച്ചടിച്ചു. ചേറില്‍ പുതഞ്ഞു നിന്നിരുന്ന പലരും അതു കണ്ടിരുന്നു. കണ്ടവരെല്ലാം വടി ഉയര്‍ത്തി അങ്ങോട്ടോടിയെത്തി. വലിയൊരു ഊക്കില്‍ ഒന്നുകൂടി അടിച്ച് പയ്യന്‍ ചേറില്‍ കമിഴ്ന്നടിച്ചുവീണു. ഓങ്ങിയ വടിയുമായെത്തിയവര്‍ അനങ്ങാതെ നിന്നു. ഒരു റൗണ്ട് തിരിഞ്ഞെത്തിയ ട്രാക്ടര്‍ മുന്നിലെ ബ്ലോക്കില്‍ അല്പം നിന്നു. ചേറില്‍ നിന്നെഴുന്നേറ്റ പയ്യന്‍റെ കയ്യില്‍ വലിയൊരു ബ്രാല്, അടികൊണ്ട് ചതഞ്ഞ തലയുമായി അനങ്ങാതെ കിടക്കുന്നുണ്ടായിരുന്നു. മാധവേട്ടന്‍പോലും അതുകണ്ടപ്പോള്‍ അമ്പരന്നു.

‘‘ചെക്കന്‍ ആള് കൊള്ളാമല്ലോ. നല്ലൊരു ബ്രാലെന്നെ’’

അവന്‍ അതിനെ നെഞ്ചത്ത് അമര്‍ത്തിപ്പിടിച്ചുനടന്നു. നിരാശയിലും തക്കംപാര്‍ത്ത് രണ്ടുമൂന്നുപേര്‍ കൊതിയോടെ അവനെ ചുറ്റിപ്പറ്റി നടന്നു. 

‘‘ആ ബ്രാല് ചത്ത് മലച്ചത് ഭാഗ്യം. എങ്ങാനും അത് കൊതറി ചാടിപ്പോയാ എല്ലാംകൂടി ചേറ്റില്‍ക്കിടന്ന് തല്ലാവും.’’

‘‘അത് ആ പയ്യന്‍ പിടിച്ചതല്ലേ..’’

‘‘അങ്ങനൊന്നൂല്യ. ചാടി ചേറ്റീ വീണാ ഇന്ന ആള് എന്നൊന്നുംല്യ. പിന്നാദ്യം കിട്ടണോന്‍ന്റ്യാ അത്... അപ്പൊണ്ടാവും ഒരടീം തിക്കും തെരക്കും ബഹളോം..’’

സിദ്ദു സൂക്ഷിച്ചുനോക്കി നിന്നു. പയ്യന്‍ ആകാശം പിളര്‍ന്നാലും വിടില്ലെന്ന മട്ടിലാണ് അതിനെ നെഞ്ചിലമര്‍ത്തിപിടിച്ചിരിക്കുന്നത്. പിറകെ നടന്നിട്ട് കാര്യമില്ലെന്നറിഞ്ഞപ്പോ മറ്റുള്ളവര്‍ പിന്‍വാങ്ങി. 

‘‘ഇല്ല്യാ അവനതിനെ തല്ലിപ്പൊളിച്ചിട്ട്ണ്ട്. അവന്‍റേന്ന് ചാടി പോവില്ല്യ...’’

സൂക്ഷിച്ചു നോക്കിക്കൊണ്ട് മാധവേട്ടന്‍ പറഞ്ഞപ്പോള്‍ സിദ്ദുവിനും ആശ്വാസമായി. വരമ്പത്തുകേറിനിന്ന് ഒരു വള്ളികൊണ്ട് കോര്‍മ്പുണ്ടാക്കി ബ്രാലിനെ കോര്‍ത്തിട്ട് കൈത്തണ്ടയില്‍ ചുറ്റിക്കെട്ടി അവന്‍ ട്രാക്ടര്‍ വകഞ്ഞുനീക്കുന്ന ചേറിലേക്ക് ചാടിവീണു.

‘‘ഇതൊന്നും കിടയ്ക്കാട്ടെ സ്ഥിരം മീന്‍പിടുത്തക്കാരല്ല. ഇവരൊക്കെ ചേറ്റില് മീന്‍ പൊന്തുമ്പളും പുതുമഴേല് മീന്‍ ഒലിച്ച് വര്മ്പളും പിടിക്കാനെറങ്ങുംന്നേള്ളൂ. കിടയ്ക്കാട്ടെ ശരിക്കുംള്ള മീന്‍പിട്ത്തക്കാരെ കാണണെങ്കി ഇങ്ങ്ട് വാ...’’

 

അവര്‍ ട്രാക്ടറിനടുത്തുനിന്നും വേഗത്തില്‍ നീങ്ങി. സിദ്ദു ഇടക്കിടെ തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നു. പയ്യന്‍ അപ്പോഴും ചേറില്‍ തലങ്ങും വിലങ്ങും തല്ലി കൈകൊണ്ടു പൊത്തിപിടിക്കുന്നുണ്ട്. ഒന്നും കിട്ടുന്നതു കാണുന്നില്ല. പാടത്തിന്‍റെ നടുവിലൂടെ, പാടത്തെ പകുത്ത്  സാമാന്യം വീതിയുള്ള ഒരു തോട് ഒഴുകികൊണ്ടിരുന്നു. മാധവേട്ടന്‍ ആ തോടിനെ ലക്ഷ്യംവെച്ചാണ് നടന്നുകൊണ്ടിരുന്നത്. അകലെ നേര്‍ത്തവര പോലെ റോഡ്. ഇടയ്ക്കിടെ ചില വാഹനങ്ങള്‍ കടന്നുപോകുമ്പോഴാണ് അതൊരു റോഡാണെന്ന് അറിയുക. ചുറ്റും ചേറുവെള്ളത്തിന്‍റെ സമൃദ്ധിയില്‍ പാടം.  അതിനെ മുഴുവന്‍ അതിരിട്ടുകൊണ്ട് കുന്നുകളും മലകളും. കൊടുംകാടായിരുന്ന, വന്യമൃഗങ്ങള്‍ അലഞ്ഞുനടന്ന ഒരു പ്രദേശത്തിന്‍റെ പരിഷ്കൃതകാലത്തിലൂടെയാണ് താന്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് ഒരു നിമിഷം സിദ്ദു തിരിച്ചറിഞ്ഞു. കിടയ്ക്കാട്, മലനിരകള്‍ അതിരു കുറിച്ചിട്ട ഒരു വയല്‍പ്രദേശമാണെന്ന് സിദ്ദുവിന് തോന്നി. കിടയ്ക്കാട് എന്ന പേരിന്‍റെ പുതപ്പിനു കീഴെ, ആ പ്രദേശം ഒതുങ്ങിതീരണ്ടതല്ല എന്നവന് തോന്നി. 

 

തുടരും…

 

English Summary: ‘Kidaikattile Poolamarangal’ Chapter 6, E-Novel written by P. Reghunath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com